ഗതാഗതമേഖലയില്‍ ജനപക്ഷ വികസന അജണ്ട.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ekm

പി കൃഷ്ണകുമാര്‍

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങലിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നഗരങങളിലെ ഗതാഗതമേഖലയെ കേന്ദ്രീകരിച്ച് ജനപക്ഷത്തുനിന്നുള്ള വികസന അജണ്ട

ഇന്ന് നമുക്ക് നേരിട്ടുതന്നെ അനുഭവവേദ്യമായിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം ആഗോളതാപനമാണല്ലോ. അനിയന്ത്രിതമായി ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുഖ്യസ്ഥാനമാണ് ഗതാഗതമേഖലയ്ക്കുള്ളത്. അതിനാല്‍ തന്നെ, നഗരഗതാഗത സംവിധാനങ്ങളുടെ പരിഷ്‌ക്കരണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ചില അടിസ്ഥാന ആശയങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.
പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗത മാതൃകകള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നമ്മുടെ ഗതാഗതപ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം സ്വകാര്യവാഹനങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധനയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലുള്ള ആകെ മോട്ടോര്‍വാഹനങ്ങളില്‍ കേവലം മൂന്നുശതമാനത്തില്‍ താഴെമാത്രമാണ് ബസ്സുകള്‍. 65 ശതമാനം ഇരുചക്രവാഹനങ്ങളും 20 ശതമാനം കാറുകളുമാണ്. ഇവയുടെ എണ്ണമാകട്ടെ ഓരോ വര്‍ഷവും 10 ശതമാനം വീതം കൂടുമ്പോള്‍ ബസ്സുകള്‍ കുറഞ്ഞുവരുന്നു. വ്യക്തിഗത-സ്വകാര്യ മോട്ടോര്‍ വാഹനങ്ങളോടുള്ള ഈ കമ്പം നിയന്ത്രിക്കുകയും പൊതുഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രത്തിലൂടെ മാത്രമേ ഈ അസന്തുലിതാവസ്ഥ പരിഹരിയ്ക്കുവാനും അതുവഴി ഗതാഗതം സുഗമമാക്കുവാനും കഴിയുകയുള്ളൂ. ഏതൊരു ഗതാഗത നയത്തിന്റെയും ഹൃദയസ്ഥാനത്ത് പൊതുവാഹനങ്ങളും പൊതു ഗതാഗതസമ്പ്രദായവും ആയിരിക്കണം. ഏതൊരു പരിഷ്‌കരണ നടപടിയും പൊതുഗതാഗതത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതായിരിക്കണം. അല്ലാതെ ഒരിക്കലും കുറയ്ക്കുന്നതാവരുത്. കൂടുതല്‍ ജനങ്ങളെ ചലിപ്പിക്കുന്നതിനാകണം ഗതാഗതനയം. അല്ലാതെ കൂടുതല്‍ വാഹനങ്ങളെ ചലിപ്പിയ്ക്കുന്നതിനാകരുത്.
1. ഗതാഗത നിരത്തുകളുടെ ഒന്നാമത്തെ അവകാശി കാല്‍നടക്കാരനും രണ്ടാമത്തെ അവകാശി സൈക്കിള്‍പോലുള്ള യന്ത്രരഹിത വാഹനങ്ങളും മൂന്നാമത്തെ അവകാശി പൊതുവാഹനങ്ങളുമായിരിക്കണം. നിരത്തുകളില്‍ കാല്‍നടയ്ക്കും സൈക്കിള്‍ സവാരിക്കും പ്രത്യേകിച്ചും വേര്‍തിരിച്ച പാതകള്‍ ഏര്‍പ്പെടുത്തുവാന്‍ പരിശ്രമിക്കണം. അതൊരു നയമായി സ്വീകരിക്കണം.
2. ഓരോ നഗരത്തിലും മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത നിരത്തുകളോ, പ്രത്യേകദിവസങ്ങളോ പ്രഖ്യാപിക്കണം. അന്നേ ദിവസം ആ ഭാഗം മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ം വഴിവാണിഭത്തിനും ജനങ്ങളുടെ ഉല്ലാസത്തിനും സൈക്കിളുകള്‍ക്കുമായി വിട്ടുകൊടുക്കണം.
3. ദീര്‍ഘദൂരബസ്സുകള്‍ നഗരത്തില്‍ യാത്ര അവസാനിപ്പിച്ച് ബസ് സ്റ്റാന്റുകളില്‍ നിര്‍ത്തിയിടണം. നഗരത്തില്‍ സിറ്റി സര്‍വീസുകളും സര്‍ക്കുലര്‍ സര്‍വ്വീസുകളും വ്യാപകമായി ആരംഭിക്കണം. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇത്തരം സര്‍ക്കുലര്‍/ സിറ്റി സര്‍വീസുകളെ ആവശ്യമെങ്കില്‍ ‘വണ്‍വേ’ നിയമത്തില്‍ നിന്നൊഴിവാക്കണം.
4. ഹ്രസ്വദൂര ബസ്സുകളെല്ലാം തന്നെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നും യാത്രയാരംഭിച്ച്, വിവിധ ദിശകളിലുള്ള മറ്റ് പ്രാന്തപ്രദേശങ്ങളില്‍ യാത്ര അവസാനിപ്പിക്കുന്നവിധം സംവിധാനം ചെയ്യണം. അവ നഗരത്തിലൂടെ കടന്നുപോകുകമാത്രം ചെയ്യണം. അങ്ങനെയായാല്‍, നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടേയും ഏതു ഭാഗത്തിനിന്നും മറ്റേത് ഭാഗത്തേയ്ക്കും ഒരൊറ്റ ബസ്സില്‍ തന്നെ യാത്രചെയ്യാന്‍ കഴിയും. ഇത് ബസ്സ് യാത്രാനിരക്കിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും. ബസ് സ്റ്റാന്റുകള്‍ വികേന്ദ്രീകരിക്കപ്പെടുന്നതിനാല്‍, നഗരത്തിലെ മുഖ്യ ബസ്സ് സ്റ്റാന്റുകളില്‍ ദീര്‍ഘദൂരബസ്സുകള്‍ മാത്രമാകും കാത്തുകിടക്കുക. അതു തിരക്കുകുറക്കാന്‍ സഹായകരമാകും.
5. വലിയ ബസ്സുകള്‍ ഓടിയ്ക്കുവാനാകാത്ത റൂട്ടുകളിലും മേഖലകളിലും മിനിബസ്സുകള്‍, വാനുകള്‍, 6/8 യാത്രക്കാര്‍ കയറുന്ന ചെറുവാഹനങ്ങള്‍ തുടങ്ങിയവ അനുവദിക്കണം.
6. എല്ലായിടത്തും ഷെയര്‍ ടാക്‌സി/ ഓട്ടോ സംവിധാനം നടപ്പാക്കണം. ടാക്‌സികളും ഓട്ടോകളും മടക്കയാത്രയില്‍ യാത്രക്കാരെ കയറ്റണമെന്നത് നിര്‍ബന്ധമാക്കണം. കാലിയായി ഓടുന്നത് ദേശീയ നഷ്ടമാണല്ലോ.
7. പ്രകൃതിസൗഹൃദമായ സി.എന്‍.ജി, ബയോഗ്യാസ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. പൊതുവാഹനങ്ങള്‍ക്ക് ഇത്തരം ഇന്ധനങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ട മുന്‍കൈ എടുക്കണം.
8. വൈദ്യുതി ഉപയോഗിക്കുന്ന പൊതുവാഹനങ്ങള്‍ക്കുള്ള സാധ്യത ആരായണം.
9. തെക്ക്-വടക്ക്-യാത്രയ്ക്ക് തീവണ്ടികളെ പരമാവധി പ്രയോജനപ്പെടുത്തണം. സമീപനഗരങ്ങളിലേക്ക് കൂടുതല്‍ ‘മെമു’ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്തണം.
10. നഗരത്തിന്റെ ഭാവിവളര്‍ച്ച മുന്‍കൂട്ടിക്കണ്ടുകൊണ്ട് ബസ്സ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട്, മെട്രോ/ മോണോറെയില്‍, പേഴ്‌സണല്‍ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ ആധുനിക നഗരഗതാഗതരൂപങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതാ പഠനങ്ങള്‍ നടത്തണം. നഗരത്തേയും സമീപപ്രദേശങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാ ഗതാഗതരൂപങ്ങളുടേയും ഏകോപനത്തിനും നിയന്ത്രണത്തിനുമായി യൂണിഫൈഡ് മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരിക്കണം. നിര്‍ദ്ദിഷ്ടപ്രദേശത്തെ എല്ലാ ഗതാഗതരൂപങ്ങളുടേയും നടത്തിപ്പും നിയന്ത്രണവും അതോിറ്റിയില്‍ നിക്ഷിപ്തമാകണം.
11. സാധ്യമാകുന്ന മേഖലകളില്‍ ആധുനിക ജലഗതാഗതം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകണം.
12. ജംഗ്ഷനുകള്‍ ശാസ്ത്രീയമായി വികസിപ്പിക്കണം. പ്രധാന ജംഗ്ഷനുകളിലെല്ലാം ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കണം.
ഇത്തരത്തില്‍ പൊതുഗതാഗത സമ്പ്രദായത്തിന് മുന്‍തൂക്കം നല്‍കുന്നൊരു സമഗ്ര ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയാല്‍ സ്വന്തം വാഹനമില്ലാത്തൊരാള്‍ക്ക് പോലും എവിടെനിന്നും എവിടെയും സുഗമമായി എത്തിച്ചേരാന്‍ കഴിയും. പൊതുഗതാഗതത്തിന് പ്രാമുഖ്യം നല്‍കുകയും അതിനെ ശക്തിപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും ചെയ്യുന്നതിലൂടെമാത്രമേ യാത്രക്കാരെ കൂടുതലായി അതിലേക്ക് എത്തിക്കുവാന്‍ കഴിയുകയുള്ളൂ. അതിനുള്ള നടപടികളാണ് കാലഘട്ടത്തിന്റെ ആവശ്യം.

പി. കൃഷ്ണകുമാര്‍. ജനറല്‍ സെക്രട്ടറി. തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply