
ഇങ്ങനെയാണ് നാം ഭീകരരെ സൃഷ്ടിക്കുന്നത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഭീകരെര കുറിച്ച് മാധ്യമങ്ങള്‍ പടച്ചുവിടുന്ന കഥകള്‍ മിക്കവാറും അവരുട സൃഷ്ടിയാണെന്ന് പലവട്ടം തെളിഞ്ഞതാണ്. എന്നിട്ടും അതുതന്നെ ആവര്‍ത്തിക്കുന്നു. അതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ഉണ്ടായത്.
തിങ്കളാഴ്‌ച അര്‍ധരാത്രിയോടെ തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് കണ്ണമാലി പൊലീസ് പിടികൂടിയ കൊച്ചി കുമ്പളങ്ങി കണ്ടക്കടവ് കണ്ടപ്പശേരി വീട്ടില്‍ പരേതനായ വര്‍ഗീസിന്‍െറ മകന്‍ വിനു വര്‍ഗീസ് എന്ന ഏഴാം ക്‌ളാസുകാരന്‍ െ്രെഡവറെയാണ് മാധ്യമങ്ങള്‍ ഭീകരനാക്കിയത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍െറ ബോംബ് നിര്‍മാണ വിദഗ്‌ധനായ പാക് ഭീകരന്‍ വഖാസ് അഹമ്മദിന്‍െറ സഹായിയാക്കുക മാത്രമല്ല, ഇയാളെ ഡോക്ടറുമാക്കി. കണ്ണമ്മാലി പൊലീസിനെ മാധ്യമങ്ങള്‍ ഡല്‍ഹി സ്‌പെഷല്‍ പൊലീസുമാക്കി. ഇടക്കാലത്ത് മേരി വര്‍ഗീസ് ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമയും വിനു വര്‍ഗീസ് അഫ്‌സല്‍ വിനുവുമായതാണ് അവര്‍ ചെയ്‌ത കുറ്റം. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് മതംമാറ്റം കുറ്റമല്ലല്ലോ.
ഒരു കാര്യം ശരിയാണ്. വിനുവര്‍ഗ്ഗീസിനെതിരെ ഒരു ക്രിമിനല്‍ കേസുണഅടായിരുന്നു. വസ്‌തുതര്‍ക്കത്തിന്‍െറ പേരില്‍ 2004ല്‍ അമ്മാമന്‍ ആന്‍റണിയെ സംഘംചേര്‍ന്ന് ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. മുളങ്കുന്നത്തുകാവില്‍ ഡോ. ജംഷിയയുടെ വീട്ടില്‍ ആയയായി ജോലി ചെയ്യുന്ന അമ്മ മേരി വര്‍ഗീസിനെ കാണാന്‍ വിനു ഇടക്ക് എത്താറുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് കണ്ണമാലി പൊലീസ് ഇവിടെ എത്തിയതും അയാളെ അറസ്‌റ്റ് ചെയ്‌തതും. മെഡിക്കല്‍ കോളജിനടുത്ത ലോഡ്‌ജില്‍ നിന്നായിരുന്നു അറസ്‌റ്റ്. ഈ സംഭവത്തെയാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ വളച്ചൊടിച്ചത്. എന്തായാലും ഈ കഥ മെനഞ്ഞതില്‍ പോലീസിനു പങ്കില്ലത്രെ.
ഇനി ഇങ്ങനെ ഒരു തെറ്റു പറ്റിയാല്‍തന്നെ പത്രങ്ങള്‍ എന്താണ് ചെയ്യേണ്ടത്? ഒരു യുവാവിനെ ഭീകരനാക്കിയതില്‍ മാപ്പുചോദിച്ചില്ലെങ്കിലും പിറ്റേന്ന് ഒരു തിരുത്തെങ്കിലും കൊടുക്കേണ്ടേ? അതിനുള്ള സാമാന്യ മര്യാദപോലും അവര്‍ കാണിച്ചില്ല എന്നതാണ് ഏറ്റവും ദുഖകരം.
