നായയും രഞ്ജിനിയും ആനയും നമ്മുടെ ഇരട്ടത്താപ്പും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ranjini

അല്‍പ്പം ചങ്കൂറ്റമുള്ള സ്ത്രീകളെ ആക്ഷേപിക്കുന്നത് ശരാശരി മലയാളിയുടെ വിനോദമാണല്ലോ. പുരുഷാധിപത്യവും സദാചാരബോധവും അസൂയയുമൊക്കെയാണ് അതിനു പുറകില്‍ വര്‍ത്തിക്കുന്നത്. ഇത്തരം ആക്ഷേപത്തിന് സമീപകാലത്ത് ഏറ്റവും വിധേയയാകുന്നത് രഞ്ജിനി ഹരിദാസാണ്. രഞ്ജിനി എന്തുചെയ്താലും തെറിവിളിച്ച് ഇക്കൂട്ടര്‍ പുറകിലുണ്ട്.
രഞ്ജിനിക്കെതിരായ ആക്ഷേപത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായത്. തെരുവ് നായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസ്‌നേഹി സംഘടനാ പ്രതിനിധികള്‍ക്കൊപ്പം കടന്നുചെന്ന് സംസാരിച്ചതാണത്രെ അവര്‍ ചെയ്ത കുറ്റം. യോഗത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റുമാരും മൃഗസ്‌നേഹി സംഘടനാ പ്രതിനിധികളും തമ്മില്‍ വാക്‌പോരുണ്ടായത്രെ.
തെരുവുനായ്ക്കളെ എങ്ങനെ നിയന്ത്രിക്കാമെന്ന ചര്‍ച്ചയില്‍ നായ്ക്കളെ കൊല്ലണമെന്ന സൂചനയോടെ ഒരു ഡോക്ടര്‍ സംസാരിച്ചതാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലെത്തിയ മൃഗ സ്‌നേഹികളെ പ്രകോപിപ്പിച്ചത്. തികച്ചും നിയമവിരുദ്ധമായി ഡോക്ടര്‍ സംസാരിച്ചതിനെയാണ് അവര്‍ ചോദ്യം ചെയ്തത്. മനുഷ്യരെ ആക്രമിക്കുന്ന നായ്ക്കള്‍ക്കു പേ വിഷബാധ ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ ആ നായയെയും നിശ്ചിത ദൂര പരിധിയിലുള്ള തെരുവു നായ്ക്കളെയും കൊല്ലണമെന്നു ഡോക്ടര്‍ പറഞ്ഞത്രെ. തുടര്‍ന്ന് രഞ്ജിനി ഹരിദാസ് വേദിയിലെ മൈക്കെടുത്തു പ്രതിഷേധമറിയിച്ചു. നായ ശല്യം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നതാണ്. ഒരു നായ എവിടെയെങ്കിലും ആരെയെങ്കിലും ആക്രമിച്ചെന്നു കരുതി നാട്ടിലെ മുഴുവന്‍ നായ്ക്കളെയും കൊല്ലണമെന്നു പറയുന്നതു ക്രൂരതയാണെന്നും രഞ്ജിനി പറഞ്ഞു.
തെരുവുനായ്ക്കള്‍ പലപ്പോഴും അക്രമാസക്തരാകുന്നു എന്നത് ശരിതന്നെ. എന്നാലത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നായ്ക്കള്‍ അക്രമാസക്തമാകുന്നത് മുഖ്യമായും ഭക്ഷണം കിട്ടാത്തതിനാലാണ്. വീടുകളില്‍ വളര്‍ത്തുന്ന വിദേശ നായ്ക്കള്‍ക്ക് മുന്തിയ പരിഗണനയാണ് കിട്ടുന്നത്. അതിന്റെ പകുതി പരിഗണന നാടന്‍ നായ്ക്കള്‍ക്കു നല്‍കിയാല്‍ പ്രശ്‌നം മിക്കവാറും പരിഹരിക്കപ്പെടും. നാടന്‍നായ്ക്കളെ പരിപാലിക്കാന്‍ ചെലവിടുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിദേശനായ്ക്കളെ തീറ്റിപ്പോറ്റാന്‍ വേണ്ടിവരുന്നത്. സത്യത്തില്‍ അവക്കുള്ള കഴിവുകളെല്ലാം നാടന്‍ നായ്ക്കള്‍ക്കുമുണ്ട്. എന്നാല്‍ പലരും വീടുകളിലുള്ള നായ്ക്കളെ തെരുവിലേക്ക് നട തള്ളുകയാണ്. പിന്നെ വന്ധ്യംകരണം നടത്തി ആ വംശത്തെ തന്നെ ഇല്ലാതാക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയാണ് യോഗം വിളിച്ചു ചേര്‍ത്തത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മൃഗക്ഷേമ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണവും (എബിസി) കിടത്തിച്ചികിത്സയും ലക്ഷ്യമിടുന്ന പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. എന്നാല്‍ കൂത്താട്ടുകുളത്തെ മൃഗ ഡോക്ടര്‍ പേപ്പട്ടികളെ കൊല്ലുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് നിര്‍ദേശം മുന്നോട്ടുവെച്ചു. അപ്പോഴായിരുന്നു വേദിയിലെത്തിയ രഞ്ജിനി മൈക്ക് പിടിച്ചു വാങ്ങി നായ്ക്കളെ കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നും ശാസ്ത്രീയ വന്ധീകരണമാണ് വേണ്ടതെന്നും വാദിച്ചത്. നായ്ക്കളുടെ പ്രജനനം തടയുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ പരാജയമാണെന്നു പറഞ്ഞതോടെ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇവര്‍ക്കു നേരെ തിരിയുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് യോഗം അര മണിക്കൂര്‍ നേരം തടസ്സപ്പെട്ടു. അതിനിടെ, വിളിച്ചുവരുത്തി ആക്ഷേപിച്ചെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗം ബഹിഷ്‌കരിച്ചു. ഹാളിന് പുറത്ത് തടിച്ചുകൂടി ഇവര്‍ ബഹളം െവച്ചു പിരിഞ്ഞു. തുടര്‍ന്നവര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് വിളിച്ച യോഗത്തില്‍ മൃഗസ്‌നേഹികളെ ഉള്‍പ്പെടുത്തിയ നടപടി ശരിയായില്ല എന്നായിരുന്നു അവരുടെ പ്രധാന പരാതി. പട്ടികളെ കൊന്നാല്‍ മാത്രമേ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ കളക്ടറോട് പറഞ്ഞു. അല്ലാത്ത നായ്ക്കളെ വന്ധീകരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് പ്രസിഡന്റുമാര്‍ക്കു വേണ്ടി എടത്തല പഞ്ചായത്ത് പ്രസിഡന്റ് എം.എ.എം. മുനീര്‍ കളക്ടറെ ബോധിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന കളക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞുപോയത്. ഈ സംഭവത്തെ തുടര്‍ന്നാണ് രഞ്ജിനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റിടങ്ങൡും വളരെ തരം താണ നിലയിലുള്ള ആക്ഷേപങ്ങള്‍ നടക്കുന്നത്. നായ്ക്കളെ നിയമവിരുദ്ധമായി കൊന്നൊടുക്കുകയല്ല, വിഷയത്തിനു ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരം കാണുക എന്ന് പറഞ്ഞതിനാണ് അവരെ ഇത്തരത്തില്‍ അപമാനിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ തന്നെ മറ്റൊരു റിപ്പോര്‍ട്ട് ഇതുമായി കൂട്ടിവായിച്ചാല്‍ മലയാളിയുടെ പൊതുവായ കാപട്യം ബോധ്യപ്പെടും. അതിതാണ്. ആനകള്‍ക്കായി ഗുരുവായൂരില്‍ ഷവര്‍ ബാത്തും തൃശൂരില്‍ ആശുപത്രിയും സ്ഥാപിക്കുന്നു. കാട്ടുമൃഗമായ ആനയോട് നമുക്കെന്തു സ്‌നേഹം? നാട്ടുമൃഗമായ നായയോടോ? ജനങ്ങളുടെ ആക്രമിക്കുന്നതാണ് പ്രശ്‌നമെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങലായി നൂറുകണക്കിനുപേരെയാണ് ആനകള്‍ കൊന്നൊടുക്കിയത് എന്നു കാണാം. അപ്പോള്‍ അവയെയല്ലേ കൊല്ലേണ്ടത്? അല്ലെങ്കില്‍ അവയെ അവയുടെ സ്വന്തം വാസസ്ഥലമായ കാട്ടിലേക്ക് വിടുകയല്ലേ വേണ്ടത്?
നാട്ടാനകളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായാണ് അതിരപ്പിള്ളി വനമേഖലയിലെ തുമ്പൂര്‍മുഴിയില്‍ ആശുപത്രി വരുന്നത്. സത്യത്തില്‍ നാട്ടാന എന്ന ഒന്നില്ല. എല്ലാം കാട്ടാനകളാണ്. അവയെ നാട്ടാന എന്നു വിളിക്കുന്നതിന്റെ ഉദ്ദേശ്യം വിശദീകരിക്കേണ്ടതില്ലല്ലോ. വനത്തിലെ പ്രകൃതിദത്തമായിതന്നെ ഷവര്‍ ബാത്ത് നടത്തിയരുന്ന അവക്കിതാ ഗുരുവായൂരില്‍ ഷവര്‍ ബാത്തും തയ്യാറാക്കുന്നു. ആനകളോടും നായ്ക്കളോടുമുള്ള ഈ ഇരട്ടത്താപ്പിന്റെ അടിസ്ഥാനം പച്ചയായ കച്ചവടമല്ലാതെ മറ്റെന്ത്? നായ്ക്കളെ കൊന്നുകളയണമെന്നു വാദിക്കുകയും രഞ്ജിനിയെപോലുള്ളവരെ ആക്ഷേപിക്കുകയും ചെയ്യുന്ന മനുഷ്യസ്‌നേഹികളെവിടെയാണാവോ?
അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി മാത്രം വ്യത്യസ്ഥമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജില്ലയില്‍ മള്‍ട്ടി സ്‌പെഷാലിറ്റി മൃഗാശുപത്രി ആരംഭിക്കുമെന്ന അദ്ദേഹം പറഞ്ഞു. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാം കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കും. നിലവില്‍ സംസ്ഥാനത്ത് തെരുവ് നായ്ക്കളെ പിടിക്കുന്നതിനും വന്ധ്യംകരിക്കുന്നതിനും പരിശീലന കേന്ദ്രങ്ങളില്ല. പഞ്ചായത്തുകള്‍ നായ്ക്കളെ പിടികൂടാന്‍ സന്നദ്ധരായ ആളുകളെയും ഡോക്ടര്‍മാരെയും നിര്‍ദ്ദേശിച്ചാല്‍ ഊട്ടിയില്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിനുള്ള ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. തെരുവ് നായ്ക്കളെ പരിപാലിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു പുറമേ അവര്‍ക്കാവശ്യമായ സാമഗ്രികളും ലഭ്യമാക്കും. തെരുവ് നായ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അവയില്‍ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അതാണ് വിവേകപൂര്‍വ്വമായ നിലപാട്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply