പരിഹാരം നിരോധനമല്ല

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

liqടി എന്‍ പ്രസന്നകുമാര്‍
അമിതമായ മദ്യപാന സമൂഹമായി കേരളീയര്‍ മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ സാമൂഹികകാരണങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും ശ്രമിക്കാതെ മദ്യവില്‍പ്പനയെ നികുതിവരുമാനത്തിനും അഴിമതിക്കുമുള്ള വന്‍ ഉറവിടങ്ങളായി കണക്കാക്കുകയാണ് മാറിവന്ന എല്ലാ സര്‍ക്കാരുകളും ചെയ്തത്. മദ്യപാനത്തെ ഒരു സദാചാരവിഷയമായി അഭിസംബോധന ചെയ്യുന്ന കാപടം, മദ്യം വാങ്ങുന്നയാള്‍ക്ക് ഒരു ഉപഭോക്താവ് എന്ന രീതിയില്‍ ലഭിക്കേണ്ട എല്ലാ അവകാശവും നിഷേധിച്ചു. നിലവാരം കുറഞ്ഞ ഏതു സ്പിരിറ്റും കളര്‍ചേര്‍ത്ത് സെക്കന്റ് സെയിലായി വിറ്റ് കൊള്ളലാഭം കൊയ്യാനുള്ള അവകാശം ബാറുടമകള്‍ക്ക് സ്വന്തമായി. വര്‍ഷംതോറും എത്രവേണമെങ്കിലും മദ്യത്തിനുമുകളില്‍ ടാക്‌സ് ചുമത്താമെന്നായി. മദ്യവില്‍പന ബഹുമുഖമാനങ്ങളുള്ള ചൂഷണവ്യവസായമായി വളര്‍ന്നു.

ബാറുകളുടെ നിലവാര പരിശോധനയ്ക്കിറങ്ങിയവര്‍ മദ്യത്തിന്റെ നിലവാരം ഒരിക്കല്‍ പോലും പരിശോധിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഓര്‍ക്കുക. നമ്മുടെ കള്ളുഷാപ്പുകളുടെ കാര്യം തന്നെ നോക്കുക. പത്തുരൂപ അടച്ച് വിവരാവകാശപ്രകാരം അപേക്ഷിച്ചാല്‍ കേരളത്തില്‍ എത്ര തെങ്ങ് ചെത്തുന്നു, എത്ര റേഞ്ചുണ്ട്, ഏകദേശം എത്ര കള്ള് അളക്കുന്നു എന്നതിന്റെ വിവരം ആര്‍ക്കും ലഭിക്കും. കാലങ്ങളായി ഷാപ്പുകള്‍ ലേലം വിളിച്ചെടുക്കുന്ന തുകയും കള്ളിന്റെ ലഭ്യതയും തമ്മിലുള്ള കണക്കിലെ വിടവാണ് ഡസിപാമും, വൈറ്റ് പേസ്റ്റും പിന്നെയും മറ്റെന്തെയോ കലക്കി കള്ളാക്കി മാറ്റി കോണ്‍ട്രാക്റ്റര്‍ നികത്തുന്നതെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത രാഷ്ട്രീയചരിത്രമുള്ള തെങ്ങ് ചെത്ത് തൊഴിലാളിയൂണിയനുകളൊന്നും ഉപോക്താവിന് വ്യാജകള്ള് നല്‍കരുതെന്ന് പറഞ്ഞ ചരിത്രവുമില്ല.

അമിതമദ്യപാനത്തിന്റെ തെറ്റുകളെ ശരിയാക്കാനുള്ള വഴി സമ്പൂര്‍ണ്ണ മദ്യനിരോധനമല്ല. മദ്യപാനം പലര്‍ക്കും പലതായിരിക്കും. പല തരത്തിലുള്ള സോഷ്യല്‍ ഇന്ററാഷ്‌നാണത്. നിര്‍ദ്ദോഷമായ മാനസികോല്ലാസമോ, സമ്മര്‍ദ്ദങ്ങളെ അകറ്റലോ, സൗഹൃദങ്ങളുടെ പുതുക്കലോ, ഓര്‍ക്കലോ, മറക്കലോ, മനസ്സ് തുറക്കലോ, സങ്കടങ്ങളോ, സര്‍ഗ്ഗാത്മകതയോ അങ്ങനെ പലതും… എല്ലാവരും കുടിച്ചുമരിക്കാനല്ല ബാറുകളില്‍ പോയിരിക്കുന്നതെന്ന് ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് വിഡ്ഢിത്തങ്ങള്‍ വിളമ്പുന്ന മതമേലധ്യക്ഷന്മാരോട് വാര്‍ത്താ അവതാരകര്‍ പറഞ്ഞുകൊടുക്കണം. എല്ലാ ആനന്ദങ്ങളും നിരോധിക്കപ്പെട്ട ഒരു സമൂഹമായിരിക്കും യഥാര്‍ത്ഥത്തില്‍ മനോരോഗികളുടെയും കുറ്റവാളിളുടെയും സമൂഹമായി മാറുക.

കേരളത്തില്‍ ആശ്വാസകരമല്ലാത്ത രീതിയില്‍ മദ്യപാനം പെരുകുന്നതിന് കാരണം മാനസിക സമ്മര്‍ദ്ദമുള്ളവരുടെ വലിയ സമൂഹമായി നാം മാറിയിട്ടുള്ളതുകൊണ്ടായിരിക്കാം. അവ എന്തൊക്കെയെന്ന് സാമൂഹിക ചിന്തകര്‍ അന്വേഷിക്കട്ടെ. എന്തിന് ആണ്‍പെണ്‍ പ്രണയത്തിന്റെയോ സൗഹൃദത്തിന്റെയോ ലൈംഗികാകര്‍ഷണത്തിന്റെയോ പോലും എല്ലാ സര്‍ഗ്ഗാത്മകതയും തല്ലികെടുത്തിയ ഒരു കെട്ട സമൂഹമാണ് നമ്മുടെത്. നമ്മുടെ ബാറുകളൊക്കെ ഗേ ബാറുകളായിരിക്കുന്നത് അതുകൊണ്ടാണ്.
എങ്ങനെയൊക്കെയോ, എവിടെയൊക്കെയോ കൈമോശം വന്ന ജീവിതാഹ്ലാദത്തിന്റെ ശൂന്യതകളായിരിക്കാം കേരളത്തിലെ കുറെ മനുഷ്യരെ അനിയന്ത്രിതമായ മദ്യാപനികളാക്കി മാറ്റിയിട്ടുണ്ടാകുക. അതിനെ തിരുത്താനുള്ള വഴി നിരോധനങ്ങള്‍ വര്‍ദ്ധിപ്പിക്കലല്ല. പലവിധത്തിലുള്ള മതമൗലികവാദികളും ആള്‍ദൈവങ്ങളും, മന്ത്രവാദികളും, ജാതിഭ്രാന്തരുമെല്ലാം കൂടി കേരളീയസമൂഹത്തോട് ചെയ്യുന്ന അത്രയും ദ്രോഹമൊന്നും മദ്യം കഴിക്കുന്നവര്‍ ചെയ്യുന്നില്ല.

പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ജനാധിപത്യസമൂഹങ്ങളായി മാറാനാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ പൗരന്മാര്‍ക്ക് മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാത്ത, അവരവരുടെ സന്തോഷത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടായിരിക്കണം. മനുഷ്യന്റെ വൈയക്തികമായ ആനന്ദങ്ങള്‍ക്കും ചോയ്‌സുകള്‍ക്കും മേല്‍ സ്‌റ്റേറ്റിന്റെ നിരോധനങ്ങളും, വിലക്കുകളും വ്യക്തിസ്വാതന്ത്ര്യമോ ജനാധിപത്യമോ വികസിക്കാത്ത പ്രാകൃത കാലത്തെ രീതികളാണ്. മദ്യത്തിന്റെ മാത്രമല്ല, വിശ്വാസങ്ങള്‍, കല, പ്രണയം, സൗഹൃദം, ലൈംഗികത തുടങ്ങിയ വ്യക്തിസമൂഹ ബന്ധത്തിലെ എല്ലാ വ്യവഹാരങ്ങളും ഭരണകൂടോപരണങ്ങളില്‍നിന്ന് എത്രമാത്രം മുക്തമാകുന്നുവോ അത്രയും ജനാധിപത്യം വികസിക്കുകയേയുള്ളു. അവയൊക്കെ എത്രമാത്രം നാം സ്‌റ്റേറ്റിനെ ഏല്‍പിച്ചുകൊടുക്കുന്നുവോ അത്രയും വ്യക്തിവികാസം പ്രാപിക്കാത്ത, മാനസികസമ്മര്‍ദ്ദമനുഭവിക്കുന്ന, വ്യക്തിസ്വാതന്ത്ര്യങ്ങളെ ഭയക്കുന്ന അസ്വതന്ത്രസമൂഹങ്ങളാണ് ഉണ്ടാവുക.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply