എന്തുകൊണ്ട് ആത്മീയ മന്ത്രവാദ ചികിത്സകള്‍ ഫലിക്കുന്നു?

കഴിക്കുന്ന മരുന്ന് ഫലിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ രോഗ മുക്തി സംഭവിക്കുന്നു എന്ന തോന്നല്‍ വ്യക്തിയില്‍ ഉണ്ടാകുന്നു.ഇതാണ് രോഗശാന്തി വിഭ്രമം എന്ന പ്രതിഭാസം. ഈ പ്രതിഭാസത്തിന് വിധേയമാകുന്ന വ്യക്തിയില്‍ രോഗത്തിനെതിരായ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുക വഴി ചില രോഗങ്ങളുടെ തീവ്രതയില്‍ അയവുവരാറുണ്ട്. കാന്‍സര്‍, എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളില്‍ പോലും ചില സമയങ്ങളില്‍ സ്വയം ശമനം സംഭവിക്കാം. എന്നാല്‍ ഇത് രോഗിയ്ക്ക് യാഥാര്‍ഥ്യമെന്ന് തോന്നുന്ന, എന്നാല്‍ വെറും മിഥ്യയായ രോഗശാന്തി മാത്രമാണ്.

പ്രസാദ് അമോര്‍

യഥാര്‍ത്ഥത്തില്‍ പുരോഹിതന്മാരും മന്ത്രവാദികളും ആള്‍ദൈവങ്ങളും, മോട്ടിവേഷന്‍ ഗുരുക്കന്‍ മാരും എല്ലാം നൈരാശ്യങ്ങളും ഞരമ്പ് രോഗത്തിന്റെ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കോടിക്കണക്കിനു മനുഷ്യര്‍ക്ക് താത്കാലിക ആശ്രയമാകുകയാണ്. വൈകാരിക പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ വികാരവിരേചനം നടത്തുന്ന സ്ഥലങ്ങളാണ് ആരാധനാലയങ്ങള്‍. ആരാധനാലയങ്ങളിലെ ശബ്ദകോലാഹങ്ങളും സംഗീതവും,വര്‍ണ്ണശബളമായ ചമയങ്ങളും കാഴ്ചകളും സമാന വിശ്വാസങ്ങള്‍ പേറുന്ന ആള്‍ക്കൂട്ടവും എല്ലാം മനുഷ്യരുടെ പ്രാകൃതമായ സംഘബോധത്തിന് നിറപ്പകിട്ടാവുകയാണ്.മത അനുഷ്ടാനങ്ങളില്‍ നടത്തുന്ന കൂട്ട ധ്യാനം മാസ് ഹിസ്റ്റീരിയയുടെ പ്രകടനമാണ്. ഉയര്‍ന്ന ശബ്ദത്തിലുള്ള മന്ത്രോച്ചാരണത്തെ തുടര്‍ന്ന് ഭക്തര്‍ അനുഭവിക്കുന്ന ഒരു ഹിസ്റ്റീരിക്ക് അനുഭൂതി ഒരു തെറാപ്പിയുടെ ഗുണം ചെയ്യുകയാണ്.

അതതു സമയത്തെ വൈദ്യത്വത്തിന് വിശദീകരിക്കാനാകാത്തവിധം രോഗ ശമനം പകരുന്ന വിവിധ ചികിത്സ മുറകള്‍, മരുന്നുകള്‍ മനുഷ്യ സമൂഹത്തില്‍ എക്കാലത്തും പ്രചാരമുണ്ട്. രോഗമുക്തിയ്ക്കായി ചികിത്സകനെ പൂര്‍ണമായി ആശ്രയിക്കേണ്ടി വരുന്ന രോഗികളുടെ നിസ്സഹായാവസ്ഥയും അഞ്ജതയുമാണ് ചികിത്സകര്‍ മുതലെടുക്കുന്നത്.മാത്രമല്ല ശാരീരിക വ്യഥയോ മനോപീഡയോ അനുഭവിക്കുന്നവര്‍ മാന്ത്രിക രൂപത്തിലുള്ള പരിഹാരം ആഗ്രഹിക്കുന്നവരാണ്.

പൊതുവെ മനുഷ്യര്‍ നിരവധി വിശ്വാസങ്ങളിലും ആചാരങ്ങളിലും തെറ്റിദ്ധാരണകളിലും പെട്ടുഴലുന്നവരാണ്. സ്‌ത്രോത്രം കൊണ്ടും ജപിച്ചുകെട്ടല്‍ പോലുള്ള ആഭിചാരക്രിയകള്‍ കൊണ്ടും രോഗങ്ങള്‍ സുഖപ്പെടുമെന്ന ധാരണയുള്ള മനുഷ്യരുടെ ലോകത്താണ് നാം ജീവിക്കുന്നത്.മനുഷ്യാവസ്ഥയെ ആത്മീയമായി വ്യാഖ്യാനിക്കുന്ന സമൂഹത്തിലെ മനുഷ്യര്‍ രോഗങ്ങള്‍ക്ക് മന്ത്രീക പരിഹാരം ആഗ്രഹിക്കുന്നവരാണ്. അവരില്‍ രോഗശാന്തി വിഭ്രമം ഉണ്ടാകുന്നു. മനുഷ്യര്‍ ധ്യാനത്തിലൂടെയും മന്ത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള ഉരുവിടലിലൂടെയും ദിവ്യാനുഭുതികള്‍ അനുഭവിക്കുന്നു . മന്ത്രങ്ങളും പ്രാര്‍ത്ഥനയും ആവര്‍ത്തിച്ചു അനുഷ്ഠിക്കുന്നതുമൂലം അതി ഭൗതിക അനുഭൂതി ഉണ്ടാകും.
അസാധാരണമായി ശ്വസോച്ഛാസ്വം ചെയ്താല്‍, ശ്വാസം പിടിച്ചു നിര്‍ത്തിയാല്‍ രക്തത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറയുമ്പോള്‍ hypocapnia എന്ന അവസ്ഥ വരും അങ്ങനെയാണ് മിഥ്യാഭ്രമങ്ങളും അനുഭൂതികളും ഉണ്ടാകുന്നത്.

നിര്‍ദ്ദേശങ്ങള്‍ മൂലം രോഗശമനം സാധ്യമാകുന്ന സജെസ്റ്റീവ് തെറാപ്പി മാനസിക സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്ന പലതരം രോഗങ്ങള്‍ക്ക് ശമനം ഉണ്ടാക്കാറുണ്ട് . നിര്‍ദ്ദേശങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയില്‍ ഷിപ്രവിശ്വാസം വളരെയേറെ വര്‍ദ്ധിച്ചു നിര്‍ദ്ദേശങ്ങള്‍ അനുഭവങ്ങളായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തിയില്‍ സൃഷ്ടിക്കുന്ന കണ്ടീഷനിങ്ങും വിശ്വാസവുമാണ് അതിന് കാരണമായി തീരുന്നത്. ഏതെങ്കിലും ഒരു അനുഭവം തനിക്കുണ്ടാകുന്നു എന്ന് ത്രീവ്രമായി വിശ്വസിച്ചാല്‍ ആ വിശ്വാസങ്ങള്‍, അതിനെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ഉരുവിടല്‍ എല്ലാം അനുഭവത്തിന്റേതിനു തുല്യമായ പ്രതികരണങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിര്‍ദ്ദേശം കൊണ്ടോ വിശ്വാസം കൊണ്ടോ പ്രവര്‍ത്തിക്കുന്ന ചികിത്സകളെയും മരുന്നുകളെയും പ്ലാസിബോ എന്നുപറയുന്നു. മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന വേദനകളോ ശാരീരിക പ്രയാസങ്ങളോ നിര്‍ദ്ദേശ ചികിത്സകള്‍ കൊണ്ടോ, പ്ലാസിബോ ഗുളികകള്‍ കൊണ്ടോ താത്കാലിക ശമനം ഉണ്ടാകാറുണ്ട്.മാനസിക അയവ് ലഭിക്കുന്ന പ്രവൃത്തികളില്‍ വ്യാപരിക്കുന്നത് ചെറിയ തോതില്‍ പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ ശക്തിപെടുത്തിയേക്കാമെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു.പ്ലാസിബോ ആണെന്ന് അറിഞ്ഞിട്ടും അത്തരം ചികിത്സകൊണ്ട് തലവേദന ,ഉറക്കക്കുറവ് , മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയ്ക്ക് സഹായകരമായേക്കാമെന്നതുകൊണ്ട് പ്ലാസിബോ എഫ്ഫക്‌റ് സൃഷ്ടിക്കുന്ന രീതികള്‍ ആധുനിക ചികിത്സയുടെ ഭാഗമാണ്.

കഴിക്കുന്ന മരുന്ന് ഫലിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ രോഗ മുക്തി സംഭവിക്കുന്നു എന്ന തോന്നല്‍ വ്യക്തിയില്‍ ഉണ്ടാകുന്നു.ഇതാണ് രോഗശാന്തി വിഭ്രമം എന്ന പ്രതിഭാസം. ഈ പ്രതിഭാസത്തിന് വിധേയമാകുന്ന വ്യക്തിയില്‍ രോഗത്തിനെതിരായ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുക വഴി ചില രോഗങ്ങളുടെ തീവ്രതയില്‍ അയവുവരാറുണ്ട്. കാന്‍സര്‍, എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളില്‍ പോലും ചില സമയങ്ങളില്‍ സ്വയം ശമനം സംഭവിക്കാം. എന്നാല്‍ ഇത് രോഗിയ്ക്ക് യാഥാര്‍ഥ്യമെന്ന് തോന്നുന്ന, എന്നാല്‍ വെറും മിഥ്യയായ രോഗശാന്തി മാത്രമാണ്.ശാരീരിക വേദനയില്‍ കുറവ് വരുന്നത് രോഗമുക്തിയായി വ്യക്തി തെറ്റിദ്ധരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ വേദന പോലുള്ള പലതരം രോഗലക്ഷണങ്ങള്‍ക്ക് പിന്നില്‍ ശാരീരിക കാരണമുണ്ടാകുമെങ്കിലും അതിന്റെ തോത് നാഡികളിലൂടെ വരുന്ന സന്ദേശങ്ങളെ മഷ്തിഷ്‌കം തര്‍ജ്ജമ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലോകത്തുള്ള എല്ലാത്തരം ആത്മീയ ചികിത്സകളും-പുനര്‍ജന്മ ചികിത്സ, എന്‍ എല്‍ പി , മോട്ടിവേഷന്‍ , സൈക്കോ അനാലിസിസ്, പ്രാര്‍ഥന,റെയ്ക്കി ,പ്രാണിക് ഹീലിംഗ്,ജൈവ ഊര്‍ജ്ജ ചികിത്സകള്‍ തുടങ്ങിയവ മനുഷ്യന്റെ ഇത്തരത്തിലുള്ള തോന്നലും മനുഷ്യപ്രകൃതത്തിലെ നിസ്സഹായാവസ്ഥയും ബലഹീനതകളും ചൂക്ഷണം ചെയ്തു നിലനില്‍ക്കുന്നു. സ്വന്തം ജീവിതത്തില്‍ ഒരു ദിവ്യ നിഗൂഢത സന്നിവേശിപ്പിക്കാന്‍ ഇഷ്ടപെടുന്ന ഒരു ജീവിയായി മനുഷ്യന്‍ തുടരുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply