
പെരുമലയന്‍ : ചോരപൊടിയുന്ന അടിത്തട്ടുജീവിതം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എം വി ജനാര്‍ദ്ദനന്‍ എഴുതിയ ‘പെരുമലയന്‍’എന്ന നോവല്‍ അടിത്തട്ടു മനുഷ്യരുടെ ഭാഷയില്‍ അസാധാരണമാംവിധം സൂക്ഷ്മമായി ആവിഷ്‌കരിക്കപ്പെട്ട ചോരപൊടിയുന്ന ജീവിതാഖ്യാനമാണ്. നാടുവാഴിത്ത കാലഘട്ടത്തില്‍ ഒരു സമുദായവും ജനതയും നിസ്സഹായരായി അനുഭവിച്ച ക്ലേശങ്ങളെ ഇത്ര സ്വാഭാവികമായി ഇതിനുമുമ്പ് മലയാളത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. തികച്ചും സ്വാഭാവികമായ ആഖ്യാനത്തിലൂടെ അവരുടെ ജീവിതത്തിന്റെ അകപ്പൊരുളിലേക്ക് നോവലിസ്റ്റ് യാത്രചെയ്യുന്ന രീതി ഒരേ സമയം ഋജുവും അന്യാദൃശവുമാണ്. സാമ്പ്രദായികമായ എഴുത്തിന്റെ എല്ലാ ചട്ടക്കൂടുകളും പൊളിച്ചഴിച്ചിടുന്ന തികച്ചും വ്യത്യസ്തമായ ഒരു ആഖ്യാനരീതിയാണ് ഈ നോവലിന്റേത്. യാഥാര്‍ത്ഥ്യത്തെ അത്യന്തം സൂക്ഷ്മതയോടെ പകര്‍ത്തി നമ്മെ ഞെട്ടിക്കുന്നുണ്ട് നോവലിസ്റ്റ്. നാം കടന്നുവന്ന വഴികളില്‍ ഇത്രയും ആഴത്തില്‍ വീര്‍പ്പുമുട്ടലുകളും പിടച്ചിലുകളും ഉണ്ടായിരുന്നു എന്ന് നാമറിയുകയാണ്. ഇതിലുപയോഗിച്ച ഭാഷ അവരുടെ ജീവിതത്തിന്റെ ജീവവായുവായ വിനിമയഭാഷ തന്നെയാണ്. അതുകൊണ്ടുതന്നെ ഈ രചനയിലെ ഓരോ വാചകത്തിലും വാക്കിലും കൂടി അവരുടെ യാതനയുടെ ആഴം നമ്മുടെ ഉള്ളിലേക്ക് പടര്‍ന്നുകയറുന്നു.

എം വി ജനാര്‍ദ്ദനന്‍
പൊട്ടന്‍ തെയ്യം ‘പൊലാനായിരുന്നു.കണ്ടത്തിലെ ചളീരെ മണൂല്ലെ പൊലയന്‍’. മാത്രമല്ല, ‘അടിയന്‍ മാറണോ ..അടിയന്റെ ഉള്ളിലെ ആത്മാവ് മാറണോ…ആത്മാവിന്റെ കാര്യത്തില് നമ്മ തമ്മിലെന്താ മാറ്റം ?” എന്ന് സാക്ഷാല്‍ ശങ്കരനോട് ചോദിച്ച പൊലയന്‍. ഈ പൊട്ടന്‍ തെയ്യമാണ് നോവലിലെ ആഖ്യാതാവ് എന്നു പറയാം. പൊട്ടന്‍ തെയ്യത്തിന്റെ അനുഭവത്തിലൂടേയും കാഴ്ചകളിലൂടേയും നോട്ടങ്ങളിലൂടേയുമാണ് കഥ പറഞ്ഞുപോകുന്നത്.കഥയെന്നാല്‍ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കഥകള്‍. സംഭവം നടക്കുന്ന കൃത്യമായ കാലം സൂചിതമാകുന്ന തരത്തില്‍ പരാമര്‍ശങ്ങളില്ലെങ്കിലും ഒരു നൂറ്റാണ്ടിലധികം മുമ്പത്തെ ഒരു കാലത്തെയാണ് ചിത്രീകരിക്കുന്നത് എന്ന് മനസ്സിലാക്കാം. അക്കാലത്തെ എരമം ദേശത്തിന്റെ ജീവിതം യാതൊരു തൊങ്ങലുകളും കൂടാതെ ഇവിടെ അനാവൃതമാവുന്നു (അതു എരമം ദേശത്തിന്റേതുമാത്രമാവില്ല, മലയാളദേശത്തിന്റേതുകൂടിയാണ്). അവ ഓര്‍മകളുടെ മലവെള്ളപ്പാച്ചിലിനിടെ അവക്ഷിപ്തപ്പെട്ട ചരിത്രത്തിന്റെ നേരാണ്. ദേശത്തിന്റെ ചരിത്രജീവിതത്തിലെ തക്തമിറ്റുന്ന ഒരേടാണ്. അനീതിയെ ചോദ്യം ചെയ്തതു കാരണമാണ് ‘പുഞ്ചക്കണ്ടത്തിന്റെ വരമ്പത്ത് കാരിച്ചി പൊലച്ചി പെറ്റിട്ട’പൊലയന്‍ തെയ്യമായി കുടിയിരുത്തപ്പെടാന്‍ ഇടയായത്. ‘നാങ്ങളെ കൊത്ത്യാലും ഒന്നല്ലേ ചോര…നീങ്ങളെ കൊത്ത്യാലും ഒന്നല്ലേ ചോര… പിന്നെന്തേ….” എന്ന് അയിത്താചരണത്തിന്റേയും അക്കാലത്തെ മറ്റു വിവേചനങ്ങളേയും നേര്‍ക്ക് കീഴാളയുക്തിയുടെ ചോദ്യമുതിര്‍ത്തതാണ് തമ്പ്രാക്കളെ ചൊടിപ്പിച്ചത്. അത് ക്രൂരമായ ഒരു കൊലപാതകത്തില്‍ തമ്പ്രാക്കന്‍മാര്‍ തീര്‍ത്തെങ്കിലും അതില്‍ അവസാനിക്കാന്‍ കീഴാളര്‍ വിസമ്മതിച്ച കഥയാണ്. ഇവിടെ വക്കില്‍ നിന്ന് ചോര പൊടിയുക മാത്രമല്ല, ചോര മണ്ണിലാകെ ഒഴുകിപ്പടരുകയാണ്.
വളരെ ശ്രദ്ധാപൂര്‍വ്വമായ വായന ഈ നോവല്‍ ആവശ്യപ്പെടുന്നു. ആഖ്യാനത്തിന്റെ ഭാഷയുടെ സവിശേഷത തന്നെയാണ് അത്തരമൊരു വായന അനിവാര്യമാക്കുന്നത്. നമ്മെ വിസ്മയപ്പെടുത്തുന്ന ഏറ്റവും സര്‍ഗാത്മകമായ ഭാഷാപ്രയോഗം തന്നെയാണ് ആഖ്യാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതൊരിക്കലും മാനകഭാഷ എന്നറിയപ്പെടുന്ന വരേണ്യതയിലേക്ക് കടക്കുന്നില്ല. ആവിഷ്‌കരിക്കുന്ന ജീവിതത്തിന്റെ ആവാസവ്യവസ്ഥയുടെ ഏറ്റവും സ്വാഭാവികമായ ഭാഷ. ഏറ്റവും ഗ്രാമ്യമായ വിനിമയഭാഷ. അടിത്തട്ടുമനുഷ്യരുടെ വാമൊഴി. അവരുടെ നൈസര്‍ഗികമായ വിനിമയരീതി. ഉടനീളം തുടരുന്ന ഇത്തരമൊരു ആഖ്യാനം ആശ്ചര്യപ്പെടുത്തും നമ്മെ.അവരുടെ ചങ്കിടിപ്പുകളെ ആവിഷ്‌കരിക്കാന്‍ ഏറ്റവും ഉതകുന്ന ഒരു ഭാഷയാണല്ലോ ഇത് എന്നു തോന്നുകയും ചെയ്യും.അധഃസ്ഥിത ജീവിതത്തിന്റെ ജീവിതാവസ്ഥ ഇത്രയും ക്ലേശങ്ങള്‍ താണ്ടിയിട്ടുണ്ടോ എന്ന സന്ദേഹവും ഇന്നത്തെ അവസ്ഥയില്‍ നിന്ന് നോക്കുമ്പോള്‍ തോന്നാനുമിടയുണ്ട്.
പീഡിതരുടേയും അടിമകളുടേയും പോരാട്ടത്തിന്റെ കിനാവുകളില്‍ നിന്നാണ് അവരുടെ ദൈവങ്ങള്‍ ഉറവപ്പെടുന്നത്. പൊട്ടന്‍ ദൈവം (തെയ്യം)അത്തരമൊരു ദൈവമാണ്. മര്‍ദ്ദിതരുടെ ആശ്വാസവും പ്രതീക്ഷയും.ആ ദൈവത്തിനുമേല്‍ അവരുടെ പ്രാര്‍ഥനകള്‍ നിറയുന്നു.ആ ദൈവത്തിന്റെ നീതിബോധത്തെ അവര്‍ താങ്ങായി കരുതുന്നു. പെരുമലയനും പ്രിയപ്പെട്ടവരും സഹനങ്ങളുടെ സന്ദര്‍ഭങ്ങളിലെല്ലാം ഓടിയെത്തുന്നത് അവരുടെ പൊട്ടന്‍ തെയ്യത്തിന്റെ സമീപമാണ്.മന്ത്രങ്ങളും തോറ്റങ്ങളും അവരുടെ ആവിഷ്‌കാരങ്ങളായി കൂടെയുണ്ട്. റാക്കും പുഴുക്കുമെല്ലാം അവരുടെ അതിജീവന ആഹാരങ്ങളത്രെ.ഇന്നും തുടരുന്ന ആദിവാസി പീഡനങ്ങള്‍ മലയാളിക്കുണ്ടെന്ന് പറയപ്പെടുന്ന പുരോഗമന ചിന്താഗതിക്കുമേല്‍ ചോദ്യങ്ങളുയര്‍ത്തുന്ന സമകാലിക സന്ദര്‍ഭത്തിലാണ് ഇത്തരമൊരു നോവലിന്റെ പിറവി.കീഴാള ചെറുത്തുനില്‍പ്പിന്റെ ആവേശകരമായ സ്വരങ്ങള്‍ അവരുടെ ദൈവസങ്കല്‍പ്പങ്ങളിലുണ്ട്. അതില്‍ നിന്നുകൂടി പ്രോചോദനപ്പെട്ടാണ് പുതിയ തലമുറയുടെ പ്രതീകമായ കുഞ്ഞിക്കേളു തന്റെ വിമോചത്വര പ്രകടിതമാക്കുന്നത്.
ആവിഷ്‌കാരത്തില്‍ പ്രകടമാവുന്ന സൂക്ഷ്മത അനുപമമാണ്. ജീവിത പരിതോവസ്ഥയിലുള്ള ഏറ്റവും ചെറിയ ഒരു ചലനം പോലും കാണാതെ പോയിട്ടില്ല. ഉപമകള്‍ നാട്ടുപരിസരത്തില്‍ നിന്ന് ചീന്തിയെടുത്തത്. തമ്പ്രാന്‍ കാലത്തെ നെഞ്ച് പിളര്‍ക്കുന്ന ചെയ്തികള്‍ ആവിഷ്‌കരിച്ചത് വായിക്കുമ്പോള്‍ നാം ഉടഞ്ഞുപോകും. തമ്പ്രാന്റെ പുതിയ ആനയ്ക്ക് കണ്ണ് തട്ടാതിരിക്കാന്‍ ഒരു മനുഷ്യനെ കൈ പിന്നില്‍ കെട്ടിയിട്ട് ആനയുടെ മുന്നില്‍ നഗ്‌നനാക്കി നടത്തിക്കുകയും അയാളുടെ ലിംഗത്തില്‍ കൊടുത്തൂവ കൊണ്ടുരസി ചൊറിയല്‍ ഉണ്ടാക്കുകയും ചൊറിയാനാകാതെ തുള്ളിപ്പോകുമ്പോള്‍ ദണ്ഡുകൊണ്ട് അടിക്കുകയും ചെയ്യുന്ന രംഗം സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്.നമ്മുടെ വായനയെ ശ്വാസം മുട്ടിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. കേളുപ്പെരുമലയനും മലിനാണിയും മകന്‍ അമ്പുപ്പണിക്കറും അമ്പുപ്പണിക്കരുടെ മകന്‍ കുഞ്ഞിക്കേളുവും വണ്ണാന്‍ കുഞ്ഞാരനും കൊമ്ട്ട്ക്കുരുവനും തിയ്യത്തി ചിരുതയും ചിരുതയുടെ പുരുവന്‍ തിയ്യന്‍ ചവുണിയനും വാണിയനെമ്മനും നോവു പടര്‍ത്തി നോവലില്‍ നിന്നും ഇറങ്ങി നമ്മുടെ പിന്നാലെ വരുന്നു. പൊട്ടന്‍ തെയ്യമാണ് ‘പറ്റ ഒണങ്ങി ചുളിഞ്ഞ് പോയിനി ഓന്‍’എന്ന് പെരുമലയനെ തുടക്കത്തില്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. ശേഷം ആ ജീവിതയാത്ര വായനക്കാരേയും പങ്കാളികളാക്കിക്കൊണ്ട് അവരില്‍ നോവു പടര്‍ത്തി കിതച്ചും കുതിച്ചും സമരസപ്പെട്ടും മുന്നേറുന്നു.
നാടുവാഴി കാലഘട്ടത്തിലെ സാംസ്‌കാരിക ജീവിതത്തിന്റെ അടരുകള്‍ നോവലില്‍ ആവിഷ്‌കൃതമാകുന്നുണ്ട്. സംസ്‌കാര പഠനം ഇന്നൊരു സവിശേഷ പഠനശാഖയാണല്ലോ. ചരിത്ര സംസ്‌കാര പഠിതാക്കള്‍ക്ക് അവഗണിക്കാനാവാത്തത്ര വിവരങ്ങള്‍ ഈ നോവലിലുണ്ട് എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. രക്തമിറ്റുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍. തൊണ്ടയില്‍ കരച്ചില്‍ കുരുങ്ങിപ്പോയവരാണ് ഇതിലെ കഥാപാത്രങ്ങള്‍ മിക്കവരും. നാടുവാഴിക്കുവേണ്ടി മനസും ശരീരവും അര്‍പ്പിച്ച് അടിമത്തം തലയിലേറ്റിയവര്‍.പരിഭവങ്ങള്‍ ഉള്ളിലൊതുക്കി അവര്‍ ജീവിച്ചു. അവരുടെ കഥ അവരുടെ സ്വന്തം ഭാഷയില്‍ ഇവിടെ ആവിഷ്‌കൃതമാവുന്നു.അവരുടെ നിലവധി തലമുറകള്‍ ഈ മണ്ണില്‍ ജീവിച്ചുമരിച്ചിട്ടുണ്ട്. ജന്മിമാരുടെ കൊടിയ ചതികള്‍ക്ക് വിധേയരായി ജീവിതം അവസാനിപ്പിക്കേണ്ടിവന്നവര്‍ തെയ്യമായി ഉണര്‍ത്തെണീക്കുന്നു.തെയ്യത്തിന്റെ അട്ടഹാസത്തില്‍ എല്ലാ മനുഷ്യരുടേയും ചോര ചുവന്നിട്ടല്ലേ എന്ന നെഞ്ചുരുകിയുള്ള ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.മുഖത്ത് കടുത്ത ചായം തേച്ച് ഉഗ്രമൂര്‍ത്തികളായി ഉറഞ്ഞാടുന്നതിനുപിന്നില്‍ ഇത്തരം കഥകളുണ്ട്. ക്ലേശങ്ങളുടെ തീക്കുനയില്‍ കരിഞ്ഞുണങ്ങാന്‍ വിധിക്കപ്പെട്ട അവര്‍ തെയ്യം കെട്ടിയാടുമ്പോള്‍ എല്ലാവര്‍ക്കും ഐശ്വര്യം വിളമ്പി സര്‍വരേയും അതുവഴി നാടിനേയും അനുഗ്രഹിക്കുന്നു. ഉച്ചനീചത്വത്തിന്റെ ജീര്‍ണ്ണത തകര്‍ത്തെറിഞ്ഞ് മുന്നോട്ടുകുതിക്കാന്‍ വെമ്പുന്ന മനുഷ്യര്‍ അതിജീവിക്കുന്നതിന്റെ കഥകൂടി ഈ കെട്ടിയാടലില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
ഭാഷതന്നെയാണ് ഈ നോവലിനെ മലയാളത്തിലെ മറ്റു നോവലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതി. ആദ്യ വാചകം മുതല്‍ അവസാനവാചകം വരെ ഭാഷയിലെ ഈ ജൈവികത വിടാതെ പിന്തുടരുന്നുണ്ട്. മലയാളത്തിലെ മറ്റു പല നോവലുകളിലും ആദിവാസി ഭാഷയുള്‍പ്പെടെ അടിത്തട്ടുജനതയുടെ ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്രമേല്‍ സ്വാഭാവികതയോടെ ആഖ്യാനം നടന്നിട്ടില്ല എന്നു തോന്നുന്നു. സംഭാഷണങ്ങളില്‍ മാത്രമല്ല ഈ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ആഖ്യാനത്തിന്റെ സര്‍വ്വതലത്തിലും അതുപയോഗിച്ചിരിക്കുന്നു പെരുമലയന്‍ എന്ന നോവലില്‍. പശ്ചാത്തലവിവരണമായാലും ഉപമകളായാലും കഥാപാത്രങ്ങള്‍ തമ്മിലുള്ള നാനാവിധമുള്ള വിനിമയങ്ങളിലായാലും സ്വാഭാവികമായി ഉറവയെടുക്കുന്ന ഭാഷയുടെ ഈ വ്യതിരിക്തത കാണാന്‍ കഴിയും. വടക്കേ മലബാറില്‍ പൊതുവേ ഉപയോഗിക്കുന്ന വാക്കുകള്‍ അനവധി ഉണ്ടെന്നിരിക്കിലും ഇപ്പോള്‍ വടക്കേ മലബാറില്‍ ജീവിക്കുന്ന ഒരാള്‍ക്ക് പോലും ഇതിലുപയോഗിച്ചിരിക്കുന്ന ഭാഷാപ്രയോഗങ്ങള്‍ പൂര്‍ണ്ണമായി തെളിഞ്ഞുകിട്ടണമെന്നില്ല. അതിനായി പ്രയത്‌നവും പ്രത്യേക ശ്രദ്ധയും വേണ്ടിവരും. അങ്ങനെ അതു തെളിഞ്ഞുകിട്ടുമ്പോള്‍ ആ ഭാഷയുടെ അഴകും ജൈവികതയും മനസ്സിലായിവരുന്നതോടെ വായനക്കാര്‍ക്ക് തീര്‍ച്ചയായും ആനന്ദത്തിന്റെ നിമിഷങ്ങളിലൂടെ കടന്നുപോവാന്‍ സാധിക്കും.
‘കൊലക്കാനായ വായക്ക് ഊന്ന് കൊടുക്കുന്നപോലെ ഒരു കൈ ഓന്റെ നടൂന് ഒടിച്ച് കുത്തിയാനിക്ക്ന്ന് ‘. ‘കൂവാന്‍ പോന്ന പൂങ്കോയി ചങ്ക് വെറപ്പിക്കുമ്പോലെ കോയിച്ചപ്പു ഓന്റെ കഴുത്ത് കുലുക്കി” ‘മരത്ത്മ്മന്ന് മയ കയിഞ്ഞേപ്പിന്ന കൊട്ടവെള്ളം ഉറ്റുമ്പോലെ ഓന്‍ വിട്ട് വിട്ട് പറഞ്ഞു”. ഒരൊറ്റ പേജില്‍ നിന്നാണ് ഈ ഉപമകളൊക്കെ ഉദ്ധരിച്ചത് ( പേജ് 97). ഇങ്ങനെ നൂറു കണക്കിന് ദൈനംദിന ജീവിതപരിസരത്തുനിന്നുള്ള ഉപമകള്‍ നോവലില്‍ കാണാം. അതിലൂടെ കടന്നുപോവുമ്പോള്‍ നാട്ടിന്‍പുറത്ത് ജീവിച്ച ഒരാള്‍ക്ക് അതിയായ സന്തോഷവും ഉന്മേഷവും തോന്നാതിരിക്കില്ല. അതുപോലെ ഇതിലെ അധ്യായങ്ങള്‍ക്ക് ഇട്ടിരിക്കുന്ന പേരുകള്‍ തന്നെ അടിത്തട്ടു ജീവിതത്തില്‍ നിന്ന് ഉരുവം കൊണ്ടതും അവരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതും അവരുടെ പുരാവൃത്തങ്ങളുമായി ചാര്‍ച്ചയുള്ളതുമാണ്. തെയ്യമെന്ന അനുഷ്ഠാന കലാരൂവുമായി ബന്ധപ്പെട്ടവയുമുണ്ട്. ‘ദാനം കിട്ടിയ കെര്‍പ്പം’, ‘ഒലക്കോട്ട് പൊരീലെ കണ്ണേറ് പാട്ട്’, ‘ബെലക്കിപ്പോയ കന്നി അടയാളം’,’ഈറ്റെടുക്കാന്‍ പോയിറ്റ് എരട്ട പെറ്റോള്’,’കുരിപ്പിന്റുള്ളിലെ മാരിക്കുരുപ്പ്’, ‘നെലവിളിച്ച് തൊണ്ട വറ്റിയവര്’ …ഇങ്ങനെ പോകുന്നു അവ. ഈ നോവലിന്റെ വായന ഒരാളെഇതിന്റെ ആഖ്യാനദേശത്ത് പിന്നേയും കുറേക്കാലം നിലനിര്‍ത്തിയേക്കും.ആ പ്രദേശവും ആവാസവ്യവസ്ഥയും വിട്ടുപോരാന്‍ മനസ് വിസമ്മതിക്കുന്നതുപോലെ അനുഭവപ്പെടും. ആഖ്യാനത്തിന്റെ വിസ്മയിപ്പിക്കുന്ന ജൈവികത തന്നെയാണ് അതിന്റെ കാരണം എന്ന് തീര്‍ച്ചയായും പറയാം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ശ്രേണീകൃതമായി പ്രവര്‍ത്തിക്കുന്ന ജാതിവ്യവസ്ഥയുടെ കരാളത നോവലിലുടനീളം അനുഭവഭേദ്യമാണ്. ചില ജോലികള്‍ ചില ജാതികളുടേയും ചില സമുദായങ്ങളുടേയും ആണെന്നുള്ളത് ദൈവനിശ്ചയമാണ് എന്ന ആശയം താഴ്ത്തപ്പെട്ട സമുദായങ്ങള്‍ വിശ്വസിച്ചുപോരുന്നു. അത് അലംഘനീയമെന്ന് അവര്‍ ഒരോ അണുവിലും ആന്തരികവല്‍ക്കരിച്ചിട്ടുള്ള ബോധമാണ്. അഥവാ അങ്ങനെ ഉള്ളിന്റെ ഉള്ളില്‍ പോലും അങ്ങനെ വിശ്വസിപ്പിക്കുന്നതില്‍ വര്‍ണവ്യവസ്ഥ വിജയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അടിത്തട്ടു മനുഷ്യരുടെ ചെയ്തികളില്‍ മാത്രമല്ല , പ്രാര്‍ഥനകളില്‍ പോലും നിലീനമാണ് എന്ന കാര്യം അവരുടെ മാനസികവാപാരങ്ങള്‍ ഏറ്റവും സൂക്ഷ്മമായി അവരുടെ ഭാഷയില്‍ ആവിഷ്‌കരിക്കരിച്ചുകൊണ്ടാണ് നോവലിസ്റ്റ് വ്യക്തമാക്കിത്തരുന്നത്. ഇവിടെ പ്രചാരണപരമായി ഒന്നും തന്നെയില്ല. സ്വാഭാവികമായ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരത്തിലൂടെ സാധ്യമാക്കുന്ന രീതിയേ ഉള്ളൂ. ആ ആഖ്യാനരീതിയാകട്ടെ നൈസര്‍ഗികമായ ഒരു രൂപപ്പെടല്‍ ആയിത്തീരുകയും ചെയ്യുന്നു.
നോവലിലെ പ്രമേയത്തിന് വളര്‍ന്ന് വികസിക്കാന്‍ അനുഗുണമായി ഭവിക്കുന്ന ആഖ്യാനതന്തുക്കള്‍ നിറഞ്ഞ ഒരു ആവാസവ്യവസ്ഥയെ സൂക്ഷ്മമായി സൃഷ്ടിച്ചെടുത്തതായി കാണാം. പൊട്ടന്‍ തെയ്യം ആഖ്യാതാവായി വരുന്നതു തന്നെ അതിന് മികച്ച പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. പൊട്ടന്‍തെയ്യത്തിന്റെ അടുത്ത് പ്രാര്‍ഥനയ്ക്കായും തങ്ങളുടെ വിഷമങ്ങളും അകസംഘര്‍ഷങ്ങളും ഇറക്കിവെക്കാനുമായി എത്തുന്നവരിലൂടെയാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളെ സൂക്ഷ്മമായി ആവിഷ്‌കരിക്കാന്‍ ഇതു സഹായകമാണ്. എല്ലാമറിഞ്ഞും എല്ലാം കേട്ടും നിലകൊള്ളുന്ന ഒരു കഥാപാത്രമായി മാത്രമല്ല പൊട്ടന്‍ തെയ്യം അടയാളപ്പെടുന്നത്. അതൊരു സൂത്രധാരന്റെ പങ്ക് കൂടി നിര്‍വഹിക്കുന്നതായി തോന്നുന്നു. ചെമ്പകമരത്തിനു സമീപം എത്തുന്ന എല്ലാവരുടേയും മനോഗതികളും തറയില്‍ അവര്‍ സമര്‍പ്പിക്കുന്ന നിവേദ്യങ്ങളും പൊട്ടന്‍ തെയ്യം വിലയിരുത്തുന്നുണ്ട്. അവരുടെ ചെയ്തികളെ നിശ്ശബ്ദമായി സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ഇരയാക്കപ്പെടുന്നവരുടെ ദൈവമായി ഇതുവഴി പൊട്ടന്‍ തെയ്യം മാറുന്നു. എല്ലാവരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പൊട്ടന്‍ തെയ്യത്തിന്റെ അടുത്തുവന്ന് അനുഗ്രഹത്തിനായി തൊഴുതുനിന്നവരാണ്. അതിനാല്‍ അവരുടെ അകത്ത് നടക്കുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്നത് പൊട്ടന്‍ തെയ്യത്തിനാണ്. അവരുടെ മനോവ്യാപാരങ്ങളെ,ദൈന്യത്തെ, ആഗ്രഹങ്ങളെ,പരാജയങ്ങളെ, ഇഷ്ടങ്ങളെ,തെറ്റുകളെ, നിലവിളികളെ തൊട്ടറിയുന്ന ഇഷ്ടദൈവവുമാണത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേളു എല്ലാം അറിഞ്ഞുകൊണ്ടു തന്നെ വ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ടുപോകുന്ന മലയസമുദായത്തില്‍ പെട്ട ഒരാളാണ്. തെയ്യം കെട്ടലാണ് പാരമ്പര്യമായിട്ടുള്ള പ്രവൃത്തി.ഭാര്യ മലിനാണിയുടെ ജോലി പേറെടുക്കലാണ്.ചാതുര്‍വര്‍ണ്യത്തിന്റെ കരാളമായ വിഭജനത്തിന്റെ ആശയം ആന്തരികവത്കരിച്ച നിസ്സഹായനായ ഒരു മനുഷ്യനാണ് കേളുപ്പരുമലയന്‍. കുനിഞ്ഞുനിന്നല്ലാതെ വല്യമ്പ്രാനോടും മറ്റ് സഹതമ്പ്രാക്കന്മാരോടും പെരുമലയന്‍ സംസാരിച്ചിട്ടില്ല. അയാള്‍ക്കതിന് കഴിയില്ല. അതാണ് നിയമം എന്ന് നൂറ്റാണ്ടുകളായി പെരുമലയന്റെ പിന്‍മുറക്കാര്‍ വിശ്വസിച്ചും മനസ്സിലാക്കിയും പോരുന്നു.’നേമം തെറ്റിക്കാനാവൂല്ല ‘എന്ന വിശ്വാസത്തില്‍ പെരുമലയന്‍ ആണ്ടുപോയിട്ടുണ്ട്. തലമുറയായി അതങ്ങനെ തുടരുന്നു. അയിത്താചരണത്തിന്റെ തീവ്രമായ തിരസ്‌കാരങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ച മകന്‍ അമ്പുവിനെ നഷ്ടപ്പെട്ട പിതാവാണ് പെരുമലയനും മലിനാണിയും കുടുംബവും. ‘ആയകാലത്ത് നാട്ടിലെല്ലാം പല പലേ തെയ്യൂം കെട്ടി അടിയന്‍ എല്ലാരീം കാത്ത് കര്തിവെച്ചില്ലേ.എന്നിറ്റെന്തേ തെയ്വങ്ങളേ നിങ്ങളെല്ലാരും അടിയന കാക്കാന്‍ മറന്ന് പോയിന് ‘എന്ന പെരമലയന്റെ ചോദ്യത്തിമുമ്പില്‍ പൊട്ടന്‍ തെയ്യത്തിനും ഉത്തരമില്ല. ‘കുണ്ടിലേക്ക് താന്നുപോയ കണ്ണില് കനലെരിയുന്നത്’പക്ഷേ, എപ്പോഴും പൊട്ടന്‍ തെയ്യം കാണാറുണ്ട്.
പോപ്പുലര്‍ ഫിക്ഷന്‍ എന്ന ഓമനപ്പേരില്‍ വിപണിയിലെ വിജയം ലാക്കാക്കി എഴുതപ്പെട്ട ചില പൈങ്കിളി സൃഷ്ടികള്‍ നോവലുകള്‍ എന്ന പേരില്‍ നിരവധി പതിപ്പുകളിലെത്തിച്ച് ആഘോഷങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു മൗലികതയുള്ള നോവല്‍ പിറക്കുന്നത്.അത് പ്രസാധക ചക്രവര്‍ത്തിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാഹിത്യോത്സവങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയില്ല. എന്നാല്‍ ഗൗരവമായി വായനയേയും ആസ്വാദനത്തേയും സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം വിശിഷ്ട രചനകളാണ് ഭാഷയിലെ പുതിയ ഉപലബ്ധികള്‍ എന്നു പറയുന്നത്. അതിനാല്‍ ഇത്തരം രചനകള്‍ വായനക്കാരില്‍ വ്യാപകമായി എത്തിപ്പെടേണ്ടതുണ്ട്.ചിന്ത പബ്ലിഷേര്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
