പ്രതിപക്ഷമില്ലാതെ എന്തു ജനാധിപത്യം?
ഈ പംക്തിയില്‍ പലപ്പോഴും ചൂണ്ടികാട്ടിയപോലെ സംഘപരിവാറിന്റേയും സിപിഎമ്മിന്റേയും പ്രതിപക്ഷത്തോടുള്ള നിഷേധാത്മക സമീപനം യാദൃഛികമല്ല, അതിനു പുറകില്‍ ഒരു രാഷ്ട്രീയമുണ്ട്. ഇരു കൂട്ടരും ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കുന്നില്ല എന്നതാണത്. സംഘപരിവാര്‍ ഹിന്ദുത്വരാഷ്ട്രവും സിപിഎം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ പേരില്‍ ഏകപാര്‍ട്ടി ഭരണവും ലക്ഷ്യം വെക്കുന്നവരാണ്. അവിടെ പ്രതിപക്ഷത്തിനു സ്ഥാനമില്ലല്ലോ. ആ ലക്ഷ്യത്തിനുള്ള സാധ്യത തെളിയുന്നതുവരെ ജനാധിപത്യസംവിധാനത്തില്‍ ഇരുകൂട്ടരും പങ്കെടുക്കുന്നു എന്നു മാത്രം. അതുകൊണ്ടാണ് ഇരുകൂട്ടരും ഇടക്കിടെ ഭരണഘടനക്കെതിരെ സംസാരിക്കുന്നത്, പ്രത്യകിച്ച് അവരുടെ സംഘടനാ പരിപാടികളില്‍.
ജനാധിപത്യസംവിധാനത്തിന്റെ ജീവവായു പ്രതിപക്ഷമാണ്. ശക്തമായ പ്രതിപക്ഷമില്ലെങ്കില്‍ ജനാധിപത്യം അധികകാലം നിലനില്‍ക്കില്ല. പെട്ടെന്നു തന്നെ അത് സമഗ്രാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ വഴിമാറുമെന്നുറപ്പ്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനം ഒരു പരിധിവരെയെങ്കിലും വിജയകരമാണെന്ന് പറയുമ്പോള്‍ അതിനുള്ള പ്രധാന കാരണം എക്കാലത്തും സാമാന്യം ശക്തമായ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ നിലനിന്നിരുന്നു എന്നതാണ്. എന്നാല്‍ അതില്ലാതാക്കാനാണ് സമീപകാലത്ത് കേന്ദ്രസര്‍ക്കാരും അതിനെ നിയന്ത്രിക്കുന്ന സംഘപരിവാറും ശ്രമിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അതിന്റെ ചെറിയ രൂപമാണ് കേരളത്തിലും അരങ്ങേറുന്നത്. ഇവിടെയതിനു നേതൃത്വം നല്‍കുന്നത് സിപിഎം ആണെന്ന വ്യത്യാസം മാത്രം.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമായിരുന്നു സംഘപരിവാര്‍ അടുത്തകാലം വരെ ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് പ്രതിപക്ഷമുക്ത ഭാരതം എന്നായിരിക്കുന്നു. അതിന്റെ ഭാഗമായി സംസ്ഥാന മന്ത്രിസഭകള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവസാനമത് വിജയിച്ചത് മഹാരാഷ്ട്രയിലാണ്. വരും ദിനങ്ങളില്‍ ബാക്കിയുള്ള സംസ്ഥാനങ്ങളിലേക്കും ഈ ജനാധിപത്യ വിരുദ്ധമായ അട്ടിമറി നീളുമെന്നുറപ്പ്. തെലുങ്കാനയാണ് അടുത്ത ലക്ഷ്യമെന്നു കരുതാം. ഇ ഡിയെ പോലുള്ള തങ്ങളുടെ കൈയിലെ ചട്ടുകങ്ങളായ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ തകര്‍ക്കാനുള്ള നീക്കങ്ങളും തുടരുന്നു. രാഹുല്‍ ഗാന്ധിയേയും സോണിയേയും വരെ കുടുക്കാനുള്ള നീക്കമാണല്ലോ നടന്നു കൊണ്ടിരിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായ സംഗതി മറ്റൊന്നാണ്. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മാത്രമല്ല, സര്‍ക്കാര്‍ നയങ്ങള്‍ക്കും സംഘപിവാര്‍ രാഷ്ട്രീയത്തിനുമെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ ഗൂഢാലോചന നടത്തുകയും കഴിയുന്നത്രപേരെ തുറുങ്കിലടക്കുകയുമാണ് ചെയ്യുന്നത്. അവസാനമവര്‍ ലക്ഷ്യമിട്ടിരിക്കുന്നത് മേധാപട്കറെയാണെന്നാണ് വാര്‍ത്ത. അടിയന്തിരാവസ്ഥയുടെ വാര്‍ഷികത്തിന്റെയന്നാണ് തീസ്ത സെതല്‍വാദും ആര്‍ ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടത്. അതിനു പുറകെ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരില്‍ ഒരാളായ മുഹമ്മദ് സുബൈറും അറസ്റ്റ് ചെയ്യപ്പെട്ടു. തീസ്ത-ജാവേദ് ആനന്ദിന്റെ കമ്മ്യൂണലിസം കോമ്പാറ്റും സുബൈര്‍ – പ്രതീക് സിഹ്നയുടെ ആള്‍ട്ട് ന്യൂസും സംഘപരിവാറിനു താല്‍പ്പര്യമുള്ള കാര്യങ്ങളല്ല പുറത്തുകൊണ്ടുവരുന്നത്. അതിശക്തമായ പ്രതിപക്ഷത്തിന്റെ റോളാണ് അവ നിര്‍വ്വഹിക്കുന്നത് എന്നതുതന്നെയാണ് ഈ നടപടികള്‍ക്കു കാരണം. ഭീമാ കോറഗോവ് സംഭവവുമായി ബന്ധപ്പെട്ട് കള്ളകേസില്‍ കുടുക്കിയ നിരവധിപേര്‍ യുഎപിഎ പോലുള്ള ഭാകരനിയമങ്ങള്‍ ചുമത്തി ഇപ്പോഴും ജയിലറകളിലാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമങ്ങളേയും കുപ്രചരണങ്ങളേയും അതിന്റെ ലക്ഷ്യങ്ങളേയും കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. ചുരുക്കത്തില്‍ പ്രതിപക്ഷമെന്ന ‘അസൗകര്യ’ത്തെ ഇല്ലാതാക്കി, തങ്ങളുടെ സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള പദ്ധതികളാണ് സംഘപരിവാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് വ്യക്തം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആരംഭത്തില്‍ പറഞ്ഞപോലെ ഇതിന്റെ ചെറിയ രൂപങ്ങളാണ് കേരളത്തിലും അരങ്ങേറുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഏറെക്കുറെ ഉറക്കത്തിലായിരുന്നു. പ്രളയവും കൊവിഡുമൊക്കെ സൃ8ഷ്ടിച്ച പ്രതിസന്ധികളുടെ കാലത്തവര്‍ തികച്ചും നിര്‍ജ്ജീവമായിരുന്നു. എന്തായാലും പതിവുപോലെ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. അവസാന ഒരുവര്‍ഷകാലം അല്‍പ്പം സജീവമായി എന്നിരിക്കലും തുടര്‍ഭരണത്തെ തടയാന്‍ അതു മതിയാകുമായിരുന്നില്ല. ഇനിയും നിര്‍ജ്ജീവാവസ്ഥ തുടര്‍ന്നാല്‍ തുടര്‍ ഭരണം ആവര്‍ത്തിക്കുമെന്നും തങ്ങള്‍ തുടച്ചുമാറ്റപ്പെടുമെന്നും തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സംഘടനാതലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് തയ്യാറായത്. സുധാകരനും സതീശനും നേതൃത്വത്തില്‍ വന്നതോടെ രാഷ്ട്രീയമായി സജീവമാകാനും അണികളെ ഉഷാറാക്കാനും കഴിഞ്ഞിരിക്കുന്നു എന്നത് വാസ്തവമാണ്. കേരളത്തിന്റെ തെരുവുകള്‍ പ്രതിപക്ഷ സാന്നിധ്യത്താല്‍ മുഖരിതമാകാന്‍ തുടങ്ങി. ആറുവര്‍ഷമായി സമരങ്ങളൊന്നും ചെയ്യാത്ത ഡിവൈഎഫ്‌ഐയെ കടത്തിവെട്ടുന്ന രീതിയിലുള്ള സമരങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്സും സജീവമായി. സുധാകരനുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടതുണ്ടെങ്കിലും ഈ മാറ്റത്തെ പോസറ്റീവ് ആയിതന്നെ കാണണം. അതു കോണ്‍ഗ്രസ്സിനോടുള്ള മമതകൊണ്ടല്ല, തുടക്കത്തില്‍ പറഞ്ഞപോലെ ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ ജീവന്‍ എന്നതിനാലാണ്.
നിര്‍ഭാഗ്യകരമായ ഒരു വിഷയം മറ്റൊന്നാണ്. പ്രതിപക്ഷം രാഷ്ട്രീയമായും സംഘടനാപരമായും സജീവമാകുമ്പോള്‍ അതിനോട് അതേരീതിയില്‍ പ്രതികരിക്കാനാണ് ഭരണപക്ഷം തയ്യാറാകേണ്ടത്. എന്നാല്‍ ഇവിടെ നടക്കുന്നത് മറ്റൊന്നാണ്. പല കാര്യത്തിലുമെന്നപോലെ ഇക്കാര്യത്തിലും സര്‍ക്കാറും സിപിഎമ്മും മാതൃകയാക്കുന്നത് കേന്ദ്രത്തേയും സംഘപരിവാറിനേയുമാണ്. പ്രതിപക്ഷത്തെ ശാരീരികമായി അക്രമിക്കുക, അധിക്ഷേപിക്കുക, കള്ളകേസുകളില്‍ കുടുക്കുക തുടങ്ങിയ നയങ്ങള്‍ തന്നെയാണ് ഇവിടെയും തുടരുന്നത്. രാഹുല്‍ ഗാന്ധിയുടെയും കെപിസിസിയുടേയും ഓഫീസുകളിലേക്കും പ്രതിപക്ഷനേതാവിന്റെ വസതിയിലേക്കും നടന്ന അക്രമങ്ങളും കെ കെ രമയടക്കമുള്ളവരുടെ നേര്‍ക്കു നടത്തിയ അധിക്ഷേപങ്ങളുമെല്ലാം ഉദാഹരണങ്ങള്‍. അതിനെ വിമര്‍ശിച്ച സിപിഐ നേതാവ് ആനിരാജയെപോലും വെറുതെ വിട്ടില്ല. സ്പീക്കര്‍ ആവശ്യപ്പെട്ടപ്പോഴാണ് മണി തന്റെ പരാമര്‍ശം പിന്‍വലിച്ചത്. ഇതിനോടുള്ള പ്രതിപക്ഷത്തിന്റെ പല പ്രതികരണങ്ങളും മോശപ്പെട്ടവ തന്നെയായിരുന്നു എന്നും പറയാതിരിക്കാനാവില്ല. സ്വപ്‌നയുടെ വക്കീലിനും ജോലി കൊടുത്ത സ്ഥാപനത്തിന്റെ തലവനും എടുത്ത കേസും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ കുഞ്ഞിലക്കെതിരെ എടുത്ത കേസും ഇന്‍ഡിഗോ ബസ് സര്‍വ്വീസിനെതിരെ എടുത്ത നടപടികളുമൊക്കെ കേവലം ബാലിശമാണെന്നും പറയാതിരിക്കാനാവില്ല. എ കെ ജി സെന്ററിനെതിരായ പടക്കമേറാകട്ടെ ഇപ്പോഴും ദുരൂഹമായി തുടരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിമര്‍ശനങ്ങളേയും പ്രതിഷേധങ്ങളേയും ഒരു തരത്തിലും തങ്ങള്‍ അംഗീകരിച്ചുതരില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ശബരീനാഥിനെതിരായ നീക്കങ്ങള്‍. സമരങ്ങള്‍ നടത്താന്‍ പാടില്ല എന്ന കീഴ്‌വഴക്കം നിലനില്‍ക്കുന്ന മേഖലകലില്‍ തന്നെയാണ് പല സമരങ്ങളും നടക്കുന്നത്. വിമാനത്തിലെ സമരത്തേയും അങ്ങനെതന്നെയേ കാണേണ്ടതുള്ളു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ നടത്തുന്ന സമരങ്ങള്‍ ജനാധിപത്യപരമാണോ എന്ന ചോദ്യം പ്രസക്തം തന്നെ. എന്നാല്‍ അത് എല്ലാവരും ചെയ്യുന്നതു തന്നെ. ഇവിടെ നടന്നതാകട്ടെ, ഒരു സമരം പോലുമായിരുന്നില്ല. കേവലം പ്രതിഷേധം എന്നു രണ്ടോ മൂന്നോ തവണ പറയുക മാത്രമാണ് രണ്ടു യൂത്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചെയ്തത്. അതിനെയാണ് ഭീകരവാദവും വധശ്രമവുമെന്നെല്ലാം വ്യാഖ്യാനിച്ച്, ഗൂഢാലോചന നടത്തി എന്നപേരില്‍ ശബരിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്രം ചെയ്യുന്ന പോലെതന്നെ പ്രതിപക്ഷത്തിന്റെ വായ മൂടികെട്ടുക എന്നതാണ് ഈ നടപടിയുടേയും ലക്ഷ്യം എന്നതില്‍ സംശയമില്ല. വധശ്രമമെന്നത് ്‌വിശ്വസനീയം എന്നു നിരീക്ഷിച്ചാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. മാത്രമല്ല ജയരാജനെതിരെ കേസെടുക്കാനും നിര്‍ദ്ദേശിച്ചു. അപ്പോഴാകട്ടെ മുഖ്യമന്ത്രിയെ വധിക്കാന്‍ കെ സുധാകരനും വി ഡി സതീശനും ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി കൊടുത്തിരിക്കുന്നു. പ്രതിപക്ഷം സജീമാകുന്നതിലുള്ള രാഷ്ട്രീയ അസഹഷ്ണുതയല്ലാതെ മറ്റൊന്നുമല്ല ഇതിലൂടെ തെളിയുന്നത്. ഇനിയുമൊരു തുടര്‍ഭരണം എന്ന തങ്ങളുടെ സ്വപ്‌നം തകരമോ എന്നവര്‍ ആശങ്കപ്പെടുന്നു.
ഈ പംക്തിയില്‍ പലപ്പോഴും ചൂണ്ടികാട്ടിയപോലെ സംഘപരിവാറിന്റേയും സിപിഎമ്മിന്റേയും പ്രതിപക്ഷത്തോടുള്ള നിഷേധാത്മക സമീപനം യാദൃഛികമല്ല, അതിനു പുറകില്‍ ഒരു രാഷ്ട്രീയമുണ്ട്. ഇരു കൂട്ടരും ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കുന്നില്ല എന്നതാണത്. സംഘപരിവാര്‍ ഹിന്ദുത്വരാഷ്ട്രവും സിപിഎം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ പേരില്‍ ഏകപാര്‍ട്ടി ഭരണവും ലക്ഷ്യം വെക്കുന്നവരാണ്. അവിടെ പ്രതിപക്ഷത്തിനു സ്ഥാനമില്ലല്ലോ. ആ ലക്ഷ്യത്തിനുള്ള സാധ്യത തെളിയുന്നതുവരെ ജനാധിപത്യസംവിധാനത്തില്‍ ഇരുകൂട്ടരും പങ്കെടുക്കുന്നു എന്നു മാത്രം. അതുകൊണ്ടാണ് ഇരുകൂട്ടരും ഇടക്കിടെ ഭരണഘടനക്കെതിരെ സംസാരിക്കുന്നത്, പ്രത്യകിച്ച് അവരുടെ സംഘടനാ പരിപാടികളില്‍. വാസ്തവത്തില്‍ സംഘടനക്കകത്താണ് പറഞ്ഞത്, പുറത്തല്ല എന്ന ന്യായീകരണങ്ങള്‍ പോലും ശരിയല്ല. ജനാധിപത്യത്തില്‍ ഏതൊരു പാര്‍ട്ടിയേയും ഓഡിറ്റ് ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവെക്കാനുള്ള അവകാശം ഒരു പാര്‍ട്ടിക്കുമില്ല. അകത്തെ ചര്‍ച്ചകളുടെ കാലം കഴിഞ്ഞു, ഇനിയെല്ലാം ചര്‍ച്ച ചെയ്യേണ്ടത് പുറത്താണ് എന്ന് കമ്യൂണിസ്റ്റ് നേതാവായ ആനിരാജ പോലും പറഞ്ഞത് ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടാകും. യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വാട്‌സ് ആപ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ ചോര്‍ന്നതില്‍ നടപടിയെടുക്കാനുള്ള നീക്കവും ജനാധിപത്യവിരുദ്ധമാണെന്നാണ് തിരിച്ചറിയേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in