
ഇത് മറിയം റഷീദ, സരിത സംഭവങ്ങളുടെ തുടര്‍ച്ച തന്നെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
‘പ്രബുദ്ധകേരളം’ തല കുനിച്ച ദിനമായിരുന്നു ഇന്നലെ.. അത് മംഗളം ചാനലോ പത്രമോ പറയുന്ന പോലെ ഒരു മന്ത്രിയുടെ ഫോണ്‍വിളി കേട്ടല്ല, ആ ഫോണ്‍വിളി നിയമവിരുദ്ധമായി ടാപ്പ് ചെയ്‌തെടുത്ത് ആഘോഷിച്ച മാധ്യമങ്ങളുടേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും നിലപാടിലും മന്ത്രിയുടെ രാജി പരോക്ഷമായി ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ തീരുമാനത്തിലുമാണ്. ഒളിച്ചുനോട്ടവും സദാചാരപോലീസിങ്ങുമാണ് തങ്ങളുടെ മുഖ്യഹോബി എന്ന് മലയാളി വീണ്ടും തെളിയിച്ചിരിക്കുന്നു.
തീര്‍ച്ചയായും ഈ വിഷയത്തില്‍ മംഗളത്തെ ഒറ്റക്കെടുത്ത് കുറ്റപ്പെടുത്ത സമീപനം ശരിയല്ല. ഒരു ജനത അര്‍ഹിക്കുന്ന മാധ്യമങ്ങളാണ് അവര്‍ക്കു ലഭിക്കുക. എല്ലാവരും ആഘോഷിക്കും, തങ്ങളുടെ റേറ്റിംഗ് കൂടും എന്ന ഉറപ്പാണല്ലോ ഈ തറ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രചോദനം. അപ്പോള്‍ മുഖ്യ ഉത്തരവാദികള്‍ നമ്മള്‍ തന്നെ. അതേസമയം മറ്റു പല മാധ്യമപ്രവര്‍ത്തകരും മംഗളത്തിനെതിരെ രംഗത്തു വന്നതും കണ്ടു. അതും അപഹാസ്യം തന്നെ. തങ്ങളുടെ മുന്‍ഗാമികളുടെ പാത തന്നെ കൂടുതല്‍ ജീര്‍ണ്ണതയോടെ മംഗളം തുടരുക തന്നെയാണ് എന്നതാണ് വസ്തുത.
കേരളത്തില്‍ ഒരു പക്ഷെ ആദ്യം ഇത്തരത്തില്‍ മാധ്യമങ്ങള്‍ ഒളിച്ചുനോട്ടം നടത്തിയത് ചാരകേസുമായി ബന്ധപ്പെട്ടായിരുന്നു. മറിയം റഷീദയെന്ന യുവതിയായിരുന്നു അതിന്റെ കേന്ദ്രബിന്ദു. ചാനലുകള്‍ കാര്യമായി ഇല്ലാതിരുന്നതിനാല്‍ ആ ദൗത്യം ഏറ്റെടുത്തത് പത്രങ്ങളായിരുന്നു. എന്തെല്ലാം നുണകഥകളായിരുന്നു അന്നവര്‍ വിളമ്പിയത്. പിന്നീട് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു. ദൃശ്യമാധ്യമങ്ങള്‍ സജീവമായതോടെ ഒളിക്യാമറയും മറ്റുമായി ഈ നെറിയില്ലാത്ത മാധ്യമപ്രവര്‍ത്തനം ശക്തമായി. തനിക്കു കുഞ്ഞാലിക്കുട്ടി കൃത്യമായി പണം നല്‍കാമെന്ന കരാര്‍ പാലിക്കുന്നില്ല എന്നു റെജീന പറഞ്ഞതുമായി ബന്ധപ്പെട്ട് എന്തെല്ലാമാണ് ഇവിടെയുണ്ടായത്. റെജീനക്ക് പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്ന ചോദ്യം മാത്രമായിരുന്നു പ്രസക്തം. എന്നാലുണ്ടായത് അതൊന്നുമല്ലല്ലോ. പിന്നീടും എത്രയോ സംഭവങ്ങള്‍.. അബ്ദുള്ളക്കുട്ടിയും രാജ്‌മോഹന്‍ ഉണ്ണിത്താനുമൊക്കെ മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും സദാചാരപോലീസിംഗിന് ഇരയായി. പിന്നീടാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട സരിത സംഭവമുണ്ടായത്. മാധ്യമപ്രവര്‍ത്തനം എത്രമാത്രം അധപതിക്കാമെന്ന് വ്യക്തമായ സംഭവമായിരുന്നു അത്. കേരളത്തില്‍ ഒരു സ്ത്രീ വ്യവസായിക രംഗത്ത് കടന്നു വന്നാല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രയോ തവണ സരിത വിശദീകരിച്ചു. അതുമായി ബന്ധപ്പെട്ട് ആരെ കണ്ടാലും, പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ കണ്ടാല്‍ അവര്‍ക്കാവശ്യം മറ്റൊന്നാണ്. അതാണ് സരിത പറഞ്ഞതിന്റെ കാതല്‍. ഫോണ്‍ നമ്പര്‍ വാങ്ങുകയും നിരന്തമായി വിളിച്ച് സംസാരിക്കുകയും ചെയ്യുന്ന അവരാരും മറുവശത്ത് സ്ത്രീകളുടെ സംരംഭത്തിന് ഒരു സഹായവും ചെയ്തില്ല എന്നും സരിത കൂട്ടി ചേര്‍ത്തിരുന്നു. അതിലെ പ്രധാനവിഷയം ഒരു നിക്ഷേപക നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും. എന്നാല്‍ കേരളം അതായിരുന്നില്ല ചര്‍ച്ച ചെയ്തത്. ആഘോഷത്തോടൊപ്പം കൊട്ടിഘോഷിക്കപ്പെട്ട സമരനാടകങ്ങളും അരങ്ങേറി. കോയമ്പത്തൂരിലേക്ക് മാധ്യമങ്ങള്‍ നടത്തിയ ലൈവ് യാത്ര മറക്കാറായിട്ടില്ലല്ലോ. എന്തിനേറെ, ലോ കോളേജ് അക്കാദമി വിഷയത്തില്‍ പോലും ഈ സമീപനത്തിന്റെ ഒരംശം കാണാം. ഇതെല്ലാം ചെയത് മാധ്യമങ്ങളും കഖക്ഷിരാഷ്ട്രീയ താല്‍പ്പര്യം വെച്ച് അവക്കുപുറകെ ചാടിയിറങ്ങിയ രാഷ്ട്രീയക്കാര്‍ക്കും മംഗളത്തെ വിമര്‍ശിക്കാന്‍ എന്തവകാശം..?
ആരോപണ വിധേയരായ മന്ത്രിമാര്‍ മുന്‍പും രാജിവെച്ചിട്ടുണ്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ രാജിയാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയുടെ പ്രത്യേകത. അതിനെ പ്രകീര്‍ത്തിക്കുന്ന നേതാക്കളേയും കണ്ടു. എന്തര്‍ത്ഥമാണ് അതിനുള്ളത്. മുഖ്യമന്ത്രി പരോക്ഷമായെങ്കിലും രാജി ആവശ്യപ്പെട്ടു എന്നതു വ്യക്തമാണ്. വാസ്തവത്തില്‍ നിയമവിരുദ്ധമായി ഫോണ്‍ ടാപ്പ് ചെയ്തവരേയും സദാചാര ഗുണ്ടായിസം നടത്തിയ ചാനലിനേയും ഗൂഢാലോചനയില്‍ പങ്കാളികളായവരേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയായിരുന്നു അദ്ദേഹം ആദ്യം ചെയ്യേണ്ടിയിരുന്നത്. പോലീസ് തന്നെ നേതാക്കളുടെ ഫോണ്‍ ടാപ്പു ചെയ്യുന്നു എന്ന് ഏതാനും ദിവസം മുമ്പ് അനില്‍ അക്കര എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ചിരുന്നല്ലോ. ടെലഫോണ്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം. പലപ്പോഴും ഇത്തരം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് വിനോദമാക്കിയവര്‍ അവിടെയുണ്ടെന്നത് പരസ്യമായ രഹസ്യമാണല്ലോ.
ഫോണ്‍ സംഭാഷണത്തിലെ സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ ഈ നിലപാടെല്ലാം തെറ്റു തന്നെയാണ്. എന്നാല്‍ അറിഞ്ഞിടത്തോളം അതില്ല എന്നു തന്നെ കരുതാം. സംസ്ഥാനത്ത് നടക്കുന്ന സ്ത്രീ – ബാലികാ പീഡനങ്ങളില്‍ എത്രയോ പരാതികളുണ്ടായിട്ടും ആഭ്യന്തരവകുപ്പിന്റെ വീഴ്ച പകല്‍ പോലെ വ്യക്തമാണ്. അതു പരിഹരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കാത്ത മുഖ്യമന്ത്രി ഈ നിയമവിരുദ്ധ – സദാചാര പോലീസിംഗില്‍ ചടുലമായി ഇടപെട്ടതില്‍ അസ്വോഭാവികത ഉണ്ടെന്നു കരുതുന്നതിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല.

