
ഫെഡറലിസത്തിനുമേല്‍ അവസാന ആണി…..?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും തന്റെ ഓഫീസ് തുടങ്ങാനാണത്രെ നരേന്ദ്രമോഡിയുടെ ശ്രമം. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സംസ്ഥാനങ്ങളിലെ സെക്രട്ടറിയേറ്റുകളില്‍ തന്നെയാണ് ഭരണത്തില്‍ ഇടപെടുക എന്ന ലക്ഷത്തോടെ ഓഫീസുകള്‍ തുടങ്ങാന്‍ മോദി ഉദ്ദേശിക്കുന്നത്. രാജ്യത്തുണ്ടെന്നു പറയപ്പെടുന്ന ഫെഡറലിസത്തിന്റെ അവസാന കണികപോലും ഇല്ലാതാക്കുന്ന സമീപനമാണിത്. ശക്തമായ രീതിയില്‍ തന്നെ ഇതിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്തുവരേണ്ടതാണ്. എന്നാല്‍ കാര്യമായ പ്രതിഷേധം കാണാനില്ല. കേരളത്തില്‍ ഡോ തോമസ് ഐസകാണ് ഈ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടുള്ളത്. ഭരണപക്ഷവും പ്രതിപക്ഷവും ഗൗരവമായി കാണേണ്ടതും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുമായ നീക്കമാണത്.
അതുപോലെതന്നെയാണ് ബിജെപിക്ക് ഒരു എംപിയേയും നല്‍കാത്ത കേരളത്തിനു മന്ത്രിസ്ഥാനമില്ലെന്ന ഒ രാജഗോപാലിന്റെ പ്രസ്താവന. രാജഗോപാല്‍ പറഞ്ഞതുതന്നെയാണ് മോദി ചെയ്യാന്‍ പോകുന്നതെന്നും അറിയുന്നു. എങ്കില്‍ അതും ഫെഡറലിസത്തില്‍ കത്തിവെക്കുന്നതുതന്നെ.
അതേസമയം മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാതിരിക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം ശരിയല്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ തനിക്കുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്കില്‍ പ്രതിനിധിയായി ആരെയെങ്കിലും അയക്കണം. അത്തരത്തിലുള്ള നീക്കമുള്ളതായി റിപ്പോര്‍ട്ട് കണ്ടില്ല. അതേസമയം കോണ്‍ഗ്രസ്സും സിപിഎമ്മും ചടങ്ങില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്. എന്തൊക്കെ എതിര്‍പ്പുണ്ടെങ്കിലും ജനാധിപത്യപരമായ രീതിയില്‍തന്നെയാണ് മോദി അധികാരത്തില്‍ എത്തിയതെന്നത് നിഷേധിക്കരുത്. കേന്ദ്രത്തിന്റെ അമിതാധികാരപ്രവണതകള്‍ക്കെതിരെ പ്രതിപക്ഷത്തെ ഒന്നടങ്കം ്അണിനിരത്തിയുള്ള സമരങ്ങള്‍ക്കുള്ള തയ്യാറെടുപ്പാണ് ഉമ്മന്‍ചാണ്ടി നടത്തേണ്ടത്.
