അടിമുടി മാറാന്‍ സിപിഎം തയ്യാറാകുമോ? കേരളത്തിനുവേണ്ടി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

തീര്‍ച്ചയായും ജനാധിപത്യപ്രക്രിയയിലൂടെ തന്നെയാണ് സിപിഎമ്മും എല്‍ഡിഎഫും അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ജനാധിപത്യപ്രക്രിയയില്‍ ഇത്രയും കാലം പങ്കെടുത്തിട്ടും ഒരു ജനാധിപത്യപാര്‍ട്ടിയാകാന്‍ അതിനായിട്ടുണ്ടോ. ആശയപരമായും പ്രായോഗികമായും ആയിട്ടില്ല എന്നു തന്നെയാണ് മറുപടി. ഉദാഹരണത്തിനു പാര്‍ട്ടിയുടെ ഭരണഘടന തന്നെ പരിശോധിക്കൂ. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് പാര്‍ട്ടിയെന്നും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും അത് കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം വളരെ വ്യക്തമാണല്ലോ. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് വലിയൊരു ഭാഗത്തു അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെല്ലാം ജനാധിപത്യവിരുദ്ധമായിരുന്നു. ഒരിടത്തും ജനാധിപത്യപ്രക്രിയയുണ്ടായിരുന്നില്ല. പലയിടത്തും കുടുംബവാഴ്ചപോലുമായിരുന്നു. എതിരാളികളെ മാത്രമല്ല, പാര്‍ട്ടിയിലെ തന്നെ വ്യത്യസ്ഥ അഭിപ്രായം പറഞ്ഞിരുന്ന ഉന്നതരെ പോലും ശാരീരികമായി ഉന്മൂലനം ചെയ്തു. അതുകൊണ്ടൊക്കെ തന്നെയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഈ രാഷ്ട്രങ്ങളിലെല്ലാം നടന്നത് ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളായത്. അവയെ എത്ര ഭയാനകമായിട്ടായിരുന്നു ഭരണകൂടങ്ങള്‍ നേരിട്ടതെന്നതിന് ടിയനന്‍മെന്‍ സ്‌ക്വയര്‍ സാക്ഷി. എന്നിട്ടും ആ പോരാട്ടങ്ങള്‍ക്കു മുന്നില്‍ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണകൂടങ്ങളെല്ലാം തകര്‍ന്നു വീഴുകയായിരുന്നു. ലോകം ഇന്നോളം സാക്ഷ്യം വഹിച്ച രാജഭരണം, ഫ്യൂഡലിസം, മതരാഷ്ട്രം, ജനാധിപത്യം, കമ്യൂണിസം എന്നിവയിലെല്ലാം താരതമ്യേന പുരോഗമനപരം ജനാധിപത്യമാണെന്നും അതിനെ കൂടുതല്‍ കരുത്തുള്ളതാക്കുക എന്നതാണ് മാനവരാശിയുടെ സമകാലിക കടമയെന്നുമുള്ള സന്ദേശമാണ് ആ പോരാട്ടങ്ങള്‍ നല്‍കിയത്. ലോകത്തെ പല രാഷ്ട്രങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആ സന്ദേശം മനസ്സിലാക്കി സ്വയം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളായി മാറാന്‍ തയ്യാറായി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലും മനുഷ്യനു കുരങ്ങനാകാനാകില്ല എന്ന ഇ എം എസ് തിയറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയിലെ പാര്‍ട്ടികള്‍ ഇത്തരമൊരു മാറ്റത്തിനു തയ്യാറായില്ല. അതേസമയം ഇന്ത്യ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമല്ലാത്തതിനാലും രണ്ടോമൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ളതിനാലും അതൊന്നും കാര്യമായി ബാധിച്ചില്ല എന്നു മാത്രം. തങ്ങളുടെ ലക്ഷ്യവും മാര്‍ഗ്ഗവും സത്യത്തില്‍ ഇതല്ല എന്നാണ് പാര്‍ലിമെന്റിനേയും സമരമാര്‍ഗ്ഗമാക്കുകയാണ് എന്ന അവകാശവാദത്തിലൂടെ അവര്‍ നല്‍കിയത്. ഭരണമുള്ള സംസ്ഥാനങ്ങളില്‍ പലപ്പോഴും അവര്‍ സ്വന്തം സ്വഭാവം പ്രകടമാക്കുകയും ചെയ്തു. എന്നാല്‍ ജനാധിപത്യവാദികള്‍ അതംഗീകരിക്കില്ല എന്നതിനു തെളിവാണ് ബംഗാള്‍. ചരിത്രപരവും സമകാലികവുമായ പല കാരണങ്ങളുമുള്ളതിനാല്‍ കേരളം അത്രക്കെത്തിയില്ല എന്നു മാത്രം. അപ്പോഴും തങ്ങളുടെ ഭരണഘടനയോ ലക്ഷ്യമോ മാറ്റാന്‍ അവര്‍ തയ്യാറായിട്ടില്ല – സിപിഐ തയ്യാറായിട്ടുപോലും. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ പേരില്‍, അവരുടെ മുന്നണിപോരാളി എന്ന അവകാശവാദത്തില്‍ പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. മാത്രമല്ല, ജനാധിപത്യകേന്ദ്രീകരണം എന്ന കേള്‍ക്കാന്‍ രസമുള്ള സംഘടനാ സംവിധാനത്തിലൂടെ അധികാരം ഒന്നടങ്കം ഒരു നേതാവിലേക്കെത്തുന്ന ചരിത്രമാണ് ലോകമെങ്ങും പാര്‍ട്ടിക്കുള്ളത്. കേരളത്തില്‍ ഇപ്പോഴത് കൂടുതല്‍ പ്രകടമാണ്. പാര്‍ട്ടിവിട്ടതിനു മുന്‍പ്രവര്‍ത്തകനെ വധിച്ചതും വര്‍ദ്ധിക്കുന്ന വ്യക്തിപൂജയും ക്യാപ്റ്റന്‍ വിളിയും നേതാക്കള്‍ക്കുവേണ്ടി എന്ത് അനീതിയേയും ന്യായീകരിക്കുന്ന അണികളും അതിന്റെ ലക്ഷണങ്ങളാണ്. പി സി ജോര്‍ജ്ജ് പറഞ്ഞപോലെ പിണറായിസം. വന്‍ഭൂരിപക്ഷം നേടിയ ഈ സാഹചര്യത്തില്‍ ഈ ജനാധിപത്യവിരുദ്ധത വര്‍ദ്ധിക്കാനാണ് സാധ്യത. കാലഹരണപ്പെട്ട ഈ രാഷ്ട്രീയം വലിച്ചെറിയാനും തങ്ങള്‍ സര്‍വ്വാധിപത്യത്തിലല്ല, ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്നും പ്രഖ്യാപിക്കാനും ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകണം. അതിനെ അടവായോ തന്ത്രമായോ കാണുന്ന സമീപനം മാറ്റണം. പാര്‍ട്ടിക്കകത്തും ജനാധിപത്യം വളര്‍ത്തിയെടുക്കണം. പ്രതിപക്ഷ ബഹുമാനം അതിന്റെ ജീവവായുവാക്കണം. ഓരോ തീരുമാനമെടുക്കുമ്പോഴും ജനങ്ങളുടെ അഭിപ്രായമറിയാന്‍ പരമാവധി ശ്രമിക്കണം. വിവരാവകാശനിയമത്തിന് കീഴ്‌പെടണം. ജനാധിപത്യത്തിന്റെ അടിത്തറയാണ് സുതാര്യത എന്നംഗീകരിക്കണം. ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ഒരു രഹസ്യവും പാര്‍ട്ടിക്കാവശ്യമില്ല എന്നു പ്രഖ്യാപിക്കണം.

ജനാധിപത്യത്തോടുള്ള നിലപാടിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യനീതിയേയും കുറിച്ച് പറയുന്നത്. അടുത്ത കാലത്ത് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. വ്യവസായവിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്‌സ് രൂപം കൊടുത്ത വര്‍ഗ്ഗസമരസിദ്ധാന്തത്തെ അതേപടി ഇറക്കുമതി ചെയ്യുകയാണ് ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തത്. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ജാതികളുമൊന്നും അവര്‍ പരിഗണിച്ചതേയില്ല. അതിലേറ്റവും പ്രധാനം ജാതിവ്യവസ്ഥ തന്നെ. എന്നാലതിനെ മുതലാളിത്തതിന്റെ സൃഷ്ടിയായി കാണുകയും വര്‍ഗ്ഗസമരത്തിലൂടെ അതിനു പരിഹാരം കാണാമെന്നു പ്രഖ്യാപിക്കുകയുമായിരുന്നു പാര്‍ട്ടി ചെയ്തത്. എല്ലാവിഷയത്തേയും സാമ്പത്തിക മാത്രവാദത്തിലൊതുക്കിയത് അങ്ങനെയാണ്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന ഈ സമീപനമാണ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വിഘാതമായ ഒരു കാരണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഇവിടെ നടന്ന കീഴാളമുന്നേറ്റങ്ങളോട് ഐക്യപ്പെട്ടതിനാല്‍ അവര്‍ക്ക് വളരാന്‍ കഴിഞ്ഞു എന്നത് ശരിയാണ്. എന്നാല്‍ സാമ്പത്തികനീതി എന്ന അജണ്ടയിലൊതുങ്ങിയ പാര്‍ട്ടിക്ക് ദളിത്, ആദിവാസി, സ്ത്രീ പ്രശ്‌നങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയാതിരുന്നത് സ്വാഭാവികം മാത്രം. ദളിതരേയും ആദിവാസികളേയും മറ്റും കര്‍ഷകതൊഴിലാളി എന്ന സംജ്ഞയിലൊതുക്കിയത് അങ്ങനെയാണ്. ഇന്നും കേരളത്തിലെ ആദിവാസികള്‍ രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ ആദിവാസികളേക്കാള്‍ പുറകിലായതിനും സ്വയംഭരണമോ വനാവകാശമോ പോലും നടപ്പാക്കാത്തതിനു കാരണം അതാണ്. ദളിതര്‍ പതിനായിരകണക്കിനു കോളനികളിലൊതുങ്ങാനും അടിസ്ഥാനകാരണം അവരുടെ സ്വത്വത്തെ അംഗീകരിക്കാതിരുന്നതു തന്നെ. സാമ്പത്തികസംവരണവാദത്തിനു പുറകിലെ രാഷ്ട്രീയവും മറ്റൊന്നല്ല. വര്‍ഗ്ഗസമരത്തിലൂടെ മാത്രമേ സ്ത്രീപ്രശ്‌നവും പരിഹരിക്കപ്പെടൂ എന്നു വാദിക്കുന്ന എത്രയോ നേതാക്കളെ ഇപ്പോഴും കാണാം. സീതാറാം യെച്ചൂരിയെപോലുള്ള നേതാക്കള്‍ സാമൂഹ്യനീതിയെ കുറിച്ചൊക്കെ സംസാരിക്കുമ്പോഴും കേരളത്തിലെ നേതാക്കള്‍ക്ക് അതിപ്പോഴും മനസ്സിലായിട്ടില്ല. സ്വത്വരാഷ്ട്രീയം എന്നാണ് അവര്‍ ഈ രാഷ്ട്രീയത്തെ ആക്ഷേപിക്കുന്നത്. ഈ നിലപാട് പുനപരിശോധിക്കാന്‍ ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകുമെന്നു പ്രതീക്ഷിക്കട്ടെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂന്നാമതായി പറയാനുദ്ദേശിക്കുന്നത് പാര്‍ട്ടി ഒരു കേരളപാര്‍ട്ടിയായി മാറണമെന്നാണ്. തീര്‍ച്ചയായും ഇതു കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിക്കുമെന്നുറപ്പ്. പക്ഷെ ഫലത്തില്‍ ഇപ്പോള്‍ അത് അങ്ങനെതന്നെയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം അതിശക്തമാകുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ കേരളത്തിനാവശ്യം ശക്തമായ ഒരു പ്രാദേശിക പ്രസ്ഥാനമാണ്. പല സംസ്ഥാനങ്ങളിലും അത്തരം പ്രസ്ഥാനങ്ങള്‍ നിലവിലുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരമൊന്ന് കേരളത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും സ്വാഭാവികമായും അഖിലേന്ത്യാതാല്‍പ്പര്യങ്ങളായിരുന്നു പ്രധാനം. അതിനാല്‍ തന്നെ എന്നും അവഗണനയുടെ ചരിത്രമാണ് കേരളം നേരിട്ടുള്ളത്. മുമ്പൊക്കെ അതിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നിരുന്നു. സമീപകാലത്ത് അതുമില്ല. കേന്ദ്രം സംസ്ഥാനത്തോടു ചെയ്യുന്ന അനീതികളെ കുറിച്ച് സിപിഎം ഏറെ വാചാലരാകാറുണ്ടെങ്കിലും ശക്തമായ മുന്നേറ്റമാക്കാന്‍ അവര്‍ക്ക് കഴിയാത്തതിനുകാരണം സംസ്ഥാനത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം അഖിലേന്ത്യാരാഷ്ട്രീയത്തിനു നല്‍കുന്നതാണ്. അതിനു പകരം പ്രാഥമികമായി കേരളത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നായി സിപിഎം മാറണം. അല്ലെങ്കില്‍ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ച് ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവക്യത്തില്‍ ഹിന്ദത്വരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തെ ഫലപ്രദമായി ചെറുക്കാനാവുമെന്നു കരുതാനാകില്ല.

ചുരുക്കത്തില്‍ ചരിത്രപ്രധാനമായ ഈ രാഷ്ട്രീയ മുഹൂര്‍ത്തത്തില്‍ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്തമാണ് കേരളജനത സിപിഎമ്മിനു നല്‍കിയിട്ടുള്ളത്. അതു നിറവേറ്റാന്‍ പാര്‍ട്ടിക്കാവുമോ എന്നതാണ് കാതലായ ചോദ്യം. ആകണമെങ്കില്‍ സ്വയം പിവര്‍ത്തനത്തിനു പാര്‍ട്ടി തയ്യാറാകണം. അതുമായി ബന്ധപ്പെട്ട ചില നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. കാലത്തിന്റെ ഈ ആവശ്യത്തിനു ചെവികൊടുക്കാന്‍ പാര്‍ട്ടി തയ്യാറാകുമെന്നുതന്നെ പ്രതീക്ഷിക്കാം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply