സോഷ്യലിസം – സ്വപ്നവും യാഥാര്‍ത്ഥ്യവും

സോഷ്യലിസത്തിനു പകരം തിരശ്ചീനമായി ബന്ധിതമായ സ്വാശ്രയ – ഗ്രാഗര റിപ്പബ്ലിക്കുകളുടെ ആഗോളവലയം എന്ന ആശയം മുന്നോട്ടുവെക്കുന്ന എം പി പരമേശ്വരന് മാവോയിസ്റ്റ് ചിന്തകന്‍ കെ മുരളി (അജിത്) യുടെ മറുപടി. പാഠഭേദം പ്രസിദ്ധീകരിച്ച, ക്രിട്ടിക് പുനപ്രസിദ്ധീകരിച്ച പരമേശ്വരന്റെ ലേഖനത്തിന്റെ ലിങ്കും കൂടെ…

സ്വപ്നം കാണാന്‍ ആരുടെയും സമ്മതം ആവശ്യമില്ല. ആ നിലയ്ക്ക് സ്വപ്നം കാണുന്ന എംപി പരമേശ്വരനോട് കലഹിക്കേണ്ടതുമില്ല. അത് പക്ഷെ മാര്‍ക്‌സിനെ ചാരി ചെയ്യുമ്പോള്‍ ചിലതെല്ലാം പറയേണ്ടി വരുന്നു. പരമേശ്വരന്‍ ചൂണ്ടികാട്ടുന്നതുപോലെ അസമത്വം കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ട്. ഉല്‍പാദനശക്തികളില്‍ അതിശയകരമായ വികസനം ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ സാമൂഹികമായ ആവശ്യമായ അധ്വാനസമയമോ, യാത്രാസമയമോ കുറഞ്ഞിട്ടില്ല എന്ന പ്രസ്താവന ഏത് ലോകത്തു നിന്നാണ് നടത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും തൊഴില്‍ദിനങ്ങള്‍ ആഴ്ചയില്‍ 4 ആയി കുറച്ചിരിക്കുന്നതും, മണിക്കൂറില്‍ 300, 400 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന തീവണ്ടികള്‍ ചീറിപ്പായുന്നതും ഈ ലോകത്ത് തന്നെയല്ലേ? ഇനി പറയാന്‍പോകുന്നതെല്ലാം ഒരു സ്വപ്നമാണെന്നതിന്റെ സൂചനയായിരിക്കുമോ ഈ അസംബന്ധ പ്രസ്താവന?

മാര്‍ക്‌സിന്റെ പേരില്‍ സോഷ്യലിസത്തെക്കുറിച്ച് പരമേശ്വരന്‍ ഒരു ധാരണ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിനു മുന്നോടിയായി ഇതുവരെ നടന്നതെല്ലാം, റഷ്യയിലും ചൈനയിലും ഒക്കെ നടന്നതെല്ലാം, രാഷ്ട്രീയ അധികാരം പിടിച്ചെടുത്ത് മുകളില്‍ നിന്ന് താഴേക്കുള്ള സോഷ്യലിസം കെട്ടിപ്പടുക്കല്‍ മാത്രമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നു. രാഷ്ട്രീയ അധികാരം പിടിച്ചെടുത്തതിനുശേഷമാണ് സോഷ്യലിസ്റ്റ് പരിവര്‍ത്തനം നടപ്പാക്കാന്‍ കഴിഞ്ഞത്. പക്ഷേ അടിത്തട്ടില്‍ ബഹുജനങ്ങളെ വലിയതോതില്‍ അണിനിരത്തിക്കൊണ്ട്, അവരുടെ സൃഷ്ടിപരമായ ശേഷി കെട്ടഴിച്ചു വിട്ടുകൊണ്ടാണ് അവിടങ്ങളിലെല്ലാം സോഷ്യലിസ്റ്റ് മുന്നേറ്റം ഉണ്ടായത് എന്നതും അത്രതന്നെ വസ്തുതാപരമാണ്. ഈ സംഭവബഹുലമായ ദിനങ്ങളുടെ ധാരാളം ദൃക്്‌സാക്ഷി വിവരണങ്ങളുണ്ടല്ലൊ. മുകളില്‍ നിന്ന് അടിയിലേക്ക് മാത്രമല്ല, തിരിച്ചും നിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു. വാസ്തവത്തില്‍ അതുകൊണ്ടാണ് സോഷ്യലിസം കെട്ടിപ്പടുക്കാനും കുറെകാലം നിലനിര്‍ത്താനും കഴിഞ്ഞത്.

പരമേശ്വരസിദ്ധാന്ത പ്രകാരം സോഷ്യലിസ്റ്റ് സമൂഹങ്ങളുടെ വിത്തുകള്‍ മുതലാളിത്ത സമൂഹങ്ങള്‍ക്കുള്ളില്‍ വിതച്ചു വളര്‍ത്തണം. അത്തരം സമൂഹങ്ങളുടെ എണ്ണവും ശക്തിയും വേണ്ടത്ര വര്‍ദ്ധിക്കുമ്പോള്‍ പരിവര്‍ത്തനം ഉണ്ടാകും. അതായത് രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുകയൊന്നും വേണ്ട. സോഷ്യലിസ്റ്റ് വിത്തു വിതച്ചു നടന്നാല്‍ മതി. സോഷ്യലിസ്റ്റ് ആശയങ്ങളുടെയല്ല, സമൂഹങ്ങളുടെ തന്നെ വിത്താണ് വിതയ്‌ക്കേണ്ടത്. ആ സമൂഹങ്ങള്‍ക്കാകട്ടെ മുതലാളിത്ത സമൂഹത്തിനകത്ത് തന്നെ വളരാനും വര്‍ദ്ധിക്കാനും കഴിയും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സമൂഹങ്ങളുടെ കാര്യം തല്‍ക്കാലം മാറ്റിവയ്ക്കാം. എന്നിട്ട് സഹകരണ സംഘങ്ങളുടെ ഉദാഹരണം നോക്കാം. ചെറിയതോതിലുള്ള സോഷ്യലിസ്റ്റ് പരീക്ഷണങ്ങളാണല്ലോ അവ. ചുറ്റിനുമുള്ള ചൂഷകസമൂഹത്തില്‍നിന്ന് വേറിട്ടു് ഏതെങ്കിലും സഹകരണ സംഘത്തിന് നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ല, അത് അസാധ്യമാണ്. ഒരു ചൂഷകസമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം അതിന്റെ നിയമങ്ങള്‍ക്കും ഇടപാടുകള്‍ക്കും ബന്ധങ്ങള്‍ക്കും കീഴ്‌പെട്ടുകൊണ്ട് മാത്രമേ അവയ്ക്ക് നിലനില്‍ക്കാന്‍ കഴിയു.

ഒരു കാര്‍ഷിക സഹകരണ സംഘം നമുക്ക് സങ്കല്‍പ്പിച്ചു നോക്കാം. ആ സംഘത്തിലെ അംഗങ്ങളുടെ കൂട്ടായ സ്വത്താണ് ഭൂമിയെന്ന് കരുതുക. അവിടെ നടത്തുന്ന കാര്‍ഷികോല്പാദനം കൊണ്ട് മാത്രം അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. മറ്റു് ഉപഭോഗവസ്തുക്കള്‍ക്കു വേണ്ടി പുറംവിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൈമാറ്റം ചെയ്യേണ്ടിവരും. എന്തടിസ്ഥാനത്തില്‍ ആയിരിക്കും ഈ കൈമാറ്റം നടക്കുക? ഈ സഹകരണസംഘം ഇച്ഛിക്കുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമോ അത്? ഒരിക്കലുമല്ല. ചുറ്റുമുള്ള ചൂഷകസമൂഹത്തിന്റെ തന്നെ ചട്ടങ്ങള്‍ക്കും രീതികള്‍ക്കും കീഴ്‌പ്പെട്ടേ അത് നടക്കു. ഇനി പരമേശ്വരന്‍ സങ്കല്‍പ്പിക്കുന്ന പോലെ വ്യാവസായിക ഉല്പാദനം കൂടി നടത്തുന്നു എന്ന് വിചാരിക്കു. അപ്പോഴും അതിനു വേണ്ടിവരുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍, യന്ത്രങ്ങള്‍ മുതലായ പലതും പുറം സമൂഹത്തില്‍ നിന്ന് വാങ്ങണം. ഇതേ വിഷയം അവിടെയും കടന്നുവരും.

പുതിയ സമൂഹം പഴയ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തിനുള്ളില്‍ മുളച്ച് അതിനുള്ളില്‍ വളരുകയും പഴയ സമൂഹത്തെ പൊട്ടിപ്പിളര്‍ന്ന് പുറത്തുവരികയും വേണം എന്ന് മാര്‍ക്‌സ് പറയുന്നതായി പരമേശ്വരന്‍ അവകാശപ്പെടുന്നുണ്ട്. വിപ്ലവ ബലപ്രയോഗത്തിലൂടെ പഴയതിനെ തകര്‍ത്ത് പുതിയ ഒന്ന് സൃഷ്ടിക്കുന്നതിനെ കുറിച്ച് എഴുതിയ മാര്‍ക്‌സിനെയും എംഗല്‍സിനെയും ആണ് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. പരമേശ്വരന്‍ വിവരിക്കുന്ന മാര്‍ക്‌സിനെ എവിടെ കണ്ടെത്താം എന്നറിഞ്ഞാല്‍ നന്നായിരുന്നു. മുതലാളിത്ത ലോകത്ത് പ്രതിസന്ധി എന്ന് പറയുന്നത് എന്താണ്? മുതലാളിത്തം തന്നെ വികസിപ്പിച്ച ഉല്പാദനശക്തികള്‍ക്ക് മുതലാളിത്ത ഉല്പാദനബന്ധങ്ങള്‍ വിലങ്ങുതീര്‍ത്തിരിക്കുന്നു എന്ന് വിളിച്ചറിയിക്കുകയല്ലേ അവ? ആ ബന്ധങ്ങളെ ഇല്ലാതാക്കി പുതിയവ നിലവില്‍കൊണ്ടുവരണം എന്ന ആഹ്വാനമല്ലേ പ്രതിസന്ധി? അത് താനെ, സ്വാഭാവികമായി, ബലപ്രയോഗമെന്ന വയറ്റാട്ടിയില്ലാതെ നടക്കില്ല. അതിന് വിപ്ലവം വേണം. അധികാരം പിടിച്ചെടുക്കണം. ചൂഷണമില്ലാത്ത കമ്മ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തന ഘട്ടമായ സോഷ്യലിസം പഴയ ചൂഷകസമൂഹത്തിനകത്ത് വളര്‍ന്നുവരില്ല. അതിനെ നശിപ്പിക്കുന്നതിലൂടെ മാത്രമെ ഈ പുതിയ സമൂഹം നിലവില്‍ വരു. അതിലൂടെ മാത്രമെ ഉല്‍പാദനശക്തികളുടെ ശേഷി കെട്ടഴിച്ചുവിടാന്‍ കഴിയൂ.

മറ്റുള്ളവര്‍ക്ക് തുല്യമായ അധ്വാനം കൊണ്ട് ലഭിക്കാത്തതൊന്നും ആഗ്രഹിക്കാത്ത ഒന്നായിരിക്കും തന്റെ സങ്കല്പങ്ങളിലുള്ള ഗ്രാമ റിപ്പബ്ലിക്കുകള്‍ എന്നാണ് പരമേശ്വരന്‍ പറയുന്നത്. തുല്യ അധ്വാനത്തിന് ലഭിക്കുന്ന തുല്യ വിതരണം അസമമാണ് എന്നാണ് മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചത്. തുല്യമായ അധ്വാനസമയം ചെലുത്തുന്ന വ്യത്യസ്ത വ്യക്തികളുടെ സാഹചര്യവും ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും. അത് പരിഗണിക്കണമെങ്കില്‍ തുല്യ അധ്വാനത്തിന് അസമമായ പ്രതിഫലം നല്കണം. അപ്പോള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിതരണം ന്യായമാവുക. വ്യക്തികളാണ് യഥാര്‍ത്ഥ ഏകകം എന്ന് പ്രഖ്യാപിക്കുന്ന പരമേശ്വരന് വ്യക്തികളുടെ പൂര്‍ണ്ണ വികാസം സാധ്യമാക്കാന്‍ വേണ്ടത് എന്ത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. പണ്ട് വായിച്ച മാര്‍ക്‌സിസ്റ്റ് കൃതികള്‍ ഒന്നുകൂടി എടുത്ത് വായിക്കുന്നത് നന്നായിരിക്കും.

കൃഷിയും വ്യവസായവും കൂട്ടിയണക്കുന്ന, പ്രാദേശിക അടിസ്ഥാനത്തിലുള്ള ഭരണം ഉള്‍ക്കൊള്ളുന്ന, സങ്കല്പമാണ് പരമേശ്വരന്‍ ഉന്നയിക്കുന്ന നിലപാടില്‍ കണക്കിലെടുക്കേണ്ട കാര്യം. മാവോയിസ്റ്റ് ചൈനയില്‍ ജനകീയ കമ്മ്യൂണുകളിലൂടെ അതാണ് നടപ്പാക്കാന്‍ ശ്രമിച്ചത്. സാംസ്‌കാരിക വിപ്ലവത്തിന്റെ കാലഘട്ടം ആകുമ്പോഴേക്കും തങ്ങളുടെ കാര്‍ഷികപ്പണികള്‍ക്ക് വേണ്ടിയുള്ള യന്ത്രവല്‍ക്കരണത്തില്‍ മിക്കതും ഈ കമ്മ്യൂണുകളിലുള്ള വ്യവസായങ്ങളിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നു. കൃഷിയും വ്യവസായവും തമ്മിലും, നഗരവും നാട്ടിന്‍പുറവും തമ്മിലും, മാനസികവും കായികവുമായ അദ്ധ്വാനം തമ്മിലുമുള്ള അന്തരങ്ങള്‍ ഇല്ലാതാക്കണം എന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിന്റെ മാര്‍ഗദര്‍ശനത്തിലാണ് അത് സാധ്യമായത്. കേന്ദ്രീകൃത അധികാരം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്ത ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന്‍ കീഴിലാണ് അത് സാധ്യമായത്. ആ കേന്ദ്രീകരണവും കമ്മ്യൂണുകളുടെ വികേന്ദ്രീകൃത നിലനില്പും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം അവഗണിച്ചു കഴിഞ്ഞാല്‍ അയഥാര്‍ത്ഥമായ നിലപാടുകളിലേക്കാണ് നമ്മള്‍ എത്തുക. അതാണ് പരമേശ്വരന് സംഭവിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് മാര്‍ക്‌സിനും എംഗല്‍സിനും വ്യക്തമായ ധാരണകളുണ്ടായിരുന്നു. പലയിടുത്തായിട്ട് അവരത് പറഞ്ഞിട്ടുണ്ട്. എങ്കിലും ആ പാരിസ്ഥിതിക ബോധത്തെ സോഷ്യലിസ്റ്റ് നിര്‍മ്മാണത്തിന്റെ അവിഭാജ്യഭാഗമാക്കുന്നതില്‍ പില്ക്കാലത്ത് വലിയ കുറവ് കാണാം. എന്തായിരിക്കാം ഇതിന് കാരണം? ഒരുപക്ഷേ മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തെ കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് ധാരണയില്‍ തന്നെ അതിന്റെ ചില അടിവേരുകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. സാമൂഹ്യവല്‍ക്കൃതമായ ഉല്പാദനവും വ്യക്തിഗതമായ കൈയ്യടക്കലുമാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം. ഉല്‍പാദനശക്തികളെയൊക്കെ സാമൂഹ്യവല്‍ക്കരിക്കുന്ന സോഷ്യലിസ്റ്റ് പരിവര്‍ത്തനം വഴി സാമൂഹ്യവല്‍ക്കൃതമായ ഉല്‍പാദനവും സാമൂഹ്യവല്‍ക്കൃതമായ ഉപഭോഗവും സാധ്യമാകുന്നു. അതുവഴി ആ വൈരുദ്ധ്യത്തെ പരിഹരിക്കാന്‍ കഴിയും എന്നായിരുന്നു ധാരണ. മുതലാളിത്തത്തിന്‍ കീഴില്‍ നടക്കുന്ന ഉല്‍പ്പാദനത്തിന്റെ സാമൂഹ്യവല്ക്കരണം ചരിത്രപരമായ ഒരു കാല്‍വെപ്പ് ആയിരിക്കെ തന്നെ അത് മുതലാളിത്ത ലാഭത്തെ മുന്‍നിര്‍ത്തി നടന്നിട്ടുള്ള (നടക്കുന്ന) ഒന്നാണു്. അതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെ ചൂഷക താല്പര്യങ്ങളുടെ മുദ്ര ആ സാമൂഹ്യവല്‍ക്കരണത്തില്‍ പതിഞ്ഞിട്ടുമുണ്ട്. അപ്പോള്‍ അതിനെ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്, ചൂഷണരഹിതമായ കമ്മ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തന ഘട്ടമായ സോഷ്യലിസത്തിന്, അതേപടി ഏറ്റെടുക്കാന്‍ കഴിയുമോ? അതല്ല അതിനെ ഉടച്ചുവാര്‍ക്കേണ്ടതുണ്ടോ? പഴയ ഭരണകൂടത്തെ അതേപടി ഏറ്റെടുക്കാന്‍ കഴിയില്ല. അതിനെ തട്ടിതകര്‍ത്തു പുതിയൊന്ന് സൃഷ്ടിക്കണം എന്ന് പാരിസ് കമ്മ്യൂണിന്റെ അനുഭവത്തില്‍ നിന്ന് പഠിച്ചതുപോലെയാണ് ഇതും. സോഷ്യലിസ്റ്റ് സാമൂഹ്യവല്ക്കരണത്തിന്റെ സ്വഭാവവും ഗുണവും വ്യത്യസ്തമായിരിക്കണം എന്ന തിരിച്ചറിവുണ്ടാകണം പുതിയ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക്. രാഷ്ട്രീയ അധികാരം പിടിച്ചെടുത്തെങ്കിലെ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ.

also read

മഹാസാമുദ്രിക വലയങ്ങള്‍

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സോഷ്യലിസം – സ്വപ്നവും യാഥാര്‍ത്ഥ്യവും

  1. Avatar for കെ.മുരളി

    Anup Mathew George

    വർഗ്ഗ വിഭജനവും, അതിന്റെ ഭാഗമായി രൂപപ്പെടുന്ന പ്രതിസന്ധികളും മറ്റെല്ലാ കാലത്തേക്കാളും കൂടുതലായി മനുഷ്യ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു ഇന്ന്. അതിനെ ചോദ്യം ചെയ്യാനും, മറികടക്കാനും മാർക്സിസത്തിന് അപ്പുറത്തേക്കുള്ള മറ്റൊരു പ്രയോഗവും അത്തരത്തിൽ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ആ പ്രയോഗങ്ങളിൽ വന്നിരുന്ന ചില പ്രശ്നങ്ങളെ മാത്രം ഉയർത്തിക്കൊണ്ട് നാം നമ്മുടെ ചർച്ചകളെ പലപ്പോഴും ചുരുക്കികളയുന്നു. ആധുനികലോകത്തെ എല്ലാ തിന്മകളുടെയും മാതാവായ മുതലാളിത്തത്തിനെ താത്വികമായും,പ്രായോഗികമായും എതിരിടാൻ മാർക്സിസം അല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രം ഉണ്ടാകുന്നതുവരെ k Muraliyude വാദങ്ങൾക്ക് പ്രസക്തിയുണ്ട്.

Leave a Reply