ഹിന്ദുത്വ ജിങ്കോയിസത്തിനെതിരെ തെരുവിലിറങ്ങുക

നാലു കാരണങ്ങളാണ് ഇന്ത്യയില്‍ ഹിന്ദുത്വം വളര്‍ന്നുവരാന്‍ കാരണമായത്. ഒന്നാമത്തേത് കോണ്‍ഗ്രസിന്റെ അഴിമതിയും സ്വജനപക്ഷപാതവും. രണ്ടാമത്തേത്, ഇടതുപക്ഷത്തിന്റെ ഭൗതികവും ധാര്‍മികവുമായ കാപട്യവും ധാര്‍ഷ്ട്യവും. പലപ്പോഴും ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളെയായിരുന്നു ഇടതുപക്ഷം മാതൃകയാക്കിയതും സ്‌നേഹിച്ചതും. ലോകത്തെമ്പാടും ഉയര്‍ന്നു വരുന്ന മത മൗലിക വാദങ്ങളും വലതുപക്ഷ മൗലിക വാദങ്ങളുമാണ് ഹിന്ദുത്വത്തിന് വളര്‍ച്ചക്ക് കാരണമായ മറ്റു കാര്യങ്ങള്‍.

സി.എ.എ നിയമത്തിലെ നേര്‍ക്കുനേരെ ഉള്ള പ്രശ്‌നങ്ങള്‍ അല്ല ഞാന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്. കുറച്ചുകൂടി വിശാലമായ പരിപ്രേക്ഷ്യത്തില്‍, സാമൂഹികം, സാമ്പത്തികം, തത്വശാസ്ത്രം എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ നാം ഇവയെ മനസ്സിലാക്കണം. നമ്മുടെ പൈതൃകം ഉള്‍ക്കൊണ്ടുകൊണ്ട്, എങ്ങനെ ഇന്നത്തെ ഭരണ നികൃഷ്ടതയെ തോല്‍പ്പിക്കാം എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവരണം. ആദ്യം നമുക്ക് നമ്മുടെ മൂല്യങ്ങളെ കുറിച്ച് സംസാരിക്കാം; അതിനെ ബി.ജെ.പി എങ്ങിനെ മാറ്റി മറിച്ചു എന്നും. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ദേശരാഷ്ട്രവും അതിനെ അധിഷ്ഠിതമായുള്ള ഭ്രമാത്മക ദേശീയതയും ഉദയം കൊള്ളുന്നത്. ഒരു ഭാഷ, ഒരു മതം ഒരു ശത്രു; ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് അത്തരം ദേശീയതകള്‍ രൂപം കൊള്ളുന്നത്. ഭാഷ, മതം, ശത്രു എന്നിവയുടെ പേരില്‍ മനുഷ്യര്‍ ഏകോപിപ്പിക്കപ്പെടുക, ന്യൂനപക്ഷ ഭാഷകള്‍ സംസാരിക്കുന്നവരെ അമര്‍ച്ച ചെയ്യപ്പെടുക. ആ ഭാഷയെ അരികുവല്‍ക്കരിക്കുക; അങ്ങിനെയാണ് ഒരുകാലത്ത് ഇംഗ്ലീഷ് ഭാഷ മേധാവിത്വം നേടിയത്. ഫ്രഞ്ച് മാത്രം സംസാരിക്കുന്ന രാഷ്ട്രമായിരുന്നു ഫ്രാന്‍സ്. അവിടുത്തെ കാത്തോലിക്കുകള്‍ക്കിടയില്‍ ബ്രിട്ടീഷുകാര്‍ ഇംഗ്ലീഷ് മേധാവിത്വം നടപ്പിലാക്കി. പ്രൊട്ടസ്റ്റന്റുകാര്‍ ഇതിന് എതിരായിരുന്നു. ഇത് രണ്ട് വിഭാഗം ജനങ്ങളെ വെറുപ്പിലേക്കും ഫ്രഞ്ച്, ഇംഗ്ലണ്ട് ആഭിമുഖ്യമുള്ള വ്യത്യസ്ത ദേശീയതകളിലേക്കും തദ്വാരയുള്ള പ്രശ്‌നങ്ങളിലേക്കും നയിച്ചു. ഇതുപോലെ വികലമായ ദേശീയതയില്‍ പടുത്തുയര്‍ത്തിയതാണ് പാകിസ്ഥാന്‍ രാഷ്ട്രവും. മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രം ഭൂപ്രദേശം, സ്വന്തമായ ഭാഷ, ശത്രുവായി ഇന്ത്യയും. ഇതാണ് ആ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകള്‍. ബംഗാളിയെയോ മറ്റ് ഭാഷകളെയോ അവര്‍ ഔദ്യോഗികമായി അംഗീകരിച്ചില്ല. രാഷ്ട്രത്തിന്റെ ഐക്യത്തിന് ഒരു ഭാഷ വേണമെന്ന് ആ രാജ്യം നിര്‍ബന്ധം പിടിച്ചു. ഇന്ത്യന്‍ ദേശീയത അതില്‍നിന്നും തികച്ചും ഭിന്നമാണ്. ഏതെങ്കിലും ഭാഷക്കോ പ്രദേശത്തിനോ പ്രത്യേക ഔന്നിത്യം ഇന്ത്യന്‍ ദേശീയത വിഭാവനം ചെയ്യുന്നില്ല. ഒരു മതത്തിന്റെ പേരില്‍ മറ്റൊരു മതത്തിനുമേല്‍ ശത്രുതയും നമ്മുടെ ദേശീയത അനുവദിക്കുന്നില്ല.

മഹാത്മാഗാന്ധി ഒരു ഗുജറാത്തി ആയിരുന്നു. അദ്ദേഹം സൗത്ത് ആഫ്രിക്കയിലും ഇതര രാജ്യങ്ങളിലും പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളുമായി പോയതിനാലാണ് അദ്ദേഹത്തിന്റെ ലോകവീക്ഷണം വിശാലമായത്. ഇതു സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹം, ഗുജറാത്തിയില്‍ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു വക്കീലായി മുംബൈയില്‍ പ്രാക്ടീസ് നടത്തി ഒരു സാധാരണ ജീവിതം നയിച്ചേനെ. ഗാന്ധിജിക്ക് പുറത്തുനിന്നും ഇന്ത്യയെ നോക്കി കാണാന്‍ കഴിഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ അദ്ദേഹത്തിന് മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആദ്യമായി ‘സത്യാഗ്രഹക്ക്’ സംഭാവന നല്‍കിയത് ഒരു പാഴ്‌സി ആയിരുന്നു. സത്യാഗ്രഹ ആദ്യ തവണകളില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തത് ഒരു ക്രിസ്തീയ പുരോഹിതന്‍ ആയിരുന്നു. ജൂത മതത്തില്‍ പെട്ട കൂട്ടുകാരും അദ്ദേഹത്തിന് ആ സമയത്ത് ധാരാളം ഉണ്ടായിരുന്നു. സത്യാഗ്രഹങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഗുജറാത്തികള്‍ അദ്ദേഹത്തെ ആദ്യഘട്ടത്തില്‍ സഹായിച്ചില്ല. സത്യാഗ്രഹയുടെ വാര്‍ത്ത വ്യത്യസ്തമായ നാല് ഭാഷകളില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. ഗുജറാത്തി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും വ്യത്യസ്ത സംസ്ഥാനങ്ങളിലും അത് പ്രസിദ്ധപ്പെടുത്തി. അദ്ദേഹത്തിന് സൗത്താഫ്രിക്കയില്‍ നിന്നും ലഭിച്ച അനുഭവ സമ്പത്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞത്. ഒരു ഏക ഭാഷ കൊണ്ട് ഇന്ത്യയെ ഒരുമിക്കുക അസാധ്യമാണെന്ന് അന്നു തന്നെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് പോലും അദ്ദേഹം ഒരു ബ്രിട്ടീഷുകാരനെതിരെ ‘വെറുപ്പ് ‘ പ്രത്യയശാസ്ത്രമാക്കിയിട്ടില്ല. നാനാത്വത്തിലും വൈവിധ്യത്തിലും അദ്ദേഹം വിശ്വസിച്ചു. നമുക്കറിയാവുന്നതു പോലെ ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. അതിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങിയവ. ഗാന്ധിജിയുടെ ‘സ്വരാജിന്റെ’ നാല് തൂണുകള്‍ അക്രമരാഹിത്യം, അയിത്തോച്ഛാടനം, ഹിന്ദു-മുസ്‌ലിം മൈത്രി, ഖദര്‍ വസ്ത്രങ്ങളുടെ പ്രചാരണം എന്നിവയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോഴും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആത്മാവിനെ, ബി.ആര്‍.അംബേദ്കര്‍ ഉള്‍ക്കൊണ്ടിരുന്നു.

Freedom of expression, ജാതിവിരുദ്ധ എന്നിവ നമ്മുടെ ഭരണഘടനയുടെ അന്തഃസത്തകളാണ്. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഭരണഘടന വലിയ പ്രാമുഖ്യം അനുവദിച്ചു. ജനങ്ങള്‍ക്കിടയില്‍ ജാതി, ലിംഗം എന്നിവ അടിസ്ഥാനമാക്കിയുള്ള വിഭജനം ഭരണഘടന വിലക്കി. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥ, ദീര്‍ഘകാലം ഉയര്‍ന്ന ജാതിക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ഇന്ത്യന്‍ ഭരണഘടന അത് വിലക്കി, എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം നല്‍കി. സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്തി. ഈ സോഷ്യല്‍ ഇക്വാലിറ്റി ആണ് ഭരണഘടനയുടെ മറ്റൊരു പ്രധാന സത്ത. വ്യത്യസ്ത ഭാഷകള്‍ക്കും മതങ്ങള്‍ക്കും അനുമതി നല്‍കി. സ്വരാജിലെ അവസാനത്തെ സ്തംഭമായ ഖാദിയുടെയും ഖദറിന്റേയും പ്രാധാന്യം, സാമ്പത്തിക സ്വാശ്രയത്തിന്റേയും ശാക്തീകരണത്തിന്റേയും സുസ്ഥിരതയുടെയും പ്രതീകങ്ങളാണിവ എന്നതാണ്. മുകളില്‍ പറഞ്ഞ നാല് കാര്യങ്ങള്‍ക്കും സ്വരാജില്‍ തുല്യസ്ഥാനം ഉണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നിന് ഫംഗസ് ബാധിച്ചാല്‍ ദേശീയോദ്ഗ്രഥനം, സുസ്ഥിര ഭാവി, പ്‌ളൂരലിസം എന്നിവയെ അത് ബാധിക്കും. യൂറോപ്യന്‍ പരിപ്രേക്ഷ്യത്തില്‍ നിന്നും ഇന്ത്യ വളരെ വിഭിന്നമാണ്. മൂല്യങ്ങളുടെ വ്യവസ്ഥിതിയാണ് ഇന്ത്യന്‍ ദേശീയത. രാജ്യവും ഭരണഘടനയും നിലനില്‍ക്കുന്നത് അഞ്ച് അടിസ്ഥാന തത്വങ്ങളിലാണ്.

അതില്‍ ആദ്യത്തേത് നാനാത്വം (ഡൈവേഴ്‌സിറ്റി) ആണ്. വ്യത്യസ്ത ജനത, വ്യത്യസ്ത സംസ്‌കാരം, വ്യത്യസ്ത വ്യവസ്ഥ. ഇന്ത്യയെന്ന സമുദ്രത്തിലെ വ്യത്യസ്ത മുഖങ്ങളാണ് ഇവ എന്നാണ് രവീന്ദ്രനാഥ ടാഗോര്‍ ഇതിനെ കുറിച്ച് പറഞ്ഞത്. ഏതെങ്കിലും ഒരു പ്രത്യേക പാതയെ മാത്രം അതാണ് ഇന്ത്യന്‍ കള്‍ച്ചര്‍ എന്ന് പറയാന്‍ കഴിയില്ല. ഭാരതത്തിലെ ആദിമ മനുഷ്യരുടെതോ പിന്നീട് കുടിയേറിയ ആര്യന്മാരുടെതോ ആണ് യഥാര്‍ഥ ഇന്ത്യന്‍ കള്‍ച്ചര്‍ എന്ന വേര്‍തിരിവുകള്‍ അസാധ്യമാണ്. എല്ലാം കൂടി ചേര്‍ന്നതാണ് ഇന്ത്യന്‍ സംസ്‌കാരം. ഇവിടെ ആര്‍ക്കും പ്രത്യേക ആധിപത്യത്തിന് അവകാശമില്ല. ആരും തന്നെ മറ്റുള്ളവര്‍ക്ക് മേല്‍ കൂടുതല്‍ തുല്യരല്ല. രക്തം, ജാതി, ഭാഷ എന്നിവ പ്രകാരം ഏതെങ്കിലും വിഭാഗത്തിന് കൂടുതല്‍ അവകാശങ്ങള്‍ ഇല്ല. ഭരണഘടനക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. ഗാന്ധി, നെഹ്‌റു തുടങ്ങിയവര്‍ മുതല്‍ ശ്രീനാരായണഗുരു വരെയുള്ളവര്‍ ഇതിനുവേണ്ടിയാണ് നിലകൊണ്ടത്.

രണ്ടാമത്തേത് വ്യത്യസ്ത തലങ്ങളിലുള്ള ദേശസ്‌നേഹമാണ്. അത് നമ്മുടെ വീടുകളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു. സ്വന്തം പട്ടണത്തെയും ജില്ലയേയും സംസ്ഥാനത്തെയും ഇതുവഴി നമുക്ക് സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യം ലഭിച്ച്, കര്‍ണാടക സംസ്ഥാനം രൂപീകരിച്ചപ്പോള്‍ വളരെ സാധാരണക്കാരായ മനുഷ്യര്‍, റിക്ഷ തൊഴിലാളികളടക്കമുള്ളവര്‍ കര്‍ണാടകക്ക് ഒരു പതാകയുമായി തെരുവിലിറങ്ങി. ചിലര്‍ ഇന്ത്യക്കുള്ളില്‍ വേറൊരു രാജ്യമോ എന്ന തരത്തില്‍ ഇതിനെ ചോദ്യം ചെയ്തു. പക്ഷേ, സാധാരണക്കാരുടെ ഈ പ്രവര്‍ത്തിയെ അംഗീകരിക്കുകയായിരുന്നു നമ്മുടെ ഭരണചക്രം തിരിക്കുന്നവര്‍ അന്ന് ചെയ്തത്; അതാണ് ഭരണഘടനയോടുള്ള നീതിയും. പ്രാദേശികമായ സ്‌നേഹ പ്രകടനങ്ങള്‍ക്ക് നമ്മുടെ ഭരണഘടനയില്‍ സ്ഥാനം ഉണ്ട്.

മൂന്നാമത്തേത് മതം, സംസ്ഥാനം തുടങ്ങിയ വിഭജനങ്ങള്‍ക്കപ്പുറം ജനങ്ങളെ അംഗീകരിക്കാനുള്ള മനസ്സുണ്ടാവുക എന്നതാണ്. ആരും പൂര്‍ണ്ണരല്ല, തെറ്റുകള്‍ സംഭവിക്കാം. അവരെ അംഗീകരിച്ചും തിരുത്തിയും മുന്നോട്ട് പോകണം. ഹിന്ദുവോ അല്ലെങ്കില്‍ മുസ്‌ലിമോ ചെയ്യുന്നത് മാത്രം ശരിയാകുന്നില്ല. ഒന്നിനും മറ്റൊന്നിനേക്കാള്‍ കൂടുതല്‍ സവിശേഷ അധികാരങ്ങളും ഇല്ല. നോട്ട് നിരോധനം എന്ന ഹിമാലയന്‍ മണ്ടത്തരം ചെയ്തതിനു ശേഷം മോദി പറഞ്ഞത് എനിക്ക് 50 ദിവസം കൂടി തരൂ എന്നാണ്. തെറ്റുകളെ അംഗീകരിക്കാനോ തിരുത്താനോ സന്നദ്ധമാകാതിരിക്കുക എന്നത് ഇക്കാലത്തെ പലരുടെയും പ്രത്യേകതയാണ്. ഉന്മാദമായ ദേശീയതയോ പക്ഷപാതിത്വമോ ഒന്നിനും പരിഹാരമല്ല. ഇത്തരം ഉന്മാദ സ്‌നേഹങ്ങള്‍ സംസ്‌കൃത ലോകത്തിനു ഭൂഷണമല്ല. ഒരു വിഭാഗത്തിന്, മറ്റൊരു വിഭാഗത്തെ കൊണ്ട് വിവേചനം സൃഷ്ടിക്കപ്പെടുന്നു എന്ന അവസ്ഥ സംജാതമാകുന്നതും ശരിയല്ല.

ഇതില്‍ അവസാനത്തെത്, സ്വന്തം വേരുകളില്‍ ജീവിക്കുന്നതോടൊപ്പം തന്നെ, മറ്റുള്ളവ പഠിക്കാനും പകര്‍ത്താനും അതുവഴി ആന്തരികമായ ചൈതന്യം ഉയര്‍ത്താനും കഴിയുക എന്നതാണ്. ഗാന്ധിയും അംബേദ്കറും ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസത്തിനാണ് ആളുകളെ പ്രോത്സാഹിപ്പിച്ചത്. മനസ്സുകളുടയും മതങ്ങളുടെയും രാജ്യങ്ങളുടെയും ദൂരപരിധിക്കപ്പുറം പുതിയ പാഠങ്ങള്‍ പഠിക്കുകയും അവ ജീവിതത്തില്‍ പകര്‍ത്തി കൂടുതല്‍ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യണം. ഇത്തരം വിശാലമായ കാഴ്ചപ്പാടാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. Open minded, dialogical, plural, enlightened, outward looking patriotism ഇത്തരത്തിലുള്ളതാണ് നമുക്ക് കരണീയമായ ദേശസ്‌നേഹം.

ഇത്തരം ദേശീയതയാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെങ്കിലും, ‘ഹിന്ദുത്വം’ വിഭാവനം ചെയ്യുന്നത് മറ്റൊരു മാതൃകയാണ്. അതിനു മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്നാമത്തേത് ഹിന്ദുക്കള്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠര്‍ (Superior) ആണ്. (2) ഹിന്ദി മറ്റു ഭാഷകള്‍ ശ്രേഷ്ഠമാണ്. (3) യഥാര്‍ഥ ഇന്ത്യക്കാരന്‍ ആകണമെങ്കില്‍ പാകിസ്ഥാനെ വെറുക്കണം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമ്മളോട് പഴയ കാലത്തേക്ക് തിരിച്ചുപോകാനാണ് ഹിന്ദുത്വ ആവശ്യപ്പെടുന്നത്. അത്തരത്തിലുള്ള മൂല്യങ്ങളാണ് അവര്‍ പ്രഘോഷണം ചെയ്യുന്നത്. ഫ്രാന്‍സും ജര്‍മ്മനിയും കൈകോര്‍ക്കുന്ന ലോകത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഈ കാലഘട്ടത്തിലാണ് ഹിന്ദുത്വ നമ്മളുടെ മറ്റൊരു രാഷ്ട്രത്തെ വെറുക്കണം എന്ന് ആവശ്യപ്പെടുന്നത്. ഹിന്ദുത്വം എന്നത് വളരെ ഇടുങ്ങിയ ‘ദേശീയ’ മനഃസ്ഥിതിയാണ്. ഈ ആശയം വിമര്‍ശനങ്ങളെ അംഗീകരിക്കാത്ത ജനാധിപത്യ വിരുദ്ധവുമാണ് . വിമര്‍ശിക്കുന്നവരെയെല്ലാം ദേശീയ വിരുദ്ധരായി ചാപ്പ കുത്തുന്നു. നക്‌സലുകളെന്നും പാക്കിസ്ഥാനികളെന്നും വിളിക്കുന്നു.

ദേശ സ്‌നേഹത്തിന് ഡിക്ഷണറികള്‍ പറയുന്ന അര്‍ഥം പോലും രാജ്യത്തെ സ്‌നേഹിക്കുമ്പോഴും ബഹുമാനിക്കുമ്പോഴും മറ്റുള്ളവരുടെ വിമര്‍ശിക്കാനുള്ള അവകാശത്തെ അംഗീകരിച്ചു കൊടുക്കുക എന്നതാണ്. സ്‌നേഹിക്കാനും പ്രചോദിപ്പിക്കാനുമാണ് ഇന്ത്യന്‍ ഭരണഘടനയും ഗാന്ധിയും അംബേദ്കറും നെഹ്‌റുവും ടാഗോറും രൂപകല്‍പന ചെയ്ത ദേശീയതയും ദേശസ്‌നേഹവും വിഭാവനം ചെയ്യുന്നത്. എന്നാല്‍, ഇതിന്റെ നേര്‍വിപരീതമാണ് ജിങ്കോയിസം (Jingoism). അതാണ് ഇന്നത്തെ ഹിന്ദുത്വത്തിന്റെ ആദര്‍ശം. ഒരു മതം, ഒരു ഭാഷ എന്നിവയില്‍ അധിഷ്ഠിതവും ആക്രമണോത്സുകമായ ഒരു രാജ്യമാണ് ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്നത്. ബഹുസ്വരതക്ക് എതിരെയുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണത്. ഈ ആക്രമണോത്സുകതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി.

നാലു കാരണങ്ങളാണ് ഇന്ത്യയില്‍ ഹിന്ദുത്വം വളര്‍ന്നുവരാന്‍ കാരണമായത്. ഒന്നാമത്തേത് കോണ്‍ഗ്രസിന്റെ അഴിമതിയും സ്വജനപക്ഷപാതവും. രണ്ടാമത്തേത്, ഇടതുപക്ഷത്തിന്റെ ഭൗതികവും ധാര്‍മികവുമായ കാപട്യവും ധാര്‍ഷ്ട്യവും. പലപ്പോഴും ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളെയായിരുന്നു ഇടതുപക്ഷം മാതൃകയാക്കിയതും സ്‌നേഹിച്ചതും. സോവിയറ്റ് യൂണിയനും ചൈനയും മുതല്‍ വെനിസ്വേല വരെ അതിനുദാഹരണമാണ്. ലോകത്തെമ്പാടും ഉയര്‍ന്നു വരുന്ന മത മൗലിക വാദങ്ങളും വലതുപക്ഷ മൗലിക വാദങ്ങളുമാണ് ഹിന്ദുത്വത്തിന് വളര്‍ച്ചക്ക് കാരണമായ മറ്റു കാര്യങ്ങള്‍. ഹിന്ദുത്വ ജിങ്കോയിസം മാനവികതയെ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തന്നെ മുച്ചൂടും നശിപ്പിച്ചുകളയും. അതിനാല്‍, ഈ പ്രത്യയശാസ്ത്രത്തിനും വികലമായ പരീക്ഷണങ്ങള്‍ക്കുമെതിരെ തെരുവില്‍ ഇറങ്ങുക എന്നത് എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും ബാധ്യതയാണിന്ന്.

(രാമചന്ദ്ര ഗുഹ ബാംഗ്ലൂരില്‍ നടത്തിയ എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചത്. തയ്യാറാക്കിയത്: യാസര്‍ ഖുത്തുബ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply