
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് നേരെ പോലീസിന്റെ ക്രൂര മര്‍ദ്ദനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്കെതിരെ നേരെ പോലീസിന്റെ ക്രൂരമര്‍ദ്ദനം. കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ആക്രമണത്തിനിരയായ മലയാളികളായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കൊച്ചിയിലെ മറ്റ് ട്രാന്‍സ്‌ജെന്‍ഡേര്‍സിന് നേരേയും പോലീസ് ആക്രമണം തുടങ്ങിയത്.
പെരുമ്പാവൂരില്‍ താമസിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മയിലുള്ളവര്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കൊച്ചിയിലെ പ്രവര്‍ത്തകരെ ഇവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.
എന്നാല്‍ ആക്രമിച്ചവര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പതിനൊന്നോളം പേര്‍ക്കെതിരെ എസ്‌ഐ സനല്‍ കുമാര്‍ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. പൊതു സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന് ഇരു കൂട്ടര്‍ക്കുമെതിരെ കേസെടുത്തിന് പുറമേ, പരാതി നല്‍കാനെത്തിയ പതിനൊന്ന് പേര്‍ക്കെതിരെ, സെക്ഷന്‍ 394, 395 അടക്കമുള്ള ഗൗരവ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്ത് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്.
പരാതി പറയാനെത്തിവരുടെ ഭാഗം കേള്‍ക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
പതിനൊന്നോളം പേരെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നാലെ, കൊച്ചിയിലെ മറ്റ് ട്രാന്‍സ്‌ജെന്‍ഡേര്‍സിനെയും പോലീസ് വേട്ടയാടി. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നിന്നെയൊക്കെ തല്ലാന്‍ അനുമതിയുണ്ടെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പോലീസിന്റെ മര്‍ദ്ദനം. കൂടാതെ, ഇവരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ അസഭ്യ പ്രയോഗങ്ങളും പോലീസ് നടത്തിയെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്രീ പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെതിരെ പോലീസ് ഏകപക്ഷീയമായി ആക്രമണം നടത്തുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീ ് പറഞ്ഞു.
അതേസമയം, പോലീസിനെ അസഭ്യം പറയുകയും മറ്റും ചെയ്തതുകൊണ്ടാണ് പതിനഞ്ചോളം വരുന്ന ട്രാന്‍സ്‌ജെന്റേര്‍സിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് പോലീസ് ഭാഷ്യം.
കടപ്പാട് – നാരദാ മലയാളം

