കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം – ആരായാലും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ss

ഏതു ഭരണകൂടവും തങ്ങളുടെ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാറുണ്ട്. ജനാധിപത്യസംവിധാനത്തിനു അനുഗുണമല്ല ഈ സമീപനമെന്നതില്‍ സംശയമില്ല. എന്നാല്‍ അക്കാര്യത്തില്‍ ആരംു പുറകിലല്ല എന്നതാണ് വസ്തതുത. രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ പോലും ഈ ആരോപണത്തില്‍ നിന്ന് വിമുക്തമല്ല. കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി സിബിഐ പലപ്പോളും മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ പശ്ചിമബംഗാളിലും കേരളത്തിലും സിബിഐ നടത്തിയിരിക്കുന്ന ഇടപെടലുകളെ ആ രീതിയില്‍ കാണുന്നവരെ കുറ്റം പറയാനാകില്ല.
അതേസമയം കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ ഒന്നായ അരിയില്‍ ഷുക്കൂറിന്റെ വധത്തിനു പുറകിലുള്ളവരെ വെളിച്ചത്തുകൊണ്ടുവരികയും ശിക്ഷിക്കുകയും വേണമന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കക്ഷിരാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ പുത്തരിയല്ല. എന്നാല്‍ ഷുക്കൂര്‍ വധത്തെ വ്യത്യസ്ഥമാക്കുന്നത് അതു നടപ്പാക്കിയ രീതി തന്നെ. വധശിക്ഷക്കെതിരെ നിലപാടെടുത്തിരിക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തില്‍ പട്ടാപകല്‍ നടന്ന പരസ്യമായ വിചാരണക്കുശേഷം വിധി പ്രസ്താവിച്ച് പരസ്യമായി നടപ്പാക്കിയ ഒന്നായിരുന്നു അത്. മൊബൈല്‍ ഫോണില്‍ ഷുക്കൂറിന്റെയും കൂട്ടുകാരുടെയും ചിത്രങ്ങളെടുത്ത് ഉറപ്പുവരുത്താന്‍ പലര്‍ക്കായി കൈമാറിയ ശേഷമായിരുന്നു വിധി നടപ്പാക്കിയത്. ഈസമയം വയല്‍വരമ്പില്‍ സ്ത്രീകളടക്കമുള്ള ഇരുനൂറോളം പേര്‍ കാഴ്ചക്കാരായിരുന്നു. കേരളം അന്നോളം കാണാത്ത ഒന്ന്. ഇതിനിടയില്‍ മൂന്നു മണിക്കൂറോളം കടന്നുപോയെങ്കിലും ഷുക്കൂറിനെ രക്ഷിക്കാനായില്ല, പോയവര്‍ഷം അറുംകൊലക്കിരയായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ പ്രായമായിരുന്നു കൊലപ്പെടുമ്പോള്‍ ഷുക്കൂറിനും.
തലശേരി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തിലാണ് ഗൂഢാലോചനയില്‍ ജയരാജനും രാജേഷിനും വ്യക്തമായ പങ്കുണ്ടെന്ന് പറയുന്നത്. സി.പി.എം. നേതാക്കളായ പി. ജയരാജനും ടി. വി. രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനത്തിനുനേരേ തളിപ്പറമ്പിനു സമീപം പട്ടുവത്ത് കല്ലേറുണ്ടായതിനു പ്രതികാരമായിരുന്നു കൊലപാതകം. ചെറുകുന്ന് കീഴറയിലെ വയലിലാണു ഷുക്കൂറിനെ ബന്ദിയാക്കി കൊലപ്പെടുത്തിയത്. വാഹനം ആക്രമിക്കപ്പെട്ടശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണു കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം ജയരാജനും രാജേഷിനും അറിയാമായിരുന്നു. കൊലപാതകനീക്കം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന വകുപ്പ് മാത്രമാണു നേരത്തേ ഇരുവര്‍ക്കുമെതിരേ പോലീസ് ചുമത്തിയിരുന്നത്. അതുമാറ്റി ഇപ്പോള്‍ പങ്കുണ്ടെന്നു തന്നെയാണ് പറയുന്നത്. ഏറെ വിവാദമായ കതിരൂര്‍ മനോജ് കേസിലും ജയരാജന്‍ പ്രതിയാണ്.
കക്ഷിരാഷ്ട്രീയ കൊലകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. കേരളത്തില്‍ കണ്ണൂരും. നൂറുകണക്കിനു പേര്‍ ഇതിനകം കുടിപ്പക രാഷ്ടരീയത്തിന്റെ കൊലക്കത്തിക്കിരയായിരിക്കുന്നു. ഭൂരിഭാഗവും പാവപ്പെട്ടവരും പിന്നോക്കക്കാരും. കൊല്ലപ്പെട്ടവരിലും കൊന്നവരിലും മഹാഭൂരിപക്ഷവും സിപിഎം – ബിജെപിക്കാര്‍. അതേസമയം അപൂര്‍വ്വമായി ഈ പട്ടികയില്‍ കോണ്‍ഗ്രസ്സുകാരും ലീഗുകാരും എസ്ഡിപിഐക്കാരും മറ്റുമുണ്ട്.
അപൂര്‍വ്വമായി മാത്രം നേതാക്കള്‍ക്കെതിരേയും കണ്ണൂരില്‍ ആക്രമണം നടക്കാറുണ്ട്. പി ജയരാജനെ ഒരിക്കല്‍ ഭീകരമായി ആക്രമിച്ച് മരിച്ചെന്നു കരുതി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ജയരാജന്‍ രക്ഷപ്പെട്ടു എന്നു മാത്രമല്ല, ആ സംഭവത്തില്‍ ഉള്‍പ്പെട്ട ആര്‍ എസ് എസുകാരെ ഒന്നൊന്നായി വകവരുത്തി. ഇ പി ജയാരാജന് ഒരിക്കല്‍ വെടിയേറ്റതായും ഇല്ല എന്നും പറയപ്പെടുന്നു. മറുവശത്ത് യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ സ്‌കൂളില്‍ കയറി കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്ന സംഭവം ഏവരേയും ഞെട്ടിച്ചു. എസ് എഫ് ഐ നേതാവ് സുധീഷിനെ ആര്‍ എസ് എസുകാര്‍ കൊന്നത് മാതാപിതാക്കളുടെ മുന്നില്‍ വെച്ച്. സിപിഎമ്മില്‍ നിന്ന് എന്‍ഡിഎഫിലേക്കുപോയ ഫസല്‍ വധകസിലെ പ്രതികള്‍ സിപിഎമ്മോ ആര്‍എസ്എസോ എന്ന വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ ഷുഹൈബിനെ അടുത്തയിടെ കൊന്നുകളഞ്ഞത് കാര്യമായ ഒരു കാരണവുമില്ലാതെ. കണ്ണൂരിനു തൊട്ടുകിടക്കുന്ന വടകരയില്‍ ടി പി ചന്ദ്രശേഖരനെ കൊന്നത് വേറെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന്..
ഒരു ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പൈട്ട് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന രണ്ടുപാര്‍ട്ടികളാണ് പ്രധാനമായും പരസ്പരം കൊന്നൊടുക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. രണ്ടു കൂട്ടര്‍ക്കുമുള്ള ന്യായീകരണം തങ്ങള്‍ പ്രതിരോധിക്കുകയാണെന്നാണ്. ആക്രമിക്കാന്‍ വരുമ്പോള്‍ സ്വയംരക്ഷക്കായുള്ള പ്രതിരോധമാണോ നടക്കുന്നത്. അല്ല. കൃത്യമായി പ്ലാന്‍ ചെയ്ത് കൊന്നൊടുക്കുകയാണ്. ഇത്തരത്തില്‍ പ്രതിരോധിക്കാന്‍ ജനാധിപത്യത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് അവകാശമുണ്ടോ? കുറ്റവാളികളെ പിടികൂടി ശിക്ഷിക്കാന്‍ പോലീസും കോടതിയുമടക്കമുള്ള സംവിധാനം പിന്നെന്തിനാണ്? മാത്രമല്ല, ഇത്തരത്തില്‍ കൊലപാതകങ്ങളിലൂടെ ഏതെങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പറ്റിയതായി ലോകചരിത്രത്തില്‍ കാണുമോ? സത്യത്തില്‍ പസസ്പരം വളര്‍ത്തുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. ഒന്നുകില്‍ ഞങ്ങള്‍, അല്ലെങ്കില്‍ അവര്‍ എന്ന മട്ടില്‍ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ആസൂത്രിതനീക്കമാണോ നടക്കുന്നതെന്നു പോലും സംശയിക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇതു തിരിച്ചറിഞ്ഞ് പ്രതികരിക്കാനാണ് ജനാധിപത്യശക്തികള്‍ ശ്രമിക്കേണ്ടത്. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നതു മാത്രമാണ് ഇവിടെ ശരിയായിട്ടുള്ളത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply