
ഗോവിന്ദച്ചാമിയും വധശിക്ഷയും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കുകയും ശിക്ഷ ഏഴുവര്‍ഷം കഠിനത്തടവാക്കി ചുരുക്കിയ സുപ്രിംകോടതി വിധി തീര്‍ച്ചയായും വന്‍കോലാഹലങ്ങള്‍ക്കു കാരണമാകുമെന്നുറപ്പ്. വധശിക്ഷകള്‍ അവസാനിപ്പിക്കണമെന്നാഗ്രഹിക്കുന്നവരും ഗോവിന്ദച്ചാമിക്ക് ബാക്കി ശിക്ഷകളില്‍ ഏറ്റവും വലുതായ ജീവപര്യന്തം തന്നെ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ സൗമ്യയെ ഓടുന്ന ട്രെയിനില്‍ നിന്ന് തട്ടിയിട്ടു എന്ന കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമിക്ക് ബലാല്‍സംഗത്തിന്റെ ശിക്ഷ മാത്രമാണ് ലഭിച്ചത്. ട്രെയിനില്‍ നിന്നും സൗമ്യയെ തള്ളിയിട്ടുവെന്നും കൊലപ്പെടുത്തിയെന്നും പ്രൊസിക്യൂഷന് തെളിയിക്കാനായില്ല എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാല്‍ തന്നെ സൗമ്യയുടെ കൊലയുടെ ശിക്ഷ ലഭിച്ചില്ല.
വധശിക്ഷക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി വിധി പറഞ്ഞത്. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഹര്‍ജിയില്‍ അന്തിമ വാദം കേള്‍ക്കവേ, സുപ്രീം കോടതി പ്രോസിക്യൂഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ട്രെയിനില്‍ നിന്ന് സൗമ്യയെ തട്ടിയിട്ടു എന്നതിന് തെളിവ് എന്താണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ പ്രൊസിക്യൂഷനു കഴിയാത്തതായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായത്. പ്രോസിക്യൂഷനോട് ഊഹാപോഹങ്ങള്‍ കോടതിയില്‍ കൊണ്ട് വരരുതെന്നും പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് ഒരറിവുമില്ലാത്ത വക്കീലിനെ സുപ്രീംകോടതിയില്‍ വാദത്തിനയച്ചതാണ് ഈ വീഴ്ചക്കു കാരണമെന്ന ആരോപണമുണ്ട്. സൗമ്യയുടെ അമ്മയും അതു പങ്കുവെക്കുന്നു. ഗോവിന്ദച്ചാമി പുറത്തിറങ്ങിയാല്‍ ഇനിയും സൗമ്യമാരുണ്ടാകുമെന്ന് അമ്മപറഞ്ഞു. അതുണ്ടാവാന്‍ താന്‍ അനുവദിക്കില്ലെന്നും. ഗോവിന്ദച്ചാമിക്ക് ശിക്ഷവാങ്ങിക്കൊടുക്കാന്‍ താന്‍ ഏതറ്റം വരേയും പോകുമെന്നും അവര്‍ പറഞ്ഞു. സമൂഹം തന്റെ ഒപ്പമുണ്ടായിരിക്കുമെന്നും അവര്‍ പറഞ്ഞു. സത്യത്തില്‍ 14 മാസം കഴിഞ്ഞാല്‍ ഗോവിന്ദച്ചാമി പുറത്തുവരുമെന്നത് ആശങ്കാജനകവും നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ സംശയം ജനിപ്പിക്കുന്നതുമാണ്. സൗമ്യയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോകടര്‍ ഷഎര്‍ളി പറയുന്നത് ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തട്ടിയിട്ടു എന്നു വിശ്വസിക്കാമെന്നു തന്നെയാണ്.
2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ, സൌമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൌമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമിക്ക് വധശിക്ഷക്ക് വിധിച്ചു. 2013 ഡിസംബര്‍ 18ന് ശിക്ഷ കേരള ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
തീര്‍ച്ചയായും വൈകാരികമായല്ല കാര്യങ്ങളെ നോക്കി കാണേണ്ടത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നു തന്നെയാണ് നാം ഉയര്‍ത്തിപിടിക്കേണ്ടത്. അപ്പോഴും കോടതിയുടെ ഒരു നിരീക്ഷണത്തില്‍ ആശ്ചര്യം തോന്നുന്നു. പ്രാണരക്ഷാര്‍ത്ഥം സൗമ്യ ട്രെയിനില്‍ നിന്ന് ചാടിയതായിരിക്കാം മരണകാരണമെന്നാണത്. അപ്പോള്‍ സ്വാഭാവിക സംശയം ആരില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥമാണ് സൗമ്യ ചാടിയതെന്നാണ്. ബലാല്‍സംഗം തെളിയിക്കപ്പെട്ട സ്ഥിതിക്ക് അത് ഗോവിന്ദച്ചാമി തന്നെയല്ലേ… അപ്പോള്‍ കൊലക്കുള്ള ശിക്ഷക്കും അയാള്‍ അര്‍ഹനല്ലേ..?
അപ്പോഴും നമ്മുടെ ചില വൈകാരിക നിലപാടുകള്‍ തള്ളി കളഞ്ഞേതീരു. ഗോവിന്ദച്ചാമിക്കും മറ്റാരേയും പോലെ നിയമസഹായത്തിന് അവകാശമുണ്ട്. ഒരു വക്കീല്‍ അതിനു തയ്യാറായത് അയാളുടെ തൊഴിലുന്റെ ഭാഗമാണ്. അതിലൊരു തെറ്റുമില്ല. മറ്റൊന്ന് വധശിക്ഷകള്‍ കുറച്ചു കൊണ്ടുവരിക എന്നത് കോടതികളുടെ പൊതു നയമാണ്. അതു ശരിയുമാണ്. വധശിക്ഷ പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടതാണ്. അത് ആധുനികാലത്തിന് അനുയോജ്യമല്ല. ലോകം മുഴുവന്‍ വധശിക്ഷക്കെതിരായ പൊതുജനാഭിപ്രായം ശക്തിപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പൊതുസമ്മതിക്കായി വധശിക്ഷ നടപ്പാക്കുന്നത് നീതിയല്ല.
ലോകത്ത് പകുതിയിലധികം രാഷ്ട്രങ്ങള്‍ വധശിക്ഷ നിരോധിച്ചുകഴിഞ്ഞു. അമേരിക്കയില്‍ അഞ്ഞൂറാമത്തെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ വധിക്കപ്പെട്ടവരുടെ അവസാന വാക്കുകള്‍ അവര്‍ പുറത്തു വിട്ടിരുന്നു. അവരില്‍ വലിയൊരു വിഭാഗം പേര്‍ മരണത്തിനു തൊട്ടുമുമ്പും തങ്ങള്‍ കുറ്റവാളികളല്ല എന്നു ആണയിട്ടിരുന്നു. എന്റെ വാക്കുകള്‍ വിശ്വസിക്കൂ, ഞാന്‍ കുറ്റവാളിയല്ല എന്നു അവസാന നിമിഷവും പറഞ്ഞവര്‍ നിരവധിയാണ്. അവസാന മൊഴി സത്യമായിരിക്കുമെന്ന വിശ്വാസം ലോകത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും പിന്തുടരുന്നുണ്ട് എന്നോര്‍ക്കുക. നമ്മുടെ നാട്ടിലും ജഡ്ജിമാര്‍ തന്നെ നേരിട്ടെത്തി മരണമൊഴി എടുക്കുന്നതും ആ വിശ്വാസത്തിലാണല്ലോ.മറ്റേതു ശിക്ഷയാണെങ്കിലും പിന്നീട് നിരപരാധിയാണെങ്കില്‍ ഒരു പരിധിവരെ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ വധശിക്ഷയില്‍ അതു സാധ്യമല്ലല്ലോ. ഏതു രാജ്യത്തെ ഏതു കോടതിക്കും തെറ്റു പറ്റാമെന്നതും യാഥാര്‍ത്ഥ്യം. ഇന്ത്യയിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ അപ്പീല്‍ സംവിധാനവും മറ്റും നിലനില്‍ക്കുന്നത്. സുപ്രിം കോടതിക്കും പറ്റാമല്ലോ തെറ്റ്.
ഇന്ത്യയില്‍ നടപ്പാക്കിയ ചില വധശിക്ഷകളിലും പ്രതികള്‍ അതര്‍ഹിക്കുന്നവരല്ല എന്ന ശക്തമായ വാദമുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും വധശിക്ഷ ഉപയോഗിച്ചിട്ടുണ്ട്. വധശിക്ഷക്കു വിധിക്കപ്പെട്ട രാഷ്ട്രതലവന്മാരുടെ നീണ്ട നിരതന്നെയുണ്ടല്ലോ. അവരില്‍ മിക്കവര്‍ക്കും ന്യായമായ രീതിയില്‍ കേസ് വാദിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും കണക്കുകളില്ല.
കണ്ണിനു കണ്ണ്, കാതിനു കാത്, തലക്കു തല തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ട നീതിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അതു ഭൂഷണമല്ല. ഭീകരന്മാര്‍ ചെയ്യുന്നതിനു പകരം അതുമാകാം എന്ന ന്യായീകരണവും ശരിയല്ല. ഭീകരസംഘടനയല്ലല്ലോ ജനാധിപത്യ ഭരണ കൂടം. ഗോവന്ദച്ചാമിയെ പോലുള്ളവര്‍ക്ക് വധശിക്ഷ ഒഴികെയുള്ള കഠിന ശിക്ഷ നടപ്പാക്കുക മാത്രമാണ് ശരി. കുറ്റവാളിയെ മാറ്റിയെടുക്കലാണ് ഏതൊരു ശിക്ഷയുടേയും അടിസ്ഥാന ലക്ഷ്യം എന്നതും ഓര്‍ക്കേണ്ടതാണ്. അതിനായി അവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. ചലന സ്വാതന്ത്ര്യം നിഷേധിക്കുക. അതുതന്നെയാണ് ഏറ്റവും വലിയ ശിക്ഷ.
അമേരിക്ക, ചൈന, മതരാഷ്ട്രങ്ങള്‍ തുടങ്ങി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏകാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് മുഖ്യമായും ഇന്ന് വധശിക്ഷ നടപ്പാക്കുന്നത്. ഏതൊരു രാജ്യത്തേയും കടന്നാക്രമിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ജയിലുകള്‍ ഉള്ളത്. ഭീകരസംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. (കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വധശിക്ഷ നടപ്പാക്കുന്നു.) ജനാധിപത്യ രാഷ്ട്രങ്ങള്‍ മിക്കവാറും അത് നിരോധിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു മതവിശ്വാസവും കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും ഇനിയും വധശിക്ഷ നടപ്പക്കുന്നു എന്നതും അതിനായി മുറവിളി കൂട്ടുന്നു എന്നതും നാണക്കേടാണ്. ഈ നീതിക്ക് ഗോവിന്ദച്ചാമിയും അര്‍ഹനാണ്. കൊടുത്ത ശിക്ഷ പര്യാപ്തമാണോ എന്ന ചോദ്യത്തിന്റഎ പ്രസക്തി തള്ളിക്കളയുന്നില്ലെങ്കിലും…
