വിവരാവകാശ നിയമം പാര്‍ട്ടികള്‍ക്കും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

rtiരാജ്യത്തെ ആറ്‌ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിനുകീഴില്‍ തന്നെയെന്ന്‌ വ്യക്തമാക്കിയ മുഖ്യ വിവരാവകാശ കമീഷണറുടെ നടപടി സ്വാഗതാര്‍്‌ഹമാണ്‌. വിവരാവകാശ നിയമപ്രകാരം നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കാനാവശ്യപ്പെട്ട്‌ മുഖ്യ വിവരാവകാശ കമീഷണര്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷാ, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്ക്‌ കഴിഞ്ഞ ദിവസം നോട്ടീസ്‌ അയച്ചു. മറ്റു നാല്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ മേധാവികള്‍ക്കും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.
കഴിഞ്ഞവര്‍ഷം കേന്ദ്ര വിവരാവകാശ കമീഷന്‍ (സി.ഐ.സി) കോണ്‍ഗ്രസ്‌, ബി.ജെ.പി, എന്‍.സി.പി, സി.പി.ഐ, സി.പി.എം, ബി.എസ്‌.പി എന്നീ ആറു ദേശീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിനുകീഴില്‍ കൊണ്ടുവന്നിരുന്നു.
സാമൂഹിക പ്രവര്‍ത്തകനായ സുഭാഷ്‌ അഗര്‍വാളിന്‍െറ അപേക്ഷയിലായിരുന്നു ഈ നടപടി. അതനുസരിച്ച്‌ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഈ പാര്‍ട്ടികള്‍ വിവരങ്ങള്‍ പൊതുജനത്തിന്‌ കൈമാറാന്‍ ബാധ്യസ്ഥമാണ്‌. മാത്രമല്ല, നിയമം അനുശാസിക്കുന്ന രീതിയില്‍ വിവരങ്ങള്‍ കൈമാറാനും മറ്റും പാര്‍ട്ടിക്കുള്ളില്‍ സംവിധാനം ഒരുക്കുകയും വേണം.
ഈ നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്ത്‌ വന്നിരുന്നു. സാമ്പത്തിക കണക്കുകള്‍ സമര്‍പ്പിക്കാമെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങളും നയങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളും വിവരാവകാശനിയമമനുസരിച്ച്‌ വെളിപ്പെടുത്താനാവില്ലെന്നുമാണ്‌ മിക്ക പാര്‍ട്ടികളുടേയും നിലപാട്‌. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശത്തില്‍നിന്ന്‌ ഒഴിവാക്കുന്നത്‌ പരിഗണിക്കുമെന്ന്‌ യു.പി.എ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‌ അതംഗീകരിച്ചില്ല. ഫെബ്രുവരി ഏഴിനും മാര്‍ച്ച്‌ 25നും ഈ രാഷ്ട്രീയപാര്‍ട്ടികളോട്‌ നിയമമനുസരിക്കാത്തതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാന്‍ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതും പാര്‍ട്ടികള്‍ അവഗണിച്ചു.
തുടര്‍ന്ന്‌ വിവരാവകാശ നിയമത്തിന്‍െറ 18ാം വകുപ്പ്‌ അനുസരിച്ച്‌ അന്വേഷണം ആരംഭിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനും മറുപടി ലഭിച്ചില്ലെങ്കില്‍ നിയമാനുസൃത തീരുമാനം കമീഷന്‍ കൈക്കൊള്ളുമെന്നും കാണിച്ച്‌ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ഈ ഉത്തരവും ആറ്‌ പാര്‍ട്ടികളും അവഗണിച്ചു. തുടര്‌ന്നാണ്‌ പുതിയ നോട്ടീസ്‌.
പാര്‍ട്ടികള്‍ പൊതു അധികാര കേന്ദ്രമല്ല എന്നാണ്‌ അവരുടെ വാദം. എന്നാല്‍ അധികാര കേന്ദ്രങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരുമ്പോള്‍ അവയെ നിയന്ത്രിക്കുന്ന ശക്തികള്‍, അഥവാ യഥാര്‍ത്ഥ അധികാര കേന്ദ്രങ്ങള്‍ക്ക്‌ അതെങ്ങിനെ ബാധകമാകാതിരിക്കും? അതാണ്‌ യഥാര്‍ത്ഥ പ്രശ്‌നം.
നമ്മള്‍ തുടര്‍ന്നു വരുന്ന രീതിയനുസരിച്ച്‌ പാര്‍ട്ടികള്‍ വിവരാവകാശത്തിനു കീഴിലെന്നു ചിന്തിക്കാന്‍ പാടാണ്‌. എന്നാല്‍ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ തീരുമാനത്തെ പിന്തുണക്കുകയാണ്‌ വേണ്ടത്‌. ജനാധിപത്യത്തില്‍ രാഷട്രീയപാര്‍ട്ടികള്‍ ജനങ്ങളുടെ പ്രാതിനിധ്യമാണല്ലോ അവകാശപ്പെടുന്നത്‌. ജനങ്ങളാണ്‌ അവരെ അധികാരത്തിലെത്തിക്കുന്നതും പ്രതിപക്ഷത്തിരുത്തുന്നതും. എങ്കില്‍ ജനങ്ങളില്‍ നിന്ന്‌ എന്താണവര്‍ക്കു മറച്ചുവെക്കാനുളളത്‌.
ജനാധിപത്യസംവിധാനത്തില്‍ പാര്‍ട്ടികള്‍ പലപ്പോഴും ജനവിരുദ്ധരാകാറുണ്ട്‌. നേതാക്കള്‍ അഴിമതിക്കാരാകാറുണ്ട്‌. അതിനെ നിയന്ത്രിക്കാന്‍ കാര്യമായ സംവിധാനമില്ല. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ പാര്‍ട്ടികളും സര്‍ക്കാരുമെല്ലാം അഴിമതിക്കാരാകുന്നത്‌ ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും കാണുന്നതാണ്‌. അതു തടയാന്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ കാര്യമായ സംവിധാനമില്ല. പ്രതിപക്ഷം സമരങ്ങള്‍ നടത്തും. എന്നാല്‍ അവരും പലപ്പോഴും വ്യത്യസ്ഥരാകാറില്ല. പാര്‍ലിമെന്റിലും നിയമസഭകളിലും മറ്റും അവിശ്വാസം കൊണ്ടുവരാം. എന്നാല്‍ ഇപ്പോഴത്തെ സംവിധാനത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണയില്‍ മാത്രമാണ്‌ അതില്‍ നടപടികള്‍ ഉണ്ടാകുക. ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശത്തെ കുറിച്ച്‌ ചര്‍ച്ച നടക്കുന്നുണ്ട്‌. എന്നാല്‍ പ്രായോഗികമായി അത്‌ എളുപ്പമല്ല. മാത്രമല്ല, എത്രപേര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചു വിളിക്കാം, അതും തീരുമാനിക്കപ്പെടുന്നത്‌ രാഷ്ട്രീയ താല്‍പ്പര്യങ്ങളാലാകില്ലേ, വീണ്ടും തിരഞ്ഞെടുപ്പ്‌ നടന്നാല്‍ അതുതന്നെ ആവര്‍ത്തിക്കില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്‌. അടുത്ത തിരഞ്ഞെടുപ്പില്‍ മറ്റു മുന്നണിയെ വിജയിപ്പിക്കാം. എന്നാല്‍ എല്ലാവരും ഒരുപോലെയാകുന്ന സാഹചര്യമാണല്ലോ നിലനില്‍ക്കുന്നത്‌.
ഈ സാഹചര്യത്തിലാണ്‌ ജനങ്ങള്‍ക്ക്‌ ഇടപെടന്‍ അവസരം നല്‍കുന്ന വിവരാവകാശനിയമത്തെ കാണേണ്ടത്‌. അന്തിമ അധികാരം ജനങ്ങള്‍ക്കുതന്നെ എന്ന നിലപാട്‌ ഇതിലുണ്ട്‌. അതിനെയാണ്‌ പാര്‍ട്ടികള്‍ ഭയപ്പെടുന്നത്‌. സിപിഎമ്മിന്റേയോ കോണ്‍ഗ്രസ്സിന്റേയോ ബിജെപിയുടേയോ സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച്‌ ആവശ്യപ്പെട്ടാല്‍ എന്താണ്‌ കുഴപ്പം? അതു ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നത്‌ ജനാധിപത്യത്തിന്റെ ഉന്നത രൂപമായി കാണാന്‍ എന്തേ നേതാക്കള്‍ക്കാകുന്നില്ല? അങ്ങനെയല്ലേ ജനാധിപത്യം സുതാര്യമാകുന്നത്‌? പാര്‍ലിമെന്റ്‌, നിയമസഭാ സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റും സുതാര്യമാകുന്ന കാലത്ത്‌ അവയെ നിയന്ത്രിക്കുന്ന പാര്‍ട്ടിയോഗങ്ങളും സുതാര്യമാകണം. സത്യത്തില്‍ പാര്‍ട്ടി ഉന്നത കമ്മിറ്റിയോഗങ്ങളുടെ തത്സമയ പ്രക്ഷേപണം നല്‍കാന്‍ പോലും തയ്യാറാകുകയാണ്‌ വേണ്ടത്‌.
ഇന്ത്യയില്‍ പാര്‍ലമെന്ററി രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യമായും ഫ്യൂഡല്‍, മുതലാളിത്ത സമ്പന്ന വിഭാഗങ്ങളുടെ താല്‍പര്യങ്ങളെയാണ്‌ പ്രതിനിധാനം ചെയ്യുന്നതും സംരക്ഷിക്കുന്നതുമെന്നു കാണാം. ഇടത്തരക്കാരുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയുമെല്ലാം പ്രതിനിധികളെന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടികളെ കാണാമെങ്കിലും നമ്മുടെ അധികാരസംവിധാനത്തില്‍ അവരെല്ലാം ഫലത്തില്‍ സമ്പന്നവിഭാഗങ്ങളുടെ താല്‍പര്യസംരക്ഷകരായി മാറുന്ന കാഴ്‌ചയാണ്‌ കാണാന്‍ കഴിയുക. ഇവരും പഴയ ഫ്യൂഡല്‍ ഘടനയില്‍തന്നെ തുടരുന്ന ഉദ്യോഗസ്ഥമേധാവി വര്‍ഗ്ഗവും ചേര്‍ന്നുള്ള ഭരണവര്‍ഗ്ഗ കൂട്ടുകെട്ട്‌ പാര്‍ലമെന്ററി സമ്പ്രദായത്തെ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിനുള്ള ഒരു ഉപാധിയായി മാറ്റിയിരിക്കുന്നു. അതുകൊണ്ടുതന്നെ വികസിത മുതലാളിത്തരാജ്യങ്ങളില്‍ കാണാനാവാത്തവിധം ഭീമാകാരരൂപം പൂണ്ട അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും സ്വജനപക്ഷപാതത്തിന്റേയും കുടുംബവാഴ്‌ചയുടേയും ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ഇവിടെ കാണാം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടേതാകട്ടെ ഭീകരമായ സ്റ്റാലിനിസ്റ്റ്‌ ചട്ടക്കൂടാണ്‌.
ഇലക്ഷന്‍ കമ്മീഷന്റെ സക്രിയത്വം, മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയവയെല്ലാം ജനാധിപത്യസമ്പ്രദായത്തിന്റെ മുന്നോട്ടുള്ള കാല്‍വെയ്‌പുകളാണ്‌. ജനാധിപത്യത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനും വോട്ടുസമാഹരണത്തിനും അതീതമായ ഒരു സാമൂഹ്യപ്രക്രിയയായി തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌. ഒന്നിലധികം വ്യക്തികളുടെ കൂട്ടായ്‌മകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ആരംഭിച്ച ഗോത്രകാലഘട്ടത്തില്‍ മുളപൊട്ടിയ സാമൂഹ്യസംഘടനയുടെ വികസിത രൂപമാണ്‌ ജനാധിപത്യം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ്‌ ഇന്ത്യ എന്നു പറയാറുണ്ട്‌. അതില്‍ കുറെയെ#ാക്കെ ശരിയുണ്ടു താനും. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുള്ള മായാവതിയെ പോലുള്ളവര്‍ അധികാരത്തിലെത്തിയതും അടിയന്തരാവസ്ഥയെയും മറ്റും അറബികടലില്‍ വലിച്ചെറിഞ്ഞതും ഉദാഹരണങ്ങള്‍. മറിച്ചുള്ള ഉദാഹരണങ്ങളും ഉണ്ടെന്നത്‌ ശരി. ഈ സാഹചര്യത്തില്‍ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയാണ്‌ വേണ്ടത്‌. രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന തീരുമാനം ഈ സാഹചര്യത്തിലാണ്‌ പ്രസക്തമാകുന്നത്‌. ആ അര്‍ത്ഥത്തില്‍ ഇതു മുന്നോട്ടുള്ള കാല്‍വെപ്പാണ്‌. 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply