‘ഇനിയൊരു കൈയും ദളിതരെ ആക്രമിക്കാനായി ഉയരില്ല’

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

bb

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ജന്തര്‍മന്ദിറില്‍ നടത്തിയ പ്രസംഗം പൂര്‍ണരൂപം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരേ, നിങ്ങളുടെ പിന്തുണയ്ക്കു നന്ദി. എനിക്കും ഭീം ആര്‍മിക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ചന്ദ്രശേഖര്‍ ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ വാക്കു നല്‍കുന്നു. ഇന്ന്, മെയ് 21ന് കൊളംബിയയിലെയും ദക്ഷിണാഫ്രിക്കയിലെയും അടിമത്തം തുടച്ചുമാറ്റപ്പെട്ട ദിനം. ഇന്ത്യയിലെ ഇന്നത്തെ അടിമത്തത്തിന് അറുതിവരുത്തുമെന്ന് ഇന്ന് നമ്മള്‍ പ്രഖ്യാപിക്കും. ഞമ്മള്‍ നീചജാതിക്കാരോ, താഴ്ന്ന ജാതിക്കാരോ അല്ല, നമ്മള്‍ എല്ലാവരുടേയും പിതാവാണ്.

ഞങ്ങളെ പരീക്ഷിക്കരുത്. അംബേദ്കറൈറ്റ്‌സിന് ഒരിക്കലും നക്‌സലേറ്റാവാന്‍ കഴിയില്ല, എന്നാല്‍ ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ ഏതറ്റംവരെയും പോകുമെന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ പറയാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞങ്ങളെ പരീക്ഷിക്കരുത്. ഞങ്ങള്‍ അംബേദ്കറൈറ്റുകളാണ്. ഞങ്ങള്‍ അത്തരം നടപടികളിലേക്ക് പോകില്ല.

നീതിയ്ക്കുവേണ്ടിയുള്ള മറ്റൊരു പോരാട്ടത്തിന്റെ തുടക്കമാണിത്. മൂന്നാം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം. എപ്പോഴാണ് ഈ സമരം തുടങ്ങിയത്? ഈ പോരാട്ടം ജയിക്കുംവരെ ഞങ്ങള്‍ പോരാടും. ഈ യുദ്ധത്തില്‍ പോരാടേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

ഞാന്‍ അറസ്റ്റിലായി ജയിലിലേക്കു പോയാല്‍ നിങ്ങള്‍ പ്രതിഷേധിക്കരുത്, ധര്‍ണകള്‍ നടത്തരുത്. നിങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ ഭരണാധികാരികള്‍ക്ക് നോട്ടീസ് നല്‍കണം. സഹരണ്‍പൂരിലെ സബിര്‍പൂരിലെ 56 ദളിത് വീടുകളും 25കടകളും കത്തിച്ചവര്‍ക്കെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തണം. ആ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ദളിത് സഹോദരി സഹോദരന്മാരെയാണ് നിങ്ങള്‍ പിന്തുണയ്‌ക്കേണ്ടത്. അവര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ശബ്ദിക്കേണ്ടത്. കള്ളക്കേസെടുത്ത് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച ദളിതരെ മോചിപ്പിക്കണമെന്നുപറഞ്ഞാണ് നിങ്ങള്‍ പോരാടേണ്ടത്.

ചന്ദ്രശേഖറെന്ന ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. എനിക്കുവേണ്ടി നിരാഹാരമിരിക്കരുത്.

ഒരിക്കല്‍ അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍ അദ്ദേഹത്തിന് മാധ്യമങ്ങളുടെയും മറ്റെല്ലാവരുടേയും പിന്തുണ ലഭിച്ചു. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്, ഭരണഘടനയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഞങ്ങള്‍ പ്രതിഷേധിച്ചാല്‍ എത്രപേര്‍ ഞങ്ങളെ പിന്തുണയ്ക്കാനുണ്ടാകും.

ദളിതര്‍, ഒ.ബി.സി, മുസ്‌ലീങ്ങള്‍, ബാല്‍മികി സമുദായങ്ങള്‍ എന്നിവരുള്‍പ്പെട്ട ബഹുജന സമൂഹമായി ഞങ്ങള്‍ പൊരുതും. അനീതിയ്‌ക്കെതിരെ ഞങ്ങള്‍ ഒരുമിച്ച് പോരാടും. അതിക്രമങ്ങളില്‍ ഞങ്ങള്‍ക്കെതിരെ കൈ ഉയര്‍ത്താന്‍ ഇനിയൊരുത്തരും ധൈര്യപ്പെടില്ല. വിവിധ സമുദായങ്ങളുടെയും ആളുകളുടെയും വോട്ടുകള്‍ ചോദിക്കേണ്ടതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ടാവാം. എന്നാല്‍ ചന്ദ്രശേഖര്‍ ആരുടെ മുന്നിലും തലകുനിക്കില്ല. ഞങ്ങള്‍ തലകുനിക്കില്ല.

ഈ പ്രതിഷേധം വിജയകരമാക്കാന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ട്. എന്റെ ഫേസ്ബുക്ക് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യപ്പെട്ടപ്പോള്‍ മറ്റ് ഭീം ആര്‍മി അംഗങ്ങള്‍ ശക്തമായി മുന്നോട്ടുവന്നു. അവര്‍ പോസ്റ്റു ചെയ്തപ്പോള്‍ അത് ചന്ദ്രശേഖറില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു.

ഇത് സമത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. അടിച്ചമര്‍ത്തലിനെതിരെയുള്ള പോരാട്ടമാണ്. ഞങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയല്ല സമരം ചെയ്യുന്നത്. അടിച്ചമര്‍ത്തലിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം.

ഫോണിലൂടെയും മറ്റും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നവരോട് എനിക്കു പറയാനുള്ളത് ഞാനും എന്റെ കുടുംബവും പോരാടുന്നത് അടിച്ചമര്‍ത്തലിനും അതിക്രമങ്ങള്‍ക്കും എതിരെയാണെന്നാണ്. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ ഈ വിദേശികളെല്ലാം (ആര്യന്മാര്‍) ഓടേണ്ടിവരും. ഇത് ഞങ്ങളുടെ രാജ്യമാണ്. ഇത് ഛിന്നഭിന്നമാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ ഞങ്ങളായിരുന്നു എന്നതിനാല്‍ ഡോ. അംബേദ്കര്‍ പറഞ്ഞതുപോലെ വീണ്ടും ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭരണാധികാരികളാവും.

ഭരണഘടനയുണ്ടായിരുന്നിട്ടും നീതി ലഭിക്കാത്ത സമുദായത്തിനുവേണ്ടിയുള്ള പോരാട്ടമാണിത്. ജഡ്ജിയോട് (ജസ്റ്റിസ് കര്‍ണന്‍) ഞാന്‍ പറയുകയാണ്, നിങ്ങള്‍ നിരുത്സാഹപ്പെടരുത്. രാഷ്ട്രയക്കാര്‍ നിങ്ങള്‍ക്കൊപ്പം നിലകൊണ്ടില്ലെന്നുവരാം. എന്നാല്‍ സാമൂഹ്യ സംഘടനകള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും, നീതി നേടിത്തരും.

ഈ രാജ്യത്ത് ആരെങ്കിലും നീതിക്കുവേണ്ടി ശബ്ദിച്ചാല്‍ ഇവര്‍ (മനുവാദികള്‍) അവരെ നക്‌സലേറ്റും തീവ്രവാദികളുമാക്കും. ഒന്നിനും കൊള്ളാത്ത എസ്.സി എസ്.ടി എം.പിമാരെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കില്ലെന്ന് എനിക്ക് ഉറപ്പുനല്‍കണം. യു.പിയില്‍ ദളിതര്‍ക്കുനേരെ അതിക്രമം നടക്കുമ്പോള്‍ നമ്മുടെ സഹോദരിമാരും അമ്മമാരും ആക്രമിക്കപ്പെടുമ്പോള്‍ ഇവിടുള്ള ദളിത് എം.എല്‍.എമാരെല്ലാം നിശബ്ദരായിരുന്നു. അവരെ നമുക്കൊരു പാഠം പഠിപ്പിക്കണം. അത്തരക്കാരെ ഇനി തെരഞ്ഞെടുത്തയക്കരുത്.

മെയ് 23ന് നമ്മുടെ പ്രാദേശിക ഭരണകേന്ദ്രങ്ങളിലേക്കു പോകണം. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ബഹുജന സമൂഹം ഒരുമിച്ച് നിന്ന് പോരാടണം. ദളിതര്‍ക്കെതിരെ കന്യാകുമാരിയില്‍ അതിക്രമമുണ്ടായാലും അതിന്റെ ശബ്ദം കശ്മീരില്‍വരെ ഉയരണം. അതിക്രമങ്ങള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തിയാല്‍ നമ്മള്‍ ഒരുമിച്ചു നിന്നാല്‍ യാതൊരു അതിക്രമവുമുണ്ടാവില്ല.

എന്റെ പേരില്‍ രാവണനുണ്ട്. തന്റെ സഹോദരിയുടെ അഭിമാനത്തിനുമുമ്പില്‍ രാവണന്‍ ഒന്നിനെക്കുറിച്ചും ചിന്തിച്ചില്ല. സീതയെ പിടിച്ചുകൊണ്ടുവന്നശേഷം പോലും അദ്ദേഹം അവരെ സ്പര്‍ശിച്ചില്ല. അവരെ ആദരിച്ചു. അതാണ് രാവണന്‍. സ്ത്രീകളെ ആദരിച്ച ഡോ. അംബേദ്കറെ ഞാന്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രാവണനെയും ഞാന്‍ ആരാധിക്കുന്നു.

‘ഞാന്‍ വിവാഹം കഴിക്കില്ല, സ്വത്തു സമ്പാദിക്കില്ല, എന്റെ വീട്ടിലേക്കു പോകില്ല, എന്റെ ശേഷിക്കുന്ന ജീവിതം ഫൂലെ അംബേദ്കര്‍ മുന്നേറ്റത്തിന്റെ ലക്ഷ്യങ്ങള്‍ നേടാനായി മാറ്റുവെക്കും’ എന്നു പറഞ്ഞ വ്യക്തിയുടെ പിന്മുറക്കാരനാണ് ഞാന്‍.

ഞാന്‍ കാന്‍ഷി റാം സാഹബിന്റെ മകനാണ്. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ സമുദായത്തിനുവേണ്ടി ജീവിക്കും. അല്ലാത്തപക്ഷം ഞാന്‍ ജീവിക്കില്ലെന്ന് ഈ വേദിയില്‍വെച്ചു ഞാന്‍ വാക്കുനല്‍കുന്നു. ചന്ദ്രശേഖര്‍ ആസാദ് രാവണ്‍

ഒരുകാര്യം കൂടി. ഇന്ന് വീട്ടില്‍ പോയാല്‍ നിങ്ങള്‍ നിങ്ങളുടെ വീടിന്റെ ചുമരുകളില്‍ എഴുതണം, നമുക്ക് ഈ രാജ്യത്തിന്റെ ഭരണാധികാരികളാവണമെന്ന്. മൂലനിവാസികളാണ് ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍. ഞങ്ങള്‍ മരിക്കുമായിരിക്കും. എന്നാലും ഞങ്ങള്‍ ബ്രാഹ്മണിക്കല്‍ വ്യവസ്ഥയ്ക്കുനേരെ പോകില്ല.

ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ ചന്ദ്രശേഖര്‍ ഉദ്ധം സിങ്ങായി മാറും. ഞാന്‍ ഡോ. അംബേദ്കറിലും ഉദ്ധം സിങ്ങിലും വിശ്വസിക്കുന്നു. ബ്രാഹ്മണവാദികളാണ് നീചരും കീഴാളരും. ഇവര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മതത്തിന്റെയും ജാതിയുടെയും പേരില്‍ നമ്മളെ കൊള്ളയടിക്കുകയാണ്. അവര്‍ക്ക് എന്തിനെയെങ്കിലും ഭയമുണ്ടെങ്കില്‍ അത് ബുദ്ധിസത്തെയാണ്.

മെയ് 23ന് നമ്മള്‍ പ്രഖ്യാപിക്കണം. നിരപരാധികളായ ദളിതരെ മോചിപ്പിച്ചില്ലെങ്കില്‍, അവരെ ഇനിയും കള്ളക്കേസില്‍ കുടുക്കുകയാണെങ്കില്‍ നമ്മള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന്. അതുകേള്‍ക്കുന്നതോടെ ഈ സംഘികള്‍ പാന്റില്‍ മൂത്രമൊഴിക്കും.

മത്സ്യങ്ങളെ നീന്താന്‍ ആരും പഠിപ്പിക്കാറില്ല. നിങ്ങള്‍ക്ക് ബ്രാഹ്മണവ്യവസ്ഥിതിയോട് പൊരുതണമെങ്കില്‍ ഭരണഘടനയെ നിങ്ങളുടെ മതഗ്രന്ഥമാക്കൂ. മരണഘടനയുടെ ചട്ടങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യൂ. ഇപ്പോള്‍ ദളിതര്‍ ഉണര്‍ന്നു കഴിഞ്ഞു. ദളിതര്‍ക്കെതിരെ എവിടെ എന്ത് അതിക്രമമുണ്ടായാലും ചന്ദ്രശേഖര്‍ അവിടെയെത്തി പ്രശ്‌നം പരിഹരിക്കും. അത് മറക്കരുത്.

ഐക്യപ്പെടുക. ഹീറോ ആരാധന വേണ്ട, അത് അനീതിയ്‌ക്കെതിരായ പോരാട്ടം അവസാനിപ്പിക്കും.

ആരെങ്കിലും നീതിയ്ക്കുവേണ്ടി പൊരുതാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ (മനുവാദികള്‍) അവരെ കള്ളക്കേസില്‍ കുടുക്കും. ആ പോരാട്ടത്തില്‍ അവര്‍ വിജയിക്കുകയാണെങ്കില്‍ ഈ ബ്രാഹ്ണ ജനത അവരുടെ അവകാശം പണത്തിലൂടെ വാങ്ങിയെടുക്കാന്‍ ശ്രമിക്കും. അവന്‍, അല്ലെങ്കില്‍ അവള്‍ സ്വയം വില്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ വ്യക്തിയെ അവര്‍ കൊലപ്പെടുത്തും. അവര്‍ ഒരു ചന്ദ്രശേഖറിനെ കൊന്നാല്‍ ഇവിടെ ലക്ഷക്കണക്കിന് ചന്ദ്രശേഖറുകള്‍ ഉണ്ടാവുമെന്നാണ് എനിക്കു പറയാനുള്ളത്.

കടപ്പാട് ഡൂള്‍ ന്യൂസ്


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply