
പെസ നടപ്പാക്കണം, നില്‍പ്പ് സമരം തീര്‍ക്കണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആദിവാസി പ്രദേശങ്ങള്‍ക്കു പ്രത്യേക പരിരക്ഷ നല്‍കുന്ന പെസ (ആദിവാസി ഗ്രാമസഭാ നിയമം) കേരളത്തില്‍ നടപ്പാക്കാന്‍ ഇനിയും വൈകരുത്. സെക്രട്ടറിയേറ്റിനുമുന്നിലെ ആദിവാസി നില്‍പ്പുസമരം തീര്‍ക്കാന്‍ നടപടിയെടുക്കുമെന്നും അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു എന്നു സര്‍ക്കാര്‍ പറയുന്നത് നന്ന്. എന്നാല്‍ കൃത്യമായൊരു പ്രഖ്യാപനം നടത്താതിരിക്കുന്നതെന്താണ്? അങ്ങനെ ചെയ്യുകയാണെങ്കില്‍ മാത്രമേ സമരം പിന്‍വലിക്കൂ എന്ന നിലപാടിലാണ് ഗോത്രമഹാസഭ.
ആദിവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേക പട്ടികവര്‍ഗ മേഖലകളാക്കി പ്രഖ്യാപിച്ച് അവര്‍ക്കു കൂടുതല്‍ പ്രാതിനിധ്യമുള്ള പഞ്ചായത്ത് മോഡല്‍ സംവിധാനമാണു പെസ ആക്‌ട് വിഭാവനം ചെയ്യുന്നത്. പഞ്ചായത്ത് രാജ് ആക്‌ട് അനുസരിച്ച് ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കു കീഴിലാണ് ആദിവാസി പ്രദേശങ്ങളും പഞ്ചായത്തും പ്രവര്‍ത്തിക്കുക. ഇതിനായി പഞ്ചായത്ത് രാജ് ആക്‌ടില്‍ നിയമഭേദഗതി വരുത്തേണ്ടതുണ്ട്. ഈ നിയമം പ്രകാരം ആദ്യം ആദിവാസി അധിവാസ പ്രദേശത്തെ പ്രത്യേക പ്രദേശമായി വിജ്‌ഞാപനം ചെയ്യണം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെ വോട്ടര്‍മാരുടെ പട്ടിക തയാറാക്കുകയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം. രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും ആദിവാസികള്‍ക്ക് മത്സരിക്കാം. ആദിവാസി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങള്‍ക്കു നിയമപ്രാബല്യമുണ്ട്.
ആദിവാസി വികസനത്തിനുള്ള സര്‍ക്കാര്‍, ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ആദിവാസി പഞ്ചായത്ത് ഭരണസമിതിക്കാണു കൈമാറുക. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികള്‍ അടങ്ങിയ ഭരണസമിതിയെയാണു തെരഞ്ഞെടുക്കുക. ഭരണസമിതിയുടെ അനുവാദമില്ലാതെ നിര്‍ദിഷ്‌ട ആദിവാസി പഞ്ചായത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കു ഭൂമി ക്രയവിക്രയം ചെയ്യാന്‍ കഴിയില്ല. പുറമെ നിന്നുള്ള ആളുകള്‍ക്ക് ആദിവാസികളെ കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കാന്‍ കഴിയില്ല.
അതേസമയം കര്‍ക്കശമായ നിബന്ധനകള്‍ കാരണം ആദിവാസി ഭൂമി ഉപയോഗിച്ച് സാധാരണ ബാങ്കുകളില്‍നിന്നു വായ്‌പയെടുക്കാന്‍ കഴിയില്ല. ഇതിനു പരിഹാരമായി ആദിവാസികള്‍ക്കു മാത്രമായി പ്രത്യേക ഭൂപണയ ബാങ്ക് സ്‌ഥാപിക്കണമെന്നു ഗോത്രമഹാസഭാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ഇടനിലക്കാരുടെ ചൂഷണം തടയാനാകും. നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, പശ്‌ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്‌ഥാനങ്ങളില്‍ ആദിവാസി ഗ്രാമസഭാ നിയമം നടപ്പാക്കിയിട്ടുണ്ട്.
എന്തായാലും പട്ടികവര്‍ഗക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്‌മി പ്രത്യേക താല്‍പര്യമെടുത്തതിനെത്തുടര്‍ന്ന് മന്ത്രിസഭ ആദിവാസി ഗ്രാമസഭാ നിയമം വിശദമായി ചര്‍ച്ച ചെയ്‌തു. ഇതിന്റെയടിസ്‌ഥാനത്തില്‍ ആദിവാസി ഗ്രാമസഭാ നിയമം സംബന്ധിച്ച മാര്‍ഗരേഖ മാസത്തിനുള്ളില്‍ തയാറാക്കി നല്‍കാന്‍ സംസ്‌ഥാന പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസം അധികമാണെന്ന ഗോത്രമഹാസഭയുടെ നിലപാടിനെത്തുടര്‍ന്നു നടപടികള്‍ കുറച്ചുകൂടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സുബ്രതോ ബിശ്വാസ് തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ഏതാനും ദിവസം മുമ്പ് അദ്ദേഹം ന്യൂഡല്‍ഹിയിലെത്തി കേന്ദ്ര പട്ടികവര്‍ഗകാര്യ സെക്രട്ടറിയുമായും ജോയിന്റ് സെക്രട്ടറിയുമായും കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സമരം തീര്‍ക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ പ്രകടിപ്പിക്കുമെന്ന് കരുതുക.
