വിവാഹധൂര്‍ത്ത് : സര്‍ക്കാരിനു ഉത്തരവാദിത്തമില്ലെന്നോ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

vvv

സംസ്ഥാനത്തു വ്യാപകമായ വിവാഹധൂര്‍ത്തില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്നും അതു സ്വയം നിയന്ത്രിക്കേണ്ടതാണെന്നുമുള്ള നിലപാട് ഒരു ജനാധിപത്യ സംവിധാനത്തില്‍ ശരിയാണെന്നു പറയാനാകില്ല. വിവാഹം രണ്ടുപേരുടെ, അഥവാ രണ്ടു കുടുംബങ്ങളുടെ കാര്യമാണെന്നും അതില്‍ സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും എന്തു കാര്യമെന്നുമുള്ള കാഴ്ചപ്പാടാണ് പൊതുവില്‍ നമ്മെ നയിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഈ നിലപാടും. എന്നാല്‍ വിവാഹധൂര്‍ത്ത് രണ്ടു കുടുംബങ്ങളുടെ മാത്രം പ്രശ്‌നമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിരവധി കുടുംബങ്ങള്‍ പാപ്പരാകുന്നതുമുതല്‍ ഭര്‍ത്തൃഗൃഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന നിരവധി പീഡനങ്ങള്‍ക്ക് അതു കാരണമാകുന്നു എന്നതാണ് സത്യം. അതു കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനു കഴിയുമോ?
കഴിഞ്ഞ ദിവസം നിയമസഭയില്‍ ആഡംബരവിവാഹങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ വിവാഹങ്ങളിലെ ധൂര്‍ത്ത് തടയാന്‍ വ്യക്തികള്‍ പരിശ്രമിച്ചാലേ സാധിക്കുകയുള്ളുവെന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കിയും ബോധവല്‍ക്കരിച്ചും ധൂര്‍ത്ത് ഒരു പരിധിവരെ തടയാന്‍ ശ്രമിക്കാം. വിവാഹസ്ഥലത്തു ചെന്നാലേ വിവാഹം ആഡംബരമാണോ ലളിതമാണോയെന്ന് അറിയാന്‍ കഴിയുള്ളൂ എന്നിങ്ങനെ തുടര്‍ന്ന മുഖ്യമന്ത്രി ഒരു ഘട്ടത്തില്‍ ആര്‍ഭാടവിവാഹങ്ങള്‍ നിരവധി സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നു സമ്മതിച്ചു. എങ്കില്‍ അതിലിടപെടേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനു തന്നെയല്ലേ?
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ആഡംബര വിവാഹങ്ങളും ധൂര്‍ത്തും നിയന്ത്രിക്കുന്നതിന് നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന വനിതാ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള കുടുംബകലഹങ്ങളും ആത്മഹത്യയും വിവാഹമോചനങ്ങളും നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നീണ്ടുപോകുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്തയിരുന്നു വനിതാ കമ്മീഷന്‍ അത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ആ വിഷയത്തില്‍ ശില്‍പശാല നടത്തിയാണ് പൊതുവായി ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി നിവേദനം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അത് തള്ളുകയായരുന്നു. പിന്നീടതേ കുറിച്ച് ഒരു ചര്‍ച്ചയുമുണ്ടായില്ല. ഇപ്പോഴാണ് വീണ്ടും ആ വിഷയം ഉയര്‍ന്നു വരുന്നത്. മുന്‍സര്‍ക്കാരിന്റെ നിലപാടുതന്നെയാണ് ഈ വിഷയത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരും സ്വീകരിക്കുന്നത്.
ആര്‍ഭാടം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ എളുപ്പമല്ലായിരിക്കാം. എന്നാല്‍ ആ ദിശയിലെ ഒരു ചെറിയ നടപടി പോലും എത്രയോ ഗുണകരമായിരിക്കും. വിവാഹസന്ദര്‍ഭത്തില്‍ വധു പത്ത് പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കാന്‍ പാടില്ല, വിവാഹത്തിനായി ചെലവഴിക്കുന്ന തുകയ്ക്ക് നിയന്ത്രണങ്ങള്‍ വേണം. വിവാഹക്ഷണക്കത്തിന് 25 രൂപയില്‍ കൂടരുത്, വിവാഹപന്തലിന്, അല്ലെങ്കില്‍ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ മൊത്തം വാടക 50000ല്‍ കൂടുവാന്‍ പാടില്ല. വിവാഹവസ്ത്രങ്ങള്‍ക്ക് പരമാവധി 20000 രൂപയില്‍ കവിയരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു വനിതാ കമ്മിഷന്‍ മുന്നോട്ടുവെച്ചത്. ഇതിന് വിരുദ്ധമായി ആഡംബര വിവാഹം നടത്തുന്നവരില്‍ നിന്നും മൊത്തം ചെലവിന്റെ 25 ശതമാനം പിഴയായി ഈടാക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഒരു ശരാശരി വിവാഹത്തിനു ഇതെല്ലാം പോരേ? പിന്നെയെല്ലാം പണക്കൊഴുപ്പിന്റെ ഊറ്റമല്ലേ.. ഒപ്പം അതനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ചെന്നുവീഴുന്നത് വന്‍ കടക്കെണികളിലും.
ഇന്ന് ശരാശരി മലയാളിയുടെ പൊങ്ങച്ചം പ്രകടമാകുന്നത് പ്രധാനമായും അഞ്ചു സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. വിവാഹം, വിദ്യാഭ്യാസം, വീടുനിര്‍മ്മാണം, വാഹനം, ചികിത്സ എന്നിവയാണവ. പണമുള്ളവരുടെ പൊങ്ങച്ചത്തെ അനുകരിക്കാന്‍ പാവപ്പെട്ടവരും സാധാരണക്കാരും ശ്രമിക്കുന്നു. കാരണം അവയാണല്ലോ മാന്യതയുടെ സിംബല്‍. എന്നാല്‍ അതോടെ അവരെത്തിപെടുന്നത് വന്‍ കടക്കെണികളിലാണ്. എന്തിനും വന്‍ പലിശ വാങ്ങി വായ്പ നല്‍കാന്‍ തയ്യാറായാണല്ലോ നമ്മുടെ ധനകാര്യ സ്ഥാപനങ്ങള്‍ നിലകൊള്ളുന്നത്. പൊങ്ങച്ചമത്സരത്തില്‍ ഭൂരിഭാഗവും കടക്കെണിയിലാകുന്നു. പലരും പിന്നീട് കൂട്ട ആത്മഹത്യയിലുമെത്തുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല? ഈ വിഷയങ്ങളിലെല്ലാം ഇടപെടാനും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
വീടും വാഹനങ്ങളുമാണ് മാന്യതയുടെ മറ്റു പ്രതീകങ്ങള്‍. ലോണ്‍ വാഗ്ദാനവുമായി വരുന്ന ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് തിരിച്ചടവിനെ കുറിച്ചാലോചിക്കാതെ പണം വാങ്ങി കൊട്ടാരസമാനമായ വീടുവെച്ചും ആഡംബരവാഹനം വാങ്ങിയും പാപ്പരായവര്‍ എത്രയാണ്. അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്ങ്ങളും അതിരൂക്ഷമായിരിക്കുകയാണ്. പുഴയും കാടും പശ്ചിമഘട്ടവും തകരന്നത് പ്രധാനമായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണല്ലോ. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ആഗോളതാപനവും റോഡുകള്‍ക്കായുള്ള കുടിയൊഴിക്കലും രൂക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ വിവാഹം, വീട്, വാഹനം തുടങ്ങിയവയിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ കര്‍ശനമായ നിയമനിര്‍മ്മാണം നടത്തുന്നതില്‍ ഒരു തെറ്റുമില്ല.
മറ്റു രണ്ടുവിഷയങ്ങള്‍, വിദ്യാഭ്യാസവും ആരോഗ്യവും, നാം തുടരുന്ന തെറ്റായ നയസമീപനങ്ങളുടെ ദുരന്തഫലങ്ങളാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്‍നിരയിലാണെന്നു ഏറെ അഹങ്കരിച്ചവരാണ് നാം. എന്നാല്‍ രണ്ടും ഏറ്റവും വലിയ കച്ചവടമേഖലയായി മാറിയതിന്റെ ദുരന്തഫലങ്ങളാണ് നാമിന്ന് അനുഭവിക്കുന്നത്. പൊതുവിദ്യാഭ്യാസത്തേയും ആരോഗ്യത്തേയും നശിപ്പിച്ചതില്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്ല പങ്കുണ്ടെന്നത് ശരി. പക്ഷെ അതിനു പരിഹാരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ആശുപത്രികളേയുമാണ് നാം കണ്ടത്. അവയും അങ്ങനെ മാന്യതയുടെ പ്രതീകങ്ങളായി. കഴുത്തറുപ്പന്‍ കച്ചവടത്തിനായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആശുപത്രികളുടേയും മുന്നില്‍ നാം തല വെച്ചുകൊടുക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ഈ വിഷയങ്ങളിലെല്ലാം ഇടപെടാനും നിയന്ത്രണം കൊണ്ടുവരാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ ജനാധിപത്യ സംവിധാനത്തിനു ഹാനികരവുമാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply