ഇത് വികസിത രാഷ്ട്ര പ്രഖ്യാപനമല്ല, ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനമാണ്.
ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജഭരണ – പൗരോഹിത്യ കാലത്തിന്റെ പ്രതീകമായ ചെങ്കോലിനു മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് കൈകൂപ്പി തൊഴുത കാഴ്ച ആധുനിക കാലത്തിനുനേരെയുള്ള കൊഞ്ഞനം കുത്തലായി. നെഹ്‌റുവില്‍ നിന്ന് താനേറെ ദൂരം പുറകോട്ടുനടന്നിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് ഇതിലൂടെ മോദി നടത്തിയത്.
പുതിയ പാര്‍ലിമെന്റ് മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഇന്ത്യ വികസിത രാഷ്ട്രമാകുന്നതിന്റെ പ്രഖ്യാപനമാണ് ഇതെന്നായിരുന്നു. എന്നാല്‍ വാസ്തവം മറ്റൊന്നാണ്. ഇന്ത്യ മതേതരരാഷ്ട്രം എന്നതില്‍ നിന്നുമാറി സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രമാകുന്നതിന്റെ പ്രഖ്യാപനമാണ് നടന്നത്, പ്രധാനമന്ത്രി നടത്തിയത്. Dedicating the new Parliament building to the nation, Prime Minister Narendra Modi said that this is a declaration of India becoming a developed nation. But reality is India’s change from a secular state to an upper class Hindutva state.
ശരിയാണ്, ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയാണ് ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചത്. എന്നാല്‍ അതിനായി തെരഞ്ഞെടുത്ത ദിവസം തന്നെ സംഘപരിവാറിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതായിരുന്നു. സവര്‍ക്കറുടെ ജന്മദിനം തന്നെ. അത് അംബേദ്കര്‍ ജന്മദിനമായില്ല. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഹൈന്ദവശൈലിയിലുള്ള പൂജകളും നടത്തി. ആധുനിക ജനാധിപത്യത്തിന്റെ പ്രതീകമായ പാര്‍ലിമെന്റ് മന്ദിരത്തില്‍ കാഷായവേഷധാരികളായ സന്യാസിമാരുടെ പൂജകള്‍ നടന്നു. തുടര്‍ന്ന് സ്പീക്കറുടെ ഇരിപ്പടത്തിനു സമീപം കാലഹരണപ്പെട്ട ഫ്യൂഡല്‍ അധികാരത്തിന്റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിച്ചത് മേളങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും അകമ്പടിയോടെ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജഭരണ – പൗരോഹിത്യ കാലത്തിന്റെ പ്രതീകമായ ചെങ്കോലിനു മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് കൈകൂപ്പി തൊഴുത കാഴ്ച ആധുനിക കാലത്തിനുനേരെയുള്ള കൊഞ്ഞനം കുത്തലായി. നെഹ്‌റുവില്‍ നിന്ന് താനേറെ ദൂരം പുറകോട്ടുനടന്നിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് ഇതിലൂടെ മോദി നടത്തിയത്. എന്നിട്ടു പറയുന്നതോ, ആധുനികതയും പൗരാണികതയും സമന്വയിപ്പിക്കുകയാണത്രെ. ഒപ്പം കണ്ണില്‍ പൊടിയിടാനായി ഒരു സര്‍വ്വമത പ്രാര്‍ത്ഥന എന്ന ആചാരവും നടത്തി. ഒപ്പം ചെങ്കോലിന്റെതെന്നു പറഞ്ഞൊരു ചരിത്രവും തമിഴ് നാടിനേയും തമിഴിനേയും പ്രകീര്‍ത്തിക്കുന്ന വാക്കുകളും.
ചെങ്കോലുമായി ബന്ധപ്പെട്ട് ബിജെപി അവതരിപ്പിക്കുന്ന ചരിത്രമിതാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു അധികാരകൈമാറ്റം എങ്ങനെ വേണമെന്ന് നെഹ്രുവിനോട് ചോദിച്ചത്രെ.രാജ്യത്തിന്റെ അവസാന ഗവര്‍ണര്‍ ജനറല്‍ കൂടിയായ സി രാജഗോപാലാചാരിയാണ് ചോളരാജവംശത്തിന്റെ പാരമ്പര്യത്തില്‍ ചെങ്കോല്‍ കൈമാറി തമിഴ്നാട്ടില്‍ അധികാരകൈമാറ്റം പ്രതീകാത്മകമായി നടത്തും പോലെ നടത്താമെന്ന് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് രാജാജി തഞ്ചാവൂരില്‍ അറിയപ്പെട്ടിരുന്ന തിരുവാതുറൈ എന്ന മഠത്തില്‍ നിന്ന് സഹായം സ്വീകരിക്കുകയും, ആഭരണ നിര്‍മ്മാതാവായ വുമ്മിഡി ബംഗാരു ചിട്ടിയില്‍ ചെങ്കോല്‍ പണിയിച്ചെടുക്കുകയും ചെയ്തു. ഈ മഠാധിപതി ചെങ്കോല്‍ ആദ്യം മൗണ്ട്ബാറ്റനാണ് നല്‍കിയത്. പിന്നീട് ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ചെങ്കോല്‍ ഘോഷയാത്രയുടെ അകമ്പടിയോടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 15 മിനിറ്റ് മുമ്പ് നെഹ്‌റുവിന് കൈമാറി.
ചെങ്കോല്‍ സ്വീകരിച്ച നെഹ്‌റു പക്ഷെ അധികാരകൈമാറ്റത്തിന്റെ പ്രതീകമായി അതിനെ പാര്‍ലിമെന്റിലേക്ക് കൊണ്ടുപോയില്ല. രാജഭരണത്തിലെ അധികാരകൈമാറ്റ പ്രതീകമല്ല ജനാധിപത്യത്തിലാവശ്യം എന്നദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. പകരം ചരിത്ര സ്മാരകങ്ങള്‍ സൂക്ഷിക്കുന്ന മ്യൂസിയത്തിലാണ് അദ്ദേഹമത് സൂക്ഷിച്ചത്. അവിടെനിന്നാണ് മോദി അത് പൊടി തട്ടിയെടുത്ത് സന്യാസിമാരുടെ പൂജയോടേയും അകമ്പടിയോടേയും തമിഴിനെ പ്രകീര്‍ത്തിച്ചും പാര്‍ലിമെന്റിലെത്തിച്ചത്. ചെങ്കോലിന്റെ മഹിമയെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. കൂടുതല്‍ വിശദീകരിക്കേണ്ടതില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തം. നേഹ്‌റുവില്‍ നിന്ന്ു മോദിയിലേക്കുള്ള ദൂരവും.
ജനാധിപത്യത്തിന്റെ അവിഭാജ്യഭാഗമായ പ്രതിപക്ഷത്തിനു പകരം 21 മഠാധിപരാണ് പുതിയ മന്ദിരത്തല്‍ ഉദ്ഘാടനദിവസം സന്നിഹിതരായത് എന്നതില്‍ നിന്നു തന്നെ സംഘപരിവാര്‍ ലക്ഷ്യം വ്യക്തമാണ്. രാഷ്ട്രപതിയെ ചടങ്ങിനു ക്ഷണിക്കാതിരുന്നതാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനു പ്രധാന കാരണമായത്. അതിനുള്ള കാരണം വളരെ പ്രകടമാണ്. രാഷ്ട്രപതി ആദിവാസിയാണ്, സ്ത്രീയാണ്, വിധവയാണ്. അത്തരക്കാര്‍ക്ക് സംഘപരിവാറിന്റെ അനൗപചാരിക ഭരണഘടനയായ മനുസ്മൃതിയുടെ അംഗീകാരമില്ലല്ലോ. അവരൊന്നും ഇവര്‍ വിഭാവനം ചെയ്യുന്ന രാഷ്ട്രത്തില്‍ പൊതുപ്രവര്‍ത്തനം നടത്തേണ്ടവരല്ല. പരമാവധി അവര്‍ക്ക് ചെയ്യാവുന്നത് വസതിയിലിരുന്ന് സന്ദേശമയക്കുക മാത്രം. അതാണവിടെ സംഭവിച്ചതും.
സാധാരണഗതിയില്‍ ഇത്തരമൊരു വിവാദമുണ്ടായാല്‍ തന്നെ ചെയ്യുക എന്താണ്? പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയല്ലേ? ഇവിടെ അത്തരമൊരു നീക്കവും ഉണ്ടായില്ല. പ്രതിപക്ഷം ബഹിഷ്‌കരിക്കണമെന്നുതന്നെയാണ് മോദിയും കൂട്ടരും ആഗ്രഹിച്ചത് എന്നു കാണാം. അതും അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്ര സങ്കല്‍പ്പത്തിനു അനുസൃതമാണ്. കാരണം അവിടെ ഉണ്ടാകുക ചെങ്കോല്‍ പ്രതിനിധാനം ചെയ്യുന്ന രാജഭരണം പോലെ അധികാരം ഒരു വ്യക്തിയിലേക്കു കേന്ദ്രീകരിക്കല്‍ തന്നെയാണ്. പ്രതിപക്ഷമുണ്ടാകില്ല, ചര്‍ച്ചകളുണ്ടാകില്ല, ഉണ്ടാകുക രാജാവിനെ പ്രകീര്‍ത്തിക്കല്‍ മാത്രം.
തങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല എന്നും മതാടിസ്ഥാനത്തിലുള്ള, രാജഭരണത്തിനു സമാനമായ സംവിധാനം തന്നെയാണ് ലക്ഷ്യമിടുന്നതെന്നും പറയാതെ പറയാന്‍ അവര്‍ക്കൊരു മടിയുമില്ല. എല്ലാ വൈവിധ്യങ്ങളും കുഴിച്ചുൂകൂടി ഏകമതത്തിലും ഏക പാര്‍ട്ടിയിലും ഏകനേതാവിലും ഏക സംസ്‌കാരത്തിലും ഏക ഭാഷയിലും ഏക നികുതിയിലും ഏക ദൈവത്തിലും ഏകസിവില്‍ കോഡിലുമെല്ലാം അധിഷ്ഠിതമായ രാഷ്ട്രത്തിന്റെ മേല്‍ക്കൂരയാണവര്‍ പണിയുന്നത്. അടിത്തറയും ഭിത്തിയുമെല്ലാം ഏറെക്കുറെ നേരത്തെ പണിതു കഴിഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം 140 കോടി ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമാണെന്നും വികസിത ഭാരതത്തിന്റെ പ്രതീകമാണെന്നും പാവങ്ങളുടെ ശബ്ദവുമാണും ഭാരതീയ സംസ്‌കാരവും ഭരണഘടനയും സമന്വയിപ്പിക്കുന്നതാണെന്നുമാണ് മോദിയുടെ ഭാഷ്യം. മഹാഭൂരിപക്ഷവും ഇപ്പോഴും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുമ്പോഴും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ ലോകത്തെ നയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പലവട്ടം ഈ പംക്തിയില്‍ ആവര്‍ത്തിച്ചിട്ടുള്ള പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന് ആര്‍ എസ് എസ് പ്രഖ്യാപിച്ച 2025ലേക്കുള്ളത് ഇനി വെറും രണ്ടുവര്‍ഷം മാത്രമാണ്. അതിനിടയില്‍ ലോകസഭാതെരഞ്ഞെടുപ്പും നടക്കുന്നു. തെരഞ്ഞെടുപ്പില്‍ ഭരണഘടന സ്വന്തം ഇഷ്ടത്തിനു മാറ്റിയെഴുതാന്‍ സാധിക്കുന്ന വിധം മൃഗീയ ഭൂരിപക്ഷം ലഭിക്കുമെന്ന് സംഘപരിവാറിന് ഇപ്പോള്‍ വിശ്വാസമില്ല. ഏകീകൃതസിവില്‍ കോഡും മതപരിവര്‍ത്തന നിരോധനവും പൗരത്വനിയമവുമെല്ലാം ഉപയോഗിച്ച് ഇസ്ലാമോഫോബിയ വിതച്ച് അദികാരം കൊയ്യാമെന്ന ധാരണക്ക് കനത്ത തിരിച്ചടിയാണ് അവര്‍ക്ക് കര്‍ണ്ണാടക്തതില്‍ നിന്നു ലഭിച്ചത്. അതോടെ സംഘപരിവാറിന്റെ ബുദ്ധിരാക്ഷസര്‍ പുതിയ ഗവേഷണങ്ങളിലാണ്. ്അവരുടെ ചരിത്ര ഗവേഷണ സ്ഥാപനങ്ങളിലാണ് മുഗല്‍ ഭരണവും സ്വാതന്ത്ര്യസമരവുമെല്ലാം ചരിത്രത്തില്‍ നിന്നു വെട്ടിനിരത്താനും ചെങ്കോലും മനുസ്മൃതി.യുമൊക്കെ പൊടിതട്ടിയെടുക്കാനുമൊക്കെയുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നത്.
ഇന്ത്യന്‍ ഭരണഘടനയും ഗാന്ധിയും നെഹ്‌റുവും അംബേദ്കറും മതേതരത്വവും സാഹോദര്യവുമെല്ലാം സംഘപരിവാറിന് പേടിസ്വപ്‌നമാണ്. കാരണം അവയെല്ലാം മോഡിരാഷ്ട്രത്തിലേക്കുള്ള വഴിയില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയാവുന്നതുതന്നെ. ആ തിരിച്ചറിവിന്റെ ഭാഗമാണ് പാര്‍ലിമെന്റ് മന്ദിര ഉദ്ഘാടനത്തിന്റെ ഭാഗമായി നാം കണ്ടതെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ജനാധിപത്യ മതേതരവാദികള്‍ക്കും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും 2025നെ അതിജീവിക്കൂ എന്നാണ് ആവര്‍ത്തിക്കാനുള്ളത്. അല്ലെങ്കില്‍ ശവപെട്ടിയുടേയും പാര്‍ലിമെന്റ് മന്ദിരത്തിന്‍േയും ചിത്രങ്ങളുടെ സാമ്യം ചൂണ്ടികാട്ടി ആര്‍ ജെ ഡി പാര്‍ട്ടി ട്വിറ്റ് ചെയ്ത പോലെ ജനാധിപത്യത്തിന്റെ ശവപെട്ടിയായി പുതിയ പാര്‍ലിമെന്റ് മന്ദിരം മാറാനാണ് സാധ്യത.
വാല്‍ക്കഷ്ണം
പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ഈ നാടകം അരങ്ങേറുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിനാണ് ഡെല്‍ഹി നഗരം സാക്ഷ്യം വഹിച്ചത്. പോക്‌സോ കേസ് പ്രതിയും ബിജെപി നേതാവും പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ഉപവിഷ്ടനാകാന്‍ പോകുന്ന വ്യക്തിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായി വനിതാ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തുന്ന ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ്. താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ നടത്താനിരുന്ന മഹിളാ സമ്മാന്‍ മഹാപഞ്ചായത്തിന് മുന്നോടിയായി പ്രതിഷേധിച്ചവരെയാണ് പോലീസ് അക്രമിച്ചത്. ഇവയാണ് പാര്‍ലിമെന്റ് മന്ദിര ഉദാഘാടന ദിവസം കണ്ട സമകാലിക ഇന്ത്യയുടെ രണ്ടു മുഖങ്ങള്‍…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in