
23ന് ദളിത് സംഘടനകളുടെ സംസ്ഥാന ഹര്‍ത്താല്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംവരണം അട്ടിമറിക്കാനുള്ള നീ്ക്കങ്ങള്‍ക്കെതിരെ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണച്ച് ഫെബ്രുവരി 23ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താലാചരിക്കാന്‍ വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകള്‍ തീരുമാനിച്ചു. പട്ടികജാതി- പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍. കോട്ടയത്തു ചേര്‍ന്ന വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. രാജു, ജനറല്‍ സെക്രട്ടറി എ.കെ സജീവ്, എന്‍ഡിഎല്‍എഫ് സെക്രട്ടറി അഡ്വ. പി.ഒ ജോണ്‍, ഭീം ആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് പി തങ്കപ്പന്‍, കെ.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെ.പി.എം.എസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി ജെ തങ്കച്ചന്‍, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കണ്‍വീനര്‍ എം ഡി തോമസ്, എന്‍ഡിഎല്‍എഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. എം ഗീതാനന്ദന്‍ നേതൃത്വം നല്‍കുന്ന ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായമയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
