
ജനാധിപത്യം : ജനങ്ങള്‍ ഇടപെടണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച മുറുകുകയാണല്ലോ. ആ ചര്‍ച്ചകളുടെ കാഴ്ചക്കാരും കേള്‍വിക്കാരും മാത്രമാണ് ജനങ്ങള്‍. സാങ്കേതികമായും കീഴ്‌വഴക്കമനുസരിച്ചും അതില്‍ തെറ്റില്ല എന്നു വാദിക്കാം. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഞങ്ങളാണ് തീരുമാനിക്കുക എന്ന് പാര്‍ട്ടികള്‍ക്ക് പറയുകയും ചെയ്യാം. എന്നാല്‍ ജനാധിപത്യസംവിധാനം വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ കാണാന്‍ കഴിയില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുകയും ഭരിക്കുകയും പ്രതിപക്ഷത്തിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടപെടാന്‍ കഴിയാത്ത ഒന്നും പാടില്ല. ജനങ്ങളോട് മറച്ചുവെക്കേണ്ട ഒന്നും പാടില്ല. ഏതുപാര്‍ട്ടിയുടേയും ഏതുവിഷയത്തിലും അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. കാരണം ജനാധിപത്യസംവിധാനത്തില്‍ പാര്‍ട്ടികാര്യവും ജനങ്ങളുടെ കാര്യമാണ്. കുടുംബകാര്യമല്ല. അതിനാല്‍ തന്നെ ഇത്രയും കാലത്തെ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ അനുഭവത്തില്‍ ചില നിര്‍ദ്ദേശങ്ങളെങ്കിലും മുന്നോട്ടുവെക്കാന്‍ നാം ബാധ്യസ്ഥരാണ്.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി അഴിമതിയും കുറ്റകൃത്യങ്ങളുമാണ് അതിനാല്‍തന്നെ ആദ്യമായി നാം ഉന്നയിക്കേണ്ടത് അഴിമതി കേസുകളിലും മറ്റു കുറ്റകൃത്യങ്ങളിലും പങ്കാളികളായിട്ടുള്ളവരെ സ്ഥാനാര്‍ത്ഥികളായി അംഗീകരിക്കില്ല എന്നതായിരിക്കണം. ചിലനിയന്ത്രണങ്ങളൊക്കെ ഇപ്പോള്‍ തന്നെയുണ്ടെങ്കിലും അത് പൂര്‍ണ്ണമായും നടപ്പാക്കണം. മാത്രമല്ല, അഴിമതിക്കാരും കുറ്റവാളികളുമായി രാഷ്ട്രീയപ്രവര്‍ത്തകര്‍ മാറുന്നതിന്റെ ഒരു പ്രധാന കാരണം അധികാരത്തില്‍ അനന്തമായി തുടരുന്നതാണ്. അതിനാല്‍തന്നെ പരമാവധി രണ്ടുതവണ മാത്രമേ ഒരാള്‍ ജനപ്രതിനിധിയാകേണ്ടൂ എന്നു തീരുമാനിക്കണം. പിന്നീടവര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ. മാത്രമല്ല, രാഷ്ട്രീയം ഉപജീവനമാക്കിയവരെ ഒഴിവാക്കണം. ജനപ്രതിനിധിയാകുന്ന സമയത്ത് അവര്‍ക്ക് മാന്യമായ വേതനം നല്‍കണണെന്നതു ശരി. എന്നാല്‍ രാഷ്ട്രീയം തന്നെ ഉപജീവനത്തിനുള്ള തൊഴിലായി മാറ്റിയവരെ ഒഴിവാക്കണം. അവരാണ് മിക്കപ്പോഴും അഴിമതിക്കാരാകുന്നത്. മാത്രമല്ല, മറ്റെല്ലാ മേഖലയിലും നിലനില്‍ക്കുന്ന റിട്ടയര്‍മെന്റ് പോലെ 60 വയസ്സു കഴിഞ്ഞവരെ പരമാവധി മാറ്റി നിര്‍ത്തണം. തീര്‍ച്ചയായും വൃദ്ധരുടെ പ്രശ്‌നങ്ങളും ജനപ്രതിനിധി സഭയില്‍ എത്തണം. അതിനായി വളരെ ചെറിയ ഒരു ശതമാനം അവര്‍ക്കായി മാറ്റിവെക്കാവുന്നതാണെന്നു മാത്രം.
നമ്മുടെ ജനാധിപത്യസംവിധാനം നേരിടുന്ന മറ്റൊരു ഗുരുതരമായ പ്രശ്‌നം സാമുദായികസംഘടനകളും വര്‍ഗ്ഗീയപ്രസ്ഥാനങ്ങളും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതാണല്ലോ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നുതന്നെ അതുതുടങ്ങുന്നു. അതിനാല്‍തന്നെ ഓരോ മണ്ഡലത്തിലേയും സാമുദായിയ ജനസംഖ്യനോക്കി കൂടുതല്‍ പേരുള്ള സമുദായത്തില്‍ നിന്നുള്ളവരെ മത്സരിപ്പിക്കുന്ന പരിപാടി അവസാനിപ്പിക്കണം. എല്ലാ വിഭാഗങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യമാകാം. പക്ഷെ മണ്ഡലങ്ങള്‍ മാറികൊണ്ടിരിക്കണം. അതേസമയം ഇത് കാലങ്ങളായി അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ബാധകമാകരുത്. ദളിത് – ആദിവാസി വിഭാഗങ്ങള്‍ക്കൊക്കെ നിലവിലെ സംവരണം തുടരണം. കൂടാതെ ജനറല്‍ സീറ്റുകളിലും അവരെ മത്സരിപ്പിക്കണം. 50 ശതമാനം (തുടക്കത്തില്‍ മൂന്നിലൊന്നെങ്കിലും) സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കണം.
പ്രസിഡന്റ്ഷ്യല്‍ ഭരണം നിലനില്‍ക്കുന്ന അമേരിക്കയില്‍ പോലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജനങ്ങള്‍ക്ക് റോളുണ്ട്. അപ്പോള്‍ അവരേക്കാള്‍ മികച്ച സംവിധാനം നിലനില്‍ക്കുന്ന ഇവിടേയും എന്തുകൊണ്ടതായി കൂടാ? മാത്രമല്ല, നമ്മുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ഒരു സവിശേഷത അതില്‍ പാര്‍ട്ടിക്കും വ്യക്തിക്കും പങ്കുണ്ട് എന്നതാണല്ലോ. പാര്‍ട്ടികള്‍ മത്സരിച്ച് ജയിച്ച് വ്യക്തികളെ തീരുമാനിക്കല്ലല്ലോ. അതാണല്ലോ സ്ഥാനാര്‍ത്ഥി മോശമായാല്‍ ഉറച്ച മണ്ഡലങ്ങളില്‍ പോലും തോല്‍ക്കുന്നതും സ്ഥാനാര്‍ത്ഥി മികച്ചതായാല്‍ മോശം മണ്ഡലങ്ങളിലും ജയിക്കു്‌നതും ചിലപ്പോഴെങ്കിലും സ്വതന്ത്രര്‍ ജയിക്കുന്നതും. വ്യക്തികളുടെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞ്, സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. ജനാധിപത്യം അതുവഴി കൂടുതല്‍ ചലനാത്മകമാകുകയേ ഉള്ളു.
അതുപോലെ തന്നെ പ്രധാനമാണ് തിരിച്ചുവിളിക്കാനുള്ള അവകാശവും. ഇപ്പോഴത്തെ അവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 5 വര്‍ഷത്തേക്കെങ്കിലും അവരില്‍ നേരിട്ടുള്ള അധികാരം ജനങ്ങള്‍ക്കില്ല. അതുണ്ടാകണം. ഏതുനിമിഷവും തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അവകാശം ഉണ്ടാകുമ്പോളാണ് ജനാധിപത്യം കൂടുതല്‍ കരുത്തുറ്റതാകുന്നത്. ജനങ്ങളാണ് തങ്ങളുടെ യജമാനന്മാര്‍, തിരിച്ചല്ല എന്ന് പ്രതിനിധികള്‍ക്ക് മനസ്സിലാകുന്നത്. തീര്‍ച്ചയായും അതെങ്ങനെ നടപ്പാക്കും എന്ന വിഷയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തത്വത്തിലത് അംഗീകരിച്ച് പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം നടപ്പാക്കുന്നു എന്നതിന്റെ സോഷ്യല്‍ ഓഡിറ്റിംഗിനു സംവിധാനം വേണം. തെരഞ്ഞെടുപ്പിനുശേഷം അതെല്ലാം മറക്കുന്ന സ്ഥിരം പരിപാടി അവസാനിക്കണം. പ്രകടനപത്രിക തയ്യാറക്കുമ്പോളും ജനങ്ങളുടെ അഭിപ്രായം ചോദിക്കണം.
മറ്റൊരു പ്രധാന പ്രശ്‌നം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റേതാണ്. ആധുനിക സാങ്കേതിക വിദ്യ ഇത്രമാത്രം വികസിച്ചിട്ടും ഏറ്റവും കാലഹരണപ്പെട്ട പ്രചാരണമാര്‍ഗ്ഗങ്ങള്‍ നാം അവസാനിപ്പിക്കുന്നില്ല. ദൃശ്യ – ശ്രവ്യ – അച്ചടി – സാമൂഹ്യ മാധ്യമങ്ങളെല്ലാം ഉപയോഗിക്കുമ്പോളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ശക്തിപ്രകടനങ്ങളും ശബ്മലീനീകരണവും അന്തരീക്ഷമലിനീകരണവുമുണ്ടാക്കുന്ന വാഹന അനൗണ്‍സ്‌മെന്റുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും അവസാനിപ്പിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ അമേരിക്കയിലെ പോലെ, നേരിട്ടുള്ള സംവാദശൈലി ഉപയോഗിക്കാവുന്നതാണ്. ഒരേവേദിയില്‍ വന്ന് പറയാനുള്ളത് പറയാവുന്നതാണ്. ജെ എന്‍ യു പോലുള്ള സര്‍വ്വകലാശാലകളിലും മറ്റും അത്തരം രീതി നിലനില്‍ക്കുന്നുണ്ടല്ലോ. കാലത്തിനനുസരിച്ച് മാറാനാണ് നാം തയ്യാറാകേണ്ടത്.
ജനാധിപത്യസംവിധാനത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷെ അതിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ കള്ളന്മാരാണെന്നും നമുക്ക് രാഷ്ട്രിയത്തില്‍ താല്‍പ്പര്യമില്ലെന്നുമുള്ള ചിന്താഗതി വളരുന്നത് നന്നല്ല. ഒന്നുമല്ലെങ്കില്‍ 5 വര്‍ഷത്തിലൊരിക്കല്‍ ജനവിധി തേടുന്നവരാണ് രാഷ്ട്രീയക്കാര്‍. മറ്റാര്‍ക്കും അതുവേണ്ടല്ലോ. അതിനാല്‍ തന്നെ ഈ അവസരം നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിനായി ഫലപ്രദമായി ഉപയോഗിക്കണം. ജനങ്ങളുടെ ഇപ്പോഴത്തെ അപകടകരമായ ഈ ചിന്താഗതിക്കുകാരണം തങ്ങളുടെ പ്രവര്‍ത്തികള്‍ തന്നെയാണെന്ന് രാഷ്ട്രീയക്കാരും തിരിച്ചറിഞ്ഞ് സ്വയം നവീകരണത്തിനു വിധേയരാകണം. ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്കു ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവെക്കാനില്ല എന്നംഗീകരിക്കണം. വിവരാവകാശകമ്മീഷന് തങ്ങള്‍ അതീതരാണെന്ന നിലപാട് മാറ്റണം. പാര്‍ട്ടി ഓഫീസുകള്‍ സുതാര്യമാകണം. അവിടെ ആര്‍ക്കും കയറി ചെല്ലാനാകണം. പാര്‍ട്ടി കമ്മിറ്റി യോഗങ്ങള്‍ പോലും ലൈവ് ആയി ജനം കാണട്ടെ എന്നു തീരുമാനിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. മിനിട്‌സും വരവുചിലവുകണക്കുകളും പ്രസിദ്ധീകരിക്കണം. ഇത്തരത്തില്‍ സുതാര്യമായ നടപടികള്‍ സ്വീകരിച്ച് രാഷ്ട്രീയത്തെ കാലത്തിനനുസരിച്ച് അടിമുടി പരിഷ്‌കരിക്കാനാണ് പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടത്. അങ്ങനെ മാത്രമാണ് ജനാധിപത്യ സംവിധാനത്തിന് തെറ്റുകള്‍ തിരുത്തി ഇനിയും മുന്നോട്ടുപോകാനാവൂ. ജനങ്ങളാണല്ലോ അന്തിമ വിധികര്‍ത്താക്കള്‍.

