ചരിത്രത്തിലേക്ക് മറ്റൊരു ഇന്‍തിഫാദ ദിനം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ചരിത്രത്തിലേക്ക് മറ്റൊരു പിടിച്ചു കുലുക്കല്‍ ദിവസം എഴുതിച്ചേര്‍ത്താണ് 7 /10/ 2023 കടന്നു പോയത്. ഇന്‍തിഫാദയെന്നാല്‍ പിടിച്ചു കുലുക്കല്‍, ഞെട്ടിക്കല്‍ എന്നൊക്കയാണ് വ്യാഖ്യാനം. എന്തര്‍ഥം പറഞ്ഞാലും സ്വാതന്ത്ര്യത്തിന്റെ വഴി തേടിയുള്ള പോരാട്ടം തന്നെ. 1973 ലെ അറബ് – ഇസ്രായില്‍ യുദ്ധത്തിന് അര നൂറ്റാണ്ട് തികയുന്നതിന്റെ അടുത്ത ദിവസം തന്നെ ഹമാസ് ഇസ്രായില്‍ അതിര്‍ത്തി കടന്ന് അധിനിവേശ ശക്തികള്‍ക്കെതിരെ നടത്തിയ ചെറുത്തു നില്‍പ് മൂന്നാം ഇന്‍തിഫാദയാണോ എന്ന് ഇനിയും പറയാറായിട്ടില്ല.

പഞ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇസ്രായലിലേക്ക് 5000 റോക്കറ്റുകള്‍ വിക്ഷേപിച്ചെന്നാണ് ഹമാസ് അവകാശപ്പെട്ടത്. റോക്കറ്റിന്റെ എണ്ണക്കണക്ക് ഹമാസ് പെരുപ്പിച്ച് പറയുന്നതാണെന്ന് കരുതിയാലും 2000 ത്തിന് മേല്‍ റോക്കറ്റുകള്‍ അയേണ്‍ ഡോമുകള്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന് ഇസ്രായിലും സമ്മതിച്ചു കഴിഞ്ഞു. ഹമാസ് ചെറുത്തു നില്‍പ്പില്‍ ഇസ്രായില്‍ പ്രതിരോധ സേനയിലെ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന വിവരവും പുറത്ത് വന്നിരിക്കയാണ്. ഇസ്രായില്‍ സൈന്യം തന്നെയാണ് ഇതറിയിച്ചത്. തങ്ങളുടെ പൗരന്മാരുടെ ജീവന് വലിയ പ്രധാന്യം നല്‍കുന്ന രാജ്യമാണ് ഇസ്രായില്‍. അങ്ങനെയൊരു രാജ്യം ഒരു സൈനിക തലവന്റെ മരണം എത്രമാത്രം ഞെട്ടലോടെയാണ് കാണുക എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇസ്രായില്‍ സൈന്യം കനത്ത പ്രത്യാക്രമണം തുടരുന്ന ഗസ്സയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1987-93 കാലത്തായിരുന്നു ആദ്യത്തെ ഇന്‍തിഫാദ. 2000-2005 ല്‍ രണ്ടാമത്തേത് സംഭവിച്ചു. അന്ന് രണ്ടായിരം ഫലസ്തീനികളും ആയിരം ഇസ്രായേല്‍കാരും കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വന്ന കണക്ക് പറയുന്നത് . യുദ്ധാനന്തര മരണങ്ങളുടെ കണക്ക് എത്ര സത്യസന്ധമാണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. 2005 ലെ യുദ്ധാന്തരീക്ഷം ഗള്‍ഫ് നാടുകളില്‍ കഴിയുന്ന എല്ലാ മനുഷ്യരുടെയും ഓര്‍മയിലുണ്ടാകും. അന്നുണ്ടായ വെടിനിര്‍ത്തലിന് ശേഷം 2014 ല്‍ ആയിരുന്നു ഗാസയില്‍ നിന്ന് അധിനിവേശക്കാര്‍ക്കെതിരെ ഹമാസിന്റെ രണ്ടാമത്തെ കടുത്ത റോക്കറ്റാക്രമണം. അന്ന് ഇസ്രായിലില്‍ കടന്നു കയറിയ ഹമാസ് മൂന്ന് പേരെ തട്ടിക്കൊണ്ടു പോയ സംഭവം ശരിക്കും ഞെട്ടിക്കല്‍ തന്നെയായിരുന്നു. ഇതിന്റെ പേരിലായിരുന്നു ഏഴാഴ്ച നീണ്ട യുദ്ധം. പിന്നീട് മൂന്ന് കൊല്ലത്തോളം വലിയ തോതിലുള്ള സംഘര്‍ഷമൊന്നുമില്ലാതെ കടന്നുപോയി – സമാധാന വഴി തുറന്നു എന്ന് ലോകം വെറുതെ ആഗ്രഹിച്ച വര്‍ഷങ്ങള്‍. 2021 ലാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. 2021 മേയില്‍ വിശുദ്ധ അല്‍ അഖ്‌സ മസ്ജിദ് പരിസരത്ത് അധിനിവേശക്കാരും ഫലസ്തീന്‍ ജനതയും ഏറ്റുമുട്ടി. 11 ദിവസമാണ് ആ പോരാട്ടം നിലനിന്നത്. ഇപ്പോഴിതാ വീണ്ടും. സയണിസത്തിന്റെ ഹൃദയത്തിലേക്ക് പോരാട്ടം എത്തിച്ചേര്‍ന്നതായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ പറയുന്നു. ഇന്‍തിഫാദയുടെയും വിപ്ലവത്തിന്റെയും അധ്യായങ്ങള്‍ ആവര്‍ത്തിക്കും, ഫലസ്തീന്‍ ഭൂമിയെ വിമോചിപ്പിക്കുന്നതുവരെ, ഫലസ്തീനികളെ ഇസ്രായില്‍ ജയിലുകളില്‍നിന്ന് മോചിതരാക്കുംവരെ വിശ്രമമില്ല -ടെലിവിഷനില്‍ നടത്തിയ പ്രസ്താവനയില്‍ ഹനിയ പറയുന്നു.

ഇസ്രായില്‍ കുടിയേറ്റക്കാരുടെ ഭീകരതയെയും അധിനിവേശ സേനയെയും പ്രതിരോധിക്കാന്‍ ഫലസ്തീന്‍ ജനതക്ക് അവകാശമുണ്ടെന്ന് പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് പറഞ്ഞതിലൂടെ അവരും ഹമാസിനൊപ്പമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഫലസ്തീന്‍ ജനതക്ക് സംരക്ഷണം നല്‍കുകയും ഇസ്രായില്‍ അധിനിവേശവും കുടിയേറ്റ സംഘങ്ങളും നടത്തുന്ന അതിക്രമങ്ങളെ നേരിടുന്നതില്‍ ഫലസ്തീന്‍ ജനതയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ ആവശ്യമായതെല്ലാം നല്‍കണമെന്നും ഉന്നതതല യോഗത്തില്‍ മഹ്മൂദ് അബ്ബാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുരുതരമായ തെറ്റാണ് ഹമാസ് നടത്തിയതെന്നും ഇസ്രായിലിനെതിരെ അവര്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നുമാണ് ഇസ്രായില്‍ നിലപാട്. ഇസ്രായില്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) ശത്രുവിനെതിരെ എല്ലാ സ്ഥലങ്ങളിലും പോരാടുകയാണെന്നും സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇസ്രായില്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുകയാണെന്നും ഈ യുദ്ധത്തില്‍ ഇസ്രായില്‍ രാഷ്ട്രം വിജയിക്കുമെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഹമാസ് നടപടി കഴിഞ്ഞയുടന്‍ നിലപാട് പറഞ്ഞിട്ടുണ്ട്.

പുതിയ സംഭവ വികാസത്തെ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ശരിയാംവണ്ണമാണ് വിലയിരുത്തിയത്. ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന വിശ്വസനീയമായ സമാധാന പ്രക്രിയ സജീവമാക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തം അതിവേഗം ഏറ്റെടുക്കണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകത്തിന് ഇന്നൊരു ശക്തനായ മധ്യസ്ഥനില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. ആര്‍ക്കും ആരോടും യുദ്ധം പ്രഖ്യാപിക്കാവുന്ന കലുഷമായ കാലം. ഉക്രൈന്‍ യുദ്ധം എത്രയോ കാലമായി തുടരുന്നു. സമാധാനം സ്ഥാപിക്കാനുള്ള ഒരു ശ്രമവും തുരങ്കത്തിന്റെ അങ്ങേയറ്റത്തു പോലും കാണാനില്ല. ലോകത്തിന്റെ പല ഭാഗത്തും പോരാട്ടം നടത്തുന്ന ജനതയും സമൂഹങ്ങളും നീറിനീറി കഴിയുന്നു. ഒന്നിനും ഒരവസാനമില്ല. ഇങ്ങനെയൊരവസ്ഥയില്‍ ഏറ്റവും പുതിയ സംഭവ വികാസത്തിലും തിരുഗേഹങ്ങളുടെ സേവകരായ സൗദി അറേബ്യ തങ്ങളുടെ പക്വമായ നിലപാട് പ്രഖ്യാപനം വഴി കാലത്തിന് മുന്നില്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്ന് മാത്രം വിശ്വസിക്കുക.

(സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിന പത്രത്തിന്റെ പ്രതിവാര കോളത്തില്‍ ഒക്ടോബര്‍ 9ന് പ്രസിദ്ധീകരിച്ച ലേഖനം)

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply