
പ്ലാച്ചിമട : ജനാധിപത്യത്തിനു ഒരു വിലയുമില്ലേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിളയോടി വേണുഗോപാല്‍
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണല്ലോ ഇന്ത്യ. എന്നാല്‍ നമ്മുടെ ജനാധിപത്യസംവിധാനം ഒന്നടങ്കം കുത്തകകള്‍ക്കുമുന്നില്‍ നിസ്സഹായരാണോ? ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ പ്ലാച്ചിമട സമര സമിതിക്ക് ചോദിക്കാനുള്ളത് അതാണ്.
കാഡ്മിയം, ലെഡ് തുടങ്ങിയ മാരക മാലിന്യങ്ങള്‍ കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കി കുടിവെള്ളം മുട്ടിയ്ക്കുകയും അമിതമായി ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് വന്‍ കൃഷിനാശം സൃഷ്ടിക്കുകയും വന്‍ തോതില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത കൊക്കക്കോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് പ്ലാച്ചിമട ജനതയുടെ ആവശ്യം. 2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഡോ. കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി തദ്ദേശീയ ജനതയ്ക്ക് 216.26 കോടി രൂപ കമ്പനി നഷ്ടപരിഹാരമായി നല്‍കണമെന്ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുറ്റവിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികള്‍ നിയമപരമായ ബാധ്യതയുള്ളതാക്കുന്നതിനുമായി ഒരു പ്രത്യേക വിചാരണകോടതി രൂപീകരിക്കണമെന്നും പ്രസ്തുത സമിതി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2011 ഫെബ്രുവരി 24ന് സര്‍ക്കാര്‍ അവതരിപ്പിച്ച പ്ലാച്ചിമട ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള പ്രത്യേക വിചാരണകോടതി രൂപീകരണ നിയമം (Plachimada Coca Cola Victims Compensations Claims Tribunal Bill 2011) കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു.
എന്നാല്‍ 3 വര്‍ഷം പിന്നിട്ടിട്ടും ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. കൊക്കക്കോളയുടെ വക്കീലായിരുന്ന നളിനി ചിദംബരത്തിന്റെ ഭര്‍ത്താവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കൊക്കക്കോളയ്ക്ക് അനുകൂലമായി നടത്തിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടപടി ഇത്രയും വൈകാന്‍ ഇടയാക്കിയതെന്ന ആരോപണണുണ്ട്..
വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച മറുപടി പ്രകാരം 2012ല്‍ തന്നെ ബില്ലിന് വിവിധ മന്ത്രാലയങ്ങളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും നാളിതുവരെ ബില്‍ രാഷ്ട്രപതി ഭവനില്‍ തിരികെ എത്താത്തതിനു പിന്നില്‍ കൊക്കോക്കോള നടത്തി വരുന്ന രാഷ്ട്രീയ സമര്‍ദ്ദങ്ങളും രഹസ്യ ഇടപെടലുകളുമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി മൂന്നുമുതല്‍ കമ്പനി പടിക്കല്‍ സമരസമിതി അനശ്ചിതകാല സമരം ആരംഭച്ചിരിക്കുന്നത്. ഫെബ്രുവരി 22ന് ചര്‍ച്ചക്കുവിളിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 25 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഉറപ്പുതന്നിരുന്നു. എന്നാല്‍ ഇതുവരേയും തീരുമാനമായിട്ടില്ല. ബില്ലിന് കേന്ദ്രകൃഷികാര്യാലയം അനുമതി നല്‍കിയിട്ടില്ലന്നും അതിന്റെ കാരണമറിയില്ലെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. നാമെല്ലാം വോട്ടുചെയ്ത് തിരഞ്ഞെടു്ക്കുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ ബില്ലാണ് ഒരു ആഗോള കുത്തകയുടെ താല്‍പ്പര്യത്തിനായി തടഞ്ഞുവെച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പുവേളയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഈ വെല്ലുവിളിയാണ് ഞങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ ഉന്നയിക്കുന്നത്.
