പുകസയും ഒരു തീണ്ടപ്പാടകലേയും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റി നിര്‍മ്മിച്ചിറക്കിയ ‘ഒരു തീണ്ടാപ്പാടകലെ’ എന്ന കോവിഡ് Break the Chain ‘ എന്ന short film അതിന്റെ ഭാവനാശൂന്യമായ കലാദാരിദ്ര്യം കൊണ്ടുമാത്രമല്ല അതില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിലോമകരവും പിന്തിരിപ്പനുമായ ആശയസൂചനകള്‍ക്കൊണ്ടും നമ്മെ അമ്പരപ്പിക്കുന്നുണ്ട്. പൂണൂലിട്ട തിരുമേനി, എന്തിനാണ് ‘തിരുമേനി’ ഇപ്പോഴും തീണ്ടാപ്പാട് എന്ന അയ്യപ്പന്റെ ചോദ്യത്തിന് കൊറോണയ്ക്കാണ് ഈ ജാതിരഹിത തീണ്ടാപ്പാട് എന്ന തരത്തില്‍ മറുപടി നല്‍കുന്ന ചിത്രത്തില്‍ ഒടുവില്‍ ‘പൂജാരി തിരുമേനി ‘ ശുദ്ധം പോകാതെ എറിയുന്ന ഇലയില്‍ mask ആണുള്ളത്. കൗസല്യാ സുപ്രഭാതത്തില്‍ തുടങ്ങിയൊടുങ്ങുന്നു പശ്ചാത്തല സംഗീതം. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം ഏതോ വായനശാലയില്‍ നിന്നും ഇറങ്ങിപ്പോയി ആത്മഹത്യ ചെയ്തിരിക്കും. ബ്രാഹ്മണ്യ, സവര്‍ണ, ജന്മി വ്യവസ്ഥയുടെ സകല ചിഹ്നങ്ങളേയും സമ്പൂര്‍ണ ബഹുമാനത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുരോഗമന കവി രാവുണ്ണിയാണ് ഒരു തിരുമേനി എന്നത് പ്രാസമൊപ്പിച്ചൊരു കവിതയ്ക്ക് വിഷയമാകട്ടെ.

കാലത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തില്‍ നിന്നും അതിന്റെ സമരങ്ങളില്‍ നിന്നും സംത്രാസങ്ങളില്‍ നിന്നും മാറിനിന്നുള്ള കലയ്ക്ക് ചരിത്രത്തിന്റെ മുന്നോട്ടുപോക്കിന്റെ വേഗത കൂട്ടാനുള്ള ഇന്ധനമാകാന്‍ കഴിയില്ലെന്നും അതിനു വിപ്ലവമുന്നേറ്റങ്ങളുടെയും അതിനു കാരണമായ സാമൂഹ്യജീവിത രാഷ്ട്രീയത്തിന്റെയും ആശയം നിറയുന്ന കല ഉണ്ടാകണമെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്നാണ് ഇന്ത്യയില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം ഉണ്ടാകുന്നത്. 1936-ല്‍ ലക്‌നൗവില്‍ Progressive Writers Association രൂപം കൊള്ളുന്നത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. അത് തീര്‍ത്തും രാജ്യത്തെയും ആഗോള തലത്തിലുമുള്ള രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള ചരിത്രപരമായ രാഷ്ട്രീയ പ്രതികരണം കൂടിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നഗറില്‍ വെച്ചുതന്നെ PWA രൂപം കൊണ്ടത്. കോണ്‍ഗ്രസിലും ഇടതുപക്ഷധാര ശക്തിപ്പെട്ടു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടു. പിനീട് കിസാന്‍ സഭയായി മാറിയ All India Kisan Congress ലക്നൗവില്‍ തന്നെ രൂപമെടുത്തു. ദേശീയതലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പല കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെയും ഒന്നിച്ചുകൊണ്ടുവന്നു.

മുന്‍ഷി പ്രേംചന്ദ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന സജ്ജാദ് സഹീര്‍ സംസാരിച്ചത് എങ്ങനെയാണ് പോരാടുന്ന തൊഴിലാളി വര്‍ഗബോധത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ നാഗരികതയുടെ നിര്‍മ്മാണത്തിനെക്കുറിച്ചാണ്. ആഗോള ഫാഷിസ്റ്റ് ഭീഷണിയുടെ കാലത്തും ഈ നിലപാട് ശക്തമായി തുടര്‍ന്നു. ഇക്കാലത്ത് തന്നെയാണ് IPTA-യും ഉണ്ടാകുന്നത്. ഇന്ത്യയിലെമ്പാടും ദേശീയ വിമോചന സമരത്തിന്റെ ഭാഗമായി കലാസാഹിത്യരംഗത്തും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങള്‍ ഏറ്റെടുക്കുന്ന തരത്തില്‍ നാടുവാഴിത്ത പ്രവണതകളില്‍ നിന്നും ‘classical’ എന്ന് വിളിക്കുന്ന കലാരൂപങ്ങളെ കൂടുതല്‍ ജനാധിപത്യപരമായ ഒരു മണ്ഡലത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വലിയ തോതില്‍ പിന്നീട് നടന്നതും ഇതിന്റെ തുടര്‍ച്ചയായാണ്.

1936-ല്‍ത്തന്നെ ജൂണില്‍ ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് PWA-യുടെ മാനിഫെസ്റ്റോ ഒപ്പിട്ടയച്ചുകൊടുത്തവരില്‍ ജവഹര്‍ലാല്‍ നെഹ്റു, രബീന്ദ്രനാഥ ടാഗോര്‍, പ്രേംചന്ദ്, മുല്‍ക്ക് രാജ് ആനന്ദ്, നന്ദലാല്‍ ബോസ് എന്നിങ്ങനെ നിരവധിപേരുണ്ടായിരുന്നു. അതായത് സാഹിത്യവും കലയും ഒരു രാഷ്ട്രീയ ഉപകാരണമാണെന്നും അതിനു പുരോഗമനപരവും പ്രതിലോമകരവുമായ ദ്വന്ദ സാധ്യതകളുണ്ടെന്നും ആ വൈരുദ്ധ്യമുണ്ടാക്കുന്ന സമരത്തില്‍ അണിചേരുക എന്നത് ഒഴിച്ചുകൂടാനാകാത്ത ഒരു സാഹിത്യ നിലപാടാണെന്നും അന്നത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ ധാരയായിരുന്നു എന്നര്‍ത്ഥം.

കേരളത്തിലും തകഴിയുടെ രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, കേശവദേവിന്റെ ഓടയില്‍ നിന്ന്, തുടങ്ങിയ കൃതികള്‍ ഇതിന്റെ ഭാഗമായിരുന്നു. പൊന്‍കുന്നം വര്‍ക്കിയെപോലുള്ള എഴുത്തുകാരും അങ്ങനെയാണ് ഉണ്ടായത്. പില്‍ക്കാലത്ത് ഇതില്‍പ്പലരും, ദേശീയതലത്തില്‍ത്തന്നെ പലരും ഇതിന്റെ സംഘടനാധാരയില്‍ നിന്നും മാറിപ്പോയെങ്കിലും ഈ വിമോചനമൂല്യങ്ങളുടെ തുടര്‍ച്ച അവസാനിച്ചില്ല. കല കലയ്ക്കുവേണ്ടി, കല ജീവിതം തന്നെ തുടങ്ങിയ സംവാദങ്ങളും, രൂപഭദ്രന്മാരുമായുള്ള തര്‍ക്കങ്ങളുമൊക്കെയായി ഇത് മലയാള സാഹിത്യത്തില്‍ രാഷ്ട്രീയസംവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ക്രമേണ ദേശീയതലത്തില്‍ ഇത് ദുര്‍ബലമായപ്പോഴാണ് സംസ്ഥാനങ്ങളില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളായി ഇവ വീണ്ടും രൂപം കൊണ്ടത്. അങ്ങനെ 1985-ല്‍ പുരോഗമന കലാ സാഹിത്യസംഘവും ഉണ്ടായി. അതിന്റെ ചരിത്ര വേരുകള്‍ 1936-ലെ ലക്നൗവില്‍ തന്നെയാണ്. ഒറ്റപ്പാലം സമ്മേളനവും പെരുമ്പാവൂര്‍ രേഖയുമൊക്കെയായി പു ക സ അതിന്റെ നിലപാടുകളെ പുതുക്കിപ്പണിതു കൊണ്ടിരുന്നു. എന്നാല്‍ ആത്യന്തികമായി ലക്‌നൗ മാനിഫെസ്റ്റോ അതിന്റെ അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായിരുന്ന നിലപാട് ദൗര്‍ബല്യങ്ങളെ മാറ്റിവെച്ചുകൊണ്ടുതന്നെ പു ക സയുടെ രാഷ്ട്രീയ ജനിതക രേഖയായി തര്‍ക്കമില്ലാത്ത തുടരേണ്ടതാണ്. ഒരു തീണ്ടാപ്പാടകലെ നിര്‍മ്മിച്ച പു ക സ ഈ രാഷ്ട്രീയവുമായി എത്ര തീണ്ടാപ്പാടകലെയാണ് എന്നത് നമ്മെ അമ്പരപ്പിക്കേണ്ടതുണ്ട്.

എന്നാല്‍ സ്തുതിപാഠകരും ഭാവനാദരിദ്രമായ രാഷ്ട്രീയ സാഹിത്യ ധാരണകളെ ഭൂതകാലക്കുളിരുകൊണ്ടു പകരം വെക്കുന്നവരുമായ ഒരു അധോമുഖവാമനന്മാരായ നേതൃത്വവും മാത്രമല്ല ഈ പതനത്തിനു കാരണം. അത് പു ക സായുടെ രാഷ്ട്രീയത്തെ മുന്നോട്ടുനയിക്കേണ്ട പൊതു ഇടതു രാഷ്ട്രീയത്തിന് വന്ന നിലപാട് ജീര്‍ണ്ണത കൂടിയാണ്. തിരുമേനിയും പൂണൂലും അമ്പലവും പഴയ ‘പുലയനയ്യപ്പനും’ ഒക്കെ വേണ്ടിവന്നു കേരള മാതൃകയുടെ Break the Chain സന്ദേശം നല്‍കാന്‍ പു ക സ പോലൊരു സംഘത്തിന് എന്നറിയുമ്പോള്‍ ആഗോള ഫാഷിസത്തെ ചെറുക്കാന്‍ പേനയെടുത്ത രാഷ്ട്രീയത്തിന് ഹിന്ദുത്വ രാഷ്രീയത്തെ ചെറുക്കുമ്പോള്‍ പൂണൂലിട്ടു കൊടുത്ത പു ക സയിലെ സാഹിത്യ മുന്‍ഷിമാര്‍ക്ക് ചെങ്കൊടിയില്‍ പൊതിഞ്ഞ പ്രസാദം ശുദ്ധം മാറാതെ കൊടുക്കൂ. ശേഷം വാരവും ഊട്ടും ഉണ്ടായിരിക്കും. ഉണ്ടേ പോകാവൂ.

(ഫേസ് ബു്കക് പോസ്റ്റ്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply