പിണറായിക്ക് 15 വയസ്സാകുമ്പോള്‍…

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

PINARAYI_VIJAYAN_11083f

സിപിഎം സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുത്ത് 15 വര്‍ഷം തികയുന്ന പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ഒരു അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് കാര്‍ക്കശ്യവും പരിപൂര്‍ണ്ണമായ പാര്‍ട്ടി പ്രതിബദ്ധതയും അനിവാര്യമാണെന്ന പരമ്പരാഗത വിശ്വാസം തിരിച്ചു പിടിക്കുകയാണ് ഇക്കാലയളവില്‍ പിണറായി മുഖ്യമായും ചെയ്തത്. നായനാരും വിഎസും മറ്റും ഉണ്ടാക്കിയെടുത്ത സൗഹാര്‍ദ്ദപൂര്‍ണ്ണമായ അന്തരീക്ഷത്തെ പിണറായി തകര്‍ത്തു എന്ന ആരോപണം ശക്തമാണ്. അതേസമയം ആ സമീപനമാണ് രൂക്ഷമായ പ്രതിസന്ധികളിലും പാര്‍ട്ടിയെ പിടിച്ചു നിര്‍ത്തിയത് എന്ന വാദവും പ്രസക്തമാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ട പിണറായി ഗ്രാമത്തില്‍ നിന്നാണ് പിണറായി എകെജി സെന്ററിലെത്തുന്നത്. ആ ഗ്രാമത്തിന്റെ പ്രസിദ്ധി പിന്നെ അദ്ദേഹത്തിന്റെ പേരിലായി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ ചെറുപ്പത്തിലാണ് അദ്ദേഹം അമരത്തെത്തുന്നത്. അതിനു കാരണം പാര്‍ട്ടിയിലെ വിഭാഗീയതകളായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ പിണറായിയുടെ മുഖ്യശത്രുവായ വിഎസ് ആണ് വിഭാഗീയതയുടെ ഭാഗമായി പിണറായിയെ നേതൃത്വത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. എന്നാല്‍ പിന്നീടുള്ള പാര്‍ട്ടിയുടെ ചരിത്രം ഇവര്‍ തമ്മിലുള്ള പോരിന്റെ ചരിത്രമായി. പോരില്‍ ജയിച്ചു നില്‍ക്കുന്നത് പഴയ ശിഷ്യന്‍ തന്നെ. രാഷ്ട്രീയ പ്രബുദ്ധതയെ കുറിച്ചുള്ള മലയാളിയുടെ പൊള്ളയായ അവകാശവാദം ഈ വിജയത്തില്‍ വ്യക്തമാണ്. ആശയസമരമെന്ന പേരില്‍ വി എസ് ഈ പോരാട്ടത്തില്‍ ആശ്രയിച്ചത് ജനങ്ങളെയാണ്. ജനങ്ങളില്‍ വലിയൊരുവിഭാഗവും എഴുത്തുകാരും ബുദ്ധിജീവികളും മാധ്യമങ്ങളും മറ്റും വിഎസിനു പുറകില്‍ അണി നിരന്നെന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടു. വിഎസ് ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഭരണത്തിലിരുന്നപ്പോള്‍ എന്തുചെയ്തു എന്ന ചോദ്യം പോലും വിസ്മരിക്കപ്പെട്ടു. മറുവശത്ത് പിണറായി ആശ്രയിച്ചത് പാര്‍ട്ടിയെ മാത്രമായിരുന്നു. പാര്‍ട്ടിയും ജനങ്ങളും എന്ന രീതിയില്‍ അവതരിക്കപ്പെട്ട പോരാട്ടത്തില്‍ പാര്‍ട്ടി ജയിച്ചു. അതാണ് സത്യത്തില്‍ മലയാളി. ദൈനംദിന ജീവിതത്തില്‍ നമുക്കാവശ്യം ബുദ്ധിജീവികളോ എഴുത്തുകാരോ മാധ്യമങ്ങളോ അല്ലല്ലോ. പാര്‍ട്ടിയാണല്ലോ. അമിതമായ ഈ കക്ഷിരാഷ്ട്രീയവല്‍ക്കരണണാണ് ഇന്ന് നമ്മുടെ ശാപം എന്നത് മറ്റൊരു കാര്യം.
മാധ്യമവിചാരണയുടെ ഇക്കാലത്ത് മാധ്യമങ്ങളെ നില്‍ക്കേണ്ടിടത്തു നിര്‍ത്തുന്ന എക രാഷ്ട്രീയ നേതാവാണ് ഇന്ന് പിണറായി. മിക്കവാറും മറ്റെല്ലാവരും തന്നെ ഗുഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി മാധ്യമങ്ങള്‍ക്കു പുറകിലാണ്. ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുപോലും മാധ്യമങ്ങള്‍ക്കുമുന്നില്‍ സുസ്‌മേരവദനനായി അഭിനയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും അത് രാഷ്ട്രീയക്കാരനു മുകളിലല്ല എന്ന സത്യമാണ് പിണറായി നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. ജീര്‍ണ്ണതയുടെ കാര്യമാണെങ്കില്‍ മാധ്യമങ്ങളും മോശമല്ല എന്നതും ഓര്‍ക്കുന്നത് നന്ന്. അതുപോലെ തന്നെ എല്ലാറ്റിന്റേയും അവസാന വാക്കാണെന്നു കരുതുന്ന സാസ്‌കാരിക നായകരോടുള്ള പ്രതികരണവും. എംഎന്‍ വിജയന്‍ അന്തരിച്ചപ്പോള്‍ അദ്ദേഹം നല്ല അധ്യാപകനായിരുന്നു എന്ന പ്രതികരണം ഓര്‍ക്കുക. കെഇഎന്‍ ഉയര്‍ത്തി കൊണ്ടുവന്ന സ്വത്വവാദത്തെ തകര്‍ത്ത രീതിയും.
