ഫെഡറല്‍ : എത്ര മനോഹരമായ പദം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

x

കേള്‍ക്കാന്‍ മനോഹരമായ ഫെഡറല്‍ എന്ന പദം വീണ്ടുമിതാ ദേശീയ രാഷ്ട്രീയത്തിലേക്ക്. ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ പുതിയ രാഷ്ട്രീയ ചേരിതിരിവുകള്‍ക്കും മുന്നണികള്‍ക്കുമുള്ള നീക്കം വീണ്ടും സജീവമായതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്, ബി.ജെ.പി മുന്നണികളില്‍ ഉള്‍പ്പെടാത്ത പത്തിലധികം പാര്‍ട്ടികള്‍ ചേര്‍ന്ന് ‘ഫെഡറല്‍ മുന്നണി’ രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്.
ജനതാദള്‍യു, സമാജ്‌വാദി പാര്‍ട്ടി, ബിജു ജനതാദള്‍, ജനതാദള്‍എസ്, എ.ഐ.എ.ഡി.എം.കെ., ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയാണ് ഈ നീക്കത്തിനു പിന്നില്‍. ആദ്യപടിയായി ഫിബ്രവരി അഞ്ചിന് ഈ പാര്‍ട്ടികളുടെ സംയുക്തയോഗം വിളിച്ചിട്ടുണ്ട്. കൂടുതല്‍ ചെറിയ പാര്‍ട്ടികള്‍ ഈ മുന്നണിയിലേക്ക് വരുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ആദ്യയോഗത്തിനുശേഷം ഈ മാസം ഒടുവില്‍ വിശദമായ മുന്നണി രൂപവത്കരണയോഗം ചേരും.
ഒരു സംശയവുമില്ല. ഇന്ത്യക്കിനി ആവശ്യം ഫെഡറല്‍ മുന്നണിതന്നെ. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഏറെ കാലമായല്ലോ മാറി മാറി ഭരിക്കുന്നു. ഇരുമുന്നണികള്‍ക്കും നേതൃത്വം കൊടുക്കുന്നത് ദേശീയ പാര്‍ട്ടികളാണല്ലോ. സ്വാതന്ത്ര്യം ലഭിച്ച് ഇന്നോളം ഇന്ത്യ ഭരിക്കാന്‍ നേതൃത്വം കൊടുത്തത് അഖിലേന്ത്യാ പാര്‍ട്ടികള്‍തന്നെ. ഇനി പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരു മുന്നണി വരട്ടെ. ഫെഡറല്‍ എന്നു വിശേഷിക്കപ്പെടുന്ന ഇന്ത്യക്ക് അതിനനുയോജ്യമായ ഒരു മുന്നണി ശക്തിപ്പെടുന്നതില്‍ എന്താണ് തെറ്റ്? പ്രാദേശികമല്ലെന്നു അവകാശപ്പെടുമ്പോഴും സത്യത്തില്‍ അതുതന്നെയായ ഇടതുപക്ഷവും ഈ നീക്കത്തില്‍ ഉള്‍പ്പെടും.
കോണ്‍ഗ്രസ്ബിജെപി ഇതര പാര്‍ടികളുടെ രാഷ്ട്രീയസഖ്യം അഖിലേന്ത്യാതലത്തില്‍ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ രൂപീകരിക്കാനാകും ഈ സഖ്യം പ്രവര്‍ത്തിക്കുക. വിലക്കയറ്റത്തിലും കൊടിയ അഴിമതിയിലും വര്‍ധിക്കുന്ന തൊഴിലില്ലായ്മയിലും കടുത്ത കാര്‍ഷിക പ്രതിസന്ധിയിലും പൊറുതിമുട്ടിയ ജനങ്ങളുടെ രോഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാക്കുമെന്നും കാരാട്ട് പറഞ്ഞു. അതേസമയം ഇതൊരു മൂന്നാംബദല്‍ അല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സഹകരിക്കാനുള്ള സഖ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സാഹചര്യത്തിനനുസരിച്ച് ഈ കൂട്ടായ്മ ഒരു മൂര്‍ത്തരൂപം കൈക്കൊള്ളും. ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങള്‍ വ്യക്തമാക്കിയശേഷം തങ്ങള്‍ പ്രതികരിക്കുമെന്നും കാരാട്ട് കൂട്ടിചേര്‍ത്തു. മുന്നണി രൂപീകരണത്തിനു നേതൃത്വം നല്‍കുന്ന നിതീഷ് കുമാറും ഇതെല്ലാം ശരിവെച്ചു.
