പരാജയപ്പെട്ട കേരളകോണ്‍ഗ്രസ്സും കെ എം മാണിയും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mmm

2014ല്‍ കേരളകോണ്‍ഗ്രസ്സ് 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ എം മാണി പത്രങ്ങളില്‍ എഴുതിയ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. അര്‍ദ്ധസത്യങ്ങളാലായിരുന്നു അത് ശ്രദ്ധേയമായത്. കര്‍ഷകരുടെ രാഷ്ട്രീയപ്രസ്ഥാനമെന്ന വിശേഷണമാണ് കേരള കോണ്‍ഗ്രസ്സിന് ഏറ്റവും ഇണങ്ങുന്നതെന്നും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂപംകൊണ്ട പല പ്രാദേശിക കക്ഷികളും ജാതിപരവും വര്‍ഗീയവും പ്രാദേശികവുമായ താത്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയും അഭിപ്രായവ്യത്യാസങ്ങള്‍ മുതലെടുത്തുമാണ് അധികാരത്തിലെത്തുകയും മറ്റും ചെയ്തിട്ടുള്ളതെന്നും കേരള കോണ്‍ഗ്രസ് ഒരിക്കലും ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തില്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം അന്നെഴുതി. സത്യമെന്താണ്? ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂപംകൊണ്ട പല പ്രാദേശിക കക്ഷികളും ജാതിപരവും വര്‍ഗീയവും പ്രാദേശികവുമായ താത്പര്യങ്ങള്‍ മാത്രം കാത്തുസൂക്ഷിക്കുന്നവയാണോ? അല്ല. വി പി സിംഗ് തുറന്നുവിട്ട മണ്ഡല്‍നകമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷം രാജ്യത്തു ശക്തിയാര്‍ജ്ജിച്ച പിന്നോക്ക ദളിത് രാഷ്ട്രീയത്തെ ഇത്തരത്തില്‍ നിസ്സാരമായി കാണുന്നതുതന്നെ തെറ്റാണ്. ഫെഡറലിസം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാകുമ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍ അനിവാര്യവുമാണ്. അതുപോലെ കര്‍ഷകരുടെ രാഷ്ട്രീയപ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ്സെന്ന വിശേഷണവും എത്രമാത്രം ശരിയാണ്? പ്രധാനമായും മധ്യതിരുവിതാംകൂറിലെ കുടിയേറ്റ കൃസ്ത്യന്‍ കര്‍ഷകരുടെ പാര്‍ട്ടിയാണത് എന്നത് പകല്‍ പോലെ വ്യക്തം.
കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന രാഷ്ട്രീയപ്രസ്ഥാനമാണെങ്കിലും ദേശീയവീക്ഷണംകൂടി മുന്‍നിര്‍ത്തി മാത്രമേ കേരള കോണ്‍ഗ്രസ്സിന്റെ കര്‍മപരിപാടികള്‍ക്ക് രൂപം നല്കാറുള്ളൂ, കേന്ദ്രസംസ്ഥാന ബന്ധം ദുര്‍ബലമാക്കുന്ന ഒരു നടപടിയോടും കേരള കോണ്‍ഗ്രസ് യോജിച്ചിട്ടില്ല, ദേശീയോദ്ഗ്രഥനത്തിന് ഭീഷണിയാകാവുന്ന സങ്കുചിത പ്രാദേശികവാദം ഒരിക്കലും കേരള കോണ്‍ഗ്രസ് ഉന്നയിച്ചിട്ടില്ല, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് നമ്മുടെ ഇന്നത്തെ ഫെഡറല്‍ സംവിധാനം കൂടുതല്‍ ശക്തവും ഫലപ്രദവുമായ രീതിയില്‍ നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് കേരള കോണ്‍ഗ്രസ് വിശ്വസിക്കുന്നു എന്നെല്ലാം മാണി അന്നെഴുതി. അതുകൊണ്ടുതന്നയാണ് മലയാളികളുടെ മൊത്തം പാര്‍ട്ടിയായി മാറുക എന്ന ലക്ഷ്യം നേടാന്‍ കഴിയാതിരുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന നിലപാടുതന്നെ തെറ്റാണ്. ഭരണ ഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടികള്‍ സ്വന്തം നാടിനു വേണ്ടി ശബ്ദിക്കുമ്പോഴും രാജ്യം നേരിടുന്ന പൊതുപ്രശ്നങ്ങളില്‍ ദേശീയതല നിലപാടുകള്‍തന്നെയാണ് സ്വീകരിക്കുന്നത്. അതാണ് യഥാര്‍ത്ഥ ജനാധിപത്യം. എത്രമാത്രം ഫെഡറല്‍ ആകാന്‍ കഴിയുമോ അത്രയും ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. നമ്മുടേത് വാക്കുകളില്‍ മാത്രമാണ് ഫെഡറല്‍. ഇതു മനസ്സിലാക്കിയില്ല എന്നതാണ് കേരള കോണ്‍ഗ്രസ്സിന്റേയും അതിന്റെ അനിഷേധ്യ നേതാവായിരുന്ന കെ എം മാണിയുടേയും പരാജയം.
