ഉന്നത വിദ്യാഭ്യാസത്തില്‍ സാമൂഹ്യ അനീതികളുടെ വൈറസ് വ്യാപനം

മീഡിയോക്രസിയുടെ ജനാധിപത്യവല്‍ക്കരണമാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രശ്‌നമെന്ന് പരിതപിക്കുന്ന ഡോ. രാജന്‍ ഗുരുക്കളെപ്പോലെയുള്ള ചരിത്ര പണ്ഡിതരോ, വിദ്യാഭ്യാസ വിജക്ഷണരോ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പല അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും ഗൗരവപൂര്‍വം ചര്‍ച്ചചെയ്യാന്‍ കൂട്ടാക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

കാലങ്ങളായി കേരളത്തിലെ സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ നിലനിന്നിരുന്ന പ്രിന്‍സിപ്പല്‍ നിയമന രീതികളെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള എയ്ഡഡ് കോളേജ് അദ്ധ്യാപകരെക്കൂടി അഥവാ അവര്‍ ജോലിചെയ്തിരുന്ന കാലയളവുകൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍ നിയമന നടപടികളുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകര്‍ക്കുള്ള അതേ യോഗ്യതകളും, സേവന -വേതന വ്യവസ്ഥകളുമാണ് എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍ക്കും ഉള്ളത്, ആയതിനാല്‍ അവരെയും സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത് എന്നാണ് ചോദ്യമെങ്കില്‍ ഈ നിയമന രീതി നൂറുശതമാനം തെറ്റാണ് എന്ന് തന്നെയാണുത്തരം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് അറിവുള്ള ഏതൊരാള്‍ക്കും അക്കമിട്ട് നിരത്തുവാന്‍ സാധിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ ഈ തീരുമാനത്തിന് പിന്നിലുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ഇത്തരം സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ തന്നെയാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കാലങ്ങളായി ജാതി-മത സമുദായങ്ങളുടെ നിയന്ത്രണത്തിലാണെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂന്നിരട്ടിയോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവനക്കാരുമാണ് ഇന്ന് എയ്ഡഡ് മേഖലയില്‍ കേരളത്തില്‍ നിലവിലുള്ളത്. 2014 -ല്‍ പട്ടികജാതി-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞ കണക്കുകളനുസരിച്ച് കേരളത്തില്‍ 148 എയ്ഡഡ് കോളേജുകളും 38 ഗവണ്‍മെന്റ് കോളേജുകളുമാണുണ്ടായിരുന്നത് (മാധ്യമം വാരിക, 6 ജൂലൈ, 2020, p.43). ജാതി-മത-സമുദായ-സാമ്പത്തിക പരിഗണനകളാണ് ഇത്തരം സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത (യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും മറ്റ് അധികയോഗ്യതകളും ഉണ്ടായാലും മുന്‍ചൊന്ന യോഗ്യതകളില്ലെങ്കില്‍ നിങ്ങള്‍ നിയമനങ്ങള്‍ക്ക് അര്‍ഹരല്ല എന്നത് കേരളത്തില്‍ ഒരു അലിഖിത നിയമമാണ്). എയ്ഡഡ് മേഖലയിലെ ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ സ്വന്തം ജാതി-മത വിഭാഗങ്ങള്‍ക്ക് പുറത്തുള്ളവരെ മരുന്നിനുപോലും കണ്ടുപിടിക്കാന്‍ ഇത്തരം സ്ഥാപനങ്ങളില്‍ വിഷമമാണ്. പ്രിന്‍സിപ്പല്‍ മുതല്‍ പ്യൂണ്‍ വരെയുള്ള ജോലികളിലെ ‘വര്‍ഗ്ഗ (സമുദായ) ഐക്യ’ത്തിനുള്ള ഏറ്റവും നല്ല മാതൃകകളാണ് കേരളത്തിലെ എയ്ഡഡ് കോളേജുകള്‍. കേരളത്തിലെ ഇത്തരം ‘സമുദായ’ സ്ഥാപനങ്ങളില്‍ (‘പൊതു’ എന്ന നാമകരണത്തിന് ഇവ അര്‍ഹമല്ല) കാലങ്ങളോളം സേവനമനുഷ്ഠിച്ച ശേഷമാണ്, യു.ജി.സി. നിര്‍ദ്ദേശങ്ങളുടെ പേരുപറഞ്ഞു സര്‍ക്കാര്‍ കോളേജുകളിലേക്ക് സ്ഥാപനമേധാവികളായി രംഗപ്രവേശം ചെയ്യാന്‍ ഒരു കൂട്ടം അദ്ധ്യാപകര്‍ തിരക്ക് കൂട്ടുന്നത്.

റെജികുമാറും മറ്റും 2010-ല്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ എയ്ഡഡ് -കോളേജുകളില്‍ ജോലിനോക്കുന്ന 7199 അദ്ധ്യാപകരില്‍ വെറും 11 പേര്‍ മാത്രമാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍നിന്നും അദ്ധ്യാപകരായുള്ളത്. എങ്കില്‍പ്പോലും ജനസംഖ്യാനുപാതികമായി എയ്ഡഡ് കോളേജുകളില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ സംവരണം ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ കോളേജ് മാനേജുമെന്റുകള്‍ ഒരുപോലെ കോടതിയില്‍ എതിര്‍ക്കുകയാണ് അന്നുണ്ടായത്. ഇപ്പോള്‍ യു.ജി.സി.മാനദണ്ഡങ്ങള്‍ പാലിച്ച് പ്രിന്‍സിപ്പല്‍ നിയമനം നടത്തണമെന്ന് വാദിക്കുന്നവര്‍ പക്ഷേ സര്‍വ്വകലാശാലകളിലും, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപക -അനദ്ധ്യാപക നിയമനങ്ങളില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന 2006- ലെ യു.ജി.സി. നിര്‍ദേശത്തിന് കടലാസിന്റെ വിലപോലും കല്പിക്കാന്‍ കൂട്ടാക്കിയില്ല. അതേസമയം, ഇന്ത്യന്‍ ഭരണഘടനാ-സംവരണ തത്വങ്ങളെയോ, വിവിധ സാമൂഹ്യ വിഭാഗങ്ങള്‍ തമ്മില്‍ നിലവിലുള്ള വിഭവ വിതരണത്തിലെ അന്തരത്തെയോ കണക്കിലെടുക്കാതെ, കുറഞ്ഞ അളവിലെങ്കിലും സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള സ്ഥാപനങ്ങളിലെ അധികാര സ്ഥാനങ്ങളില്‍ കയറിപ്പറ്റാനാണ് ഇവര്‍ വെമ്പല്‍ കൊള്ളുന്നത്.

മധ്യകേരളത്തിലെ പ്രശസ്തമായ ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജില്‍നിന്നും വകുപ്പ് മേധാവിയായി (സ്വന്തം സമുദായത്തില്‍ നിന്ന് തന്നെയുള്ള) അമ്മ വിരമിച്ച അതേ ഒഴിവില്‍ അദ്ധ്യാപികയായി മകള്‍ കടന്നുവന്നതിന് വലിയ വാര്‍ത്താപ്രാധാന്യമാണ് അടുത്തിടെ ലഭിച്ചത് . കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിലവിലുള്ള യാതൊരുവിധ സുതാര്യതയും ഇല്ലാതെ നടക്കുന്ന ഇത്തരം നിയമനങ്ങള്‍ ആഘോഷമാക്കുമ്പോള്‍, അവ റാങ്കുലിസ്റ്റുകളുടെ കാലാവധിയവസാനിച്ച് സര്‍ക്കാര്‍ നിയമനം ലഭിക്കാതെ പോകുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ നോക്കിയുള്ള കൊഞ്ഞനംകുത്തലായി അധഃപതിക്കുകയാണ് ചെയ്യുന്നത്. നാലോ അഞ്ചോ കൊല്ലംകൂടുമ്പോള്‍ പി.എസ്സ്.സി. നടത്തുന്ന മത്സര പരീക്ഷകള്‍ പാസ്സായി, മുപ്പത്തഞ്ചും നാല്പതും വയസ്സില്‍ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരായി സര്‍ക്കാര്‍ കലാലയങ്ങളിലെത്തുന്നവര്‍ക്ക് മുകളിലാണ്, പണത്തിന്റെയും സ്വാധീനത്തിന്‌ടെയും വിഴുപ്പുഭാണ്ഡവും പേറി സ്ഥാപന മേധാവികളായി എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍ കെട്ടിയിറങ്ങാന്‍ കച്ചമുറുക്കുന്നത്. ഇതേ കാരണം കൊണ്ടുതന്നെ കേരളത്തിലെ സര്‍ക്കാര്‍ കലാലയങ്ങളില്‍ മത്സര പരീക്ഷ പാസ്സായി ഒരു അറ്റന്‍ഡര്‍ ആയിപോലും കടന്നുവരുന്ന വ്യക്തിക്കുള്ള ധാര്‍മ്മിക ഔന്യത്യം (moral superiority) ഒരിക്കലും അതേ സ്ഥാപനത്തില്‍ സ്ഥാപന മേധാവിയായി വരുന്ന എയ്ഡഡ് മേഖലയില്‍നിന്നുള്ള അദ്ധ്യാപകന് അവകാശപ്പെടാന്‍ സാധിക്കില്ല എന്നത് പരമാര്‍ത്ഥമാണ്. അതേസമയം എയ്ഡഡ് മേഖലയില്‍ നിലവിലുള്ള പല വൃത്തികേടുകളും സര്‍ക്കാര്‍ സംവിധാങ്ങള്‍ക്കകത്തുകൂടി കൊണ്ട് വരാന്‍ മാത്രമേ ഇത്തരം നിയമനങ്ങള്‍ ഉപകാരപ്പെടുള്ളൂ. സര്‍ക്കാര്‍ നിയമനം ലഭിച്ച അദ്ധ്യാപകരുടെ സീനിയോറിറ്റിയെ എയ്ഡഡ് കോളേജ് അദ്ധ്യാപകര്‍ മറികടക്കുമോ ഇല്ലയോ എന്നതിലുപരി സര്‍ക്കാര്‍ സര്‍വീസ് എന്‍ട്രിയെ, സാമൂഹ്യ നീതിയുടെ മാനദണ്ഡങ്ങള്‍ ലവലേശം പാലിക്കാത്ത എയ്ഡഡ് കോളേജ് നിയമനങ്ങളുമായി തുലനം ചെയ്യുന്ന രീതിശാസ്ത്രം തന്നെയാണ് ഏറെ അപകടകരം.

മീഡിയോക്രസിയുടെ ജനാധിപത്യവല്‍ക്കരണമാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രശ്‌നമെന്ന് പരിതപിക്കുന്ന ഡോ. രാജന്‍ ഗുരുക്കളെപ്പോലെയുള്ള ചരിത്ര പണ്ഡിതരോ, വിദ്യാഭ്യാസ വിജക്ഷണരോ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഇത്തരത്തിലുള്ള പല അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും ഗൗരവപൂര്‍വം ചര്‍ച്ചചെയ്യാന്‍ കൂട്ടാക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply