അരുവിക്കരയുടെ സന്ദേശം : രാഷ്ട്രീയപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവും നൈതികമാകണം.

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥ് നേടിയ വിജയം ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ നൈതികതയില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനത്തിനും മാധ്യമപ്രവര്‍ത്തനത്തിനുമുള്ള മറുപടിയാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എന്തും പറയാമെന്ന ഹുങ്കിനാണ് അരുവിക്കരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കിയത്. അതുവഴി ജനാധിപത്യത്തിന്റെ കരുത്തുതന്നെയാണ് വെളിയവായത്. യുഡിഎഫ് എന്തെങ്കിലും അര്‍ത്ഥത്തില്‍ എല്‍ഡിഎഫിനേക്കാള്‍ മെച്ചമാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷെ പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ റോളല്ല കുറച്ചുകാലമായി അവര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം തൊഴിലിനോട് യാതൊരു ഉത്തരവാദിത്തവും കാണിക്കാത്ത ചില മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ആര്‍ക്കെതിരേയും എന്തും പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്നവര്‍ […]

aruvikkara-election

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥ് നേടിയ വിജയം ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ നൈതികതയില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനത്തിനും മാധ്യമപ്രവര്‍ത്തനത്തിനുമുള്ള മറുപടിയാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എന്തും പറയാമെന്ന ഹുങ്കിനാണ് അരുവിക്കരയിലെ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കിയത്. അതുവഴി ജനാധിപത്യത്തിന്റെ കരുത്തുതന്നെയാണ് വെളിയവായത്.
യുഡിഎഫ് എന്തെങ്കിലും അര്‍ത്ഥത്തില്‍ എല്‍ഡിഎഫിനേക്കാള്‍ മെച്ചമാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷെ പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ റോളല്ല കുറച്ചുകാലമായി അവര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം തൊഴിലിനോട് യാതൊരു ഉത്തരവാദിത്തവും കാണിക്കാത്ത ചില മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ആര്‍ക്കെതിരേയും എന്തും പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്നവര്‍ കരുതി. അതേറ്റവും പ്രകടമായത് ബാറും സോളാറുമായി ബന്ധപ്പെട്ടായിരുന്നു. ഇതു രണ്ടിലും യുഡിഎഫ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടാകാം. എന്നാല്‍ കൃത്യമായ തെളിവില്ലാതെ തട്ടിപ്പുകാരും കൈക്കൂലിക്കാരും പറഞ്ഞെന്നു അവകാശപ്പെടുന്ന ചില ഒളിക്യാമറകളും റെക്കോഡ് ശബ്ദങ്ങളും വെച്ച് അവരേക്കാള്‍ എന്തായാലും മെച്ചമായവരെ അവഹേളിക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചത്. ഈ ശബ്ദങ്ങളുടെ ഉടമകളാകട്ടെ അതെല്ലാം നിഷേധിക്കുന്നു. ഇതെല്ലാംേ മാധ്യമപ്രവര്‍ത്തകര്‍ സൃഷ്ടിച്ച വ്യാജരേഖകളാണെന്നു പറയുന്നില്ല. (തീര്‍ച്ചയായും അത്തരം സംഭവങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്) പക്ഷെ തെളിവായി ഒരു കോടതിയും അംഗീകരിക്കാത്തതും ആധികാരികമല്ലാത്തതും തങ്ങളുടെ ലക്ഷ്യം സാധിക്കാത്തപ്പോള്‍ രംഗത്തിറങ്ങിയവരും നല്‍കിയ ഇത്തരം തെളിവുകളുടെ പേരില്‍ മന്ത്രിമാരെ മുഴുവന്‍ പെണ്‍വാണിഭക്കാരായും മന്ത്രിസഭയെ വേശ്യാലയമായും ചിത്രീകരിക്കുന്നത് മാന്യമായ രാഷ്ട്രീയപ്രവര്‍ത്തനമോ മാധ്യമപ്രവര്‍ത്തനമോ അല്ല. ഒരു വര്‍ഷം കഴിഞ്ഞ ചില സംസാരങ്ങളും ഈ സമയത്ത് പുറത്തുവന്നല്ലോ. ഒരാളുടെ അനുമതിയില്ലാതെ ഒളിക്യാമറയും സൗണ്ട് റെക്കോര്‍ഡിംഗും ഉപയോഗിക്കുന്നത് നൈതികമായ മാധ്യമപ്രവര്‍ത്തനമല്ല. അതിനുപുറകെ പായുന്നത് നൈതികമായ രാഷ്ട്രീയപ്രവര്‍ത്തനവുമല്ല. ഇതു തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രതിപക്ഷത്തിന്റെ പരാജയത്തിനുകാരണം. അതിനു കഴിഞ്ഞതാണ് പ്രതിപക്ഷത്തെപോലും അമ്പരപ്പിച്ച് ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം ബുദ്ധിശാലിയായ ഉമ്മന്‍ ചാണ്ടിക്കുണ്ടായത്. ഇതു സൃഷ്ടിക്കുന്ന അപകടകരമായ ഒന്നുണ്ട്., കൃത്യമായ അടിസ്ഥാനമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഭാവിയില്‍ സംഭവിക്കുക പുലിവരുന്ന കഥയുടെ അവസ്ഥയായിരുക്കും എന്നതാണത്.
10128 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ത്രികോണമത്സരം നടന്ന മണ്ഡലം ശബരിനാഥ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ജി.കാര്‍ത്തികേയന് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ വെറും 546 വോട്ടിന്റെ മാത്രം കുറവാണിതെന്നോര്‍ക്കണം. എട്ടില്‍ ഏഴ് പഞ്ചായത്തുകളിലും ലീഡ് നേടിയാണ് ശബരിനാഥ് ജയിച്ചത്.
34,145 വോട്ട് നേടിയ ബി.ജെ.പിയാകട്ടെ അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനേക്കാള്‍ അഞ്ചിരിട്ടി വോട്ട്. ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിഎസും സംഘാടകനായ പിണറായി വിജയനും നേരിട്ട് നേതൃത്വം നല്‍കിയിട്ടും മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിട്ടും ഇതാണവസ്ഥ. എന്നിട്ടും പരാജയത്തെ രാഷ്ട്രീയമായി പരിശോധിക്കാനവര്‍ തയ്യാറാകുന്നില്ല. സാരി കൊടുത്തും പണവും മദ്യവുമൊഴുക്കിയും സഹതാപം കൊണ്ടും വര്‍ഗ്ഗീയ – സാമുദായിക ചിന്തകള്‍ ഇളക്കിവിട്ടുമെന്നാണ് യുഡിഎഫ് ജയിച്ചതെന്ന അവരുടെ വിലയിരുത്തല്‍ ഒരു ജനാധിപത്യസംവിധാനത്തിനനുയോജ്യമല്ല. അങ്ങനെയെങ്കില്‍ ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചു എന്നവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തിന്റെ അവസ്ഥയെന്താണ്? ഇത്രയേയുള്ളു നമ്മുടെ രാഷ്ട്രീയപ്രബുദ്ധതയെന്നോ? സാരി കൊടുത്താല്‍ കേരളത്തിലെ സ്ത്രീകളും മദ്യം കൊടുത്താല്‍ പുരുഷന്മാരും വോട്ടുചെയ്യുമോ? എങ്കില്‍ പറഫയാനുള്ളത് ഹാ കഷ്ടം എന്നുമാത്രം.
എല്‍ഡിഎഫ് വിലയിരുത്തലിന്റെ ഒരു ഭാഗം ശരിയാണ്. ചില സാമുദായിക ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ വോട്ടുബാങ്കായ ഭൂരിപക്ഷവോട്ടുകളെ രാജഗോപാല്‍ ഭിന്നിപ്പിച്ചു. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷയുള്ള ന്യൂനപക്ഷവോട്ടുകള്‍ക്ക് കാര്യമായ ഭിന്നിപ്പുണ്ടായില്ല. പിസി ജോര്‍ജ്ജിനോ എസ്ഡിപിഐക്കോ പിഡിപിക്കോ ഒന്നു അതിനു കഴിഞ്ഞില്ല. ഈ ഘടകമൊഴികെ എല്‍ ഡി എഫ് പറയുന്ന മറ്റെല്ലാ കാരണങ്ങളും ബാലിശം മാത്രമാണ്. കക്ഷിരാഷ്ട്രീയം മാറ്റിവെച്ചുപറഞ്ഞാല്‍ എല്‍ഡിഎഫ് നേതാക്കളേക്കാള്‍ പക്വതയോടെ വിഷയങ്ങള്‍ അവതരിപ്പിച്ചത് യുഡിഎഫ് നേതാക്കളായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവേദിയാക്കുമെന്നു പറഞ്ഞ എല്‍ഡിഎഫ് ആകെ ഉന്നയിച്ചത് മുകളില്‍ പറഞ്ഞ പോലെ ബാറും സോളാറും മാത്രമായിരുന്നു. പിന്നെ പറഞ്ഞത് റോഡുകളുടെ ശോച്യാവസ്ഥ. കേരളത്തില്‍ മിക്കവാറും എല്ലായിടത്തും അതുതന്നെയവസ്ഥ.
തീര്‍ച്ചയായും ആശങ്കാജനകമായ ചില കാര്യങ്ങളിലേക്ക് ഈ തെരഞ്ഞെടുപ്പ് വിരല്‍ ചൂണ്ടുന്നുണ്ട്. ഒന്നു ബിജെപിയുടെ വളര്‍ച്ചതന്നെ. വരുന് തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടു്പപിലുമൊക്കെ ഈ വളര്‍ച്ച കൂടുതല്‍ ശക്തമായിക്കൂട എന്നില്ല. രാജഗോപാലിനെ തന്നെ മുന്‍നിര്‍ത്തി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണവര്‍. അതുസംഭവിക്കുകയാണെങ്കില്‍ നമ്മുടെ പ്രബുദ്ധതയെകുറിച്ചുള്ള അഹങ്കാരമെല്ലാം സോപ്പുകുമിളയാകും. മറ്റൊന്ന് ഭരണത്തുടര്‍ച്ചയുടേതാണ്. വളരെ നേരിയ വ്യത്യാസത്തിനായിരുന്നല്ലോ യുഡിഎഫ് അധികാരത്തിലേറിയത്. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അവര്‍ വിജയിച്ചു. ഈ നിലക്ക് ഏറെകാലത്തിനുശേഷം ഒരു ഭരണതുടര്‍ച്ച അവര്‍ നേടിക്കൂട എന്നില്ല. ഭരണത്തുടര്‍ച്ചയില്ലായ്മയും ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതുമാണ് കേരളത്തിലെ ജനാധിപത്യസംവിധാനത്തിന്റെ ഒരു കരുത്ത്. അതില്ലാതായാല്‍ ഉത്തരവാദിത്തം സിപിഎമ്മിനുതന്നെയാണ്. വല്ലേട്ടന്‍ മനോഭാവത്തോടെ കൂടെയുള്ള സംഘടനകളെയെല്ലാം മുന്നണിയില്‍ നിന്ന് ആട്ടിയോടിച്ചതും അക്രമരാഷ്ട്രീയവും ഗ്രൂപ്പിസവുമെല്ലാം സിപിഎമ്മിനെ ദുര്‍ബ്ബലമാക്കുകയാണ്. ഈ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം നേരിട്ട പ്രതിസന്ധികള്‍ക്ക് കയ്യും കണക്കുമില്ല. അഴിമതിയാരോപണങ്ങള്‍ക്കും കണക്കില്ല. എന്നാല്‍ കാര്യമായ പരിക്കുകളില്ലാതെ അവയെല്ലാം അതിജീവിക്കാന്‍ കുശാഗ്രബുദ്ധിമാനായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫിനു കഴിഞ്ഞു. പ്രതിപക്ഷമാകട്ടെ നടത്തിയ സമരങ്ങളെല്ലാം ഏറെക്കുറെ പരാജയപ്പെട്ടു. യുഡിഎഫിനേക്കാള്‍ പ്രശ്‌നങ്ങളായിരുന്നു എല്‍ഡിഎഫില്‍. കോണ്‍ഗ്രസ്സിനേക്കാള്‍ പ്രശ്‌നങ്ങളായിരുന്നു സിപിഎമ്മില്‍. എന്നാലും അരുവിക്കര തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വേളയില്‍ എല്‍ഡിഎഫിനാണ് ലീഡെന്നു പലരും കരുതി. ആ കരുതിയവരില്‍ എ കെ ആന്റണിയും സുധീരനുമുണ്ടായിരുന്നു. എന്നാലതിനെയെല്ലാം ഉമ്മന്‍ ചാണ്ടി അതിജീവിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിപദ തുടര്‍ച്ച തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഏകപാര്‍ട്ടി ഭരണം നടക്കില്ലെങ്കിലും ഏകമുന്നണി ഭരണവും ഏകമുഖ്യമന്ത്രിഭരണമൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല. മറുവശത്ത് എല്‍ഡിഎഫിന്റെ ക്ഷീണമുണ്ടാക്കുന്ന വിടവിലേക്ക് കയറുന്നത് ബിജെപി തന്നെ. അരുവിക്കരയിലെ ഈ പാഠങ്ങള്‍ പഠിച്ച് ഉത്തരവാദിത്തത്തോടെയുള്ള രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാണ് ഇനിയെങ്കിലും സിപിഎം ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ തകരുക കേരളത്തിലെ സന്തുലിതമായ രാഷ്ട്രീയസംവിധാനമായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply