മുരളി കണ്ണമ്പിള്ളിയെ വെറുതെ വിടണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

muraliഹരികുമാര്‍

മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൂനയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മുരളി കണ്ണമ്പിള്ളിയെ വെറുതെ വിടേണ്ടതാണ്. മാവോവാദിയാണെന്ന കാരണത്താല്‍ മാത്രം ഒരാളെ കസ്റ്റഡിയില്‍ വെക്കാനാകില്ല എന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ തടവിലാക്കാന്‍ സാധിക്കൂവെന്നുമാണ് കോടതി പറഞ്ഞത്. മുരളിക്കെതിരെ അത്തരത്തില്‍ ഒരു കേസുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതാണ്. കൂടാതെ ഇതനുസരിച്ച് രൂപേഷ്, ഷൈന, അനൂപ് തുടങ്ങിയവരെയൊക്കെ അവര്‍ പങ്കെടുക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്ത അക്രമസംഭവങ്ങളില്‍ മാത്രമേ കേസെടുക്കാനാവൂ. എന്നാല്‍ കോടതി ിവധിക്കെതിരെ അപ്പീല്‍ പോകാനാണത്രെ സര്‍ക്കാര്‍ നീക്കം.
മാവോവാദിയായിരിക്കുകയെന്നത് കുറ്റകൃത്യമല്ലെന്ന് കോടതി അടിവരയിട്ടു പറഞഅഞു. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്റെ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചു. അതേസമയം, ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വഴിമാറുമ്പോള്‍ രാജ്യത്തിന്റെ നിയമം ഉപയോഗിച്ചു തടയാമെന്നും കോടതി ചൂണ്ടികാട്ടി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നുവെങ്കില്‍ മാവോവാദികളെ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംഹാരം നടത്തുന്നവരുടെ വേഷമണിഞ്ഞ് മൃഗങ്ങളെ വേട്ടയാടുന്നപോലെ മാവോവാദി വേട്ട നടത്തുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ മാത്രമേ അത് നിയമവിരുദ്ധ പ്രവര്‍ത്തനമാകൂവെന്നാണ് ജസ്റ്റീസ് എ. മുഹമ്മദ് മുസ്താഖിന്റെ വിധി. മാവോയിസത്തില്‍ വിശ്വസിക്കുന്നത് കുറ്റകരമല്ല. 2014 മേയ് 20ന് വയനാട്ടില്‍ വെച്ച് തണ്ടര്‍ബോട്ട് ശ്യാം ബാലകൃഷ്ണന്‍ എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തകേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ശ്യാം ബലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചത് പോലീസിനു തലവേദനയായിട്ടുണ്ട്. മാവോവാദിയാണെന്ന് സംശയിച്ച് നാട്ടുകാര്‍ തടഞ്ഞുവെച്ചപ്പോള്‍ ശ്യാമിനെ രക്ഷിക്കുകയായിരുന്നുവെന്നാണ് തണ്ടര്‍ബോള്‍ട്ട് അവകാശപ്പെട്ടത്. എന്നാല്‍ അത് പച്ചക്കളമാണെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. മാവോവാദിയാണെന്ന് ആരോപിച്ച് തന്നെ തടവിലാക്കുകയായിരുന്നുവെന്നായിരുന്നു ശ്യാമിന്റെ ഹര്‍ജി. 2014 മേയ് 20ന് വൈകുന്നേരം 4.30ന് അന്യായമായി പൊലീസ് പിടികൂടി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് ശ്യാം ബാലകൃഷ്ണന്‍ ഹരജി നല്‍കിയത്. പിടികൂടിയ പൊലീസ്, ജീപ്പിലിട്ട് സ്‌റ്റേഷനില്‍ എത്തിച്ചശേഷം വസ്ത്രമുരിഞ്ഞു ദേഹപരിശോധന നടത്തി. അതിനുശേഷം തന്നെ വീട്ടിലത്തെിച്ച് തിരച്ചില്‍ നടത്തുകയും ഭാര്യയുടേതടക്കം മൊബൈല്‍ ഫോണും ലാപ്‌ടോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. ഇത് കനത്ത മാനസിക പ്രശ്‌നങ്ങളുള്‍പ്പെടെ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മനുഷ്യന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം അവന്റെ സ്വാഭാവിക അവകാശമാണെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അത് അടിയറ വെക്കേണ്ട അവകാശമല്ല. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയോ അതിനെതിരെ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ മാത്രം നടപടിയെടുക്കുക തന്നെ വേണം. അതില്‍ പോലും കോടതി കുറെ നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ഒരാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിനു നടപടിയെടുക്കുന്ന ഉദ്യോഗസ്ഥന് വിശ്വാസമോ ന്യായമായും സംശയമോ ഉണ്ടാകണം. ഒരു കുറ്റകൃത്യം നടന്നുവെന്നതിന് സാധ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള സംശയത്തിന്റെ ബലത്തില്‍ നടപടി പാടില്ല. വെറും സാധ്യതയെക്കാള്‍ ഏറെ വലുതാണ് ന്യായമായ സംശയവും വിശ്വാസവും. ലഭ്യമായ സാഹചര്യങ്ങളിലും വസ്തുതകളിലും നിന്ന് ബുദ്ധിതലത്തിലൂടെയുള്ള സൂക്ഷ്മപരിശോധനകളിലൂടെ ഒരു സംശയത്തിന് ന്യായമായ അടിസ്ഥാനമുണ്ടോയെന്ന് ഉദ്യോഗസ്ഥന്‍ തീര്‍ച്ചയായും പരിശോധിച്ചിരിക്കണം. എന്നിട്ടുമാത്രമേ നടപടിക്കു മുതിരാവൂ എന്നും കോടതി നിരീക്ഷിച്ചു.
സത്യത്തില്‍ ശ്യാം മാവോയിസ്റ്റ് ചിന്താഗതിക്കാരന്‍ പോലുമല്ല. ജൈവകൃഷിയും പരിസ്ഥിതി പ്രവര്‍ത്തനവും മനുഷ്യാവകാശപ്രവര്‍ത്തനവുമാണ് അദ്ദേഹത്തിന്റെ മേഖല. താടിയും നീട്ടിവളര്‍ത്തിയ മുടിയും അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള സുഹൃത്തുക്കളുടെ വരവുമാണത്രെ ശ്യാമിനെ മാവോയിസ്റ്റാക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. മാവോയിസ്റ്റാണെന്നാരോപിച്ചാല്‍ ആരേയും നിയമവിരുദ്ധമായി തുറുങ്കിലടക്കാമെന്ന അവസ്ഥയിലേക്കാണ് കേരളം പോകുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭീകരരെ കൈകാര്യം ചെയ്യുന്നതുപോലെയാണ് തണ്ടര്‍ബോള്‍ട്ട് ഇരച്ചെത്തി ശ്യാമിനെ അറസ്റ്റ് ചെയ്തത്. കോറോം ടൗണില്‍ വെച്ച് നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയാണ് സായുധരായ തണ്ടര്‍ബോള്‍ട്ടും വെള്ളമുണ്ട പോലീസും ചേര്‍ന്ന് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ശ്യാമിനെ പിടികൂടിയത്. പിടികൂടിയ ഉടന്‍തന്നെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി വസ്ത്രങ്ങള്‍ വരെ അഴിച്ച് പരിശോധന നടത്തുകയും ചെയ്തു. പോലീസ് വാഹനത്തില്‍ ബലംപ്രയോഗിച്ചാണ് കയറ്റിയത്. പിടികൂടിയ വിവരം സുഹൃത്തുക്കളെ അറിയിക്കാന്‍ അനുവദിച്ചില്ല.
മാവോയിസ്റ്റ് ബന്ധത്തെ കുറിച്ച് യാതൊരുവിധ വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് എട്ടുമണിയോടെ ശ്യാം താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന് ഡി.വെ.എസ്.പിയുടെ നേതൃത്വത്തില്‍ വീട് പരിശോധിച്ചു. ഈ സമയം വീടിനുചുറ്റും സായുധരായ തണ്ടര്‍ബോള്‍ട്ടിനെ നിയോഗിക്കുകയും ചെയ്തു. രാത്രി 12.30 വരെ പരിശോധന നടത്തിയിട്ടും മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് യാതൊരുസൂചനകളും ലഭിക്കാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമ ചോദിച്ച് പോലീസ് പിന്‍വാങ്ങി.
എന്നാല്‍ അവിടേയും വിഷയം തീര്‍ന്നില്ല. പിറ്റേന്ന് രാവിലെ ഇന്റലിജന്‍സിന്റെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും ഉദ്യോഗസ്ഥര്‍ വീണ്ടും വീട്ടിലെത്തി നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ ഫോട്ടോയെടുക്കുകയും ചെയ്തു. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി നാലേക്കര്‍ ഭൂമിയില്‍ വിവിധ കൃഷിയിറക്കി ശ്യാമും ഭാര്യ ഗീതി പ്രിയയും പൊര്‍ളോത്ത് താമസിക്കുകയാണ്. സാഹിത്യകാരന്‍കൂടിയായ ശ്യാം ബാലകൃഷ്ണന്‍, പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരന്‍ തോറോയുടെ രണ്ട് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലും കുടംകുളം ആണവനിലയ വിരുദ്ധ സമരത്തിലും പങ്കെടുത്തു. ജൈവകൃഷി കാണാനും സൗഹൃദം പങ്കിടാനുമായി നിരവധി സുഹൃത്തുകളും കുടുംബങ്ങളുമിവിടെ സന്ദര്‍ശിക്കാറുണ്ട്. കാടിനോടുചേര്‍ന്ന ഒറ്റപ്പെട്ട വീട്ടില്‍ അപരിചിതരെത്തുന്ന സംബന്ധിച്ച് പോലീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിനെയാണ് മാവോയിസ്റ്റ് ബന്ധമെന്ന് ആരോപിക്കുന്നത്. ജൈവകൃഷി സര്‍ക്കാര്‍ നയമായി തന്നെ പ്രഖ്യാാപിച്ച സംസ്ഥാനത്താണ് ഈ മനുഷ്യാവകാശ ലംഘനം നടന്നത്. മാവോവാദി ബന്ധമില്ലെന്നറിഞ്ഞിട്ടും പോലീസ് വീണിടം വിദ്യയാക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന പരാതിയുണ്ട്. ശ്യാമിന്റെ ബൈക്കും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഏറെ കാലം പോലീസ് കസ്റ്റഡിയിലായിരുന്നു.
കുറഞ്ഞ വിഭവങ്ങളുപയോഗിച്ച് ജീവിക്കുകയും ജൈവകൃഷിയിലൂടെ ജീവിക്കാനാവശ്യമായ നെല്ലും പച്ചക്കറികളും ഉത്പാദിപ്പിക്കുകയും സ്വയംപര്യാപ്തതയുടെയും സ്വഭരണത്തിന്റെയും സന്ദേശം പ്രചരപ്പിക്കുകയും ആത്മീയദാര്‍ശനിക സംവാദങ്ങളും പഠനക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുന്ന ശ്യാം എങ്ങനെയാണ് പോലീസിന് മാവോവാദിയായി മാറിയത്? വ്യക്തിയുടെ ജീവിതത്തെ അനുനിമിഷം നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന മുതലാളിത്തം, രാഷ്ട്രം, കുടുംബം തുടങ്ങിയ വ്യവസ്ഥകളെ സര്‍ഗ്ഗാത്മകമായി എങ്ങനെ പ്രതിരോധിക്കാം എന്ന് ആലോചിക്കുകയും അതിനുവേണ്ട സമഗ്രമായ താത്വികപഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന കൂട്ടായ്മയാണ് ശ്യാമിന്റെ നേതൃത്വത്തിലുള്ള ഏകലോക സര്‍വ്വകലാശാല. മുഖ്യധാരയോട് കലഹിച്ചുകൊണ്ട് ഇത്തരം സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സംഘങ്ങളുമെല്ലാം മാവോവാദികളായി മുദ്രകുത്തി ആക്രമിക്കപ്പെടുന്ന കാലമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. ഇത് സൃഷ്ടിക്കുന്നത് ഭാതിദമായ അന്തരീക്ഷമാണ്. അതിനിടയിലാണ് കോടതിയുടെ ആശ്വാസകരമായ വിധി.
സത്യത്തില്‍ കോടതി സര്‍ക്കാരിനെ മാത്രമല്ല, മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരമല്ല എന്നും നിമയവിരുദ്ധവും അക്രമവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതാണ് കുറ്റകരം എന്നും നേരത്തെ ഒരു സുപ്രി കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയോ വിശ്വസിക്കുകയോ സഹായിക്കുകയോ ചെയ്താല്‍ പോലും, അല്ലെങ്കില്‍ അങ്ങനെ ആരോപിച്ചാല്‍ പോലും യു എ പി എ ചുമത്തുന്ന അവസ്ഥയാണുള്ളത്. അതിനു തിരിച്ചടിയാണ് ഈ വിധി. ഈ വിധിയുടെ അന്തസത്തയനുസരിച്ച് മുരളി കണ്ണമ്പിള്ളിയെ തടവില്‍ വെക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അദ്ദേഹം ഒരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിലും പങ്കെടുത്തതായി റിപ്പോര്‍ട്ടില്ല. 40 വര്‍ഷം ഒളിവില്‍ എന്നെല്ലാം പറയുമ്പോള്‍ അദ്ദേഹം നിരോധിത മാവോയിസ്റ്റ് സംഘടനയിലെത്തി ഒരു വര്‍ഷമേ ആയിട്ടുള്ളു. മാവോയിസ്റ്റ് ആശയങ്ങളുള്ള ഏതാനും ഇ മെയിലുകള്‍ അയച്ചു എന്നതുമാത്രമാണ് ആരോപിക്കപ്പെട്ട കുറ്റം. മേല്‍സൂചിപ്പിച്ച 2 വിധി പ്രകാരവും ഇത് കസ്റ്റഡിയില്‍ വെക്കാവുന്ന കുറ്റമല്ല. എന്നാല്‍ അദ്ദേഹത്തിനുമേല്‍ ചുമത്താന്‍ കേസുകള്‍ അന്വേഷിക്കുകയാണത്രെ. അത് തീര്‍ത്തും മനുഷ്യാവകാശ ലംഘനമാണ്. അതുപോലെ രൂപേഷിനും കൂട്ടര്‍ക്കുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ കേസെടുക്കാനുമാകൂ.
എന്നാല്‍ ശ്യാം കേസിലെ തിരിച്ചടി ലഭിച്ച സര്‍ക്കാര്‍ അപ്പീല്‍ പോകാനുള്ള തയ്യാറെടുപ്പിലാണത്രെ. നീതിന്യായരംഗത്തും പൊതുസമൂഹത്തിലും പുതിയൊരു സംവാദത്തിന് അത് തിരി കൊളുത്തട്ടെ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply