
ഷാജഹാനോട് ചെയ്യുന്നത് ഭരണകൂടഫാസിസം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നീതിക്കുവേണ്ടി ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടത്തിന് താല്‍ക്കാലികമായ വിരാമമുണ്ടായതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നുറപ്പില്ലെങ്കിലും ആ അമ്മയും മകളും നടത്തിയ പോരാട്ടം കേരളത്തിന്റെ മനസ്സാക്ഷി ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഭരണകൂടഫാസിസം എത്ര ഭയാനകമാണെന്നു ബോധ്യമാക്കുന്ന നടപടികളാണ് കെ എം ഷാജഹാന്‍ നേരിടുന്നത്. ഒരു പൊതുപ്രവര്‍ത്തകനെ എങ്ങനെ ഗൂഢോലോചനക്കാരനും കുറ്റവാളിയുമാക്കാന്‍ ഭരണകൂടത്തിനു കഴിയുന്നു എന്നതായിരിക്കും വരുംകാല കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഷാജഹാനെ എന്തുകൊണ്ട് മുഖ്യമന്ത്രി ഭയപ്പെടുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെ ഈ നടപടികളുടെ ലക്ഷ്യവും മനസ്സിലാക്കാം. ജിഷ്ണുവിന്റെ കുടുംബം ഷാജഹാനടക്കമുള്ളവരുടെ ഗൂഢാലോചനയില്‍ വീണെന്നാണ് അവസാനം പിണറായി പറയുന്നത്. അവര്‍ക്ക് സ്വന്തമായി അസ്തിത്വം പോലുമില്ലെന്നര്‍ത്ഥം. ഷാജഹാനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തും ജിഷ്ണുവിന്റെ അമ്മാവനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയും തങ്ങളുടെ ഉള്ളിലിരിപ്പ് ഭരണകൂടവും പാര്‍ട്ടിയും പ്രഖ്യാപിച്ചു കഴിഞ്ഞു.
സമരം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ കുടുംബവുമായി ഉണ്ടാക്കിയ കരാറിലെ ഏഴാമത്തെ ഖണ്ഡിക നല്‍കുന്ന സൂചന ആശാവഹമല്ല. സമരത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളു എന്നും ഷാജിര്‍ഖാനും മിനിയും ശ്രീകുമാറും സഹായിക്കാനെത്തിയതാണെന്നും ഹിമവല്‍ ഭദ്രാനന്ദയും കെ എം ഷാജഹാനും എങ്ങനെ എത്തിയെന്ന് അറിയില്ല എന്നതുമാണത്. എന്താണ് ഈ വാചകങ്ങള്‍ നല്‍കുന്ന സന്ദംശം. അത് മറ്റൊന്നുമല്ല, ഇനി മുതല്‍ സമരങ്ങളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്താല്‍ മതിയെന്നുതന്നെ. ഷാജഹാനും സ്വാമിയും എങ്ങനെ കേട്ടറിഞ്ഞ് എത്തിയാലും തെറ്റെന്താണ്? സ്വാമി ഡിജിപിയുടെ അപ്പോയ്‌മെന്റ് എടുത്ത് കാണാന്‍ വന്നതാണെന്നു വ്യക്തമായി കഴിഞ്ഞു. പൊതുപ്രവര്‍ത്തകനും വി എസ് ഭരണത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ച വ്യക്തിയുമായ ഷാജഹാന് കേട്ടറിഞ്ഞ് അവിടെയെത്താന്‍ പാടില്ലേ? ഇപ്പോഴിതാ ഷാജഹാനെ മാത്രം തുറുങ്കിലിടാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നറിയുന്നു. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേടിസ്വപ്‌നമാണ് ഷാജഹാനെന്നും തുരുപ്പുചീട്ടാണ് ബഹ്‌റയെന്നും അങ്ങാടിപ്പാട്ടാണ്. കൃത്യമായ രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്നു വ്യക്തം. ഇതിനെതിരെ നിശബ്ദത പാലിക്കുക എന്നുവെച്ചാല്‍ വരും കാലത്ത് ശക്തമാകാനിടയുള്ള ഫാസിസ്റ്റ് പ്രവണതക്ക് ഒത്താശ ചെയ്യുക എന്നാണര്‍ത്ഥം. കക്ഷിരാഷ്ട്രീയതിമിരത്താല്‍ പലരും ചെയ്യുന്നത് അതാണ്. അതിനാല്‍ തന്നെ ഷാജഹാന്റെ മാതാവു നടത്തുന്ന പോരാട്ടത്തോട് ഐക്യപ്പെടുകയാണ് ജനാധിപത്യവിശ്വാസികള്‍ ചെയ്യേണ്ടത്.
പോലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാറിനെ ഏറ്റവും വലിയ വീഴ്ചയിലെത്തിക്കുന്ന സമരമാണ് ഒരമ്മയും 15 വയസ്സുമാത്രം തികഞ്ഞ മകളും 80 കഴിഞ്ഞ മുത്തശ്ശിയും നടത്തിയത്. വീടുകളെ പോലും സമരമുഖമാക്കിയ ഗാന്ധിയന്‍ ശൈലി. എന്നാല്‍ ഈ പെണ്‍പോരാട്ടങ്ങളെ അപഹസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസത്തെ ഫോണ്‍വിളി എത്രയോ നേരത്തെ ആകാമായിരുന്നു. മാത്രമല്ല, ആഭ്യന്തരമന്ത്രി പോലീസിനെ ന്യായീകരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലല്ലോ. മന്ത്രിയുടെ ആദ്യപ്രതിബദ്ധത ജനങ്ങളോടാണ്. പോലീസിനോടല്ല. പിണറായി വിജയനാകട്ടെ, ആഭ്യന്തരമന്ത്രി മാത്രമല്ല, മുഖ്യമന്ത്രി കൂടിയാണ്. എന്നിട്ടും പാര്‍ട്ടി അനുഭാവികള്‍ കൂടിയായ ഒരു കുടുംബം രക്തസാക്ഷിയായ മകന്റ നീതിക്കായി മാതാപിതാക്കളും ഒപ്പം കേരളീയ മനസ്സാക്ഷിയും നടത്തുന്ന പോരാട്ടത്തെ അപഹസിക്കുകയാണ് ചെയ്തത്. ജനാധിപത്യ സംവിധാനത്തിന് നിരക്കാത്ത നിലയില്‍ സമരത്തെ നേരിട്ട പോലീസിനെ ന്യായീകരിച്ചു. അതിനായി ലക്ഷങ്ങള്‍ ചിലവാക്കി പരസ്യം നല്‍കി. ഇപ്പോള്‍ പറയുന്നു തെറ്റുചെയ്തങ്കില്‍ പോലീസിനെതിരെ നടപടിയെടുക്കുമെന്ന്. അപ്പോള്‍ ആ ലക്ഷങ്ങളോ..?
കഴിഞ്ഞ ദിവസം പൊലീസ് അക്കാദമിയില്‍ എസ്.ഐ മാരുടെ പാസിങ് ഔട്ട് പരേഡില്‍ വെച്ച് ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിച്ചു കൊടുക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങള്‍ക്കെതിരെ എന്തു കുതിര കയറാനും പുതിയ എസ് ഐമാര്‍ക്ക് അനുമതി നല്‍കിയപോലെയായി പിണറായിയുടെ പ്രസംഗം. മുഖ്യമന്ത്രിയുടെ നിലപാടറിയാവുന്നതിനാലവണം സാമാന്യബുദ്ധിയുള്ള ആരുടേയും മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന റിപ്പോര്‍ട്ടാണ് ഐ ജി മനോജ് എബ്രഹാം തയ്യാറാക്കിയിരിക്കുന്നത്. എസ് യു സി ക്കാരും ഷാജഹാനും ജിഷ്ണുവിന്റെ കുടുംബത്തെ വിളിച്ചിരുന്നു.. ! വിളിക്കാന്‍ പിടില്ലേ! ആ വിളിയൊക്കെ ഡിജിപി ഓഫീസില്‍ സംഘര്‍ഷത്തിനുള്ള പ്ലാനായിരുന്നു..! എങ്കിലാ ഫോണ്‍വിളികള്‍ പരസ്യമാക്കാമല്ലോ.. അവര്‍ ഡിജിപി ഓഫീസ് ഉപരോധിക്കുമായിരുന്നു.. ! അങ്ങനെയാണെങ്കില്‍ തന്നെ ജനാധിപത്യസംവിധാനത്തില്‍ അതിനവകാശമില്ലേ.. പിന്നീട് പാര്‍ട്ടി സമ്മര്‍ദ്ദത്താല്‍ തിരുത്തിയെങ്കിലും എം എ ബേബി പോലും പറഞ്ഞതെന്താണ്? ഇക്കാരണങ്ങളാല്‍ പോലീസ് ചെയ്തതൊക്കെ ശരിയാണത്രെ. കഴിഞ്ഞില്ല, സംഭവത്തില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നു..! ഇടപൈന്‍ പാടില്ലേ?? ബസില്‍ പോകുമ്പോള്‍ വഴിയില്‍ ജനകീയ സമരം കണ്ടതിനെതുടര്‍ന്ന് ഇറങ്ങി ദിവസങ്ങളോളം ആ സമരത്തില്‍ പങ്കെടുത്ത എ കെ ജിയുടെ അനുയായിയായ മുഖ്യമന്ത്രി ഈ റിപ്പോര്‍ട്ടിനെയാണ് ന്യായീകരിച്ചത്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ വജ്രജൂബിലി ആഘോഷ ദിനത്തിലാണ് ജിഷ്ണു പ്രണോയിയുടെ മാതാവിന് നേരെയുണ്ടായ അതിക്രമുണ്ടായത്. ആദ്യം തീവ്രവാദി സംഘടനകളുടെ സാന്നിധ്യമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ അതു കേള്‍ക്കാനില്ല !!! രമ്യമായി പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ തെരുവില്‍ എത്തിച്ചതെന്ന വിമര്‍ശനം സി.പി.എം നേതൃത്വത്തില്‍തന്നെ ശക്തമാണ്. അതാണ് യെച്ചൂരിപോലും ഇടപെടാന്‍ കാരണം. എന്നാല്‍ അച്ചടക്കമെന്ന ഫാസിസ്റ്റ് മാനദണ്ഡത്തില്‍ എല്ലാവരും നിശബ്ദരാണ്. എം എം മണിയെപോലുള്ളവര്‍ ആ കുടുംബത്തെ പരമാവധി അപഹസിക്കുകയും ചെയ്യുന്നു.
സത്യത്തില്‍ സംഭവിച്ചത് എന്തായിരുന്നു? ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരം നടത്തുമെന്ന് മുമ്പെ പ്രഖ്യാപിച്ച മഹിജ ഉടന്‍ പ്രതികളെ പിടികൂടുമെന്ന ഡി.ജി.പിയുടെ ഉറപ്പിന്മേലാണ് അത് മാറ്റിവെച്ചത്. എന്നാല്‍, കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട നാടകം അരങ്ങേറിയതാണ് അവരെ പ്രകോപിപ്പിച്ചത്. മകന്‍ നഷ്ടപ്പെട്ട് 87 ദിവസം കഴിഞ്ഞിട്ടും പ്രതികള്‍ പിടിക്കപ്പെടാത്ത വികാരവിക്ഷോഭത്തില്‍ ഡി.ജി.പിയെ കാണാന്‍ എത്തിയ അമ്മയോട് സംയമനം കാട്ടുന്നതിനുപകരം നിയമവും ചട്ടവും പറഞ്ഞ് അതിക്രമം കാട്ടിയതിനെ ന്യായീകരിക്കുകയാണ് സര്‍ക്കാറും സി.പി.എമ്മും ചെയ്തത്. യു.ഡി.എഫ് കാലത്തെ പൊലീസല്ലെന്നും സ്ത്രീകളോടും അശരണരോടും അനുകമ്പയോടെ പെരുമാറുന്ന സര്‍ക്കാറാണ് അധികാരത്തിലെന്നും പറഞ്ഞാണല്ലോ എല്‍ ഡി എഫ് വോട്ടുകള്‍ നേടിയത്.. മാവോവാദികളെ വെടിവെച്ചുകൊന്നത്, കസ്റ്റഡി മരണങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതക – പീഡന കേസ് അന്വേഷണ വീഴ്ചകള്‍, മറൈന്‍ഡ്രൈവിലെ ശിവസേന അക്രമത്തിന് കൂട്ടുനിന്നത്, സി.എ വിദ്യാര്‍ഥിനിയുടെ മരണം. ട്രാന്‍സ് ജെന്റേഴ്‌സിനെതിരായ അക്രമങ്ങള്‍ തുടങ്ങി വീഴ്ചകളുടെ പട്ടികകള്‍ നീളുമ്പാഴാണ് പുതിയ സംഭവവും അരങ്ങഏറിയിരിക്കുന്നത്. അതിന്റെ ഒടുവിലെ ഇരയാണ് ഷാജഹാന്‍.
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും ഏറ്റെടുത്തപ്പോള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പലരും പലതും പ്രതീക്ഷിച്ചു. കര്‍ക്കശക്കാരനെന്നറിയപ്പെടുന്ന അദ്ദേഹം പോലീസിന്റെ അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുമെന്നതായിരുന്നു അതില്‍ പ്രധാനം. എന്നാല്‍ സംഭവിക്കുന്നതെല്ലാം തിരിച്ചാണ്. സംസ്ഥാനത്തു പോലീസ് അതിക്രമങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചതായി പോലീസ് കംപ്ലെയ്ന്റ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനും പല തവണ ചൂണ്ടികാട്ടി കഴിഞ്ഞു. നിരന്തരമായി പോലീസിനു വീഴ്ച പറ്റി എന്നു പറയുന്ന മുഖ്യമന്ത്രി പക്ഷെ താഴെക്കിടയിലുള്ള ഏതാനും പേര്‍ക്കെതിരെ നടപടിയെടുത്ത് കൈ കഴുകുകയാണ്. ഫലപ്രദമായ നടപടികളൊന്നും അദ്ദേഹം സ്വീകരിക്കുന്നില്ല. മാത്രമല്ല പോലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്ന പ്രസ്താവനയിലൂടേയും ഭീകരനിയമമായ യുഎപിഎ കേരളത്തില്‍ പ്രയോഗിക്കുന്നതിലൂടേയും അദ്ദേഹം പരോക്ഷമായി പോലീസിന്റെ അതിക്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയാണ്. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിമോചനസമരകാലത്ത് പോലീസ് നടത്തിയ ഒരു വെടിവെപ്പ് തെറ്റായിരുന്നു എന്നു പാര്‍ട്ടിക്കു ബോധ്യമായിട്ടും അതിനെ ന്യായീകരിക്കാന്‍ തീരുമാനിച്ച അനുഭവം കെ ദാമോദരന്‍ വിശദീകരിക്കുന്നുണ്ട്. ആ അവസ്ഥ തന്നെയാണ് ഇപ്പോഴും തുടരുന്നത്. അതവസാനിപ്പിച്ചേ പറ്റൂ. അതിന്റെ ആദ്യപടിയായി ഷാജഹാനടക്കമുള്ളവരെ വിട്ടയക്കണം. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം. ഒപ്പം പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് വിടുകയും ബഹ്‌റയെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റുകയും വേണം. അല്ലാത്തപക്ഷം മോശപ്പെട്ട അവസ്ഥയിലേക്കാകും കാര്യങ്ങളെത്തുക.
