
ഇരിക്കാനുള്ള സമരം മെയ് 1 മുതല്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളെ ഡ്യൂട്ടിസമയത്ത് ഇരിക്കാന്‍ അനുവദിക്കാത്ത മാനേജ്‌മെന്റുകളുടെ നിലപാടിനെതിരെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്റെ (എ.എം.ടി.യു) നേതൃത്വത്തില്‍ മെയ് 1 മുതല്‍ ‘ഇരിക്കല്‍ സമരം’ ആരംഭിക്കുന്നു. ലോക തൊഴിലാളി ദിനമത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ മിഠായിത്തെരുവ് വരെ നടക്കുന്ന ‘ഇരിക്കല്‍ സമര’ത്തില്‍ നൂറിലധികം വനിതകള്‍ പങ്കെടുക്കു പിന്നീട് സമരം സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും.
രാവിലെ കടയിലെത്തിയാല്‍ രാത്രി ഇറങ്ങുന്നതുവരെ ഒന്നിരിക്കാനോ മൂത്രമൊഴിക്കാനോ പോലും കഴിയാത്തവരാണ് സെയില്‍സ് ഗേള്‍സ് എന്നു വിളിക്കപ്പെടുന്ന വിഭാഗം. ‘നീണ്ട 12 മണിക്കൂര്‍ ഡ്യൂട്ടിക്കിടെ ക്ഷീണിതയായി ഇരുന്നുപോയാല്‍, അത്രയും സമയത്തെ വേതനം കട്ട് ചെയ്യുകയാണ് മാനേജ്‌മെന്റുകള്‍. ദിവസത്തില്‍ മൂത്രമൊഴിക്കാന്‍ 10 മിനിറ്റും ഭക്ഷണം കഴിക്കാന്‍ 20 മിനിറ്റുമാണ് പലയിടത്തും അനുവദിക്കുന്നത്. ഇതില്‍ കൂടുതല്‍ സമയം എടുത്താല്‍ ശമ്പളം കുറക്കും. നടുവേദന, നട്ടെല്ലിന് ക്ഷതം, മൂത്രാശയ രോഗങ്ങള്‍ തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന വനിതകള്‍ നിവൃത്തികേടുകൊണ്ടാണ് ജോലി തുടരുന്നത്. മിനിമം വേതനം, എട്ടുമണിക്കൂര്‍ ഡ്യൂട്ടി, സി.സി ടി.വി കാമറകളുടെ നിയന്ത്രണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടെങ്കിലും, ഇരിക്കാനുള്ള അവകാശത്തിനായി മുന്‍ഗണന നല്‍കുകയാണെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മറ്റുമേഖലയിലുള്ളവരെപോലെ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും 2008ല്‍തന്നെ പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയായിട്ടും അതില്‍ പറയുന്ന 10 ശതമാനം ആനുകൂല്യം 10 ശതമാനം പേര്‍ക്കുപോലും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. അതിനുകാരണം ഇവര്‍ അസംഘടിതരാണെന്നതാണ്. മാത്രമല്ല, കടയുടമകള്‍ രാഷ്ര്ടീയ പാര്‍ട്ടികളുടെ നല്ലൊരു വരുമാന സ്രോതസുമാണല്ലോ. ഇക്കാര്യം പരിശോധിക്കേണ്ടത് തൊഴില്‍ വകുപ്പാണ്. എന്നാല്‍ അവരും മുതലാളിമാരുമായി ധാരണയിലാണ്. ഏതെങ്കിലും സ്ഥാപനത്തിലേക്ക് മിന്നല്‍ പരിശോധനക്ക് വരുന്നതുപോലും ഉടമയെ അറിയിച്ചായിരിക്കും. അതനുസരിച്ച് മുന്‍കരുതലെടുക്കാന്‍ അവര്‍ക്കുകഴിയും.
നേരത്തെ മിക്കവാറും ചെറുകിട സ്ഥാപനങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യമുണ്ടാിരുന്നില്ല. കെട്ടിടങ്ങളുടെ പ്ലാന്‍ അനുവദിച്ചുകിട്ടാന്‍ മൂത്രപ്പുരക്ക്് സ്ഥലം മാറ്റിവെക്കുമെങ്കിലും കെട്ടിടം പണി കഴിയുമ്പോള്‍ അതുണ്ടാകില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചെത്തുംവരെ മൂത്രമൊഴിക്കാനാവാത്ത അവസ്ഥയാണ് മിക്കവര്‍ക്കുമുള്ളത്. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. മൂത്രത്തെ പേടിച്ച് വെള്ളംപോലും കുടിക്കാത്തവരാണ് മിക്കവരും. പലരും മൂത്രമൊഴിക്കാനായി അടുത്ത ഹോട്ടലുകളില്‍ പോയി ചായ കുടിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ മൂത്രപ്പുരകള്‍ക്കായി നടന്ന സമരം ഭാഗികമായി വിജയിച്ചു. പല ഉടമകളും മൂത്രപ്പുരകള്‍ സ്ഥാപിക്കാന്‍ തയ്യാറായി.
ഇത്തരമൊരു സമരത്തിന്റെ ഭാഗമായാണ് ഇരിക്കാനുള്ള അവകാശത്തിന്റെ വിഷയവും ഉയര്‍ന്നു വന്നത്. ഇരിക്കാനുള്ള അവകാശം തങ്ങളുടെ തൊഴിലിലില്ല എന്നായിരുന്നു പലരും ധരിച്ചിരുന്നത്. എന്നാല്‍ അതുതെറ്റാണ്. കുടിക്കാന്‍ വെള്ളം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം, ഇരിക്കാനുള്ള അവകാശം, ഓവര്‍ടൈമിന് വേതനം, ലീവ് തുടങ്ങിയവയെല്ലാം തൊഴിലാളികളുടെ അവകാശമാണ്. അവ നേടിയെടുക്കാനുള്ള പോരാട്ടമാണ് തൊഴിലാളി ദിനമായ മെയ് ഒന്നിന് ആരംഭിക്കുന്നത്. വനിതാദിനമായ മാര്‍ച്ച് എട്ടിനായിരുന്നുപ്രഖ്യാപനം. ഇടക്ക് മനുഷ്യാവകാശ കമ്മിഷന്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍ അനുകൂലമായ തീരുമാനമുണ്ടായില്ല.
കേരളത്തിലെ തൊഴിലാളികള്‍ക്കുവേണ്ടി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും അസംഘടിത മേഖലയെ അവഗണിക്കുമ്പോഴാണ് തൊഴിലാളി ദിനത്തില്‍ ഈ ചരിത്രപോരാട്ടം ആരംഭിക്കുന്നത്.
