സനാതനധര്‍മ്മം ഹിന്ദുമതമല്ല, അടിമത്തത്തിന്റെ ഫിലോസഫിയാണ് – എം ആര്‍ അനില്‍കുമാര്‍

സനാതന ധര്‍മ്മം എന്നു പറഞ്ഞാല്‍ ഹിന്ദുമതം ആണെന്നാണ് ഒരു പാട് പാവത്താന്മാര്‍ വിചാരിച്ചിരിക്കുന്നത്. അത് തെറ്റാണ്. ഒരു കാലത്ത് വൈദിക മതം എന്നും ബ്രാഹ്മണ മതം എന്നും കരുതപ്പെട്ടിരുന്ന ഒന്നിന്റെ ശരിയായ പേരാണ് സനാതന ധര്‍മ്മം. ബുദ്ധ ധര്‍മ്മം മാറ്റത്തിന്റെ ധര്‍മ്മമാണ് അവതരിപ്പിച്ചതെങ്കില്‍ സനാതന ധര്‍മ്മം മാറ്റമില്ലായ്മയുടെ തത്ത്വശാസ്ത്രവും പ്രയോഗവുമാണ് അവതരിപ്പിച്ചത്.

ജാതി-മത ധര്‍മ്മങ്ങള്‍ ( വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ ) ശാശ്വതമൂല്യങ്ങളാണെന്ന് കരുതുന്ന ഈ ബ്രാഹ്മണിക്കല്‍ ചിന്ത ഇന്ത്യന്‍ ജനതയെ അടിസ്ഥാനപരമായി സവര്‍ണര്‍ ( സനാതന ധര്‍മ്മവാദികള്‍) എന്നും അവര്‍ണര്‍ ( സനാതന ധര്‍മ്മത്തെ അംഗീകരിക്കാത്തവര്‍) എന്നും രണ്ടായി വിഭജിച്ചു. ബുദ്ധിജീവികളും രാജാക്കന്മാരും കച്ചവടക്കാരും കൃഷിക്കാരും ഇവരെയെല്ലാം ആശ്രയിച്ചു ജീവിക്കുന്നവരും നാല് വര്‍ണങ്ങളായി സ്വയം സംഘടിച്ച് അധികാരവും സമ്പത്തും കൈവശപ്പെടുത്തി. അത് ശാശ്വതമായി, സനാതനമായി സംരക്ഷിക്കുക എന്നതാണ് അവരുടെ സനാതന ധര്‍മ്മ രാഷ്ട്രീയം .അതിനായി അവര്‍ കൊട്ടാരത്തിനു ചുറ്റും കോട്ടയും ക്ഷേത്രങ്ങള്‍ക്കു ചുറ്റും വന്മതിലുകളും കെട്ടി. രണ്ടിടത്തും ഭണ്ഡാരം വെച്ച് സ്വര്‍ണവും വെള്ളിയും നിറച്ചു. ഭൂമി മുഴുവന്‍ ദാനമെന്നും മറ്റും പറഞ്ഞ് പിടിച്ചു പറിച്ച് സ്വന്തമാക്കി.ഇതാണ് സനാതന – സവര്‍ണ ധര്‍മ്മം ബ്രിട്ടീഷുകാര്‍ വരുന്നതു വരെ ചെയ്തു കൊണ്ടിരുന്നത്.

എങ്കില്‍ അവര്‍ണര്‍ ആരായിരുന്നു? അവര്‍ ഇന്ത്യയിലെ അനാര്യ ജനതയാണ്. സനാതന ധര്‍മ്മത്തിനു പുറത്തുള്ളവര്‍. പക്ഷേ, ഈ മണ്ണില്‍ വിളയുന്നതൊക്കെ ശേഖരിച്ചും കുത്തിപ്പറിച്ചും വെച്ചുണ്ടാക്കിയും കഴിച്ചിരുന്ന സാധാരണ മനുഷ്യര്‍. അവര്‍ക്കും രാജാക്കന്മാരും പുരോഹിതന്മാരും കവികളും നൃത്തക്കാരും ഉണ്ടായിരുന്നു. അവര്‍ക്കും വൈദ്യവും മന്ത്രവും ജ്ഞാനവും ചിന്തയും ഉണ്ടായിരുന്നു. തിരുവള്ളുവര്‍ തൊട്ടുള്ള സംഘം കവികളും ശൈവ- സിദ്ധ പാരമ്പര്യവും അയ്യനാര്‍ ആരാധനയും പ്രാദേശിക ദൈവികാരാധനയും അവര്‍ക്കുണ്ടായിരുന്നു. പാക്കനാരെ പോലുള്ള വലിയ ദൈവജ്ഞരുണ്ടായിരുന്നു. സംഘ കാല രാജാക്കന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ പറയനും പുലയനും ഉഴവനും ഈഴവനും കുറവനും ഉമണനും വേടനും വേട്ടുവനും വാണിയനും വെള്ളാളനും ആയരും ചെറുമനുമുണ്ടായിരുന്നു. അവരാണ് അവര്‍ണര്‍. അവരാണ് ദക്ഷിണേന്ത്യയിലെ – ഇന്ത്യയിലെ തന്നെ – ആദിമ ജനത. അവരാണ് എഴുത്തും വായനയും അതിന്റെ ആദ്യ വ്യാകരണവും ( തൊല്‍ക്കാപ്പിയം) ഉണ്ടാക്കിയത്. ഇവര്‍ക്ക് സനാതന ധര്‍മ്മവും വര്‍ണാശ്രമധര്‍മ്മത്തെ സംബന്ധിച്ച അറിവും വിവേചനവും ഇല്ലായിരുന്നു. ജാതി ഇവര്‍ക്ക് തൊഴില്‍ക്കൂട്ടങ്ങള്‍ മാത്രമായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബ്രിട്ടീഷുകാര്‍ വന്ന് ഇവിടെ സെന്‍സസും സ്ഥിതി വിവരക്കണക്കും ഭാഷകളുടെയും വംശങ്ങളുടെയും മതങ്ങളുടെയും കണക്കെടുപ്പും നടത്തിയപ്പോഴാണ് ഈ സവര്‍ണ സനാതനികളും അവര്‍ണരും ഒന്നും മതമില്ലാതെ ജീവിക്കുന്ന പാഗന്മാര്‍ ( പ്രാകൃതാചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍) ആണെന്ന് മനസ്സിലാക്കി. ഇവര്‍ പല അവാന്തര വിഭാഗങ്ങളും ഉണ്ടെന്ന് മനസ്സിലാക്കി. സനാതന ധര്‍മ്മക്കാര്‍, ശൈവര്‍, ശാക് തേയര്‍, ബൗദ്ധര്‍, ജൈനര്‍ etc… ഇവരില്‍ കൃത്യമായ മത സ്വഭാവമില്ലാത്ത നാതനമതക്കാരെ എല്ലാം ചേര്‍ത്ത് അവര്‍ Gentoos എന്നും പിന്നീട് Hindoos എന്നും സെന്‍സസ് രേഖകളിലും മറ്റും എഴുതാന്‍ തുടങ്ങി. അപ്പഴും അവര്‍ണ ഇന്ത്യക്കാരെ എന്തു ചെയ്യണമെന്ന് അവര്‍ക്കറിയില്ലായിരുന്നു. അവര്‍ക്ക് സനാതന ധര്‍മ്മക്കാരുടെ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഇല്ലായിരുന്നു. അവര്‍ പ്രാദേശികമായി മാടന്‍, മറുത, ചാമുണ്ഡി, കറപ്പന്‍ മുതലായ എണ്ണമറ്റ ദൈവങ്ങളെ ആരാധിച്ചു. അവര്‍ക്ക് സ്വന്തമായി കാവുകളും കാവ് പൂജകളും പൂജാരികളും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരാണ് അവരെയും Hindoos എന്ന വിഭാഗത്തില്‍ ചേര്‍ത്തത്. അത് വലിയ എതിര്‍പ്പിനു വഴി തെളിച്ചു.

തിരുവിതാംകൂറില്‍ ഈ അവര്‍ണര്‍ ഹിന്ദുക്കളല്ല എന്നും പുറം ജാതികള്‍ – അവര്‍ണര്‍, അയിത്തക്കാര്‍, അസ്പൃശ്യര്‍ – ആണെന്നും മഹാരാജാവ് പ്രഖ്യാപിച്ചു. സനാതന ധര്‍മ്മം പാലിക്കുന്ന ഒരു ഭരണവ്യവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത്. പശുക്കളെയും ബ്രാഹ്മണരെയും പരിപാലിക്കാന്‍ പ്രതിജ്ഞയെടുത്ത് കൗടലിയ വിധി പ്രകാരം ഭരിച്ചിരുന്ന തിരു- കൊച്ചി രാജാക്കന്മാര്‍ ഈ അവര്‍ണര്‍ക്ക് ‘ ഹിന്ദു’ പദവി കൊടുത്തില്ല. ഈ അവര്‍ണ ജനതയെ പിന്നീട് ഹിന്ദുക്കളാക്കാന്‍ നടത്തിയ ശ്രമമാണ് കേരളീയ നവോത്ഥാനം എന്ന് നാം പറയുന്നത്. അതിന് ഇടനിലയായി നിന്നത് ചാന്നാര്‍, ഈഴവര്‍, നായന്മാര്‍ എന്നിവരാണ്. അവര്‍ സ്വയം ഹിന്ദുക്കളായി പരിണമിക്കുന്നതിന്, അതുവഴി ബ്രിട്ടീഷ് ആനുകൂല്യങ്ങള്‍ പറ്റുന്നതിന് നടത്തിയ സമരങ്ങളാണ് നാം പത്തൊന്‍പതാം നൂറ്റാണ്ടില്‍ പലയിടത്തും -തെക്കന്‍ കേരളത്തിലും കണ്ടത്.

വടക്കന്‍ കേരളത്തില്‍ സാമൂതിരി സനാതന ധര്‍മ്മ മതക്കാരന്‍ അല്ലാതിരുന്നതിനാല്‍ അവിടെ അയിത്ത- അവര്‍ണ ജാതിക്കാര്‍ക്ക് ഹിന്ദുക്കളാകാന്‍ പ്രയാസം വന്നില്ല. മലബാര്‍ ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ചതിനാല്‍ സനാതന ഹിന്ദുക്കള്‍ക്ക് അവര്‍ണ ഹിന്ദുക്കള്‍ക്കു മേല്‍ അധികാരം പ്രയോഗിക്കാനും പ്രയാസമായിരുന്നു. സരസ്വതീ വിജയം പോലുള്ള കൃതികള്‍ അത് എങ്ങനെ എന്ന് വിശദീകരിക്കുന്നുണ്ട്.

ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ – ഇന്ത്യയിലെ – അവര്‍ണ ജനസമുദായങ്ങള്‍ക്ക് ഒന്നുകില്‍ ബുദ്ധമതത്തില്‍ ചേരുക, അല്ലെങ്കില്‍ സിഖ് മതത്തില്‍ ചേരുക അല്ലെങ്കില്‍ ഇസ് ലാമിലോ ക്രിസ്റ്റ്യാനിറ്റിയിലോ ചേരുക എന്ന മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. സനാതന ഹിന്ദുക്കള്‍ അവരെ ഹിന്ദുക്കളായി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഈ സംഘര്‍ഷം അവര്‍ണര്‍ ഒന്നടങ്കം ഇതര മതങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്ന സാഹചര്യമുണ്ടാക്കി. കേരളത്തില്‍ ഈഴവവര്‍ക്കിടയില്‍ നടന്ന മത പരിവര്‍ത്തന രസവാദം ഒര്‍ക്കുക. നായന്മാരും മതം മാറി. ചെറുശ്ശേരി ചാത്തു നായര്‍ മതം മാറി ജോസഫ് ഫെന്‍ ആയി മാറി. ‘അജ്ഞാനകുഠാരം ‘ എന്ന ആദ്യത്തെ ജാതി വിരുദ്ധ കൃതി എഴുതി. മലബാറില്‍ ദളിതര്‍ 90% ഉം മുസ്ലിങ്ങളായി. ( അത് നൂറ് വര്‍ഷം നീണ്ടു നില്‍ക്കുന സനാതന ഹിന്ദു -മുസ്ലിം സംഘര്‍ഷത്തിന് തെക്കേ മലബാറില്‍ വഴി തെളിച്ചു.)

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആധുനിക ഹിന്ദു മതവും ആവിര്‍ഭവിക്കുന്നത്. ബംഗാള്‍ നവോത്ഥാന നായകരായ രാം മോഹന്‍ തൊട്ട് വിവേകാനന്ദന്‍ വരെ സനാതന ഹിന്ദു ധര്‍മ്മത്തിന് ആധുനിക ഹിന്ദു എന്ന മാറ്റം വരുത്തി.*പഴയ ആചാരങ്ങള്‍ അന്ധവിശ്വാസങ്ങള്‍ പാരമ്പര്യങ്ങള്‍’ എന്നിവ മാറ്റി പുതിയ ഒരു ഹിന്ദു മതം രൂപപ്പെടുത്തുവാന്‍ ശ്രമിച്ചു

* ദളിത്- അവര്‍ണ വിഭാഗങ്ങളെ സംസ്‌കൃതം പഠിപ്പിച്ച് ആധുനിക ഹിന്ദു മതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു.
* അതിന്റെ ഭാഗമായി സഹിഷ്ണുത, വിശ്വസാഹോദര്യം, മഹാമാനവികത, പ്രാണി സ്‌നേഹം, അനുകമ്പ , സമത്വം മുതലായ സനാതന ഹിന്ദുക്കള്‍ക്ക് 100 % അന്യമായ ആശയങ്ങള്‍ അവരുടെ തന്നെ ടെസ്റ്റുകള്‍ അപ്രോപ്രിയേറ്റ് ചെയ്ത് കണ്ടെടുത്തു.
* ഈ പുതിയ ഹിന്ദു മതത്തിലേക്കാണ് മതരഹിതരായിരുന്ന അവര്‍ണരെ ആട്ടിത്തെളിച്ച് കയറ്റാന്‍ ശ്രമിച്ചത്.
* സനാതന ധര്‍മ്മ ഹിന്ദുക്കള്‍ അരുവിപ്പുറത്തായാലും ശിവഗിരിയിലായാലും വൈക്കത്തായാലും ഗുരുവായൂരായാലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലായാലും എതിര്‍ത്തു നിന്നു. പക്ഷേ ക്രമേണ കീഴടങ്ങേണ്ടി വന്നു.

അങ്ങനെ മതരഹിത അവര്‍ണ- കീഴാള വിഭാഗങ്ങള്‍ക്ക്, തോട്ടികള്‍ക്ക്, കൈത്തൊഴില്‍ക്കാര്‍ക്ക്, ചെത്തുകാര്‍ക്ക്, കര്‍ഷക തൊഴിലാളികള്‍ക്ക് ഹിന്ദുക്കളാകാന്‍ പറ്റി. എങ്കിലും അവരിപ്പോളും അവര്‍ണ പന്തിയില്‍ മാത്രമാണിരിക്കുന്നത്. സംവരണ പന്തിയില്‍, പുറം പോക്കില്‍. പറയനോ പുലയനോ ഈഴവനോ, ചാന്നാനോ, വാണിയര്‍ക്കോ എന്തിന് നായര്‍ക്കു പോലുമോ സനാതന ധര്‍മ്മം എന്ന് കേള്‍ക്കുമ്പോള്‍ രോമം എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല.

നമ്മളൊക്കെ ഹിന്ദുക്കളായിട്ട് വളരെ കുറച്ച് പതിറ്റാണ്ടുകളേ ആയിട്ടുള്ളു. മനസ്സില്ലാ മനസ്സോടെയാണ് അവിടെ കയറ്റിയതും. ഈ പുതിയ ആധുനിക ഹിന്ദുമതം സനാതന ധര്‍മ്മത്തെ നിരാകരിക്കുന്ന കാലം വരെയേ നമ്മള്‍ ഹിന്ദുക്കളായി തുടരുകയുമുളളു. അതിനാല്‍ പ്രാചീന സനാതന ധര്‍മ്മത്തെ പൊക്കി നടക്കുന്ന വിഡ്ഢികളാവാതെ ‘ആധുനിക ഹിന്ദു’ മതത്തിന്റെ ലിബറല്‍ ജനാധിപത്യ മൂല്യങ്ങള്‍ വിപുലപ്പെടുത്തുന്ന പുരോഗമന ഹിന്ദുവാകാനെങ്കിലും ശ്രമിക്കേണ്ടതുണ്ട്. അതിന് സനാതന ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയുക തന്നെ വേണം. അത് Philosophy of slavery ആണ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply