ഏറ്റുമുട്ടുന്നത് നാസിസവും സ്റ്റാലിനിസവും

1939ല്‍ യൂറോപ്പ് പ്രത്യാശ ഭരിതമായ ദുഷ്ടതക്കും (സ്റ്റാലിനിസം) പ്രത്യാശരഹിതമായ ദുഷ്ടതക്കും (ഹിറ്റ്‌ലറിസം) ഇടയില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് അങ്കലാപ്പിലായിരുന്നു. എന്നാല്‍ അത് പുറം പറച്ചില്‍ മാത്രമായിരുന്നു .വാസ്തവത്തില്‍ രണ്ടും ദുഷ്ടതയായിരുന്നു രണ്ടും പ്രത്യാശാരഹിതമായിരുന്നു. (ബെഗോവിച്ചിന്റെ ജയില്‍ കുറിപ്പുകള്‍)

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിക്കവേ ക്രുഷ്‌ചേവ് പറഞ്ഞു സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് പതിനേഴാം കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുക്കപ്പെട്ട 139 പേരില്‍ 98 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു കൊറ്റാരോപണമോ വിചാരണയോ ഇല്ലാതെ കൊല്ലാനുള്ള കുറുക്കുവഴിയായ ”ജനശത്രു” എന്ന പ്രയോഗം സ്റ്റാലിന്റേതായിരുന്നു (ബെഗോവിച്ചിന്റെ ജയില്‍ കുറിപ്പുകള്‍)

രാഷ്ട്രീയ കൊലപാതകങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ കൊച്ചുകേരളം. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയപ്രബുദ്ധമെന്ന് വിവക്ഷിക്കപ്പെടുന്ന ഒരു പ്രദേശത്ത് എങ്ങിനെയാണ് ഇത്രയധികം മനുഷ്യജീവനുകള്‍ ധ്വംസിക്കപ്പെടുന്നത് എന്ന് മനസ്സിലാവുന്നില്ല. കൊലപാതകങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടത്താറുണ്ട് എന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ സിപിഎമ്മും ആര്‍.എസ്.എസുമാണ് ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയിട്ടുള്ളത്. എന്നല്ല രണ്ടുകൂട്ടര്‍ക്കും ഇത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അഥവാ ഒരു കൂട്ടര്‍ക്ക് വിപ്ലവപ്രവര്‍ത്തനവും മറ്റൊരു കൂട്ടര്‍ക്ക് വംശീയരാഷ്ട്രത്തിലേക്ക് എത്തിച്ചേരുവാനുള്ള വഴിയിലെ തടസ്സങ്ങള്‍ നീക്കലും. ഒന്ന് നാസിസത്തിന്റെ ഇന്ത്യന്‍പതിപ്പും മറ്റൊന്ന് സ്റ്റാലിനിസത്തിന്റെ കേരളപതിപ്പും. രണ്ട് കൂട്ടരും കൊന്നു തള്ളിയ മനുഷ്യരുടെ ഉറ്റവര്‍ നടത്തുന്ന നിയമ പോരാട്ടത്തില്‍ ചിലപ്പോള്‍ ചില പ്രതികള്‍ ശിക്ഷിക്കപ്പെട്ടേക്കാം എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ അവരുടെ കണ്ണുനീരിന് അറുതി വരുത്താനോ ഇനിയും കൊന്നു തള്ളേണ്ട മനുഷ്യരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് നിര്‍ത്തിവെപ്പിക്കാനൊ നമുക്ക് സാധ്യമായിട്ടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊലപാതകത്തെ നീതീകരിക്കുന്ന ഒന്നുമില്ലാതിരിക്കെ പിന്നെ എങ്ങനെയാണ് പാര്‍ട്ടിക്ക് കൊലപാതകം സാധ്യമാകുന്നത്. ഇവിടെയാണ് കൊലപാതകം വിപ്ലവ പ്രവര്‍ത്തനം ആകുന്ന ഒരു ആശയലോകം പാര്‍ട്ടിയില്‍ ഉണ്ട് എന്ന് നമുക്ക് മനസ്സിലാവുക. അഥവാ ഹിംസ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അനുവദിക്കപ്പെട്ട ഒന്നാണെന്ന് പ്രവര്‍ത്തകരെ പഠിപ്പിക്കപ്പെടുന്ന ഒരു സംവിധാനത്തില്‍ ഇനിയും മനുഷ്യജീവനുകള്‍ ധ്വംസിക്കപ്പെടും. തങ്ങള്‍ അനുഭവിച്ച പീഡനത്തിന്റെ പ്രതികാരം എന്നോണം നടത്തപ്പെടുന്നതാണ് കൊലപാതകങ്ങള്‍ എന്ന സാധൂകരണത്തിലാണ് പാര്‍ട്ടി ഇതിനെ വിശദീകരിക്കാറുള്ളത്. പാര്‍ട്ടിക്കുവേണ്ടി കൊലചെയ്യപ്പെടുന്നതും പാര്‍ട്ടിക്ക് വേണ്ടി കൊല നടത്തുന്നവരും വിപ്ലവകാരികളാണ് . അഥവാ രണ്ടുപേരുടെയും ബലികള്‍ ദിവ്യബലികളായി പാര്‍ട്ടി ദേവത സ്വീകരിക്കപ്പെടുന്നു. അടക്കിവെച്ച തങ്ങളുടെ വ്യഥകളെ കൊലപാതകത്തിലൂടെ ശമിപ്പിക്കാന്‍ പ്രവര്‍ത്തകരെ അനുവദിക്കുന്നതിന് പാര്‍ട്ടിക്ക് സാധ്യമാകുന്നത് പാര്‍ട്ടി എത്തേണ്ട ലക്ഷ്യത്തിനു വേണ്ടിയാണ് ”കൊലപാതകം” എന്ന ബോധ്യമാണ്. ലക്ഷ്യം ഉന്നതമാകയാല്‍ മാര്‍ഗ്ഗങ്ങളിലെ തടസ്സങ്ങള്‍ നീക്കുന്നതിന് ഹിംസ വിപ്ലവ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. .എന്തിനാണ് ഇവരെ കൊന്നത് എന്ന് ചോദിച്ചാല്‍ ഞങ്ങളുടെ സഖാക്കളെ കൊന്നത് നിങ്ങള്‍ എന്തുകൊണ്ട്
ചോദിക്കുന്നില്ല എന്നമറു ചോദ്യമാണ് ഉത്തരമായി ലഭിക്കുക.

ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ ആഭ്യന്തര ശത്രുവാണെന്ന് വിവരിച്ച വിഭാഗങ്ങളുടെ ഉന്‍മൂലനം അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണത്തിന് ആവശ്യമാണ്. അതിനാല്‍ അവരെ കൊന്നു തള്ളേണ്ടത് ലക്ഷ്യം വെക്കുന്ന വംശീയ രാഷ്ട്രത്തിലേക്ക് എത്തുന്നതിന് അനിവാര്യമാണ്. ഈ അനിവാര്യതയില്‍ നിന്നാണ് ഇക്കൂട്ടര്‍ കൊലപാതകം നടത്താറുള്ളത്. അഥവാ ഹിംസയെ, കൊലപാതകത്തെ ആന്തരികവല്‍ക്കരിച്ച ഒരു വിഭാഗമാണ് ആര്‍.എസ്.എസ് എന്നത്.വംശീയതയില്‍ മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കുന്നത് ദിവ്യ പ്രവര്‍ത്തനമായി കണക്കാക്കുന്നു. ഗാന്ധിജിയെ കൊന്നത് പോലും ദിവ്യ ബലിയായി കണക്കാക്കിയത് കൊണ്ടാണെല്ലൊ മധുര വിതരണം നടത്തിയത്. കേരളത്തില്‍ ഒരു പ്രദേശത്തിന്റെ ആധിപത്യം തങ്ങളുടെ കയ്യിലാണെന്ന് ഇതില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ തീരുമാനിച്ചാല്‍ അതിനേ ചെറുക്കാന്‍മറ്റൊരു കൂട്ടര്‍ തീരുമാനിക്കുന്നു. പാര്‍ട്ടി ഗ്രാമത്തിലെ അധികാരത്തര്‍ക്കമാണ് അക്രമണങ്ങളുടെ തുടക്കം. ഈ ചെറുത്തുനില്‍പ്പിലാണ് പലപ്പോഴും മനുഷ്യരക്തം വീഴാറുള്ളത് എന്നതാണ് ചരിത്രം. അഥവാ ഒരു തരത്തിലുള്ള ഗോത്രീയ പോരാണ് ഇവിടെ നടക്കുന്നത് എന്ന് നമുക്ക് കാണാം. എന്ന് മാത്രമല്ല ഈ ഗോത്രപ്പോരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ കിരാതമാണ് എന്ന് നമുക്കറിയാം. ഏറ്റവും വികൃതമായി കൊല ചെയ്യുക എന്ന ഫാസിസ്റ്റ് രീതി കൊണ്ടുവന്നത് ആര്‍എസ്എസ് ആയിരുന്നു .അഥവാ കൊലപാതകത്തിലെ കിരാതത്വം അതിന്റെ യുക്തിഭദ്രതയെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരത്തില്‍ വികൃതമായി കൊല ചെയ്യുന്നതിന്റെ പിന്നിലുള്ളെ മന:ശാസ്ത്രം ശത്രുവിനെ ഭയപ്പെടുത്തുക എന്നത് കൂടിയാണ്. ഇത് പിന്നീട് സിപിഎമ്മും സാംശീകരിച്ചതായി കാണുന്നു . എന്നാല്‍ കേരളീയ സമൂഹത്തില്‍ നിന്ന് ഇവര്‍ രണ്ടു കൂട്ടര്‍ അല്ലാത്തവരുടെ നേതൃത്വത്തിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ആ കൊലപാതകങ്ങള്‍ക്ക് സിദ്ധാന്തപരമായ ഒരു പിടിവാശിയില്ല എന്നതാണ് ആശ്വാസകരമായിട്ടുള്ളത്. പക്ഷേ അപ്പോഴും എടുക്കപ്പെടുന്നത് മനുഷ്യജീവനാണ്, ഹിംസയാണ് നടക്കുന്നത് എന്നതിനാല്‍ അതിനെ ന്യായീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഹിംസയ്ക്ക് സിദ്ധാന്തപരമായ ഒരു പിടിവാശി കൊലപാതകം നടത്തുന്നതിന് കാരണമാകാം . അതിനാല്‍ സിപിഎമ്മും ആര്‍എസ്എസും തങ്ങള്‍ നടത്തുന്ന കൊലപാതകങ്ങളിലെ പ്രതികളെ രക്ഷിക്കാനുള്ള നടപടിക്രമങ്ങളില്‍ നിന്ന് പിന്മാറുകയില്ല .ആസൂത്രണത്തിന്റെ മികവില്‍ തീരുമാനിച്ചുറപ്പിച്ച് ഇവര്‍ കൊലപാതകം നടത്തുന്നതും രാഷ്ട്രീയ സംഘട്ടനത്തില്‍ ആസൂത്രണം ഇല്ലാതെ നടത്തുന്നമറ്റുള്ള രാഷ്ട്രീയ പാര്‍ട്ടി കൊലപാതകങ്ങളും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട് . ഒന്ന് പ്രത്യയശാസ്ത്ര പ്രചോദിതവും മറ്റൊന്ന് അധികാര തര്‍ക്കവും.എന്നാല്‍ ഈ നിരീക്ഷണത്തെ അംഗീകരിക്കുമ്പോഴും എല്ലാ കൊലപാതങ്ങളും അവസാനിപ്പിക്കേണ്ടതാണ് എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനിക്കേണ്ടതാണ്. അങ്ങനെയൊരു അവസ്ഥാവിശേഷത്തിലേക്ക് നമ്മുടെ കൊച്ചു കേരളം വരണമെങ്കില്‍ കൊലപാതകത്തില്‍ പ്രതികളായവരെ സിക്ഷിക്കാന്‍ നിയമത്തെ സ്വതന്ത്രമായി വിധി കല്‍പ്പിക്കാന്‍ അനുവദിക്കേണ്ടിയിരിക്കുന്നു. എല്ലാത്തിലും ഉപരി രഹസ്യമായും പരസ്യമായും ഹിംസയെ തള്ളിപ്പറയാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സന്നദ്ധമാവുകയും വേണം. സിപിഎം സവിശേഷമായി തങ്ങളുടെ സ്റ്റാലിനിസ്റ്റ് സങ്കല്പം ഉപേക്ഷിക്കാന്‍ സന്നദ്ധമാവുകയും ചെയ്യണം. സ്റ്റാലിനിസ്റ്റ് സങ്കല്പത്തില്‍ കൊലപാതകം സാധൂകരിക്കപ്പെടും എന്നതിനാന്‍ അതിനെ പുറത്ത് നിര്‍ത്തേണ്ടത് ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ അവര്‍ തീരുമാനിക്കേണ്ടതാണ്. ആര്‍.എസ്.എസിന് കൊലപാതകം അവസാനിപ്പിക്കാന്‍ കഴിയുമോ എന്നുള്ളത് സംശയമാണ്. കാരണം ഹിംസയെ ആന്തരികവല്‍കരിച്ച ഒരു സംഘം എന്ന നിലയില്‍ മനുഷ്യ ജീവന്‍ കവര്‍ന്നെടുക്കാതെ ആ സംഘടനാ ശരീരത്തിന് നിലനില്‍പ് സാധ്യമല്ല. അഥവാ വംശീയ ഉന്‍മൂലനം തീയറൈസ് ചെയ്യപ്പെട്ട ഒരു സംഘമാണ് ഇവര്‍ എന്നതിനാല്‍ കൊലപാതകം ഉപേക്ഷിക്കാന്‍ കഴിയും എന്ന് കരുതുക പ്രയാസമാണ്. അതിനാല്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന നിയമ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുവാനും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക മാത്രമെ സാധ്യമാവുകയുള്ളൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply