
പാര്‍ലിമെന്റില്‍ സ്ത്രീശബ്ദം വേണ്ടെന്ന് ഇരുമുന്നണികളും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടിളെല്ലാം പാര്‍ലിമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം വേണമെന്ന അഭിപ്രായക്കാരാണ്. വനിതാ സംവരണ ബില്‍ പാര്‍ലിമെന്റ് പാസ്സാക്കണമെന്ന് ഘോരഘോരം വാദിക്കുന്നവരാണ്. ബില്‍ പാസ്സാക്കാനനുവദിക്കുന്നില്ലെന്നാരോപിച്ച് മുലായംസിംഗിനും ലല്ലുപ്രസാദ് യാദവിനും മറ്റുമെതിരെ ആഞ്ഞടിക്കുന്നവര്‍. സ്വന്തം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുത്താല്‍ ഇത്തരമൊരു ബില്ലിന്റെ ആവശ്യം പോലുമില്ലെന്ന് അവര്‍ തന്ത്രപൂര്‍വ്വം മറച്ചുവെക്കുന്നു. പകരം ലോകസഭയിലേക്ക് ഇരുമുന്നണികളും നല്‍കുന്നത് പരമാവധി 10 ശതമാനം അഥവാ രണ്ടുസീറ്റുകള്‍. അവയാകട്ടെ മിക്കപ്പോഴും പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പുള്ള സീറ്റുകള്‍. ഇത്തവണയും അങ്ങനെതന്നെ.
ആറ്റിങ്ങലും ആലത്തൂരുമാണ് ഇത്തവണ യുഡിഎഫ് വനിതകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ്സ് അധ്യക്ഷ ബിന്ദുകൃഷ്ണയും തത്തമംഗലം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ കെ എ ഷീബയുമാണ് ഇവിടത്തെ സ്ഥാനാര്‍ത്ഥികള്‍. അതില്‍ ആലത്തൂര്‍ സംവരണ മണ്ഡലമാണ്. ഈ രണ്ടുസീറ്റും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍. ആറ്റിങ്ങലില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ സമ്പത്തിന് 2009ല്‍ കിട്ടിയ ഭൂരിപക്ഷം 18341 വോട്ട്. ആലത്തൂരില്‍ പി കെ ബിജുവിന്റെ ഭൂരിപക്ഷം 20960. സിപിഎം വീണ്ടും ഇവരെ തന്നെ രംഗത്തിറക്കുമ്പോള്‍ യുഡിഎഫ് വനിതകളുടെ വിജയം എളുപ്പമാകില്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
എല്‍ഡിഎഫില്‍ രണ്ടു വനിതാസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് സിപിഎം തന്നെ. അവയും ജയിക്കാനിടയില്ലാത്ത സീറ്റുകള്‍ തന്നെ. കണ്ണൂരില്‍ പി കെ ശ്രീമതിയും മലപ്പുറത്ത് പികെ സൈനബയും. കണ്ണൂരില്‍ കെ സുധാകരന്റെ 2009ല ഭൂരിപക്ഷം 43151. മലപ്പുറത്ത് ഇ അഹമ്മദിന്റെ ഭൂരിപക്ഷമാകട്ടെ 115597. ഇരുസീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ട്. ചുരുക്കത്തില്‍ 2009ലെ പോലെ ഇക്കുറിയും ലോകസഭയിലേക്ക് കേരളത്തില്‍ നിന്ന് വനിതാ എംപിമാരുണ്ടാകാനുള്ള സാധ്യത വിരളമാണെന്നര്‍ത്ഥം. സി എസ് സുജാത, ടി എന്‍ സീമ, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, ഭാര്‍ഗ്ഗവി തങ്കപ്പന്‍, കെഎ തുളസി തുടങ്ങി നിരവധി വനിതാ നേതാക്കള്‍ ഇരുപക്ഷത്തുമുള്ളപ്പോഴാണ് സ്ത്രീകളോട് മുന്നണികള്‍ കടുത്ത അനീതി ചെയ്യുന്നത്. കേരളകോണ്‍ഗ്രസ്സ്, ലീഗ് പോലുള്ള സംഘടനകള്‍ ഒരിക്കലും വനിതകളെ പരിഗണിക്കാറേയില്ല എന്നത് മറ്റൊരു വിഷയം..
2009ല്‍ യുഡിഎഫിനു തോല്‍ക്കുമെന്നുറപ്പുണ്ടായിരുന്ന കാസര്‍ഗോഡ് മാത്രമാണ് വനിതാസ്ഥാനാര്‍ത്ഥിയുണ്ടായിരുന്നത്. ഷാഹിദകമല്‍. അവിടെ സീറ്റു നല്‍കാമെന്നു പറഞ്ഞപ്പോള്‍ ഷാനിമോള്‍ ഉസ്മാനത് നിരസിച്ചിരുന്നു. എല്‍ഡിഎഫ് വടകരയില്‍ പി സതീദേവിയേയും എറണാകുളത്ത് സിന്ധുജോയിയേയും മത്സരിപ്പിച്ചു. മൂന്നു പേരും ഭംഗിയായി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ലോകസഭയില്‍ കേരളത്തില്‍ നിന്ന് സ്ത്രീശബ്ദം ഇല്ലാതാക്കുന്നതില്‍ ഇരുമുന്നണികളിലേയും പുരുഷകേസരികള്‍ വിജയിച്ചു.
ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ വലിയ അത്ഭുതമൊന്നുമില്ലെന്നു വാദിക്കാം. വനിതാ പ്രാതിനിധ്യത്തിന്റെ അവസ്ഥ എക്കാലത്തും ഇതുതന്നെയായിരുന്നു. 1957 മുതല്‍ കേരളത്തില്‍ നിന്ന് ഇതുവരേയും 272 പേര്‍ ലോകസഭയിലെത്തിയപ്പോള്‍ അതില്‍ സ്ത്രീകള്‍ 10 പേര്‍ മാത്രം. 1967ല്‍ അമ്പലപ്പുഴയില്‍നിന്നും 1980ല്‍ ആലപ്പുഴനിന്നും 1991ല്‍ ചിറയിന്‍കീഴ് നിന്നും സി പി എമ്മിലെ സുശീലാ ഗോപാലന്‍ ലോകസഭയിലെത്തി. 12, 13 ലോകസഭകളില്‍ വടകരയില്‍നിന്ന് സിപിഎമ്മിലെ തന്നെ എം കെ പ്രേമജവും 14-ാം ലോകസഭയിലിലേക്ക് മാവേലിക്കരനിന്നും സിപിഎമ്മിലെ തന്നെ സി എസ് സുജാതയും വടകരനിന്ന് പി സതീദേവിയും തിരഞ്ഞെടുക്കപ്പെട്ടു. 1971ലാണ് സിപിഐ ഒരു വനിതയെ ലോകസഭയില്‍ എത്തിച്ചത്. അടൂരില്‍നിന്ന് കെ ഭാര്‍ഗ്ഗവി. അതോടെ കഴിഞ്ഞു അവരുടെ വനിതാ പ്രാതിനിധ്യം. കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതിനേക്കാള്‍ കഷ്ടമാണ്. 9, 10 ലോകസഭകളിലേക്ക് മുകുന്ദപുരത്തുനിന്ന് സാവിത്രി ലക്ഷ്മണന്‍ ജയിച്ചത് മാത്രമാണ് അവരുടെ വനിതാപ്രാതിനിധ്യത്തിന്റെ ചരിത്രം. ശതമാനകണക്കില്‍ ഇന്നോളം ലോകസഭയില്‍ കേരളത്തിന്റെ വനിതാ പ്രാതിനിധ്യം 3.67 ശതമാനത്തില്‍ ഒതുങ്ങുന്നു. വ്യക്തികളുടെ എണ്ണമെടുത്താല്‍ ആറുമാത്രം.
എന്നാല്‍ ചരിത്രം പറയുന്നതില്‍ അര്‍ത്ഥമില്ല. വനിതാ സംവരണത്തെ കുറിച്ചും സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തെ കുറിച്ചും സ്ത്രീശാക്തീകരണത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. എന്നിട്ടും ഇക്കാര്യത്തില്‍ സ്ഥിതി വളരെ മോശമാകുകയാണ് എന്നതാണ് വാസ്തവം. ഇക്കുറിയും കേരളത്തില്‍നിന്നൊരു സ്ത്രീശബ്ദം ലോകസഭയില്‍ കേള്‍ക്കുമെന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. വനിതാ ബില്ലിനായി കൈകോര്‍ത്ത് സോണിയാഗാന്ധിയും വൃന്ദാകാരാട്ടും കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും തലപ്പത്തിരിക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്. രാഹുല്‍ഗാന്ധിയാകട്ടെ സ്ത്രീകളെ രംഗത്തുകൊണ്ടുവരുന്നതിനെ കുറിച്ച് ഏറെ സംസാരിക്കുന്നു താനും.
സത്യത്തില്‍ വനിതാ സംവരണ ബില്ലിന്റെ കാര്യത്തില്‍ ഇവരുടെ നിലപാട് വളരെ പിന്തിരിപ്പനാണെന്ന സത്യം വേറെ. വനിതാസംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ നിലപാടിനെയാണ് ഇവരെതിര്‍ക്കുന്നത്. അതുവഴി ബില്‍ പാസ്സാകുന്നതിനു തടസ്സം നില്‍ക്കുന്നത് ഇതേ പ്രസ്ഥാനങ്ങളാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ ശക്തമല്ലാത്തതിനാല്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും ബിജെപിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല.
രണ്ടുസ്ഥാനാര്‍ത്ഥികളെതന്നെയാണ് അവരും മത്സരിപ്പിക്കുന്നത്.
പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വന്തം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തിയാല്‍ വനിതാ സംവരണ ബില്‍ തന്നെ എന്തിന്? 20ല്‍ ആറോ ഏഴോ സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിച്ചാല്‍ ചിലപ്പോള്‍ 10ല്‍ കൂടുതല്‍ സീറ്റില്‍ സ്ത്രീകള്‍ ജയിച്ചെന്നു വരും. അതിനവര്‍ തയ്യാറായല്‍ ജനറല്‍ സീറ്റുമാത്രം മതി എന്ന അവസ്ഥയും സംജാതമാകും. എന്നാല്‍ വൈകുന്നേരമായാല്‍ സ്ത്രീകള്‍ വീട്ടിലിരുന്നാല്‍മതി എന്നു പറഞ്ഞ ഷീലാ ദീക്ഷിത്തിനെ വിമര്‍ശിക്കുമ്പോഴും അതേ അഭിപ്രായക്കാരാണ് മലയാളികളില്‍ ഭൂരിപക്ഷവും എന്നതാണ് സത്യം.
തീര്‍ച്ചയായും സമാനമാണ് ദളിതരുടെ വിഷയവും. സംവരണം നിലവിലുള്ളതിനാല്‍ ഇരു മുന്നണികളും രണ്ടു സീറ്റില്‍വീതം ദളിതരെ മത്സരിപ്പിക്കുന്നു. അതനില്‍ 10 ശതമാനം ഉറപ്പാണ്. അതേസമയം 16-ാമത് ലോകസഭാ തിരഞ്ഞെടുപ്പായിട്ടുപോലും ജനറല്‍ സീറ്റില്‍ അവരെ മത്സരിപ്പിക്കാന്‍ എന്തേ നമുക്ക് കഴിയുന്നില്ല? എന്തിനേറെ, നിയമസഭയിലേക്ക് കെ രാധാകൃഷ്ണനെ പോലൊരു നേതാവിനെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ പോലും സിപിഎം തയ്യാറാകുന്നില്ല. മറ്റുള്ളവരുടെ അവസ്ഥയും അതുതന്നെ. നമ്മുടെ ജനാധിപത്യം താഴേക്കിറങ്ങിവരാന്‍ മടിക്കുന്നു എന്നുതന്നെയാണിത് വ്യക്തമാക്കുന്നത്.
