
കലാലയങ്ങള്‍ ചെങ്കോട്ടകളാകണ്ട
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. എത്രയോ വര്‍ഷം മുമ്പു ചെയ്യേണ്ടതായിരുന്നെങ്കിലും, സ്വന്തം സഖാക്കള്‍ അക്രമിക്കപ്പെട്ടപ്പോഴെങ്കിലും വൈകി വന്ന ഈ വിവേകത്തിന് അഭിനന്ദിക്കാം. എന്നാലതിനേക്കാള്‍ പ്രധാനം കാമ്പസിനെ ജനാധിപത്യവേദിയാക്കാന്‍ എസ് എഫ് ഐ അനുവദിക്കുക എന്നതാണ്. ഭാരവാഹികള്‍ മാറിയിട്ടുമാത്രം കാര്യമില്ല. മാത്രമല്ല ഏതാനും പേരുടെ സസ്‌പെന്‍ഷനില്‍ ഒതുക്കാനാണ് സംസ്ഥാനനേതൃത്വത്തിന്റെ നീക്കമെന്ന ആരോപണമുണ്ട്.. പ്രതികളാകട്ടെ പതിവുപോലെ ഒളിവിലും പോയി. കാര്യങ്ങള്‍ മാറാന്‍ പോകുന്നില്ല എന്ന സൂചനതന്നെയാണിത്.
ഒരുപാട് ദശകങ്ങളായി യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐയുടെ സര്‍വ്വാധിപത്യവും ഗുണ്ടായിസവും തുടരുന്നു. എ ഐ എസ് എഫ് അടക്കം ഒരു സംഘടനക്കും പ്രവര്‍ത്തനാനുമതിയില്ല എന്നു മാത്രമല്ല, അവിടത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും നിര്‍ബന്ധിച്ച് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പഹഅകെടുപ്പിക്കുകയാണ് എസ് എഫ് ഐ ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസം വിടണമെങ്കില്‍ പോലും നേതാക്കളോട് ചോദിക്കേണ്ട അവസ്ഥയാണ്. തടവറക്കുള്ളിലാണ് തങ്ങളുടെ ജീവിതമെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലും സ്വകാര്യമായി പറയുമായിരുന്നു. ഇപ്പോഴിതാ അവരത് പരസ്യമായി പറയുന്നു. എസ് എഫ് ഐയുടെ പീഡനം മുലം കോളേജില്‍ നിന്ന് ഒരു പെണ്‍കുട്ടി വിട്ടുപോയത് അടുത്തയിടെയായിരുന്നു.
ഇപ്പോഴിതാ ഇനിയും നേതാക്കളുടെ അടിമകളാകാന്‍ തയ്യാറല്ല എന്ന് എസ് എഫ ഐയുടെ അണികള്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. അവര്‍ നേതാക്കള്‍ക്കെതിരെ പ്രകടനം നടത്തുകയും എസ് എഫ് ഐയുടെ പതാക എടുത്തുമാറ്റുകയും ചെയ്തു. ഇതാണോ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എന്നാണവര്‍ ചോദിക്കുന്നത്. ആ ചോദ്യത്തിനു മുന്നിലാണ് യൂണിറ്റ് പിരിച്ചുവിടാന്‍ അഖിലേന്ത്യാ നേതൃത്വം തന്നെ തയ്യാറായത്.
കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പാട്ടുപാടാനവകാശമില്ലാത്ത കൗമാരത്തെ എന്തിനു കൊള്ളാം..? അതേ തുടര്‍ന്നുള്ള സംഘര്‍ഷമാണ് കത്തിക്കുത്തിലെത്തിയത്. എസ് എഫ് ഐ പ്രവര്‍ത്തകന്‍ തന്നെയായ അഖിലിനാണ് കുത്തേറ്റത്. ഇതിനെത്തുടര്‍ന്നാണ് എസ്എഫ്‌ഐ അനുഭാവികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയാണ് ഇവര്‍ രംഗത്തിറങ്ങിയത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല, കേരളത്തിലെ നിരവധി കലാലയങ്ങലില്‍ ഏറിയും കുറഞ്ഞും ഇതേ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. ചെങ്കോട്ടകളെന്നാണ് കലാലയങ്ങളെ ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്. ഇതേ സമയത്തുതന്നെയാണ് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് എന്ന വിദ്യാര്‍ത്ഥി് സംഘടനയുടെ ജാഥയെ സംസ്ഥാനത്തിന്റെ പല ഭാഗത്തും വെച്ച് എസ് എഫ് ഐ അക്രമിച്ചത്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പാതയില്‍ തന്നെയാണ് സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയവും. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരു പറ്റം ആണ്‍ വിദ്യാര്‍ത്ഥികളുടെ കൈകരുത്തിന്റെ പ്രതീകം മാത്രമായിരിക്കുന്നു. പെണ്‍കുട്ടികള്‍ വെറും അലങ്കാരം മാത്രം. ശരിക്കും ഗുണ്ടാ രാഷ്ട്രീയമായി മാറിയതിനാലായിരിക്കാം വിദ്യാര്‍്ത്ഥിരാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളര്‍ന്നതിനും കോടതി തന്നെ അതിനെതിരെ നിരോധനവുമായി വരാനും കാരണമായത്.
യൂണിവേഴ്സിറ്റി കോളേജില്‍ ഇലയനങ്ങാന്‍ പോലും എസ് എഫ് ഐയുടെ അനുമതി വേണമെന്ന അവസ്ഥയാണ്. മറ്റു സംഘടനകളുടെ സ്വാതന്ത്ര്യം തടയുന്നതുമുതല്‍ സദാചാരസംരക്ഷണം വരെ അവരാണ് നടപ്പാക്കുന്നത്. എല്ലാവരും അടങ്ങിയൊതുങ്ങി പഠിച്ചുപോകാനാണ് അധ്യാപകരും പോലീസും മറ്റും വിദ്യാര്‍ത്ഥികളെ ഉപദേശിക്കുക. 2017ല്‍ ഒരുമിച്ചിരുന്ന് നാടകം കണ്ടിരുന്ന സൂര്യഗായത്രി, ജാനകി രാവന്‍ എന്നീ പെണ്‍കുട്ടികളേയും അവരുടെ സുഹൃത്തായ ജിജീഷിനേയുമാണ് സദാചാരപോലീസിംഗിന്റെ ഭാഗമായി മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു.
രാജ്യത്തെ പല കാമ്പസ്സുകളിലും വളരെ ജനാധിപത്യപരമായ രീതിയില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ നടക്കുകയും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ശക്തമാകുകയും ചെയ്യുമ്പോഴാണ് പ്രബുദ്ധമെന്നു പേരുകേട്ട കേരളത്തില്‍ കലാലയങ്ങള്‍ പലപ്പോഴും യുദ്ധഭൂമികളാകുന്ന കാഴ്ച ദയനീയമാണ്. എസ്എഫ്‌ഐയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അവരെ ക്രൂരമായി അക്രമിച്ചിരുന്നു. പലരും രക്തസാക്ഷികളായി. പിന്നീട് കഥ മാറി. എസ്എഫ്‌ഐ വേട്ടക്കാരുടെ റോളിലായി. അടിക്ക് പകരം അടി എന്ന മുദ്രാവാക്യവുമായി എബിവിപിയും കാമ്പസ് ഫ്രണ്ടും രംഗത്തുണ്ട്. ബാക്കി സംഘടനകളെല്ലാം പതുക്കെ പിന്‍വാങ്ങുകയാണ്. വാസ്തവത്തില്‍ അത്തരം വിഷയങ്ങളാണ് മഹാരാജാസിലെ അഭിമന്യുവിന്റെ കൊലക്കുകാരണമായത്. പ്രിന്‍സിപ്പാളുടെ കസേരയടക്കം കത്തിച്ച സംഭവം പോലും അവിടെയുണ്ടായിട്ടുണ്ട്. പാലക്കാട് വിക്ടോറിയയില്‍ വനിതാ പ്രിന്‍സിപ്പാളിന് ശവകുടീരവുമൊരുക്കി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ദീപാഞ്ജലി എന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയെ എസ് എഫ് ഐ നിയന്ത്രണത്തിലുള്ള