കിഴക്കന്‍ യൂറോപ്പ്, ചൈനീസ് സംഭവവികാസങ്ങളെ തുടര്‍ന്ന് ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും ജനാധിപത്യവല്‍ക്കരണത്തിനു വിധേയമായപ്പോള്‍ മനുഷ്യനു കുരങ്ങനാകാന്‍ കഴിയില്ലെന്ന അരാഷ്ട്രീയ യുക്തിയില്‍ അത്തരം നീക്കങ്ങളെ ചെറുത്തത് ഇഎംഎസായിരുന്നു. പിണറായിയും തുടര്‍ന്നത് അതേ നയമായിരുന്നു. ജനാധിപത്യവല്‍ക്കരണത്തിന്റേതായ ഇക്കാലത്തും പാര്‍ട്ടിയെ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടില്‍ നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കി. അങ്ങനെ ബംഗാളില്‍ പോലും തകര്‍ന്നെങ്കിലും കേരളത്തില്‍ പാര്‍ട്ടി പിടിച്ചു നില്‍ക്കുന്നു. അതേസമയം ജനാധിപത്യ ബൂര്‍ഷ്വാ പാര്‍ട്ടികളെ മാത്രം ബാധിക്കുമെന്നു വിശ്വസിക്കപ്പെട്ടിരുന്ന അഴിമതി പോലുള്ള പ്രതിഭാസങ്ങളെ തടയാനായില്ല താനും. പിണറായി തന്നെ അഴിമതി കേസില്‍ പെട്ടു കിടക്കുന്നു.
ജനാധിപത്യത്തോടുള്ള പാര്‍ട്ടിയുടെ നിലപാട് മറ്റു പാര്‍ട്ടികളോടുള്ള സമീപനങ്ങലിലും വ്യക്തമാണ്. പ്രതിപക്ഷബഹുമാനമെന്ന ജനാധിപത്യത്തിന്റെ കാതലായ വിഷയത്തില്‍ പാര്‍ട്ടി വളരെ പുറകിലാണ്. കണ്ണൂരിലും മറ്റും മറ്റു പാര്‍ട്ടികള്‍ പോലും ഈ രീതി പിന്ടുടരുന്നതില്‍ സിപിഎമ്മിന്റെ പങ്ക് ഏറെയാണ്. അവസാനം സിപിഎം ഓഫീസ് പച്ച പെയിന്റ് അടിക്കാനുള്ള ചങ്കൂറ്റം ലീഗ് കാണിക്കുന്ന അവസ്ഥയിലെത്തി. എങ്കിലും കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് കുറവുണ്ടായിട്ടുണ്ട്. പാര്‍ട്ടി ഏറെ വിമര്‍ശിക്കപ്പെട്ട ടിപി, ഷുക്കൂര്‍ വധങ്ങള്‍ക്കുശേഷം പ്രതിച്ഛായ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോല്‍ പിണറായി. സോളാര്‍ പ്രശ്‌നം അതിനേറെ സഹായിച്ച ഘട്ടത്തിലാണ് സെക്രട്ടറി പദത്തില്‍ പിണറായി റിക്കോര്‍ഡ് സൃഷ്ടിക്കുന്നത്. വിഎസ് വിഭാഗം ദുര്‍ബ്ബലമായതോടെ ഓദ്യോഗിക പക്ഷത്തില്‍തന്നെ മറ്റു ഗ്രൂപ്പുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും പിണറായി ശക്തനാണ്. സത്യത്തില്‍ പാര്‍ട്ടിയല്‍ കാരാട്ടിനേക്കാള്‍, യച്ചൂരിയേക്കാള്‍ ശക്തന്‍ തന്നെയാണ് അദ്ദേഹം. കേരള ഘടകം സമ്പന്നമാണ് എന്ന കാരണവും അതിനു പുറകിലുണ്ട്.
എന്തായാലും പിണറായിക്കു മുന്നില്‍ ഒരു പ്രതിസന്ധിയുണ്ട്. ലാവ്‌ലിന്‍ തന്നെയാണത്. കേസ് ഇഴയുന്നത് സ്വാഭാവികമായും ബാധിക്കുക അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെതന്നെയായിരിക്കും. സ്വാഭാവികമായും ഭാവി മുഖ്യമന്ത്രിയെയാണല്ലോ പിണറായിയയില്‍ നാം കാണുന്നത്. അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് കേസിനവസാനം ഉണ്ടായില്ലെങ്കില്‍ അതിനു തടസ്സമുണ്ടായേക്കാം. പാമോയിനുപുറകെ ലാവ്‌ലിനും പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ശക്തമായി ഉന്നയിക്കാനുള്ള ശ്രമമായിരിക്കും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ പിണറായി വിഭാഗം നടത്തുക. അല്ലെങ്കില്‍ കേന്ദ്രനേതൃത്വത്തിലേക്കായിരിക്കാം പിണറായിയുടെ പോക്ക്…..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പിണറായിക്ക് 15 വയസ്സാകുമ്പോള്‍…

  1. Avatar for Critic Editor

    എങ്ങനെങ്കിലും ഒന്ന് “പതിനാറു” കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ! ഒരു സദ്യ തരപ്പെട്ടേനെ ….( യ്യോ ആരും തെറ്റിദ്ധരിക്കല്ലേ…ഞാൻ കല്യാണത്തിന്റെ കാര്യമാണ് പറഞ്ഞത് അല്ലാതെ അടിയന്തിരത്തിന്റെ കാര്യമല്ല)

Leave a Reply