സത്യത്തില്‍ എന്‍ഡിഎയേയും യുപിഎയേയും ജനത്തിനു മടുത്തു കഴിഞ്ഞു. മൂന്നാമതാരു പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു. വിശ്വാസ്യത തോന്നിക്കുന്ന പ്രസ്ഥാനം രംഗത്തുവന്നാല്‍ ജനം അതോടൊപ്പം നില്‍ക്കുമെന്നതിന് ഡെല്‍ഹി തെളിവ്. വിവിധ സംസ്ഥാനങ്ങളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതും പ്രാദേശിക പ്രസ്ഥനങ്ങളാണെന്നു കാണാം. ഇരു മുന്നണികള്‍ ഭരിക്കുമ്പോഴും ഭരണത്തെ സത്യത്തില്‍ നിയന്ത്രിക്കുന്നത് ഈ പാര്‍ട്ടികള്‍ തന്നെയാണ്. ഇപ്പോഴത് പിന്‍സീറ്റിലിരുന്നാണെന്നു മാത്രം. മുന്‍സീറ്റില്‍ ഇരുന്നുതന്നെ ഇനി പ്രാദേശിക പ്രസ്ഥാനങ്ങളുടെ ഐക്യമുന്നണി ഭരിക്കട്ടെ എന്നു തീരുമാനിക്കുന്നതില്‍ എന്താണ് തെറ്റ്? യുപിഎ ഭരിച്ചാലും എന്‍ഡിഎ ഭരിച്ചാലും തങ്ങളുടെ വകുപ്പുകള്‍ സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തിനുതന്നെയാണ് പ്രാദേശിക പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്. റെയില്‍വേ വകുപ്പുതന്നെ പ്രധാന ഉദാഹരണം. അതുകൊണ്ടുതന്നെ അക്കാര്യം പറഞ്ഞ് പെഡറല്‍ മുന്നണിയെ ചെറുക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇത്തരമൊരു മുന്നണി വന്നാല്‍ ഇക്കാര്യങ്ങളില്‍ സ്വയം നിയന്ത്രണം വെക്കാന്‍ ഘടകപാര്‍ട്ടികള്‍ തയ്യാറാകുമെന്നതാണ് വാസ്തവം.
ചരിത്രത്തിനു ഒരു ചാക്രികത എന്നുമുണ്ട്. ഇന്ത്യ എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഉണ്ടായതെങ്ങിനെയാണ്? പരസ്പരം കലഹിച്ചിരുന്ന നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചത് സ്വാതന്ത്ര്യസമരമായിരുന്നു,. പൊതുശത്രുവിനെതിരായ ഐക്യം. അന്ന് കോണ്‍ഗ്രസ്സിനു ഇക്കാര്യം നന്നായി അറിയാമായിരുന്നു. അതുകൊണ്ടായിരുന്നു കോണ്‍ഗ്രസ്സിനകത്ത് ഫെഡറല്‍ രീതിയില്‍ പ്രദേശ് കമ്മിറ്റികള്‍ രൂപം കൊണ്ടത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധിജി പറഞ്ഞത് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുമായിരുന്നു. എന്നാല്‍ അധികാരമോദികളായിരുന്ന അന്നത്തെ മറ്റുനേതാക്കള്‍ അതു ചെവി കൊണ്ടില്ല. ഇന്ത്യയെ പതിനേഴ് ദേശീയതകളായി നിര്‍വ്വചിച്ച് ഓരോന്നിനും സ്വയം നിര്‍ണ്ണയാവകാശം വേണമെന്ന നിലപാടെടുത്ത കമ്യൂണിസ്റ്റുകാരും ആ നിലപാട് മാറ്റി. കേരളം മലയാളികളുടെ മാതൃഭൂമിയെന്നു പറഞ്ഞ് ഇഎംഎസ് പിന്നീട് ഇന്ത്യയെ മാതൃഭൂമിയായി കണ്ടത് ഓര്‍ക്കുക. അഖിലേന്ത്യാതലത്തില്‍ ശക്തമായ സംഘടനാ സംവിധാനത്തോടെയായിരുന്നു ഇരുപാര്‍ട്ടികളും പ്രവര്‍ത്തിച്ചത്.
ആദ്യകാലത്ത് സ്വാഭാവികമായും കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ പതുക്കെ പതുക്കെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ദേശീയ വികാരങ്ങള്‍ ഉയര്‍ത്തെണീക്കാന്‍ തുടങ്ങി. ആസാമും പഞ്ചാബും കാശ്മീരുമൊക്കെ ഉദാഹരണം. വലിയ വില കൊടുത്ത് അവയില്‍ പലതും അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ പിന്നീട് കണ്ടത് പ്രാദേശിക പാര്‍ട്ടികളുടെ പ്രളയമായിരുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ പങ്കെടുത്ത് പല സംസ്ഥാനത്തും അവര്‍ അധികാരത്തിലെത്തി. ക്രമേണ കേന്ദ്രഭരണത്തിലും അവ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ തുടങ്ങി. ഭരണത്തിനു നേതൃത്വം കൊടുക്കുമ്പോഴും കോണ്‍ഗ്രസ്സും ബിജെപിയും പലപ്പോഴും ഈ പാര്‍ട്ടികള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചു നിന്നു. ബിജെപിയുടെ ഹിന്ദുത്വ മുദ്രാവാക്യം പോലും അവിടെ വിലപോയില്ല. ഈ പരിണാമത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുകയാണ്. ശക്തമായ ഒരു ഫെഡറല്‍ മുന്നണി ഉരുത്തിരിയാനാണ് സാധ്യത. സ്വാഭാവികമായും കോണ്‍ഗ്രസ്സും ബിജെപിയും അതിലുണ്ടാകില്ല.
അതേസമയം ഈ മുന്നണി രൂപപ്പെട്ടാലും ഇക്കുറി അധികാരത്തിലേറാനുള്ള സാധ്യത കുറവാണ്. മൂന്നു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയായിരിക്കും ഉണ്ടാകാനിട. പിന്നീടായിരിക്കും രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുക. കൂടുതല്‍ സീറ്റുകിട്ടുന്ന പാര്‍ട്ടിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ സാധ്യത സകൂടും. അത് മിക്കവാറും ബിജെപിയാകാനാണിട. അത്തരമൊരവസ്ഥയില്‍ ഏതൊക്കെ പാര്‍ട്ടി അങ്ങോട്ടു ചാടുമെന്ന് കാണാം. ആ നീക്കം വിജയിച്ചില്ലെങ്കില്‍ ഫെഡറല്‍ മുന്നണിയും യുപിഎയും ഐക്യപ്പെടാനാണ് സാധ്യത. എന്നാല്‍ ആരായിരിക്കും ഭരണത്തിനു നേതൃത്വം കൊടുക്കുക എന്നു പറയാനിപ്പോള്‍ കഴിയില്ല. യുപിഎയുടെ പിന്തുണയോടെ ഫെഡറല്‍ മുന്നണിയോ തിരിച്ചോ ഭരിക്കാം. ആര്‍ക്കാണ് കൂടുതല്‍ സീറ്റെന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യം തീരുമാനിക്കപ്പെടുക. ഫെഡറല്‍ മുന്നണിക്ക് ഒരവസരം കൊടുത്ത് പുറത്തുനിന്ന് പിന്തുണക്കാനാണ് രാഷ്ട്രീയ ആര്‍ജ്ജവമുണ്ടെങ്കില്‍ കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടത്. എന്നാല്‍ അതു ന്യായീകരിക്കത്ത രീതിയില്‍ സാമാന്യം സീറ്റുകള്‍ ഫെഡറല്‍ മുന്നണിക്കു കിട്ടണമെന്നുമാത്രം. ശരദ് പവാറിന്റെ എന്‍.സി.പി, ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി തുടങ്ങിയ പാര്‍ട്ടികള്‍ രാഷ്ട്രീയസാഹചര്യം ഉരുത്തിരിയുന്നതിന് അനുസരിച്ചായിരിക്കും നിലപാട് സ്വീകരിക്കുക. അതും ഫെഡറലിനു അനുകൂലമാകാം. പിന്നെയുള്ളത് ആം ആദ്മി പാര്‍ട്ടിതന്നെ. അവര്‍ ഫെഡറലിലേക്ക് എത്തുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply