
ഒബാമക്കുമുന്നില്‍ മോദി പറയുമോ ഭോപ്പാലിനെ കുറിച്ച്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റിപ്പബ്ലിക് ദിനവേളയില്‍ അമേരിക്കല്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഭോപ്പാല്‍ ദുരന്തം ഉന്നയിക്കണമെന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ നിര്‍ദ്ദേശത്തോട് എന്തായിരിക്കും മോദിയുടെ പ്രതികരണം? അതിനുള്ള ആര്‍ജ്ജവം മോദിക്കുണ്ടോ? ഭോപ്പാല്‍ നിവാസികളും പരിസ്ഥിതി – മനുഷ്യാവാകാശ പ്രവര്‍ത്തകരും ഉറ്റുനോക്കുന്നു. മോദിയും ഒബാമയുമായുള്ള ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കണമെന്നും ഇരുവരും സംയുക്ത പ്രസ്‌താവന ഇറക്കണമെന്നും അമേരിക്കയിലെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉന്നത ഉദ്യോഗസ്ഥനായ മാര്‍ഗരന്റ് ഹുവാങാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദുരന്തം നടന്ന പ്രദേശം പൂര്‍ണ്ണമായും വൃത്തിയാക്കുക, ദുരിതം അനുഭവിക്കുന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും ചികിത്സ നല്‍കുക, ദുരന്തത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുക എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത് പ്രസ്‌താവന ഇറക്കണമെന്നാണ് നിര്‍ദ്ദേശം.
1984 ല്‍ ഭോപ്പാല്‍ ദുരന്തം നടക്കുന്ന സമയത്ത് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്ന വാറന്‍ ആന്‍ഡേഴ്‌സനെ തൊടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യത്തിലിറങ്ങിയ അന്‍ഡേഴ്‌സണ്‍ അമേരിക്കയിലേക്ക് പോയി. ഒരിക്കല്‍പോലും ആന്റേഴ്‌സനെ വിചാരണക്കായി വിട്ടുനല്‍കാന്‍ ലോകപോലീസായ അമേരിക്ക തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് അയാള്‍ മരിച്ചത്. തുച്ഛമായ നഷ്ടപരിഹാരമാണ് ലോകം കണ്ട ഏറ്റവും വലിയ വ്യവസായിക കൂട്ടക്കൊലയുടെ ഇരകള്‍ക്ക് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ആംനസ്‌റ്റ് ഇന്റര്‍ നാഷണലിന്റെ നിര്‍ദ്ദേശം.