ഏറെ പ്രസിദ്ധമായ പിടി ചാക്കോ സംഭവമാണ് കേരള കോണ്‍ഗ്രസ്സിനു രൂപം കൊടുക്കാന്‍ പെട്ടന്നുണ്ടായ പ്രചോദനം എന്നു പറയാറുണ്ട്. എന്തായാലും കേരളത്തിന്റെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. വാസ്തവത്തില്‍ പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ വിരളമായിരുന്നു. തമിഴ് നാട്ടില്‍ ഡി.ഏം.കെയും അണ്ണാ ഡി.എം.കെയും മറ്റും ഉണ്ടായിരുന്നു. പിന്നീടാണ് പ്രാദേശിക പാര്‍ട്ടികള്‍ ഓരോ സംസ്ഥാനത്തും നിര്‍ണ്ണായക ശക്തികളായി മാറിയത്. അതതു സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് അവ തമ്മില്‍ മുഖ്യമായും മത്സരിക്കുന്നത്. സൂപ്രധാന വിഷയങ്ങളിലാകട്ടെ അവരൊന്നിക്കുകയും ചെയ്യുന്നു. ആന്ധ്ര, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതു തന്നെ അവസ്ഥ. പേരെന്തുതന്നെയായാലും സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ആര്‍ ജെഡിയും ബിജു ജനതാദളും ശിവസേനയും തൃണമൂല്‍ കോണ്‍ഗ്രസ്സും മറ്റും പ്രാദേശിക പാര്‍ട്ടികള്‍ തന്നെ. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിനു അതിനു കഴിയാതെ ഉപ പ്രാദേശിക പാര്‍ട്ടിയായി മാറുകയായിരുന്നു. മാണി തന്നെ പറഞ്ഞ പോലെ വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന ചരിത്രമാണ് കേരള കോണ്‍ഗ്രസ്സിന്റേത്. അധികാരം മാത്രമായിരുന്നു പിളര്‍പ്പുകളുടേയും മുന്നണിവിടലുകളുടേയും ലക്ഷ്യം. ഏതു മുന്നണി വന്നാലും കേരള കോണ്‍ഗ്രസ്സിന്റെ ഒരു കഷണം ഉണ്ടാകുമെന്നുറപ്പുവരുത്തി. അതിപ്പോഴും തുടരുന്നു. എന്നാല്‍ ്അതുകൊണ്ട് കേരളത്തിന് ഒരു ഗുണവുമില്ല എന്നതാണ് വസ്തുത.
സത്യത്തില്‍ കേരളത്തിനുവേണ്ടി നിലനില്‍ക്കുന്നു എന്നുറക്കെ വിളിച്ചുപറയാന്‍ ധൈര്യമുള്ള ഒരു പ്രസ്ഥാനവും ഇവിടെയില്ല. സിപിഎം ഇന്ന് ഫലത്തില്‍ പ്രാദേശിക പാര്‍ട്ടിയാണെങ്കിലും അവരത് അംഗീകരിക്കില്ല. ഇവിടെ എല്ലാവരും തന്നെ അഖണ്ഡതയുടെ വക്താക്കളാണ്. പലപ്പോഴും തമിഴ്നാട് എം.പിമാര്‍ ലോകസഭയില്‍ ഒറ്റകെട്ടായി ലഹളയടിക്കുമ്പോള്‍ അവരെപോലെ സംസ്‌കാര രഹിതരായി പെരുമാറാന്‍ നമുക്കുകഴിയില്ല എന്ന ഒരു കേരള എം.പിയുടെ പ്രസ്താവന മാത്രം മതി നമ്മുടെ പൊതു നിലപാട് വ്യക്തമാകാന്‍.
കേരളത്തിനുവേണ്ടി ശക്തമായി വാദിക്കേണ്ട ആവശ്യകതയിലേക്കാണ് സമകാലിക രാഷ്ട്രീയം നീങ്ങുന്നത്. പ്രാദേശിക പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാമുന്നണി എന്ന തലത്തിലേക്ക് പോലും കാര്യങ്ങള്‍ നീങ്ങുകയാണ്. ആ ദിശയിലൊരു മുന്നേറ്റം കേരളത്തിലുമുണ്ടാകണം. കേരളത്തിനായി നിലകൊള്ളുന്ന ശക്തമായ പ്രസ്ഥാനമുണ്ടാകണം. കേരളകോണ്‍ഗ്രസ്സിന്റെ എല്ലാ ഗ്രൂപ്പുകളും ചേര്‍ന്ന് ഒന്നായാല്‍ അതു സാധ്യമാണ്. എന്നാല്‍ കേരളത്തേക്കാള്‍ അധികാരത്തിനു പ്രാധാന്യം നല്‍കുന്ന ഒരു പ്രസ്ഥാനത്തിന് അതിനാകില്ല. അവിടെയാണ് കേരളകോണ്‍ഗ്രസ്സും അതിന്റെ അനിഷേധ്യനേതാവായിരുന്ന കെ എം മാണിയും പരാജയമാകുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply