അവര്‍ണ്ണന്‍ പൂജാരിയാകുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kerala8ഹരികുമാര്‍
കേരള സാഹിത്യ അക്കാദമി മുറ്റത്ത് കഴിഞ്ഞ ദിവസം ഒരു സംവാദം നടന്നു. കേരളത്തില്‍ ജാതീയ ചിന്ത കാര്യമായി നിലനില്‍ക്കുന്നില്ല എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ”കേരളത്തിലെ സവര്‍ണ്ണവിഭാഗങ്ങളില്‍ നിരവധി പേര്‍ തങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചവരാണ്. അവരില്‍ പലരും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ജാതിയില്ല എന്ന് എഴുതിയവരാണ്. ജാതി പറയുന്നത് അവര്‍ണ്ണ – ദളിത് വിഭാഗങ്ങളാണ്. അതാകട്ടെ സംവരണത്തിനുവേണ്ടിയാണ്” എന്നിങ്ങനെപോയി ഒരു വിഭാഗത്തിന്റെ വാദഗതി. സ്വാഭാവികമായും അവരില്‍ കൂടുതലും സവര്‍ണ്ണവിഭാഗങ്ങള്‍തന്നെ. മറുപക്ഷത്തെ ദുര്‍ബ്ബലമാക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
തര്‍ക്കം കഴിഞ്ഞ് പിറ്റേന്ന് വന്ന വാര്‍ത്ത ഇങ്ങനെ. ബ്രാഹ്മണനല്ലാത്തതിനാല്‍ ക്ഷേത്ര പൂജാരിയെ ഒരുസംഘം നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കി. കണ്ണൂര്‍ തലശ്ശേരിയിലെ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ പൂജാരി രാജേഷിനെയാണ് നാട്ടുകാര്‍ എന്ന പേരില്‍, സവര്‍ണ്ണര്‍ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയത്. നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് രാജേഷ് പോലീസില്‍ പരാതി നല്‍കി. ഈ മാസം നാലിനാണ് കണ്ണൂരിലെ തലശ്ശേരി കോട്ടയം ശ്രീ തൃക്കൈക്കുന്ന് മഹാദേവി ക്ഷേത്രത്തിലെ പൂജാരിയായി രാജേഷിനെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയായി നിയമിച്ചത്. ആദ്യ ദിനങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ബ്രാഹ്മണനല്ലാത്ത തന്നെ പൂജാരിയാക്കിയത് ഇഷ്ടപ്പെടാത്ത സ്ഥലത്തെ കുറച്ചു പേരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് രാജേഷ് പറയുന്നു. ഒരു സംഘം നാട്ടുകാര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ശേഷം പൂജ മുടക്കിക്കൊണ്ട് മര്‍ദ്ദിച്ച് ക്ഷേത്രത്തില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ രാജേഷ് പറയുന്നുണ്ട്. പൂജാവിധികള്‍ ശാസ്ത്രീയമായി പഠിച്ച് ഉപനയനത്തിന് ശേഷം കഴിഞ്ഞ എട്ടുവര്‍ഷമായി ഇദ്ദേഹം വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി പ്രവര്‍ത്തിച്ചിരുന്നു. രാജേഷിനെ ക്ഷേത്രത്തില്‍ നിന്നും അടിച്ചിറക്കിയ ശേഷം ഈ നാട്ടുകാര്‍ ക്ഷേത്രത്തില്‍ മറ്റൊരു തന്ത്രിയെ കൊണ്ട് ശുദ്ധികലശം നടത്തുകയും ചെയ്തു.. രാജേഷ് ബ്രാഹ്മണനല്ല എന്ന കാര്യം തങ്ങളോട് ബോധിപ്പിച്ചില്ല എന്നാണത്രെ അവരുടെ പരാതി. അവരെ അതു ബോധിപ്പിക്കണമെന്ന് എവിടേയും നിയമമില്ല.
ഇതൊരു ഒറ്റപ്പെട്ട് പ്രശ്‌നമാണെങ്കില്‍ പോട്ടെ എന്നു വെക്കാം. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ തന്നെ, അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രസാദം കൈയ്യിലും മറ്റുള്ളവര്‍ക്ക് നിലത്തും കൊടുക്കുന്നു എന്ന വാര്‍ത്ത ഏതാനും ദിവസം മുമ്പ് വന്നിരുന്നു. ഇത്തരമൊരു അയിത്തം കേരളത്തിലെമ്പാടും നടക്കുന്നുണ്ട്. നമ്മുടെ ക്ഷേത്രങ്ങളില്‍ കാലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ തങ്ങളുടെ കലോപാസന സമര്‍പ്പിക്കാന്‍ അവസരം നിഷേധിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയാണല്ലോ. ഞെരളത്ത് ഹരിഗോവിന്ദനു മറുപടി നല്‍കാന്‍ ഇനിയും നമുക്കാവുന്നില്ലല്ലോ. ലോകപ്രശസ്തമായ തൃശൂര്‍ പൂരം കമ്മിറ്റിയില്‍ പിന്നോക്കക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടികാട്ടി വെള്ളാപ്പിള്ളി രംഗത്തു വന്നിരുന്നു. ദളിതന്റെ കഥ പറയാനില്ലല്ലോ. അന്യമതസ്ഥര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശത്തെ കുറിച്ച് ഇനിയും നമുക്ക് എന്ന് ചിന്തിക്കാനാവും? ഗുരുവായൂര്‍ അമ്പലനടയില്‍ പാടണമെന്ന യേശുദാസിന്റെ ആഗ്രഹം ഈ ജന്മം സഫലമാകാന്‍ പോകുന്നില്ല.
ഇതെല്ലാം ക്ഷേത്രങ്ങളുമായി ബനഅദപ്പെട്ട സംഭവങ്ങള്‍ മാത്രം. ജീവിതത്തിന്റെ സമസ്തമേഖലകളിലും ജാതി ഒളിച്ചുകളിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും ഒളിച്ചല്ല, നേരെയാണ് കളിക്കുന്നതെന്ന് മാത്രം.
കേരളം ശക്തമായ വേലിയിറക്കത്തില്‍ എന്നതാണ് ആരിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പച്ചയായ യാഥാര്‍ത്ഥ്യം. സാമൂഹ്യനവോത്ഥാനം കൊണ്ടുവന്ന മുഴുവന്‍ മുന്നേറ്റങ്ങളും ഈ വേലിയിറക്കം തിരിച്ചുകൊണ്ടുപോയിരിക്കുന്നു. എല്ലാ പ്രതിലോമശക്തികളും അതിശക്തമായി തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു ശക്തിക്കും ഒരു പ്രസ്ഥാനത്തിനും അതില്‍ കാര്യമായ വേവലാതിയില്ലെന്നതാണ് കൗതുകകരം.
അടുത്തയിടെ ഫെയ്‌സ് ബുക്കില്‍ തമാശപോലെ കണ്ട ഒരു ചോദ്യവും ഉത്തരവും ഇങ്ങനെ. പഴയ ചില നടിമാരുടെ പേരു പറയൂ… ശാരദ, ഷീല, അംബിക, ശ്രീദേവി, ജയഭാരതി, ശ്രീവിദ്യ.. പുതിയതോ…. മഞ്ജു വാര്യര്‍, സംയുക്തവര്‍മ്മ, ശാലുമേനോന്‍, മഞ്ജുപിള്ള, നവ്യാനായര്‍, ശ്വേതാമേനോന്‍, ……. എവിടെ നിന്നാണ് ഈ വാലുകള്‍ വന്നത്്? എന്തേ ഈ വാലുകളില്‍ പുലയത്തിയും പറയത്തിയും ഇല്ലാത്തത്? നേരത്തേയും ഇങ്ങനെയായിരുന്നല്ലോ? ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യൂതമേനോനും ഉണ്ടായിരുന്ന മന്ത്രിസഭയില്‍ ചാത്തന്‍ മാഷ്, ചാത്തന്‍ പുലയന്‍ എന്ന പേര്‍ വെച്ചില്ലല്ലോ. പി കെ വാസുദേവന്‍ നായരും എം എന്‍ ഗോവിന്ദന്‍ നായരും പി ഗോവിന്ദപിള്ളയുമൊക്കെ മരണംവരെ വിപ്ലവകാരികളായിരുന്നല്ലോ.
നാരായണഗുരുവും വിടിയും അയ്യങ്കാളിയുമൊക്കെ ഉഴുതുമറിച്ച നവോത്ഥാനത്തിന്റെ വിത്തുകള്‍ക്കെന്തു സംഭവിച്ചു? മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലേക്ക് അംബേദ്കര്‍ എന്ന പിന്‍ഗാമിയുണ്ടായപോലെ കേരളത്തില്‍ നാരായണഗുരുവിനു പിന്‍ഗാമി എന്തേയുണ്ടായില്ല. പകരമുണ്ടായത് ഇഎംഎസ്. വിടി നിശബ്ദനാകുകയും ഇഎംഎസ് വാചാലനാകുകയും ചെയ്തു. അയ്യങ്കാളി വെറും ഗുണ്ടയായി. അദ്ദേഹം നേതൃത്വം നല്‍കിയ ആദ്യത്തെ കര്‍ഷക തൊഴിലാളി പണിമുടക്കിനുപോലും അര്‍ഹമായ അംഗീകാരം കേരളം നല്‍കിയില്ല. ഇഎംഎസിന്റെ പ്രസിദ്ധമായ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അയ്യങ്കാളിക്ക് ഒരു വരിപോലും ലഭിച്ചില്ല. എന്നിട്ടോ? തോപ്പില്‍ ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തില്‍ ചിത്രീകരിച്ചപോലെ മാലയെന്ന ദളിത് പെണ്‍കുട്ടിയില്‍ നിന്ന് ഞാന്‍ മുന്നില്‍ നില്‍ക്കാമെന്ന് പറഞ്ഞ് കേശവപ്പിള്ള ചെങ്കൊടിയേറ്റുവാങ്ങി. അതിന്റെ അനന്തരഫലമാണ് യുപിയില്‍ മായാവതിയെപോലുള്ള ദളിത് സ്ത്രീ മുഖ്യമന്ത്രിയായിട്ടും കേരളത്തില്‍ അതു സങ്കല്പിക്കാന്‍ പോലുമാകാത്തത്. തങ്ങള്‍ക്കിനി ദത്തുപുത്രന്മാര്‍ വേണ്ടെന്നു പറഞ്ഞു രംഗത്തെത്തിയ സി കെ ജാനുവിനെ നമ്മള്‍ ഒതുക്കി മൂലക്കിരുത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് സാഹിത്യവും ദളിത് ഉണര്‍വ്വുകളും സജീവമാകുമ്പോള്‍ കേരളത്തില്‍ അതില്ലാത്തത്. ശിവഗിരിയില്‍ മോഡിയും കൊടുങ്ങല്ലൂരിലെ എസ്എന്‍ഡിപി നാരായണഗുരു അനുസ്മരണത്തില്‍ ശശികലടീച്ചറും മുഖ്യ അതിഥികളാകുന്നത്. ഗുരുവിനെ ചില്ലുകൂട്ടില്‍ തളച്ചത്. മുത്തങ്ങയിലേയും ചങ്ങറയിലേയും അരിപ്പയിലേയും ഭൂസമങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ട്. ഒപ്പം ഡിഎച്ച്ആര്‍എമ്മിനും ഗോത്രമഹാസഭക്കും.
മറുവശത്ത് സംവരണത്തിനൊഴികെ മറ്റൊന്നിനും ജാതി പറയാത്ത അവസ്ഥയിലേക്ക് ശരാശരി ദളിതനെ മാറ്റുന്നതില്‍ നാം വിജയിച്ചു. വിദ്യാഭ്യാസവും തൊഴിലുമുള്ള ദളിതരാകട്ടെ കഴിയുമെങ്കില്‍ ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചു. തുടര്‍ന്നവരുടേയും പിന്‍തലമുറയുടേയും ജീവിതം സവര്‍ണ്ണരും നാഗരികരുമായി. മിശ്രവിവാഹം പോലും പിന്തിരിപ്പനാകുന്ന അവസ്ഥ. തങ്ങളുടെ സമുദായത്തില്‍ നിന്ന് 10 ബിഎക്കാരെ കാണാന്‍ അയ്യങ്കാളി ആഗ്രഹിച്ചെങ്കില്‍ ആയിരകണക്കിനു പേരുണ്ടായിട്ടും ഗുണമില്ലാതായി. അടുത്തയിടെ ഒരു പട്ടികജാതി സംഘടന തങ്ങളുടെ ഇപ്പോഴത്തെ നേതാവിനെ വിശേഷിപ്പിച്ചത് വെളുത്ത് അയ്യങ്കാളിയെന്ന്.
വര്‍ഗ്ഗസമരത്തിലൂടെ ജാതിപീഡനം അവസാനിക്കും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നീ മുദ്രാവാക്യങ്ങള്‍ ഫലത്തില്‍ ദളിതന് എതിരായി തീര്‍ന്നു. മുളയന്‍ മജിസ്‌ട്രേറ്റായാല്‍ എന്ന ചൊല്ലിന്റെ ശക്തി ദിനം പ്രതി വര്‍ദ്ധിക്കുന്നു. ദളിതരുടെ മതംമാറ്റത്തെ പ്രതിരോധിക്കാന്‍ രൂപപ്പെടുത്തിയെന്ന വിമര്‍ശനം നിലനില്‍ക്കുന്ന ക്ഷേത്രപ്രവേശന വിളംബരം മൂലം ദളിതര്‍ക്ക് സ്വന്തം ദൈവങ്ങളേയും നഷ്ടപ്പെട്ടു. അന്തിമമായി കേരളത്തില്‍ നടന്ന നവോത്ഥാന രാഷ്ട്രീയ മുന്നേറ്റങ്ങര്‍ ദളിതനും ആദിവാസിക്കും കാര്യമായ ഗുണവുമുണ്ടാക്കിയില്ല എന്നതു ഉറക്കെ വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇനിയെന്ത് എന്ന ചോദ്യത്തിന്റെ പ്രസക്തി. തീര്‍ച്ചയായും രാഷ്ട്രീയാധികാരം എന്നതുതന്നെയാണ് അതിനുള്ള മറുപടി. ഇന്ത്യയില പല സംസ്ഥാനങ്ങളിലും മാത്രമല്ല, ലോകത്തുതന്നെ കറുത്തവന്റെ രാഷ്ട്രീയാധികാരം എന്ന വിഷയമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. അതു തന്നെയായിരിക്കണം നമ്മുടേയും വഴി. എന്നാല്‍ ആരംഭത്തില്‍ സൂചിപ്പിച്ച പോലെ ജാതിയില്ല എന്ന അന്ധവിശ്വാസത്തില്‍ ഇവിടെ അത്തരമൊരു മുന്നേറ്റം തടയപ്പെടുകയാണ്. അത്തരത്തിലുള്ള ചിന്തകള്‍ വിവിധ കോണുകളില്‍ നിന്നു ഉയരുമ്പോഴേക്കും ആദിവാസിക്കും ദളിതനുമെല്ലാം പ്രത്യേക പോഷക സംഘടനകളുണ്ടാക്കി അതിനെ ധൃതരാഷ്ട്ാലിംഗനത്തിലൂടെ തകര്‍ക്കുകയാണ് ബുദ്ധിശാലികളായ നമ്മുടെ രഷ്ട്രീയനേതൃത്വം. ആ തന്ത്രം കൂടി തിരിച്ചറിഞ്ഞുവേണം കറുത്ത രാഷ്ട്രീയത്തിനു കേരളത്തില്‍ മുന്നോട്ടുപോകാന്‍.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അവര്‍ണ്ണന്‍ പൂജാരിയാകുമ്പോള്‍

  1. നല്ല നിരീക്ഷണങ്ങള്‍……!ദളിതര്‍,തങ്ങളുള്‍ക്കൊള്ളുന്ന സംഘടനകളില്‍ ഈ കാര്യങ്ങള്‍ കൂടി ചര്‍ച്ചാവിഷയമാക്കേണ്ടതാണ്.ഇത് ശരിയല്ലേ എന്ന് ഓരോരുത്തരും ചിന്തിക്കുകയും ലഭിക്കുന്ന വേദികളിലൊക്കെ ഉന്നയിക്കുകയും വേണ്ടതല്ലേ?

Leave a Reply