
വധശിക്ഷ : സുപ്രിംകോടതി വിധി നിരാശാജനകം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അടുത്തയിടെ വളരെ പുരോഗമനപരമായ നിരവധി വിധികള്‍ പ്രഖ്യാപിച്ച് കയ്യടി നേടിയ സുപ്രിം കോടതി അതിനെല്ലാം പ്രായശ്ചിത്തം ചെയ്യുകയാണോ? വധശിക്ഷയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നല്‍കിയ വിധി അതിന്റെ സൂചനയല്ലാതെ മറ്റെന്താണ്?
വധശിക്ഷ ആധുനിക കാലത്തിന് യോജിച്ചതല്ല എന്ന് ലോകരാഷ്ട്രങ്ങളെല്ലാം പതുക്കെ പതുക്കെയാണെങ്കിലും തിരിച്ചറിയുകയും യു എന്‍ തന്നെ അത്തരത്തില്‍ അഭിപ്രായപ്പെടുകയും ചെയ്ത കാലത്താണ് വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ജസ്റ്റിസ്സുമാരായ ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവര്‍ വധശിക്ഷയെ അനുകൂലിച്ച് വിധി പ്രസ്താവിക്കുകയായിരുന്നു. എന്നാല്‍, ഭൂരിപക്ഷവിധിയോട് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചു. വധശിക്ഷ ആധുനികകാലത്തിന്റെ ശിക്ഷാവിധികളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്ന നിലപാടാണ് കുര്യന്‍ ജോസഫ് എടുത്തത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് ആയിട്ടില്ലെന്ന് 262ാം ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് വിധിന്യായത്തില്‍ ഉദ്ധരിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. വധശിക്ഷ നിലനില്‍ക്കുന്ന ഒരു രാജ്യത്തും അതിനു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പ്രസക്തമായ മറ്റൊന്നു കൂടി അദ്ദേഹം ചൂണ്ടികാട്ടി. പൊതുജനാഭിപ്രായം അന്വേഷണ ഏജന്‍സികളെ സ്വാധീനിക്കാറുണ്ടെന്നും വിചാരണക്കാലത്ത് കോടതികളെ അത് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നുമാണത്. അഫ്‌സല്‍ ഗുരുവിന് വധശിക്ഷ നല്‍കിയ വേളയില്‍ സുപ്രിംകോടതിതന്നെ അത്തരത്തില്‍ പരാമര്‍ശം നടത്തിയ ചരിത്രം നിലവിലുണ്ടല്ലോ. പൊതുജനാഭിപ്രായമനുസരിച്ചാണ് വിധി പറയുന്നതെങ്കില്‍ ഇത്രയും സമ്പന്നമായ നീതിന്യായ സംവിധാനം നമുക്കാവശ്യമില്ലല്ലോ.
ലോകത്ത് പകുതിയിലധികം രാഷ്ട്രങ്ങള്‍ വധശിക്ഷ നിരോധിച്ചുകഴിഞ്ഞു. സാമ്രാജ്യത്വരാജ്യമായ അമേരിക്കയിലും ചില കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും മതരാഷ്ട്രങ്ങളിലുമാണ് പ്രധാനമായും അത് നിലനില്‍ക്കുന്നത്. ജനാധിപത്യരാജ്യങ്ങള്‍ മിക്കവാറും ശിക്ഷാരീതികളില്‍ നിന്ന് വധശിക്ഷ ഒഴിവാക്കി കഴിഞ്ഞു. കുറ്റവാളിയെ മാറ്റിയെടുക്കലാണ് ഏതൊരു ശിക്ഷയുടേയും അടിസ്ഥാന ലക്ഷ്യം. അതുവരെ അവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. അപകടകാരികളായ കുറ്റവാളികളുടെ ചലന സ്വാതന്ത്ര്യം നിഷേധിക്കുക. അതാണ് യഥാര്‍ത്ഥത്തില്‍ ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ കൊലക്കു കൊല എന്ന കുറ്റം തന്നെ ആവര്‍ത്തിക്കലല്ല. ഭരണകൂടം അത് ചെയ്യുമ്പോള്‍ കൂടുതല്‍ വലിയ കുറ്റമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഏതൊരു വിധിയിലും തെറ്റു പറ്റാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അമേരിക്കയില്‍ അഞ്ഞൂറാമത്തെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ വധിക്കപ്പെട്ടവരുടെ അവസാന വാക്കുകള്‍ പുറത്തു വിട്ടിരുന്നു. അവരില്‍ വലിയൊരു വിഭാഗം പേര്‍ മരണത്തിനു തൊട്ടുമുമ്പും തങ്ങള്‍ കുറ്റവാളികളല്ല എന്നു ആണയിട്ടിരുന്നു. എന്റെ വാക്കുകള്‍ വിശ്വസിക്കൂ, ഞാന്‍ കുറ്റവാളിയല്ല എന്നു അവസാന നിമിഷവും പറഞ്ഞവര്‍ നിരവധിയാണ്. അവസാന മൊഴി സത്യമായിരിക്കുമെന്ന വിശ്വാസം ലോകത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും പിന്തുടരുന്നുണ്ട് എന്നോര്‍ക്കുക. നമ്മുടെ നാട്ടിലും ജഡ്ജിമാര്‍ തന്നെ നേരിട്ടെത്തി മരണമൊഴി എടുക്കുന്നതും ആ വിശ്വാസത്തിലാണല്ലോ. മറ്റേതു ശിക്ഷയാണെങ്കിലും പിന്നീട് നിരപരാധിയാണെങ്കില്‍ ഒരു പരിധിവരെ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ വധശിക്ഷയില്‍ അതു സാധ്യമല്ലല്ലോ. ഏതു രാജ്യത്തെ ഏതു കോടതിക്കും തെറ്റു പറ്റാമെന്നതും യാഥാര്‍ത്ഥ്യം. ഇന്ത്യയിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ അപ്പീല്‍ സംവിധാനവും മറ്റും നിലനില്‍ക്കുന്നത്. സുപ്രിം കോടതിക്കും പറ്റാമല്ലോ തെറ്റ്. സംശയത്തിന്റെ ആനുകൂല്യം പ്രതിക്കാണ്, വാദിക്കല്ല. മിക്കപ്പോഴും വധശിക്ഷക്കു വിധിക്കപ്പെടുന്നത് ആരാണെന്ന പരിശോധനയും പ്രസക്തമാണ്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനമനുസരിച്ച് ജയില്‍ ശിക്ഷയും വധശിക്ഷയും ലഭിച്ച 75 ശതമാനം പേരും പാവങ്ങളാണ്. മാത്രമല്ല, ഇതില്‍ 75 ശതമാനവും പിന്നോക്കക്കാരും ദളിതരും ന്യൂനപക്ഷങ്ങളുമാണ്. അതു നല്‍കുന്ന സൂചന ചെറുതല്ല.
ഇന്ത്യയില്‍ നടപ്പാക്കിയ ചില വധശിക്ഷകളിലും പ്രതികള്‍ അതര്‍ഹിക്കുന്നവരായിരുന്നില്ല എന്ന ശക്തമായ വാദമുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും വധശിക്ഷ ഉപയോഗിച്ചിട്ടുണ്ട്. വധശിക്ഷക്കു വിധിക്കപ്പെട്ട രാഷ്ട്രതലവന്മാരുടെ നീണ്ട നിരതന്നെയുണ്ടല്ലോ. അവരില്‍ മിക്കവര്‍ക്കും ന്യായമായ രീതിയില്‍ കേസ് വാദിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. ഭീകരസംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. (കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വധശിക്ഷ നടപ്പാക്കുന്നു.) ഒരു മതവിശ്വാസവും കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യ ഇനിയുമത് തുടരുന്നത് ഭൂഷണമല്ല.
ജുഡീഷ്യറി വധശിക്ഷ നടപ്പാക്കുന്നത് ഏകപക്ഷീയമായ രീതിയിലാണെന്നതും ശ്രദ്ധേയമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന് സുപ്രീംകോടതി പറഞ്ഞത് 1980ലാണ്. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്താണെന്ന് വ്യക്തമായി നിര്‍വചിച്ചില്ല. അതുകൊണ്ടുതന്നെ ജഡ്ജിയുടെ വ്യക്തിഗത വീക്ഷണം പലപ്പോഴും കോടതി ബെഞ്ചിന്റെ തീരുമാനങ്ങളായി മാറുന്നു. ഇതുകൊണ്ടാണ് പല വധശിക്ഷകളും അപ്പീല്‍ ഹര്‍ജിയെത്തുടര്‍ന്ന് ഉയര്‍ന്ന കോടതികള്‍ ജീവപര്യന്തമാക്കി കുറച്ചത്.
സത്യത്തില്‍ നമ്മുടെ സ്വന്തം തിരുവിതാംകൂറില്‍ 1944 നവംബര്‍ 11ന് വധശിക്ഷ നിരോധിക്കപ്പെട്ട ചരിത്രമുണ്ട്.. വധശിക്ഷ അവസാനിപ്പിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു തിരുവിതാംകൂര്‍. 1950 ല്‍ ഔപചാരികമായി ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകുന്നതുവരേയും തുടര്‍ന്ന് കുറേകാലത്തേക്കും തിരുവിതാംകൂറില്‍ വധശിക്ഷ ഉണ്ടായിരുന്നില്ല. ഭരണഘടനാ നിര്‍മാണസഭയില്‍ പട്ടംതാണുപിള്ളയെപോലെ തിരുവിതാംകൂറില്‍ നിന്നുള്ള പ്രതിനിധികള്‍ രാജ്യത്ത് വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്ന് വാദിച്ചിരുന്നു. വധശിക്ഷ സ്ഥിരമായിരിക്കില്ലെന്ന മറുപടിയായിരുന്നു അന്നു ലഭിച്ചത്. പക്ഷെ അത് അനന്തമായി തുടരുകയാണ്. ഇപ്പോഴിതാ സുപ്രിംകോടതി തന്നെ വധശിക്ഷയെ ന്യായീകരിക്കുന്നത് ആധുനിക ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്.

