അഴിമതിരഹിതഭരണം : ഉത്തരവാദിത്തം രാഷ്ട്രീയക്കാര്‍ക്ക്‌

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

corruptionകേരളരാഷ്ട്രീയത്തില്‍ അഴിമതി വീണ്ടും സജീവ ചര്‍ച്ചാവിഷയമായിരിക്കു കയാണല്ലോ. മന്ത്രി കെ എം മാണി ബാറുടമകളില്‍ നിന്ന്‌ കൈക്കൂലി വാങ്ങി എന്ന ആരോപണത്തോടെ ആരംഭിച്ച കോലാഹലം രാഹുല്‍ നായരിലൂടെ സൂരജിലെത്തിനില്‍ക്കുന്നു. സൂരജാകട്ടെ താന്‍ ഒറ്റക്കല്ലെന്ന്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. മഹാന്മാരും മാന്യന്മാരുമായി നടിക്കുന്ന പലരുടെയും അഴിമതി സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോള്‍ അതു പുറത്തുവിടുമെന്നും സൂരജ്‌ തുറന്നടിച്ചു. കഴിഞ്ഞില്ല. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അഴിമതിക്കാരായ രണ്ട്‌ പേരുകള്‍ വെളിപ്പെടുത്തുമെന്ന്‌ മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറും തുറന്നടിച്ചിരിക്കുന്നു.
രാഷ്ട്രീയനേതാക്കളുടെ അഴിമതിയാണ്‌ പൊതുവില്‍ കോളിളക്കമുണ്ടാക്കാറെങ്കിലും ഇപ്പോളത്‌ ഉന്നതോദ്യോഗസ്ഥരിലേക്ക്‌ മാറിയിരിക്കുകയാണ്‌. മാണിക്കെതിരെ ആരോപണമുന്നയിച്ചവരെതേടി വിജിലന്‍സ്‌ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ്‌. രാഹുല്‍ നായര്‍ക്കെതിരായ ആരോപണം കെട്ടിച്ചതാണെന്ന അഭിപ്രായം ശക്തമാണ്‌. എന്നാല്‍ സൂരജ്‌ തന്റെ വാക്കുകളിലൂടെ കുറ്റസമ്മതം തന്നെയാണ്‌ നടത്തിയത്‌. സൂരജും ഗണേഷ്‌ കുമാറും കാത്തിരിക്കേണ്ടതില്ല. അഴിമതിക്കാരുടെ പേരുകള്‍ ഉടനെ പുറത്തുവിടുകയാണ്‌ വേണ്ടത്‌. അടുത്ത കാലത്ത്‌ പലരും ചെയ്‌തപോലെ വെറുംവാക്കാകരുതെന്നു മാത്രം.
തീര്‍ച്ചയായും ഉദ്യോഗസ്ഥരില്‍ അഴിമതി വ്യാപകമാണ്‌. അഴിമതിക്കാരായ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും തമ്മിലുള്ളത്‌ കൊടുക്കല്‍ – വാങ്ങല്‍ ബന്ധമാണ്‌. എന്തുകാര്യം അത്‌ അര്‍ഹതപ്പെട്ടതായാലും അല്ലെങ്കിലും നടക്കാന്‍ പണം കൊടുത്തേ പറ്റൂ. ഐ എ എസ്‌ – ഐ പി എസ്‌ മുതല്‍ പ്യൂണ്‍ വരെ ഇതാണവസ്ഥ. മന്ത്രിമാര്‍ മുതല്‍ ഛോട്ടാ നേതാക്കള്‍ വരേയും.
ഇത്തരമൊരവസ്ഥക്കറുതി വരുത്താന്‍ ആഭ്യന്തരവകുപ്പുമന്ത്രി രമേശ്‌ ചെന്നിത്തല ശക്തമായി രംഗത്തിറങ്ങുന്നതായാണ്‌ റിപ്പോര്‍ട്ട്‌. അതിനുകഴിഞ്ഞാല്‍ അതുണ്ടാക്കുന്ന വിപ്ലവം ചില്ലറയായിരിക്കില്ല. ചെന്നിത്തല ആത്മാര്‍ത്ഥമായാണ്‌ അതിനു ശ്രമിക്കുന്നതെങ്കില്‍ ഏറെ മുന്നോട്ടുപകാനുള്ള സാഹചര്യമാണ്‌ നിലനില്‌ക്കുന്നത്‌. വേണ്ടത്‌ രാഷ്ട്രീയമായ ആര്‍ജ്ജവം മാത്രം.
ജനാധിപത്യത്തിന്റെ നാലു തൂണുകളും ഇന്ന്‌ അഴിമതിയില്‍ നിന്ന്‌ വിമുക്തമല്ല. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയുടെ മാനങ്ങള്‍ ഏറെയാണ്‌. അവരാണ്‌ മറ്റുള്ളവര്‍ക്ക്‌ മാതൃകയാകേണ്ടത്‌. കാരണം അവര്‍ നിസ്വാര്‍ത്ഥരായി ജനസേവനം ചെയ്യുകയാണെന്നാണല്ലോ വെപ്പ്‌. ജീവിതം സമൂഹത്തിനായി മാറ്റി വെച്ചവര്‍. രാഷ്ട്രീയ രംഗത്തെ അഴിമതിക്ക്‌ കടിഞ്ഞാണിടാന്‍ കഴിഞ്ഞാല്‍ അതിന്റെ പ്രതിഫലനം മറ്റുമേഖലകളിലും ഉണ്ടാകുമെന്നുറപ്പ്‌. അതിനാണ്‌ ജനാധിപത്യവിശ്വാസികള്‍ ഇന്ന്‌ ശ്രമിക്കേണ്ടത്‌.
രാഷ്ട്രീയപ്രവര്‍ത്തനത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പം തന്നെ അടിമുടി മാറണം. നമുക്കെന്തിനാണ്‌ മുഴുവന്‍ സമയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും? രാഷ്ട്രീയ പ്രവര്‍ത്തകരും അല്ലാത്തവരും എന്ന വിഭജനം തന്നെ ഇല്ലാതാകണം. എല്ലാവരും രാഷ്ട്രീയ പ്രവര്‍ത്തകരാകണം. അതേസമയം രാഷ്ട്രീയ പ്രവര്‍ത്തനം ഉപജീവനമായി മാറുന്ന അവസ്ഥ ഇല്ലാതാകണം. സത്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഉപജീവനമായി മാറുന്ന അവസ്ഥയാണ്‌ അഴിമതിക്ക്‌ ഒരു പ്രധാന കാരണം. ഒരു വരുമാനവുമില്ലാത്ത കുട്ടിനേതാക്കള്‍ പോലും ആഡംബരകാറുകളിലും വിമാനത്തിലും മറ്റും കറങ്ങുന്നത്‌ അഴിമതിയിലൂടെ തന്നെയാണെന്ന്‌ മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ. എല്ലാവരും തൊഴില്‍ ചെയ്‌ത്‌ ജീവിക്കുന്ന പോലെ സ്വന്തമായി തൊഴില്‍ ചെയ്‌ത്‌ വേണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ പല കേന്ദ്രങ്ങളിലും ലഭിക്കുന്ന മുന്‍ഗണനകള്‍ അവസാനിപ്പിക്കണം. തങ്ങളെ തീറ്റിപോറ്റേണ്ടത്‌ സമൂഹമാണെന്ന ചിന്താഗതിയാണ്‌ പല രാഷ്ട്രീയക്കാര്‍ക്കുമുള്ളത്‌. റഷ്യന്‍ വിപ്ലവസമയത്ത്‌ ലെനിനും സ്വാതന്ത്ര്യസമരകാലത്ത്‌ ഗാന്ധിയുമൊക്കെ മുഴുവന്‍ സമയ കേഡര്‍മാരെ ആവശ്യപ്പെട്ട്‌ടിരിക്കാം. ഇന്ന്‌ ആ അവസ്ഥയല്ല. കേഡര്‍മാരല്ല, മറിച്ച്‌ മുഴുവന്‍ പേരും ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകണം.
അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം ഒഴിവാക്കണം. മാത്രമല്ല ഒരാള്‍ക്ക്‌ ഒരു തവണ മാത്രമേ മത്സരിക്കാന്‍ അവസരം കൊടുക്കാവൂ. അങ്ങനെ ഭരിക്കുന്നവര്‍ മാറിമാറി വരട്ടെ. അക്കാലയളവില്‍ ജോലിയില്‍ നിന്ന്‌ ലീവെടുക്കാമല്ലോ. അതുവഴി ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്ന വിഭജനം കുറഞ്ഞുവരണം. ഏതു സ്ഥാപനത്തിന്റേയും സംഘടനയുടേയും വരുമാനം പരിശോധിക്കാന്‍ നിയമമുള്ള നാട്ടില്‍ പാര്‍ട്ടികളെ അതില്‍ നിന്ന്‌ ഒഴിവാക്കരുത്‌. പാര്‍ട്ടികളുടെ വരവു ചിലവു കണക്കുകളും ഓഡിറ്റ്‌ ചെയ്യണം. വിവരാവകാശനിയം പാര്‍ട്ടികള്‍ക്കും ബാധകമാക്കണം. അധികാരത്തെ നിയന്തരിക്കുന്നത്‌ അവരാണല്ലോ. നേതാക്കള്‍ക്ക്‌ പണം പുറത്തേക്ക്‌ കടത്തി സുരക്ഷിതമാക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണം. രാഷ്ട്രീയനേതാക്കളുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ കമ്മീഷനുകള്‍ക്ക്‌ അവസാനം കണ്ടെത്താന്‍ വാങ്ങല്‍ – കൊടുക്കലുകള്‍ക്ക്‌ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ പുതിയ രീതികള്‍ ആവിഷ്‌കരിക്കണം. അതോടൊപ്പം ഭരണവ്യവസ്ഥയേയും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ സുതാര്യമാക്കണം. ഒപ്പം അധികാരം പരമാവധി വികേന്ദ്രീകരിക്കണം. അതും അഴിമതി കുറക്കാന്‍ സഹായകരമാകും. മുഴുവന്‍ അധികാരകേന്ദ്രങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും സ്‌ത്രീ നേതൃത്വങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം.
നമ്മുട ജനാധിപത്യ പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ ജനങ്ങള്‍ക്ക്‌ നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ട്‌. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ തോല്‍പ്പിക്കാമെന്നു പറയാമെങ്കിലും ഇരുപക്ഷക്കാരും അങ്ങനെയായല്‍ എന്തായിരിക്കും അവസ്ഥ. മാത്രമല്ല, തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും രാഷ്ട്രീയ പ്രശ്‌നങ്ങളായിരിക്കും സജീവം. തിരിച്ചുവിളിക്കാനുള്ള അവകാശവും പ്രായോഗികമാക്കാന്‍ എളുപ്പമല്ല. അവിടെയാണ്‌ ശക്തമായ ലോക്‌പാലിന്റെ പ്രസക്തി. അത്‌ കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം. അതോടൊപ്പം ജനങ്ങളുടെ വോട്ടുനേടാതെ ആരും അധികാരത്തിലെത്തരുത്‌. നേരത്തെ നമ്മുടെ പ്രധാനമന്ത്രിപോലും അങ്ങനെയായിരുന്നു.
രാഷ്ട്രീയരംഗം ശുദ്ധീകരിക്കപ്പെടുമ്പോള്‍ അത്‌ മറ്റുമേഖലകളിലും ഗുണകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താനുള്ള ധാര്‍മ്മികമായ അവകാശം അവര്‍ക്കുണ്ടാകും. കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ഇത്തരത്തില്‍ ദീര്‍ഘമായ വീക്ഷണവും ഉണ്ടാകണം


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply