വീരപ്പന്‍ വേട്ട : വാര്‍ത്ത അസത്യം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mmmഅബ്ദുന്നാസിര്‍ മഅ്ദനി

രണ്ട് ദിവസം മുമ്പ് ഒരു മലയാള ദിനപ്പത്രത്തില്‍ വീരപ്പനെ പോലീസ് വധിച്ചതുമായി ബന്ധപ്പെട്ട് എന്റെ പേര് പരാമര്‍ശിക്കുന്ന ഒരു വാര്‍ത്ത വന്നതായി അറിഞ്ഞു.
ഒരു ഐ.പി.എസ് ഓഫീസര്‍ വീരപ്പന്‍ വേട്ടയുടെ പിന്നാമ്പുറങ്ങള്‍ എന്ന നിലയില്‍ എഴുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഒരു സാങ്കല്‍പിക പേരുകാരന്‍ ഞാന്‍ ആണെന്ന രീതിയില്‍ വന്ന ആ വാര്‍ത്തയോട് ഞാന്‍ പ്രതികരിക്കേണ്ടതില്ല എന്ന് കരുതിയതാണ്.
എന്നാല്‍ മറ്റൊരു റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ ‘ആദ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാങ്കല്‍പിക പേരുകാരന്‍ മഅ്ദനി തന്നെയാണെന്ന് സ്ഥിരീകരിച്ചു’ എന്ന രീതിയില്‍ വീണ്ടും ഇന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇക്കാര്യത്തില്‍ ഒരു മറുപടിയുണ്ടാകണമെന്നുമുള്ള നിരവധി അഭ്യുദയകാംക്ഷികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ കുറിപ്പ് എഴുതുന്നത്.
പുതുതായി പ്രചരിക്കുന്ന ഈ വാര്‍ത്ത അവാസ്തവമാണെന്നതിന്റെ തെളിവുകള്‍ അതേ വാര്‍ത്തകളില്‍ തന്നെയുണ്ട്.
പുസ്തകം എഴുതിയെന്ന് പറയുന്നയാള്‍ അവകാശപ്പെടുന്നത് ‘ജാമ്യം സംബന്ധമായ കാര്യങ്ങളില്‍ എന്നെ സഹായിക്കാം’ എന്ന് പോലീസ് ഞാനുമായി ധാരണയുണ്ടാക്കിയെന്നും മറ്റേയാള്‍ പറയുന്നത് അന്നത്തെ മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമായിരുന്നു ചര്‍ച്ച’ എന്നുമാണ്.
വാര്‍ത്തകള്‍ വരുന്ന ഈ കാലയളവ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുവാന്‍ സുപ്രീം കോര്‍ട്ട് സീനിയര്‍ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സിയെ കൊണ്ടുവന്നതും പിന്നീട് അതേ വക്കീല്‍ തന്നെ സുപ്രീം കോടതിയില്‍ അതിശക്തമായി ജാമ്യാപേക്ഷയെ എതിര്‍ത്തതും. (ഇതേ വക്കീല്‍ തന്നെയാണ് ഇപ്പോള്‍ ജയലളിതക്കും ശശികലക്കും വേണ്ടി സ്വത്ത് കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായതും ശശികല ശിക്ഷിക്കപ്പെട്ട ശേഷം കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചതും സുപ്രീം കോടതി ‘ഉടന്‍’ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലേയെന്ന് ചോദിച്ചുകൊണ്ട് അപേക്ഷ തള്ളിയതുമൊക്കെ….)
ജയലളിതാ ഗവണ്‍മെന്റിന്റെ കഠിനമായ എതിര്‍പ്പുകാരണം സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളുമ്പോള്‍ ”വിദഗ്ദമായ ആയൂര്‍വേദ ചികിത്സ നല്‍കണം” എന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നൂറ് മില്ലിഗ്രാം തൈലവുമായി ഒരു തെറാപ്പിസ്റ്റിനെ ജയിലില്‍ അയച്ച് സുപ്രീം കോടതി വിധിയെ തന്നെ പരിഹസിക്കുകയായിരുന്നു അന്ന് ഗവണ്‍മെന്റ് ചെയ്തത്.
എന്നെ സന്ദര്‍ശിക്കുവാന്‍ വന്ന ഭാര്യയെയും ഇളയ മകനെയും ജയിലിന് മുന്നില്‍ വെച്ച് പോലീസ് ഉപദ്രവിച്ചതും ഭാര്യയുടെ മേല്‍ കള്ളക്കേസ് ചുമത്തിയതും 3 വര്‍ഷത്തോളം എനിക്ക് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ സന്ദര്‍ശകനെയും അനുവദിക്കാതിരുന്നതും അവസാനം ‘ജയിലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നിന്ന് പുറത്തെവിടെയും കൊണ്ട് പോകരുത്’ എന്ന് ബാന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചതും ഇതേ ജയലളിതാ ഗവണ്‍മെന്റാണ്.
കോയമ്പത്തൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന 164 പേരില്‍ ഞാന്‍ ഒഴികെ മുഴുവനാളുകള്‍ക്കും പരോള്‍ നല്‍കിയപ്പോഴും എന്റെ ഉമ്മുമ്മ മരണപ്പെട്ട വേളയില്‍ പോലും എനിക്ക് പരോള്‍ നിഷേധിച്ചതും അത് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വകവെച്ചതും ഇതേ കാലയളവിലാണ്.
എന്റെ കൃത്രിമക്കാല്‍ മാറ്റിവെക്കാന്‍ ചെന്നൈയിലെ ഒരു ഗവണ്‍മന്റ് സ്ഥാപനത്തില്‍ പോകാന്‍ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ ഞാന്‍ സമര്‍പ്പിച്ച പെറ്റീഷനെ ശക്തമായി എതിര്‍ത്തില്ല എന്ന് കാരണം പറഞ്ഞ് അന്നത്തെ ഹോം സെക്രട്ടറി മുനീറുല്‍ ഹുദായെ നിഷ്‌കരുണം സര്‍വ്വീസില്‍ നിന്ന് സസ്പന്റ് ചെയ്ത അതേ ജയലളിത ‘വീരപ്പനെ പിടിക്കാന്‍’ എന്റെ അടുത്തേക്ക് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നതിലെ ‘വങ്കത്തം’ സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ.
ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമായിട്ടാണ് നല്ലൊരു പങ്ക് തമിഴരും വീരപ്പനെ കണ്ടിരുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
കാര്യമായ തോതില്‍ തമിഴ് ജനതയുടെ പിന്തുണയും തമിഴ് ലിബറേഷന്‍ പ്രവര്‍ത്തകരുടെ സഹായവുമൊക്കെ ഉണ്ടായിരുന്ന വീരപ്പനെ ‘സഹായിക്കാന്‍’ ആളെ തേടി അദ്ദേഹത്തിന്റെ ജ്യേഷ്ടന്‍ എന്നെ സമീപിച്ചുവെന്ന ഒരു പുതിയ കഥ രൂപപ്പെടുത്തിയെടുക്കുന്നത് ചില ഗൂഢോദ്ദേശ്യത്തോടെയാണെന്നാണ് മനസ്സിലാകുന്നത്.
ഒരു കാര്യം എനിക്കുറപ്പിച്ച് പറയാന്‍ കഴിയും വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ഞാന്‍ ആര്‍ക്കും ചെയ്തുകൊടുത്തിട്ടില്ല.
വീരപ്പനെക്കാളും ”വലിയ ശത്രു”വായിട്ട് എന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു സൂചിത്തുമ്പിന്റെ അളവ് സഹായം പോലും എന്റെ ജയില്‍വാസകാലഘട്ടത്തില്‍ എനിക്ക് ലഭിച്ചിട്ടുമില്ല.
ബാംഗ്ലൂരില്‍ എന്നെ കുടുക്കിയിരിക്കുന്ന കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ എനിക്ക് പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതിനും പുതിയ കുടുക്കുകള്‍ തീര്‍ക്കുന്നതിനുമുള്ള ചിലരുടെ കുതന്ത്രങ്ങളാണോ ഈ ‘വെളിപ്പെടുത്തലുകള്‍ക്ക്’ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
എന്റെ വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത ശത്രുക്കള്‍ക്ക് മാപ്പ് കൊടുത്തതായി കോടതിയില്‍ വ്യക്തമാക്കി അവരെ വെറുതെ വിടുന്നതിന് സാഹചര്യം ഉണ്ടാക്കിയ ഞാന്‍, എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാളെ കൊല്ലുന്നതിന് ഏതെങ്കിലും നിലയില്‍ സഹായിക്കേണ്ട ഒരു കാര്യവുമില്ലല്ലൊ? നിര്‍ത്തുന്നു.
ഈ വിവാദം ഇവിടെ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നു

ഫേസ് ബുക്ക് പോസ്റ്റ്‌


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply