വിന്‍സ്റ്റണ്‍ ചര്‍ച്ചിലിലേക്കുള്ള പിണറായി വിജയന്റെ റിഹേഴ്‌സലുകള്‍
കൃത്യമായ റിഹേഴ്‌സലുകള്‍ നടത്തി ഓരോ വാക്കും എപ്പോള്‍ പറയണമെന്നും എങ്ങനെ പറയണമെന്നും എവിടെ ചിരിക്കണമെന്നും എതു സമയത്ത് ശബ്ദമുയര്‍ത്തണമെന്നുമൊക്കെ നിശ്ചയിയുറപ്പിച്ച ശേഷമാണ് ചര്‍ച്ചില്‍ പ്രസംഗിച്ചിരുന്നത്. പിണറായിയും റിഹേഴ്‌സല്‍ ചെയ്യുന്നുണ്ടാവണം, പരിശീലിച്ചുറപ്പിച്ചതില്‍ നിന്ന് പാളുമ്പോഴാണ് സഖാവിന്ന് ശുണ്ഠി പിടിക്കുന്നത്. അധികാരത്തിന്റെ മൂക്കത്തുള്ള ശുണ്ഠിയാവാം അത് അല്ലേ?
രണ്ടാം ലോകയുദ്ധക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടത്തിക്കൊണ്ടിരുന്ന പ്രഭാഷണങ്ങള്‍ ബ്രിട്ടീഷ് സൈനികരെ ഉത്തേജിതരാക്കുകയും ബ്രിട്ടീഷ് ജനതക്ക് ആത്മവീര്യം നല്‍കുകയും ചെയ്തു എന്നെല്ലാം ചരിത്രപാഠങ്ങളില്‍ നിന്ന് നാം പഠിച്ചിട്ടുണ്ട്. നാം കടല്‍ത്തീരങ്ങളിലും സമതലങ്ങളിലും പാടത്തും തെരുവിലും ഗിരിനിരകളിലും ആത്മവിശ്വാസത്തോടെ പൊരുതുമെന്നും ഒരിക്കലും കീഴടങ്ങുകയില്ലെന്നും മറ്റും പറഞ്ഞു കൊണ്ടുള്ള അത്യുജ്ജ്വലമായ പ്രസംഗങ്ങള്‍. ചോരയും കഷ്ടപ്പാടും കണ്ണനീരും വിയര്‍പ്പും മാത്രമേ എന്റെ പക്കല്‍ നിങ്ങള്‍ക്ക് തരാനുള്ളൂ എന്ന് ചര്‍ച്ചില്‍ പറഞ്ഞപ്പോള്‍ ബ്രിട്ടീഷ് ജനത കോരിത്തരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ജനം റേഡിയോക്ക് മുമ്പില്‍ കാത്തു കെട്ടിക്കിടന്നു. ഈ പ്രസംഗങ്ങള്‍ സൃഷ്ടിച്ച ആവേശച്ചൂടില്‍ ഉത്തേജിതരായാണ് ബ്രിട്ടീഷ് സൈന്യം അന്തിമയുദ്ധത്തിന്നിറങ്ങിയതും ഒടുവില്‍ ജര്‍മ്മനി കീഴടങ്ങിയത് എന്നുമൊക്കെയാണ് ചരിത്ര പാഠങ്ങള്‍.
ഏതാണ്ട് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്ന് രണ്ടാം ലോകയുദ്ധക്കാലത്തുണ്ടായിരുന്ന ജനസമ്മതിയിലേക്കുള്ള കുതിപ്പാണ് ഇപ്പോള്‍ പിണറായി വിജയന്റേതെന്നാണ് കേരളത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരം. ചര്‍ച്ചിലിന്റേത് റേഡിയോ പ്രഭാഷണങ്ങളായിരുന്നുവെങ്കില്‍ പിണറായിയുടേത് ടെലിവിഷനിലെ ലൈവ് ടെലികാസ്റ്റാണെന്ന വ്യത്യാസം മാത്രമേയുള്ളു. പിണറായിയുടെ വാര്‍ത്താ സമ്മേളനത്തിന്ന് കണ്ണും കാതും സമര്‍പ്പിച്ച് എല്ലാ വൈകുന്നേരങ്ങളിലും കേരളത്തിലുടനീളം ജനം കാത്തു നില്ക്കുന്നു. കേരളത്തിന്ന് പുറത്തും. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടി അതു തന്നെ. റമദാന്‍ വ്രതമാരംഭിച്ചതോടെ മുസ്ലിംകളായ വീട്ടമ്മമാരുടെ ആവശ്യപ്രകാരം സംപ്രേഷണം ഒരു മണിക്കൂര്‍ നേരത്തെയാക്കി
എന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞത്. കേരളത്തിലെ ഓരോ ഉമ്മറക്കോലായയിലും ഓരോ അടുക്കളയിലും മുഖ്യമന്ത്രി ഉണര്‍ത്തി വിടുന്ന ആത്മവിശ്വാസ തരംഗങ്ങള്‍ എത്തിച്ചേരുമെന്ന് ഉറപ്പിക്കാന്‍ മറ്റെന്തു വഴി?
സംസ്ഥാന മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പ്രസരിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ ഊര്‍ജ്ജ നിസ്വനങ്ങള്‍ സമൂഹത്തിന്നു നല്കുന്ന കരുത്ത് ചില്ലറയൊന്നുമല്ല .അതിന്ന് വേണ്ടി അദ്ദേഹം ചെലവഴിക്കുന്ന അധ്വാനവും അദ്ദേഹത്തിന്റെ ടീം ചെയ്തു കൊണ്ടിരിക്കുന്ന ഗൃഹപാഠങ്ങളും സമാനതകളില്ലാത്തതാണ് താനും. കൊറോണ വൈറസിന്നെതിരായി നടത്തുന്ന യുദ്ധത്തില്‍ കേരളം കൈവരിച്ചു കൊണ്ടിരിക്കുന്ന വിജയങ്ങളാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ ബലം. ശരിയ്ക്കും അസാമാന്യമായ നേതൃപാടവത്തോടെയാണ് ഈ യുദ്ധമുന്നണിയില്‍ മുഖ്യമന്ത്രി കാലുറപ്പിച്ചു നില്‍ക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ, ഓരോ വിശദാംശത്തിലും ശ്രദ്ധ ചെലുത്തി, പിഴവുകള്‍ ഒഴിവാക്കിയും കണ്ടെത്തുമ്പോള്‍ തിരുത്തിയും
ഒരു യഥാര്‍ത്ഥ കമ്മാണ്ടറുടെ മിടുക്കോടെ പിണറായി രംഗത്തുണ്ട്. വാര്‍ത്താസമ്മേളനത്തിലെ പിണറായിയുടെ സ്വരഭാവങ്ങളും ശരീരഭാഷയും പ്രസ്തുത പ്രതിഛായ കൂടുതല്‍ തിളക്കമുള്ളതാക്കുന്നു. യെസ്, അദ്ദേഹം ഈ ജനസമ്മതി അര്‍ഹിക്കുന്നുണ്ട്. അല്ലെങ്കില്‍ പിന്നെയെന്തിനാണൊരു മുഖ്യമന്ത്രി? വെറുതെ ബബ്ബബ്ബ പറയാനോ?
അതോടൊപ്പം മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. കൊറോണയെന്ന മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്ന് അനുകൂലമായി നിന്ന ഒരു പാട് ഘടകങ്ങളെക്കുറിച്ചു നാം ഓര്‍ക്കണം. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമെല്ലാം ഇടക്ക് ഉടക്ക് വര്‍ത്തമാനം പറഞ്ഞാലും , ശരാശരി കോണ്‍ഗ്രസ്‌കാര്‍ അടക്കമുള്ള കേരളത്തിലെ സാമാന്യജനം മുഖ്യമന്ത്രിക്കൊപ്പമാണ്. സര്‍ക്കാറിന്ന് അവരുടെ പിന്തുണയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്‌ക് നല്‍കാനും സമൂഹ അടുക്കളയിലേക്ക് അരിയും പച്ചക്കറിയും കൊടുക്കാനും കക്ഷി- രാഷ്ട്രീയ-ജാതി-മത ഭേദമന്യേ മലയാളികള്‍ മുന്‍പന്തിയിലുണ്ട്. അവര്‍ക്ക് ഇതൊരു പൊതു പ്രശ്‌നമാണ്. മുഖ്യമന്ത്രിക്ക് മാര്‍ക്കിടുമ്പോള്‍ ഈ പൊതുസമ്മതിയെക്കുറിച്ചു കൂടി ഓര്‍ക്കണം.
എല്‍.ഡി.എഫിന്റേയോ പിണറായിയുടേയോ സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല കേരളത്തിലെ കൊറോണാ വിരുദ്ധ സമരത്തിന്റെ ഫലപ്രാപ്തി. കേരളീയ സമൂഹത്തിന്റെ പ്രബുദ്ധതയും നമ്മുടെ പൊതുബോധത്തിന്റെ ഗുണ വശങ്ങളും അതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ നല്കിയ സഹകരണം പോലെ തന്നെ പ്രധാനമാണ് കൊറോണക്കെതിരായ യുദ്ധത്തില്‍ ഉദ്യോഗസ്ഥന്മാര്‍ വഹിച്ച പങ്കും. വിശേഷിച്ചും ആരോഗ്യ പ്രവര്‍ത്തകരും പോലീസ്‌കാരും മറ്റും. കൈമെയ് മറന്നു കൊണ്ടുള്ള പോരാട്ടമാണ് കേരളത്തിന്റേത്. തൊട്ടുമുന്‍പ് നിപ്പാ വൈറസിന്നെതിരായി നടത്തിയ യുദ്ധത്തിന്റെ നേതൃസ്ഥാനത്തിരുന്ന കെ.കെ.ശൈലജ ടീച്ചറാണ് ഇപ്പോഴും ആരോഗ്യ മന്ത്രി. നിപ്പക്കാലത്ത് കൈവശപ്പെടുത്തിയ അനുഭവ പാഠങ്ങള്‍ ഈ യുദ്ധത്തില്‍ ടീച്ചറെ നന്നായി തുണച്ചിട്ടുണ്ട്. വെള്ളിവെളിച്ചത്തിലേക്ക് കാര്യമായൊന്നും കടന്നുവരാതെ തന്റെ വകുപ്പിനെ കൃത്യമായ ആസൂത്രണത്തോടെ ശരിയായ ദിശയിലേക്ക് ചലിപ്പിക്കാന്‍ അവര്‍ പാട് പെട്ടു. അതും കേരളത്തെ ഒരു പാട് സഹായിച്ചു. ഈ അനുകൂല ഘടകങ്ങളെയെല്ലാം കൂട്ടിയിണക്കി മഹാമാരിക്കെതിരായി പോരാടുന്നതിന്റെ അമരത്തിരുന്നു നയിക്കാന്‍ മുഖ്യമന്ത്രിക്ക് വിജയകരമായി സാധിക്കുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രഭാഷണങ്ങള്‍ ബ്രിട്ടീഷ് സൈനികരേയും ജനതയേയും എപ്രകാരം ഉത്തേജിപ്പിച്ചുവോ അതേ ഉത്തേജനം തന്നെയാണ് പിണറായി വിജയന്‍ തന്റെ പത്രസമ്മേളനങ്ങളിലൂടെ സാധ്യമാകുന്നതും. അതെ, ഇങ്ങനെ തന്നെ വേണം മുഖ്യമന്ത്രി എന്ന് ഒരിക്കല്‍ കൂടി.
എന്നാല്‍ കൂട്ടായ പരിശ്രമത്തിലൂടെ കേരളം നേടിയ ഈ വിജയത്തെ സ്വന്തം എക്കൗണ്ടിലേക്ക് മാത്രം വരവ് വെക്കുകയാണോ നമ്മുടെ മുഖ്യമന്ത്രി?. തനിക്ക് പറയാനുള്ളതും താനറിഞ്ഞതുമായ കാര്യങ്ങള്‍ക്കപ്പുറത്തുള്ള യാതൊന്നും വെളിപ്പെടുത്തേണ്ടതില്ലെന്ന മട്ടാണ് അദ്ദേഹത്തിന്റേത്. പത്രസമ്മേളനത്തിന്റെ ടൈമിംഗ്, അതില്‍ പങ്കെടുക്കേണ്ടത് ആരായിരിക്കണമെന്ന തെരഞ്ഞെടുപ്പ്, താന്‍ മാത്രമേ സംസാരിച്ചു കൂടൂ എന്ന നിഷ്‌ക്കര്‍ഷ, ഇതെല്ലാം മൊത്തത്തില്‍ ഉണ്ടാക്കുന്ന ഒരു ഡിസിപ്ലിനുണ്ട് (ആരോഗ്യ മന്ത്രി, റവന്യൂ മന്ത്രി, ചീഫ് സിക്രട്ടറി എന്നിവരാണ് പത്രസമ്മേളനത്തിലെ സ്ഥിരം ക്ഷണിതാക്കള്‍, മുഖ്യമന്ത്രി കൃഷിരീതികള്‍ വിശദമായി പഠിപ്പിച്ച ദിവസം കൃഷിമന്ത്രിയുമുണ്ടായിരുന്നു കൂടെ. പക്ഷേ ആര്‍ക്കും ഇല്ല ഡയലോഗ്. ഒരേ ആരോഹരാവരോഹണ ക്രമത്തോടെ വേദിയില്‍ ഉപവിഷ്ടരാവുന്നു മുഖ്യമന്ത്രി കൃത്യസമയത്ത് വാച്ചില്‍ നോക്കുമ്പോള്‍ വാച്ചില്‍ നോക്കുന്നു , യഥാനേരം ഇറങ്ങുന്നു. ഇതാണ് ശീലം) ഈ അച്ചടക്കം കടുകിടെ തെറ്റാന്‍ പാടില്ല. തെറ്റിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ പ്രകോപിതനാക്കുന്നു. പത്രക്കാര്‍ വിനീതവിധേയരായി നിന്നു കൊള്ളണം. അപ്രിയ സത്യങ്ങളെപ്പറ്റി ആരായരുത്. കൊറോണ യുദ്ധമുന്നണിയിലെ കമ്മാണ്ടര്‍ പദവി മുഖ്യമന്ത്രിയെ ഇങ്ങനെയൊരു മനോനിലയിലെത്തിച്ചുവെന്ന് സ്പഷ്ടം. അതുകൊണ്ടാണ് കെ.എം.ഷാജി എം.എല്‍.എ. ഫെയിസ്ബുക്കിലിട്ട ഒരു പോസ്റ്റിനെപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം അത്യധികം പ്രകോപിതനായതും ഉറഞ്ഞുതുള്ളിയതും. അത്തരം വര്‍ത്തമാനങ്ങള്‍ താന്‍ അവഗണിച്ചു തള്ളുന്നു എന്നദ്ദേഹം പറഞ്ഞു. ശരി തന്നെ. പക്ഷേ അദ്ദേഹത്തിന്റെ ശരീരഭാഷയും ഭാവഹാവാദികളും ആള്‍ അങ്ങേയറ്റം പ്രകോപിതനായി എന്നാ വിളിച്ചോതുകയായിരുന്നു. വിമര്‍ശനത്തോടുള്ള ഇഷ്ടക്കേട് തുടര്‍ന്നങ്ങോട്ട് അദ്ദേഹം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പഴയ മുരടന്‍ സഖാവ് പുനര്‍ജനിച്ചു. പത്ര സമ്മേളനങ്ങളിലെ ആദാനപ്രദാനങ്ങള്‍ കലുഷവും കര്‍ക്കശവുമായി. വിഷമിപ്പിക്കുന്ന എതിര്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്ന് മറുപടി പറയാന്‍ മനസ്സില്ലാതെയായി. ഇങ്ങനെ ചൂടാവാന്‍ മാത്രം എന്താണുണ്ടായത്? തനിക്ക് വേറെ പണിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് .അതായത് മാധ്യമങ്ങളുമായി സംസാരിച്ചു നേരം കളയാനില്ലെന്ന്. ഇങ്ങനെ പറഞ്ഞതിലൂടെ മുഖ്യമന്ത്രി ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ഒരു തൂണിനെ നിരാകരിക്കുകയാണ്.
മാധ്യമങ്ങളുമായി സംസാരിക്കുക ഭരണകര്‍ത്താവിന്റെ പണിയല്ലെങ്കില്‍ ഫോര്‍ത്ത് എസ്‌റേറ്റ് എന്നൊക്കെ പറയുന്നതിന്ന് എന്താണ് അര്‍ത്ഥം? നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം കേട്ടു വിനീത വിധേയരായി ചിരിച്ചു നിന്നു. പ്രധാനമന്ത്രി മാധ്യമങ്ങളെ ഒഴിവാക്കുമ്പോള്‍ മുഖ്യമന്ത്രി അവരെ കണ്ണൂരുട്ടി പേടിപ്പിക്കുന്നു. ഇതൊരു പ്രസക്തമായ ചോദ്യത്തിന്ന് വഴിവെയ്ക്കുന്നു. ഭരണകര്‍ത്താക്കളെ അസ്വസ്ഥരാക്കുന്ന ചോദ്യങ്ങള്‍ പത്രക്കാര്‍ ചോദിക്കരുത് എന്നാണോ? മുഖ്യമന്ത്രി പിണറായി വിജയനെങ്കിലും വിചാരിക്കുന്നത് അങ്ങനെയാണ്. രണ്ടാമതൊരിക്കല്‍ പത്രക്കാര്‍ അസുഖകരമായ യാതൊന്നും ചോദിക്കാതെ അടങ്ങിയൊതുങ്ങി നിന്നപ്പോള്‍ ‘നിങ്ങളിപ്പോള്‍ ശരിയായ വഴിക്കു വന്നു ‘ എന്ന് പറഞ്ഞു അദ്ദേഹം. അപ്പോള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശരിയായ വഴി അനിഷ്ടമുണ്ടാക്കുന്ന യാതൊന്നും ചോദിക്കാതിരിക്കുകയാണ്. അതാണ് പത്രധര്‍മ്മം. മാധ്യമ ധര്‍മ്മത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അബദ്ധ ധാരണ മാത്രമാണ് ഇതെന്ന് പറഞ്ഞു കൂടാ. ജനാധിപത്യമെന്നത് എതിര്‍ സ്വരങ്ങള്‍ കൂടിയാണ് എന്ന അടിസ്ഥാന തത്വത്തെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത്. കൊറോണക്കെതിരായുള്ള യുദ്ധത്തിന്റെ പേരില്‍ ലഭിച്ച ജനസമ്മതിയും നായക പരിവേഷവും ഏകാധിപത്യ പ്രവണതയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിന്റെ അസ്സല്‍ ഉദാഹരണമാണ് ഇക്കണ്ടത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാന്‍ വിസമ്മതിച്ചാല്‍ അത് നാടിന്റെ നന്മക്കെതിരായുള്ള നീക്കമായി തോമസ് ഐസക്കും കടകംപള്ളിയുമൊക്കെയടങ്ങുന്ന മന്ത്രിവൃന്ദവും പാര്‍ട്ടി സഖാക്കളും വിധിയെഴുതുന്നത് അതിന്റെ തുടര്‍ച്ച.വിയോജിപ്പുകള്‍ പൊറുപ്പിക്കാനാവില്ലെന്നു വരുന്നത് ഏത് ദുരന്ത മുഖത്തായാലും ജനാധിപത്യ വിരുദ്ധമാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല സംസ്ഥാനസര്‍ക്കാറുകളും എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഇത് തന്നെ തഞ്ചമെന്ന് കരുതുന്നു. ഇന്ത്യയില്‍ നിരവധി പിണറായി വിജയന്മാര്‍. കേന്ദ്ര സര്‍ക്കാര്‍ കിട്ടിയ സന്ദര്‍ഭമുപയോഗിച്ച് എതിരാളികളെ യു. എ.പി.എ പോലെയുള്ള കരി നിയമങ്ങള്‍ ചുമത്തി ജയിലിലിടക്കുകയാണ്. കൊറോണ ഉണ്ടാക്കുന്ന ഏറ്റവും വലിയ വിപത്ത് അതിന്റെ മറവിലൂടെ ഒളിച്ചു കടത്തുന്ന അധികാര വാഞ്ഛ തന്നെ. എതിര്‍ സ്വരങ്ങള്‍ പൊറുപ്പിക്കാത്ത പിണറായി അതിന്റെ പ്രതിരൂപം തന്നെ.
വീണ്ടും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിലേക്ക്. കൃത്യമായ റിഹേഴ്‌സലുകള്‍ നടത്തി ഓരോ വാക്കും എപ്പോള്‍ പറയണമെന്നും എങ്ങനെ പറയണമെന്നും എവിടെ ചിരിക്കണമെന്നും എതു സമയത്ത് ശബ്ദമുയര്‍ത്തണമെന്നുമൊക്കെ നിശ്ചയിയുറപ്പിച്ച ശേഷമാണ് ചര്‍ച്ചില്‍ പ്രസംഗിച്ചിരുന്നത്. പിണറായിയും റിഹേഴ്‌സല്‍ ചെയ്യുന്നുണ്ടാവണം, പരിശീലിച്ചുറപ്പിച്ചതില്‍ നിന്ന് പാളുമ്പോഴാണ് സഖാവിന്ന് ശുണ്ഠി പിടിക്കുന്നത്. അധികാരത്തിന്റെ മൂക്കത്തുള്ള ശുണ്ഠിയാവാം അത് അല്ലേ?
ഒരു കാര്യം കൂടി. പ്രഭാഷണങ്ങളിലൂടെ സൈന്യത്തിന്നും ജനതക്കും മനോവീര്യം നല്കി. ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ തോറ്റുപോയി.
ചരിത്രത്തിന് അങ്ങനെയുമുണ്ട് ചില പാഠങ്ങള്‍……
(പുതിയ പാഠഭേദത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in