ഓള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസ്സോസിയേഷന്‍ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ജാതിയധിക്ഷേപത്തിനും തെറിയഭിഷേകങ്ങള്‍ക്കും ഇരയാക്കിയ സംഭവവും അതിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം കൊടുത്ത സമരവും ഏറെ ചര്‍ച്ചയായിരുന്നു. മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ സല്‍വ അബ്ദുല്‍ഖാദര്‍ തനിക്ക് കോളേജിലെ എസ് എഫ് ഐയില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളെ സംബന്ധിച്ച് സംസാരിച്ചിരുന്നു. പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവവും അവിടെയുണ്ടായി. തലശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് കാമ്പസിലെ സോഫി എന്ന വിദ്യാര്‍ത്ഥിനിയുടെ പല്ലിടിച്ചിളക്കിയാണ് അവിടെ എസ് എഫ് ഐ അവരുടെ ആണധികാരം നടപ്പിലാക്കിയത്. കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ ആതിരയും ആത്മജയും സമീപകാലത്തു എസ് എഫ് ഐയുടെ പൊളിറ്റിക്കല്‍ പൊലീസിംഗിന് വിധേയരായ വിദ്യാര്‍ത്ഥിനികളാണ്. മഹാരാജാസില്‍ രോഹിത് വെമുല അനുസ്മരണം നടത്തിയവര്‍ക്കുപോലും മര്‍ദ്ദനമേറ്റു. മഹാരാജാസില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് തങ്ങള്‍ പഠിക്കുമ്പോള്‍ തന്നെ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കെ കെ ബാബുരാജിനെ പോലുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കേരളവര്‍മ്മയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചതിനാണ് ഐസ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്.
ഈ സാഹചര്യത്തില്‍ വിദ്യാര്‍്ത്ഥി രാഷ്ട്രീയം നിലനില്‍ക്കാനും അതേസമയം അത് ജനാധിപത്യപരമാക്കാനും പിതൃപാര്‍ട്ടികളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി മാറാതിരിക്കാനും ലിംഗനീതിയും സാമൂഹ്യനീതിയും ഉയര്‍ത്തിപിടിക്കുന്നതാകാനുമാണ് കലാലയത്തിനകത്തും പുറത്തും പോരാട്ടങ്ങള്‍ നടക്കേണ്ടത്. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനെ കേന്ദ്രീകരിച്ച് സേവ് എജ്യൂക്കേഷന്‍ കമ്മിറ്റിയുടെയും പൊതുപ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ വിദ്യാഭ്യാസ സ്‌നേഹികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരില്‍ ചിലരും ചേര്‍ന്ന് സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പയിന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത് അതിന്റെ ഭാഗമാണ്. സംഘടനയുടെ ആഭിമുഖ്യത്തില്‍ 2019 മേയ് 10-ാം തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ ഒരു പൗരസംഗമം വിളിച്ചുചേര്‍ത്തിരുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സദസ്സ് ഒന്നടങ്കം കൈയടിച്ച് പാസ്സാക്കിയ പ്രമേയം സമ്മേളനത്തിന്റെ പ്രഖ്യാപനമായി. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പഠിക്കാനും വ്യത്യസ്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുവാനും അധ്യാപകര്‍ക്ക് പഠിപ്പിക്കാനും നിര്‍ഭയം അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കാനും കഴിയുന്ന ജനാധിപത്യാന്തരീക്ഷം പുനഃസ്ഥാപിയ്ക്കപ്പെടുന്നതുവരെ പൗരസമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഒപ്പം കാമ്പസ്സിനകത്ത് ഉയര്‍ന്നുവന്ന പരാതികള്‍ അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര ജനകീയാന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഈ സംഭവം അരങ്ങേറിയത്.
