സ്വാമി അഗ്നിവേശിന് രാഷ്ട്രീയം തന്നെ സന്യാസം
ഇന്ത്യയിലെ 500000ത്തോളം ഗ്രാമങ്ങളിലായി 50 ലക്ഷം സന്യാസിമാരുള്ളതായി ഏകദേശ കണക്ക്. ഇവര്‍ മാത്രം വിചാരിച്ചാല്‍ മതി നാടുനന്നാകാന്‍ എന്നു പറയുന്നു അഗ്നിവേശ്. എന്നാല്‍ മതത്തെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണ് മിക്കവരും. മതതീവ്രവാദവും അങ്ങനെതന്നെ – സ്വാമി അഗ്നിവേശിനെ കുറിച്ച് 10 വര്‍ഷം മുമ്പെഴുതിയ കുറിപ്പ്
കാവി ധരിച്ച ആജാനുബാഹുവും സുന്ദരനുമായ ഈ സന്യാസി. 1987 സെപ്തംബര്‍ 4 ന് രാജസ്ഥാനില്‍ കുപ്രസിദ്ധമായ സതി നടന്നപ്പോള്‍ അവിടേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിന്റെ നേതൃത്വം ഇദ്ദേഹമായിരുന്നു. ഒറീസ്സയില്‍ കൃസ്ത്യന്‍ പുരോഹിതന്‍ സ്റ്റെയിന്‍സിനേയും രണ്ടു മക്കളേയും ചുട്ടുകൊന്നപ്പോള്‍ സര്‍വ്വമത സംഘത്തെ നയിച്ചതും ഇദ്ദേഹം. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ രാജ്യത്തിനു മുഖ്യഭീഷണി എന്നാരോപിച്ച് നിരപരാധികളെ പോലും കൊന്നൊടുക്കുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരെയാണ് സ്വാമി അഗ്നിവേശിന്റെ പോരാട്ടം. അതിന്റെ ഭാഗമായി കഴിഞ്ഞ വാരം കേരളത്തിലുമെത്തി അഗ്നിവേശ്. മാവോയിസ്റ്റുകളെയും കേന്ദ്രസര്‍ക്കാരിനേയും ഒരു മേശക്കപ്പുറത്തും ഇപ്പുറത്തുമിരുത്താന്‍ ഏറെ പാടുപെട്ടു ഇദ്ദേഹം. എന്നാല്‍ നടന്നില്ല. ആ ശ്രമത്തിനിടയില്‍ താന്‍ മനസ്സിലാക്കിയ വസ്തുത സ്വാമി പറയുന്നതിങ്ങനെ. മാവോയിസ്റ്റ് ഭീകരതയേക്കാള്‍ അപകടമാണ് ഭരണകൂട ഭീകരത.
ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ സൈനികരെ കൂട്ടകൊല ചെയ്ത സംഭവത്തെ തുടര്‍ന്ന് അങ്ങോട്ടു സമാധാനയാത്ര നയിച്ചതും അഗ്നിവേശായിരുന്നു. അതെ തുടര്‍ന്ന് കേന്ദ്രമന്ത്രി ചിദംബരം തന്നെയാണ് തന്നോട് മധ്യസ്ഥശ്രമം ഏറ്റെടുക്കാനാവശ്യപ്പെട്ടതെന്ന് പറയുന്നു ഇദ്ദേഹം. തുടര്‍ന്ന് ദിവസങ്ങളോളം ഇരു വിഭാഗങ്ങളുമായി ചര്‍ച്ചകള്‍. കേന്ദ്രവുമായി ചര്‍ച്ചക്കു തയ്യാറാണെന്നും അതിനായി ഏതാനും ദിവസം വെടിനിര്‍ത്താമെന്നും മാവോയിസ്റ്റ് നേതാവും സൈദ്ധാന്തികനുമായ ആസാദ് സമ്മതിച്ചു അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോഴാണ് ആ ക്രൂരമായ വഞ്ചന നടന്നതെന്നു പറയുമ്പോള്‍ അഗ്നിവേശിന്റെ കണ്ഠമിടറി. നാഗ്പ്പൂര്‍ സ്റ്റേഷനില്‍നിന്ന് പോലീസ് ആസാദിനെ പിടികൂടി കൊല്ലപ്പെടുത്തി ജഡം കാട്ടില്‍ കൊണ്ടിടുകയായിരുന്നു. മൃതദേഹത്തിനരികില്‍ ഒരു തോക്കുപേക്ഷിച്ച് വ്യാജ ഏറ്റുമുട്ടലാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു. പണ്ട് തിരുനെല്ലികാട്ടില്‍ വര്‍ഗ്ഗീസിനോട് ഇപ്പോള്‍ ജയിലില്‍ അഴിയെണ്ണുന്ന ലക്ഷ്മണ ചെയ്ത അതേ തന്ത്രം. എന്നാല്‍ ആസാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്. നെഞ്ചില്‍ വെടിയേറ്റത് 10 സെ.മി ദൂരത്തേക്കാള്‍ അടുത്തുവെച്ചെന്ന്. ആസാദിന്റെ കൊലയില്‍ തനിക്കും ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ടെന്നു കരുതിയ സ്വാമിക്ക് ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു പിന്നീട്. മരണത്തെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിദംബരം, മന്‍മോഹന്‍സിംഗ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരെയെല്ലാം ഇദ്ദേഹം കണ്ടു. ഫലമുണ്ടായില്ല. എന്നാല്‍ പിന്മാറാന്‍ സ്വാമി തയ്യാറായിരുന്നില്ല. നേരെ പോയി സുപ്രിം കോടതിയിലേക്ക്. ഏതാനും ദിവസം മുമ്പ് സുപ്രിംകോടതി നടത്തിയ പരാമര്‍ശം ഇങ്ങനെ.. സ്വന്തം മക്കളെ കൊല്ലാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ല.
വടക്കു കിഴക്കന്‍ മേഖലയില്‍ ചൂഷണത്തിനെതിരെ പോരാടുന്ന ആദിവാസി ജനവിഭാഗങ്ങളെ മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് കൊല ചെയ്യുകയാണ് ചെയ്യുന്നതെന്നു പറയുന്നു സ്വാമി അഗ്നിവേശ്. അതിനു കൊടുത്തിട്ടുള്ള ഓമനപേരാണ് ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്. മുഖ്യമായും ഖനി മേഖലയിലെ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഛത്തിസ് ഘട്ടിലും മറ്റും ഒരു വിഭാഗം ആദിവാസികള്‍ക്ക് ആയുധങ്ങള്‍ നല്‍കി അവരെ തമ്മിലടിപ്പിക്കുന്നു. ആദിവാസികള്‍ക്കെതിരെ പട്ടാളത്തെ രംഗത്തിറക്കില്ല എന്നു പറഞ്ഞ മലയാളികള്‍ക്ക് പ്രിയങ്കരനായ എ,കെ ആന്റണി പോലും വാക്കു പാലിച്ചില്ല. അതിനെല്ലാമെതിരെ ശബ്ദിച്ചതിനാണ് ഡോ. ബിനായക് സെന്നിനെ കള്ളക്കേസില്‍ കുടുക്കി ശിക്ഷിച്ചത്. കാശ്മീരിലും മണിപ്പൂരിലും ആസാമിലുമെല്ലാം ഭരണകൂട ഭീകരതക്കും പട്ടാളനിയമങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ സമരരംഗത്താണ്. മണിപ്പൂരില്‍ 10 വര്‍ഷം കഴിഞ്ഞ ഇറോം ശര്‍മിളയുടെ നിരാഹാര സമരത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പിന്തുണക്കാന്‍ മലയാളി തയ്യാറാകണം. മാവോയിസ്റ്റുകളുടെ അക്രമത്തിന്റെ പാതയല്ല, ഗാന്ധിയന്‍ അക്രമരഹിത സമരമുറയാണ് കാലഘട്ടത്തിന്റ ആവശ്യമെന്നും സ്വാമി കൂട്ടിച്ചേര്‍ക്കുന്നു.
രാഷ്ട്രീയത്തെ സന്യാസമായി കാണുന്ന അപൂര്‍വ്വം സന്യാസികളില്‍ ഒരാള്‍ അഗ്നിവേശ്. 1968ല്‍ കല്‍ക്കട്ടയില്‍ നിന്ന് അധ്യാപക ജോലി രാജിവെച്ച് ഹരിയാനയിലെത്തിയ അഗ്നിവേശ് ആത്മീയ ജീവിതവും രാഷ്ട്രീയ ജീവിതവും തുടങ്ങുന്നത് ഒന്നിച്ച്. ആര്യസമാജത്തില്‍ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം ആര്യസഭ എന്ന പാര്‍ട്ടിയും രൂപീകരിച്ചു. കരാര്‍തൊഴിലാളികള്‍ അനുഭവിച്ചിരുന്ന പീഢനങ്ങള്‍ക്കെതിരായിരുന്നു ആദ്യം രംഗത്തിറങ്ങിയത്. കൂടാതെ സ്ത്രീ പീഢനങ്ങള്‍, സ്ത്രീധനകൊലപാതകങ്ങള്‍, പെണ്‍ഭ്രൂണഹത്യകള്‍.. ഇവക്കെല്ലാമെതിരെ സജീവമായി. യഥാര്‍ത്ഥ ആത്മീയത എന്നത് പീഡനമനുഭവിക്കുന്ന സഹജീവികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തലാണെന്നും യഥാര്‍ത്ഥ മതമെന്നത് ചൂഷിതര്‍ക്കു വേണ്ടി നിലകൊള്ളുന്നതാണെന്നും അഗ്നിവേശ് വിശ്വസിച്ചു. അന്നു മുതല്‍ ഇന്നുവരെ. ജയപ്രകാശ് നാരായണന്‍ നയിച്ച സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനത്തില്‍ ഭാഗഭാക്കായി. 1977മുതല്‍ ഹരിയാന നിയമസഭയില്‍ അംഗമായ അഗ്നിവേശ് 79മുതല്‍ വിദ്യാഭ്യാസമന്ത്രിയായി. എന്നാല്‍ അക്കാലത്ത് തൊഴിലാളികള്‍ക്കെതിരെ സ്വന്തം സര്‍ക്കാര്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പട്ടംതാണുപ്പിള്ളയോട് രാജിവെക്കാനാവശ്യപ്പെട്ട റാം മനോഹര്‍ ലോഹ്യയുടെ മാതൃക പിന്തുടര്‍ന്ന് ആഭ്യന്തരമന്ത്രിയോട് രാജി വെക്കാനാവശ്യപ്പെടണമെന്ന അഗ്നിവേശിന്റെ ആവശ്യം മുഖ്യമന്ത്രി ഭജന്‍ലാല്‍ തള്ളിയതിനെ തുടര്‍ന്നാണ് രാജി. അതിനു പകരമായി ഒരു വ്യവസായിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കുണ്ടെന്ന കള്ളക്കേസ്സില്‍ കുടുക്കുകയായിരുന്നു സര്‍ക്കാര്‍ അന്നു ചെയ്തതെന്നു അഗ്നിവേശ് ഓര്‍ക്കുന്നു.
ഇന്ത്യയിലെ 500000ത്തോളം ഗ്രാമങ്ങളിലായി 50 ലക്ഷം സന്യാസിമാരുള്ളതായി ഏകദേശ കണക്ക്. ഇവര്‍ മാത്രം വിചാരിച്ചാല്‍ മതി നാടുനന്നാകാന്‍ എന്നു പറയുന്നു അഗ്നിവേശ്. എന്നാല്‍ മതത്തെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണ് മിക്കവരും. മതതീവ്രവാദവും അങ്ങനെതന്നെ. ഒരു യഥാര്‍ത്ഥ മത വിശ്വാസിക്ക് തീവ്രവാദിയാകാന്‍ കഴിയില്ല. മുസ്ലിം ജനവിഭാഗങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന അമേരിക്കയാണ് ഏറ്റവും ഭീകരനായ തീവ്രവാദി. അതേസമയം മതത്തിനകത്തെ അനാചാരങ്ങള്‍ക്കെതിരെയും അഗ്നിവേശ് എന്നും ശബ്ദിച്ചു. പുരി ജഗനാഥ ക്ഷേത്രം അഹിന്ദുക്കള്‍ക്ക് തുറന്നു കൊടുക്കാനാവശ്യപ്പെട്ട് അഗ്നിവേശ് ആരംഭിച്ച വിവാദം ആളിപ്പടര്‍ന്നതങ്ങനെ. തുടര്‍ന്ന് ആര്യസമാജത്തില്‍ നിന്ന് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. എന്നാല്‍ ആര്യസമാജം ലോകകൗണ്‍സില്‍ രൂപീകരിച്ച അഗ്നിവേശ് ഇന്നതിന്റെ പ്രസിഡന്റാണ്.
അഴിമതിക്കെതിരായ വിശാലമായ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇന്ന് അഗ്നിവേശ്. ദിനം പ്രതി 7000 കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുന്ന ഒരു നാട്ടില്‍ ലക്ഷകണക്കിനു കോടികളുടെ അഴിമതി നടക്കുമ്പോള്‍ അതില്‍ പ്രതികരിക്കാതിരിക്കാന്‍ യഥാര്‍ത്ഥ മനുഷ്യസ്‌നേഹിക്കു കഴിയില്ല. മത വിശ്വാസിക്കു കഴിയില്ല. അതുകൊണ്ടുതന്നെ അത്തരമൊരു പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് താനണിഞ്ഞ കാവിയുടെ ധര്‍മ്മമാണെന്ന് ഇദ്ദേഹം കരുതുന്നു. ആ സന്ദേശവുമായാണ് ഇന്നിദ്ദേഹം ഇന്ത്യയിലെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കുന്നത്..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in