ലോഹ്യയെ ഓര്‍ക്കുമ്പോള്‍
പില്‍കാലത്ത് അംബേദ്കറും ലോഹ്യയും തമ്മിലുള്ള രാഷ്ട്രീയ വിനിമയം ശക്തിപ്പെടുന്നുണ്ട്. ഗാന്ധിജി കഴിഞ്ഞാല്‍ ഇന്ത്യയുടെ മഹാനായ നേതാവെന്ന നിലയില്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിനും അംബേദ്കറെ നേതാവാക്കി കൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നവീകരിക്കുന്നതിനും ഉള്ള കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കെ അംബേദ്കര്‍ അന്തരിച്ചത് ആ പരിശ്രമങ്ങളെ നിഷ്ഫലമാക്കുകയാണ് ചെയ്തത്. മുഖ്യധാര രാഷ്ട്രീയം അംബേദ്കര്‍ക്ക് ചുറ്റും തീര്‍ത്ത അസ്പൃശ്യരായ അധ:സ്ഥിത ജനതയുടെ നേതാവെന്ന വൃത്തത്തിനു പുറത്ത് ഇന്ത്യയിലെ ആദിവാസികള്‍, പിന്നാക്ക ജാതികള്‍, മറ്റ് ദരിദ്ര വിഭാഗങ്ങള്‍ അടക്കമുള്ള മുഴുവന്‍ മര്‍ദ്ദിത ജനതയുടെയും മൊത്തം ഇന്ത്യയുടെ തന്നെയും നേതാവായി അംബേദ്കറെ ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ പ്രാധാന്യം ലോഹ്യ തന്റെ സഖാവായ മധു ലിമായെ ക്ക് എഴുതിയ കത്തില്‍ എടുത്തു പറയുന്നുണ്ട്.
ഒക്ടോ.12 ലോഹ്യയുടെ ചരമവാര്‍ഷിക (1967)ദിനമാണ്. ഇന്ത്യയില്‍ സാമൂഹ്യ വിശകലനത്തിന് ജാതിയെ അടിസ്ഥാനപ്പെടുത്തിയ പ്രമുഖ രാഷ്ട്രീയ ചിന്തകനാണ് ഡോ.റാം മനോഹര്‍ ലോഹ്യ. ഡോ. അംബേദ്കര്‍ ജാതിയുടെ ഉത്ഭവത്തിലും പ്രവര്‍ത്തന രീതിയിലും ഊന്നുമ്പോള്‍ ലോഹ്യ ജാതിയെ രാഷ്ട്രീയപരമായും അത് ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയ തിരിച്ചടികളുടെ അടിസ്ഥാനത്തിലും വിശദീകരിക്കാനാണ് ശ്രമിച്ചത്. സവര്‍ണ ജാതി കേന്ദ്രീകൃതമായ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഘടനയെ അഴിച്ചുപണിയുക എന്ന ഉദ്ദേശ്യത്തിലൂന്നിയാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ പോരാടിയത്. ‘ചലന രഹിതമായ വര്‍ഗമാണ് ജാതി, വര്‍ഗം ചലനാത്മകമായ ജാതിയും ‘ എന്ന പ്രശസ്തമായ പ്രസ്താവന ലോഹ്യ നടത്തിയത് ഇന്ത്യന്‍ സമൂഹത്തെ ക്കുറിച്ച് മാത്രമല്ല എല്ലാ സമൂഹങ്ങളെയും മുന്‍നിര്‍ത്തിയാണ്.
മതമോ അസ്പൃശ്യതയോ ജാതിയുടെ സുപ്രധാന ഘടകമല്ലെന്നു നിരീക്ഷിക്കുക വഴി ലോഹ്യ ജാതിയെ മത ചട്ടകൂടിനു പുറത്തുള്ള പാരമ്പര്യ സാമൂഹ്യ രൂപമായി കാണുകയാണ്. ഇന്ത്യയിലെ പോലെ മറ്റൊരിടത്തും ജാതി ഇത്രമാത്രം ഖനീഭവിച്ചിട്ടില്ലെങ്കിലും എല്ലാ സമൂഹങ്ങളും ജാതി ഉരുത്തിരിഞ്ഞു വരുന്ന ചരിത്രപരമായ സാഹചര്യങ്ങളെ നേരിടുന്നുണ്ട്. ലോഹ്യ വര്‍ഗം എന്ന പദം ഉപയോഗിക്കുന്നത് തീര്‍ത്തും സാമാന്യമായ അര്‍ത്ഥത്തിലല്ല. അസമത്വ ദൂരീകരണത്തിനു വേണ്ടിയുള്ള ആന്തരിക ചലനങ്ങള്‍ തുടരുന്നിടത്തോളം വര്‍ഗഘടനയും വര്‍ഗസമരങ്ങളും നിലനില്‍ക്കും എന്ന പ്രസ്താവനയിലൂടെ വര്‍ഗം എന്ന സംവംര്‍ഗത്തെ കുറെ കൂടി നിജപ്പെടുത്തുകയാണ്. അസമത്വങ്ങള്‍ സാമൂഹികവും സാമ്പത്തികവും ലിംഗ പരവും ഭൂപ്രദേശ പരവുമായ ഒട്ടേറെ രൂപങ്ങളില്‍ പ്രദര്‍ശിതമാകുന്നുണ്ടെന്ന നിലയില്‍ കേവലമായ സാമ്പത്തിക സംവര്‍ഗം എന്ന നിലയിലല്ല ലോഹ്യ വര്‍ഗത്തെ കണ്ടിട്ടുള്ളത്.
വര്‍ഗം ജാതിയായി ഖനീഭവിക്കുന്നതിനും ജാതി വര്‍ഗമായി അയയുന്നതിനും ഇടയില്‍ നടക്കുന്ന ചലനങ്ങളെ മനുഷ്യസമൂഹത്തിന്റെ പുരോഗതിയുടെയും പിന്നോട്ടടിയുടെയും അടിത്തറയായി വിശകലനം ചെയ്യുകയായിരുന്നു ലോഹ്യ. സമുദായങ്ങളുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന മാര്‍ക്‌സിയന്‍ ചരിത്ര വികാസ സങ്കല്പത്തില്‍ നിന്ന് വ്യത്യസ്തമായ മൗലീകമായ സങ്കല്പം ലോഹ്യ മുന്നോട്ട് വെച്ചിരുന്നു. സമൂഹത്തിലെ വര്‍ഗങ്ങള്‍ മേലോട്ട് ഉയരുവാനുള്ള ചലനാത്മകത പ്രദര്‍ശിപ്പിക്കുകയും എന്നാല്‍ പുരോഗതി പ്രാപിക്കുവാനുള്ള സമരം വര്‍ഗങ്ങള്‍ക്കിടയില്‍ താങ്ങാനാവാത്ത വിധം ഉയരുകയും സമാനമായി ബാഹ്യസമൂഹങ്ങളില്‍ നടക്കുന്ന ചലനങ്ങളുടെ സമ്മര്‍ദ്ദം ഏറുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കൈവരിച്ച അഭിവൃദ്ധി നിലനിര്‍ത്തുന്നതിനുള്ള അഭിവാഞ്ച സമൂഹത്തില്‍ ശക്തമാകുകയും ഒരു തന്ത്രമെന്ന നിലയില്‍ അതാത് കാലത്തിനും സമൂഹത്തിനും ഇണങ്ങുന്നതെന്ന് കരുതപ്പെടുന്ന സുസ്ഥിരവും ബുദ്ധിപൂര്‍വ്വകവുമായ ഒരു വ്യവസ്ഥക്കു വേണ്ടിയുള്ള ത്വര ശക്തമാകുകയും ചെയ്യുമ്പോള്‍ വര്‍ഗ നിര്‍മ്മൂലനത്തിനു വേണ്ടിയുള്ള ചലനത്തിനിടയില്‍ വര്‍ഗം നിശ്ചലമാകാന്‍ തുടങ്ങുകയും ജാതിയായി ഖനീഭവിക്കുന്നതിനുള്ള പ്രവണത കാണിക്കുമെന്ന് ലോഹ്യ നിരീക്ഷിക്കുന്നു. ഈ ഘട്ടത്തില്‍ വിവിധ ദിശകളില്‍ കാര്യക്ഷമത നേടുന്നതിനുള്ള സമൂഹത്തിന്റെ ശ്രമങ്ങള്‍ അസ്തമിക്കുന്നു. വര്‍ഗങ്ങള്‍ ജാതിയായി ഒരുതരം സുഷുപ്താവസ്ഥയിലേക്ക് സ്വയം ഉള്‍വലിയുന്നു. ഇത് ക്രമേണ ഖനീഭവിച്ച് ഉറഞ്ഞു പോകുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു.
അയഞ്ഞ സാമൂഹ്യക്രമത്തില്‍ നിന്ന് ചലനങ്ങള്‍ നിലച്ച സാമൂഹ്യക്രമത്തിലേക്ക് സമൂഹം സ്വയം ക്രമീകരിക്കുന്ന പ്രതിഭാസമായി ജാതി ഉരുത്തിരിയുന്നതിനെ വിശദീകരിക്കാം എന്ന് ലോഹ്യ നിരീക്ഷിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പരിമിതമായ ദിശയില്‍ കാര്യക്ഷമത തേടുന്നതിനുള്ള പരിശ്രമത്തില്‍ സമൂഹം ഏര്‍പ്പെടുന്നു. പരിമിതമായ ദിശയില്‍ മാത്രം കാര്യക്ഷമത തേടുന്ന വ്യവസ്ഥയാണ് ജാതിയെന്ന ലോഹ്യയുടെ നിരീക്ഷണം ശ്രദ്ധേയമായ ഒന്നാണ്. മേല്‍ വിവരിച്ച നിശ്ചലാവസ്ഥ അസഹനീയവും അന്ത:ഛിദ്രത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ തിരിച്ചുള്ള ചലനങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഈ ചലനങ്ങളെ തടയാനുള്ള ശ്രമങ്ങളും സമൂഹത്തില്‍ ഉണ്ടാകും. അവയെ അതിജീവിച്ച് ചലനങ്ങള്‍ തുടരാനുള്ള ശേഷി സമൂഹം ആര്‍ജിക്കുമ്പോള്‍ ജാതിയുടെ സ്ഥാനത്ത് അയഞ്ഞ വര്‍ഗങ്ങള്‍ ഉടലെടുക്കും. പിന്നീട് ഉരുത്തിരിഞ്ഞു വരുന്ന വര്‍ഗങ്ങളും ജാതികളും രൂപത്തിലും സ്വഭാവത്തിലും മുന്‍ ഘട്ടങ്ങളിലുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമാകാമെന്നും ലോഹ്യ നിരീക്ഷിക്കുന്നു. അതായത് ഇത്തരത്തിലുള്ള ഓരോ ആന്ദോളനത്തിനു ശേഷവും ജാതിയുടെയും വര്‍ഗത്തിന്റെയും സവിശേഷതകള്‍ വ്യത്യാസപ്പെടാം. ജാതിക്കും വര്‍ഗത്തിനും ഇടയിലുള്ള ഈ ആന്ദോളനമാണ് ഇത: പര്യന്തമുള്ള സമൂഹത്തിന്റെ ചരിത്രമെന്ന ലോഹ്യയുടെ പരികല്പന മൗലീകമായ ഒന്നാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇവിടെ ഈ ചലനങ്ങള്‍ സ്വാഭാവികമായി നടക്കുന്നതാണെന്ന് വിവക്ഷിക്കപ്പെട്ടിട്ടില്ല. ചില വര്‍ഗങ്ങള്‍ അതിനുള്ള ചാലകശക്തി രൂപപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ ഈ സമീപനം അവതരിപ്പിച്ച ഏക തത്വചിന്തകന്‍ ലോഹ്യ ആയിരിക്കാം. ബുദ്ധന്റെ നേതൃത്വത്തില്‍ നടന്ന ജാതിക്കെതിരെയുള്ള മുന്നേറ്റത്തെ ലോഹ്യ ഉദാഹരിക്കുന്നുണ്ട്. സമൂഹത്തില്‍ ചലനാത്മകത കൈവരികയും ഇന്ത്യ സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും കലയുടെയും വ്യാപാരത്തിന്റെയും മേഖലകളില്‍ ലോകത്തിന്റെ ഉത്തുംഗശൃംഗത്തില്‍ വിരാജിച്ചതും ബുദ്ധന്റെ വിപ്ലവ ഫലമായിട്ടാണ്. ഇക്കാലത്ത് ജാതി ദുര്‍ബ്ബലപ്പെടുകയും പിന്നാക്ക ജാതി വിഭാഗങ്ങള്‍ രാജാധികാരത്തില്‍ എത്തിയതും ചരിത്രത്തിന്റെ ഭാഗമാണല്ലോ. ബുദ്ധന്റെ സ്വാധീനം നിലനിന്നിരുന്ന ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം അയഞ്ഞ സാമൂഹ്യഘടനയില്‍ നിന്നും ദൃഢവും നിശ്ചലവുമായ സാമൂഹ്യാവസ്ഥയിലേക്കുള്ള എതിര്‍ ചലനങ്ങള്‍ രൂപപ്പെടുത്തുകയുണ്ടായി. ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ ആരംഭിച്ച എതിര്‍ ചലന പ്രക്രീയ ജാതി വീണ്ടും ഖനീഭവിക്കുന്നതിലേക്കാണ് നയിച്ചത്. ബ്രാഹ്മണിസം ശക്തമായ സ്വാധീനം സമൂഹത്തില്‍ ചെലുത്തി. ഇന്ത്യ തുടരെയുള്ള വിദേശാ ക്രമണങ്ങള്‍ക്ക് വിധേയമായി. അശോകന്റെ കാലത്തുണ്ടായിരുന്ന വിസ്തൃതമായ ഇന്ത്യയുടെ അതിരുകള്‍ ചുരുങ്ങുകയും ചെയ്തു.
ലോഹ്യ ഇരുപതാം നൂറ്റാണ്ടിലെ ലോക ചരിത്രത്തില്‍ നിന്നുള്ള സംഭവങ്ങളും ഉദാഹരിച്ചിട്ടുണ്ട്. വര്‍ഗങ്ങളെ നിര്‍മ്മൂലനം ചെയ്യാനുള്ള പ്രക്രിയയില്‍ വര്‍ഗങ്ങള്‍ക്കിടയിലെ സംഘര്‍ഷം സോവിയറ്റ് റഷ്യയില്‍ അധ്വാനിക്കുന്നവരുടെ വിവിധ തട്ടുകള്‍ സൃഷ്ടിക്കപ്പെട്ടത് ജാതി ഉരുത്തിരിയുന്നതിന്റെ ലക്ഷണമായി അദ്ദേഹം ചൂണ്ടിക്കാട്ടുണ്ടുന്നുണ്ട്. ഹിറ്റ്‌ലറുടെ ജര്‍മ്മന്‍ പരീക്ഷണത്തിലും, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ തൊഴില്‍ സംഘടനകള്‍ ജാതിക്കു സമാനമായ സ്വഭാവം ആര്‍ജിക്കുന്നതിലും ഇത് ദൃശ്യമായിരുന്നുവെന്ന് ലോഹ്യ ഉദാഹരിക്കുന്നു. മിലോവന്‍ ജിലാസ് കമ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ സവിശേഷാധികാരമുള്ള വര്‍ഗങ്ങള്‍ അനിവാര്യമായും ഉണ്ടാകുമെന്ന് നിരീക്ഷിച്ചിട്ടുണ്ട്. പാര്‍ടിയും പാര്‍ട്ടി നേതൃത്വവും തന്നെയും പുതിയ വര്‍ഗമായി രൂപാന്തരം പ്രാപിക്കുന്നതായാണ് ജിലാസ് കണ്ടത്. അതേ സമയം ,ലോഹ്യ വര്‍ഗ നിര്‍മ്മൂലനത്തിനു വേണ്ടിയുള്ള കമ്യൂണിസ്റ്റ് പരിശ്രമങ്ങളില്‍ ജാതി വ്യവസ്ഥസൃഷ്ടിക്കപ്പെടുന്നതിന്റെ സാധ്യതകളെ ചൂണ്ടി കാട്ടുകയാണ് ചെയ്തത്. തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നതിനും സോഷ്യലിസം സൃഷ്ടിക്കുന്നതിനും ഉള്ള മാര്‍ക്‌സിന്റെ സായുധ മുന്നണി പോരാളി വര്‍ഗത്തെക്കുറിച്ചുള്ള സങ്കല്പം ഇന്ത്യന്‍ ജാതി വ്യവസ്ഥയിലെ ദ്വിജസിദ്ധാന്തവുമായി ഒത്തു പോകുന്നതാണെന്ന നിരീക്ഷണവും ലോഹ്യ നടത്തിയിട്ടുണ്ട്.
മാര്‍ക്‌സിന്റെ തൊഴിലാളി വര്‍ഗം അവബോധത്തിന്റെ അടിസ്ഥാനത്തിലും തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിന്‍ കീഴില്‍ തുടര്‍ച്ചയായി വികസിക്കപ്പെടുന്നതുമായ ഉത്പാദനോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ഉള്ള ശേഷിയുടെ അടിസ്ഥാനത്തിലും സവിശേഷമായ അധികാര രൂപമാണ്. ഇന്ത്യയിലെ ദ്വിജ ജാതികള്‍ നൂറ്റാണ്ടുകളായി വിജ്ഞാനത്തിന്റെയും അധികാരത്തിന്റെയും സമ്പത്തിന്റെയും കുത്തക കൈയ്യടക്കിയ സവിശേഷ വര്‍ഗമാണ് . മാര്‍ക്‌സിയന്‍ വിപ്ലവം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കപ്പെടുകയാണെങ്കില്‍ അതിന്റെ നേതൃത്വ സ്ഥാനത്ത് ഉന്നത ജാതിക്കാരായിരിക്കും എത്തപ്പെടുക എന്ന് അംബേദ്കറും പറയുന്നുണ്ട്. ലോഹ്യ കുറെ കൂടി ആഴത്തില്‍ ആധുനിക വികസന മാതൃകയുടെ സമ്പദ് ശാസ്ത്രവുമായി ജാതിയെ ബന്ധപ്പെടുത്തുന്നുണ്ട്. ആധുനിക നാഗരികതയുടെതായ വികസന മാതൃക, അത് മുതലാളിത്തത്തിലും കമ്യൂണിസത്തിലും സമാനമാണ്, ജാതിയെ പ്രബലപ്പെടുത്തുന്നതാണെന്ന് ലോഹ്യ നീരീക്ഷിക്കുന്നു. ഉത്പാദന ബന്ധങ്ങളുടെയും വിതരണത്തിന്റെയും പ്രശ്‌നം മാറ്റി നിര്‍ത്തിയാല്‍ മുതലാളിത്തത്തിന്റെ ഉത്പാദനശക്തികളുടെ സ്വഭാവം കമ്യൂണിസത്തിലും ഒന്നു തന്നെയാണ്. ഈ ഉത്പാദനശക്തികള്‍ സൃഷ്ടിക്കുന്ന ഉത്പാദന, ഉപഭോഗ വ്യവസ്ഥയും സമാനമാകാതെ തരമില്ല. സങ്കീര്‍ണവും ഉയര്‍ന്നതുമായ സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുവാനുള്ള ശേഷിയും അവസരങ്ങളും ഇന്ത്യയില്‍ ഉയര്‍ന്ന ജാതികളില്‍ ഏറെക്കുറെ നിക്ഷിപ്തമായിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ ജാതി ഘടന പോറലേല്‍ക്കാതെ തുടരുക മാത്രമല്ല ചെയ്യുക അതിന്റെ മുന്നോട്ടുള്ള ഗതിയില്‍ കീഴാള ജാതികളുടെ തിരസ്‌കരണം ജാതിയെ കൂടുതല്‍ ദൃഢമാക്കുകയും ചെയ്യുന്നു. ഓരോരുത്തരും സ്വന്തം ജാതിക്കുള്ളിലെ സുരക്ഷിതത്വം ഏറെ ഇഷ്ടപ്പെടുന്ന സാഹചര്യത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. ആധുനിക വ്യവസായ നാഗരികത നിലനില്‍ക്കാന്‍ അത്യാവശ്യമായ ചെലവ് കുറഞ്ഞ അധ്വാനം, പ്രകൃതി വിഭവങ്ങള്‍ എന്നിവ നിര്‍ലോഭം സാമൂഹ്യ മായ തടസ്സങ്ങളില്ലാതെ ലഭിക്കുന്ന സാഹചര്യവും ഒരു പോലെ സൃഷ്ടിക്കപ്പെടുന്നു.
ജാതി ബന്ധങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന ഉത്പാദനശക്തികളും ഉത്പാദന വ്യവസ്ഥയും, നേരെ തിരിച്ച് ഉത്പാദന വ്യവസ്ഥയിലേക്ക് നുഴഞ്ഞു കയറുന്ന ജാതിയും പരസ്പരം വളര്‍ത്തുകയും നിലനിര്‍ത്തുന്നതുമാണെന്ന് കാണാം. മാര്‍ക്‌സിയന്‍ വിപ്ലവത്തിന്റെ ഉത്പാദന ബന്ധങ്ങളെ തകര്‍ക്കുക എന്ന ഏക മുഖമായ കാര്യപരിപാടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിനാശകരമായിരിക്കുമെന്ന് അഭിപ്രായപ്പെട്ട ലോഹ്യ ഇന്ത്യന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന് മുതലാളിത്തത്തിന്റെ ഉത്പാദന ബന്ധങ്ങള്‍ക്കൊപ്പം അതിന്റെ ഉത്പാദനശക്തികളെയും തകര്‍ക്കുക എന്ന ശ്രമകരമായ ഇരട്ട ദൗത്യം ഉണ്ടെന്ന് വാദിച്ചിരുന്നു. നെഹൃവിയന്‍ വികസന മാതൃക ഇന്ത്യയിലെ ഗ്രാമീണ കര്‍ഷക, കീഴാള ജനതകളുടെ ഉന്‍മൂലനത്തിന് കാരണമാവുമെന്ന് ലോഹ്യ ചൂണ്ടിക്കാട്ടിയിരുന്നു. നെഹ്‌റുവിയന്‍ സാമ്പത്തികാസൂത്രണവും വികസന മാതൃകയും കീഴാള ജാതി വിഭാഗങ്ങളില്‍ നിന്ന് പരിമിതമായ ഉത്ഥാനങ്ങള്‍ക്ക് മാത്രം സാഹചര്യമൊരുക്കി ജാതിയെ പോറലേല്‍ക്കാതെ നിലനിര്‍ത്തുന്നതാണെന്ന് ലോഹ്യ ജാതി വ്യവസ്ഥയ്‌ക്കെതിരെയുള്ള സമരങ്ങളില്‍ ഗൗരവമായി ഉന്നയിച്ചിട്ടുള്ളതാണ്.
പില്‍കാലത്ത് അംബേദ്കറും ലോഹ്യയും തമ്മിലുള്ള രാഷ്ട്രീയ വിനിമയം ശക്തിപ്പെടുന്നുണ്ട്. ഗാന്ധിജി കഴിഞ്ഞാല്‍ ഇന്ത്യയുടെ മഹാനായ നേതാവെന്ന നിലയില്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുന്നതിനും അംബേദ്കറെ നേതാവാക്കി കൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നവീകരിക്കുന്നതിനും ഉള്ള കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കെ അംബേദ്കര്‍ അന്തരിച്ചത് ആ പരിശ്രമങ്ങളെ നിഷ്ഫലമാക്കുകയാണ് ചെയ്തത്. മുഖ്യധാര രാഷ്ട്രീയം അംബേദ്കര്‍ക്ക് ചുറ്റും തീര്‍ത്ത അസ്പൃശ്യരായ അധ:സ്ഥിത ജനതയുടെ നേതാവെന്ന വൃത്തത്തിനു പുറത്ത് ഇന്ത്യയിലെ ആദിവാസികള്‍, പിന്നാക്ക ജാതികള്‍, മറ്റ് ദരിദ്ര വിഭാഗങ്ങള്‍ അടക്കമുള്ള മുഴുവന്‍ മര്‍ദ്ദിത ജനതയുടെയും മൊത്തം ഇന്ത്യയുടെ തന്നെയും നേതാവായി അംബേദ്കറെ ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ പ്രാധാന്യം ലോഹ്യ തന്റെ സഖാവായ മധു ലിമായെ ക്ക് എഴുതിയ കത്തില്‍ എടുത്തു പറയുന്നുണ്ട്.
മാര്‍ക്‌സിന്റെ വര്‍ഗം ഒരു പ്രത്യേക സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വിശകലനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട ഒന്നാണ്, ജാതി ഒരു സാമൂഹിക യാഥാര്‍ത്ഥ്യവും. വര്‍ഗത്തിന്റെ അടിസ്ഥാനം മറ്റൊരു തരം വിശകലന രീതിയനുസരിച്ച് മാറാവുന്നതാണ്. ജാതി ജന്മസിദ്ധമായതിനാല്‍ വിശകലനത്തിലെ ഏതെങ്കിലും തരത്തിലുള്ള മാറ്റം ജാതിയില്‍ സ്വാധീനങ്ങളുണ്ടാക്കുകയില്ല . വര്‍ഗത്തിന്റെയും ജാതിയുടെയും നിര്‍മ്മൂലനങ്ങളുടെ ഉപകരണങ്ങള്‍ അതു കൊണ്ട് തന്നെ വ്യത്യസ്തവുമാണ്.
മുതലാളിത്തത്തിന്റെ ഉത്പാദനശക്തികളെ പുരോഗമനപരമായി കാണുന്ന മാര്‍ക്‌സിസ്റ്റ് നിലപാടിനെ ഖണ്ഡിച്ചു കൊണ്ട് കൊളോണിയല്‍ ജനതയുടെ പക്ഷത്ത് നിന്നു കൊണ്ട് മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തെ അഴിച്ചു പണിയാനായിരുന്നു ലോഹ്യ ശ്രമിച്ചത്. 1943ല്‍ എഴുതിയ സാമ്പത്തിക ശാസ്ത്രം മാര്‍ക്‌സിനു ശേഷം എന്ന കൃതിയിലും മാര്‍ക്‌സ്, ഗാന്ധി, സോഷ്യലിസം എന്ന പേരില്‍ ക്രോഡീകരിക്കപ്പെട്ട രചനയിലും മുതലാളിത്ത ഉത്പാദന ശക്തികളുടെ ചാലക ശക്തി ബാഹ്യമായ കൊളോണിയല്‍ ബന്ധങ്ങളിലധിഷ്ഠിതമാണെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. മുതലാളിത്ത ഉത്പാദന ശക്തികളുടെ വികാസത്തില്‍ ആന്തരികമായ മിച്ചമൂല്യത്തിന് നിര്‍ണായകമായ സ്വാധീനമില്ലെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കൊളോണിയല്‍ മിച്ചത്തിലാണ് മുതലാളിത്തത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ളതെന്നും ലോഹ്യ സ്ഥാപിക്കുന്നുണ്ട്. മുതലാളിത്ത ഉത്പാദന ശക്തികളുടെ വികാസത്തിനനുരോധമായി കൊളോണിയല്‍ രാജ്യങ്ങളിലെ ഉത്പാദന ശക്തികള്‍ മുരടിക്കുന്നത് അതിലെ മൂലധന മുടക്കിലെ ഭീമമായ അന്തരം ചൂണ്ടിക്കാട്ടി ലോഹ്യ വിശദീകരിക്കുന്നുണ്ട്. മാര്‍ക്‌സ് മുതലാളിത്തത്തെ അതിന്റെ സാമ്രാജ്യത്വ പശ്ചാത്തലത്തില്‍ നിന്ന് കൃത്രിമമായി അടര്‍ത്തിയെടുത്ത് അമൂര്‍ത്തമായി പരിശോധിച്ചു വെന്ന വിമര്‍ശനമാണ് ലോഹ്യ നടത്തിയത്. അതു കൊണ്ടാണ് ഉത്പാദനശക്തികളുടെ അതില്‍ തന്നെ ഉള്ളടങ്ങിയ അവയുടെ സാമ്രാജ്യത്വ സ്വഭാവം മാര്‍ക്‌സിന്റെ നിലപാടുകളുടെ ഭാഗമാകാതിരുന്നതും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊളോണിയല്‍ മൂലധനത്തെ കുറിച്ച് മാര്‍ക്‌സിന് ധാരണയുണ്ടായിരുന്നെങ്കിലും അത് പ്രധാന സിദ്ധാന്തത്തിന്റെ അടിസ്ഥാനമാകാതിരുന്നത് എന്തുകൊണ്ടെന്ന വലിയ ചോദ്യം മുതലാളിത്തം ചവച്ചു തുപ്പിയ ആഫ്രോ ,ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ പക്ഷത്തു നിന്നു കൊണ്ട് ലോഹ്യ ഉന്നയിക്കുന്നുണ്ട്. പശ്ചിമ യൂറോപ്പിന്റെ മുഖത്ത് വിടര്‍ന്ന് വിലസിച്ച പുഞ്ചിരി സമ്മാനിച്ചത് കോളണി രാജ്യങ്ങളിലെ കറുത്തവരും ഇരുണ്ട വരുമായ ജനങ്ങളുടെ ചണ്ടിയാക്കപ്പെട്ട ജീവിതമാണ്. പശ്ചിമ യൂറോപ്പിനെ മുന്‍ നിര്‍ത്തിയുള്ള മാര്‍ക്‌സിന്റെ ചരിത്ര വിശകലനം യൂറോപ്പിന്റെ മുഖത്തെ ചിരി അടുത്ത ഘട്ടത്തിലും നില നിര്‍ത്തപ്പെടുന്ന സാഹചര്യത്തെ സൃഷ്ടിക്കുന്ന തരത്തിലായിരുന്നു. മാര്‍ക്‌സിന്റെ മുതലാളിത്ത ചലന നിയമത്തെ അഴിച്ചു പണിതു കൊണ്ട് മുതലാളിത്ത വികാസത്തില്‍ ശക്തവും കേന്ദ്രവുമായ ആന്തരിക വൃത്തവും അധ്വാനവും വിഭവങ്ങളും അനുസ്യൂതമായി പിഴിഞ്ഞൂറ്റിയെടുക്കുന്നതിന് ഒരു ബാഹ്യ വൃത്തവും അനിവാര്യമായിരിക്കുമെന്ന് ലോഹ്യ സിദ്ധാന്തിക്കുന്നു. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ബാഹ്യ വൃത്തത്തിലെ തടസ്സങ്ങളാണ് നിര്‍ണായകമാകുക, അധ്വാനത്തിന്റെയും വിഭവത്തിന്റെയും മാത്രമല്ല ഉപഭോഗത്തിന്റെയും തലത്തില്‍ നിന്നുയരുന്ന തടസ്സങ്ങള്‍ . ഈ ഉത്പാദന ശക്തികളെ തന്നെ പിന്തുടരുകയും അതിനെ വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ സോഷ്യലിസ്റ്റ് സമ്പദ്ഘടനയ്ക്കും നില നില്‍ക്കണമെങ്കില്‍ ബാഹ്യ വൃത്തം അനിവാര്യമാകുന്നു.
ഇപ്രകാരമുള്ള സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയില്‍ ഉത്പാദനശക്തികളുടെ ചലന സ്വഭാവം കാരണം വിഭവങ്ങളുടെ വന്‍ തോതിലുള്ള ചൂഷണവും അമിതോത്പാദനവും അതിനനുസൃതമായ ഉപഭോഗവും അത്യന്താപേക്ഷിതമാണ്. മാര്‍ക്‌സ് ഉത്പാദനത്വരയെ പുരോഗതിയുടെ ഏകമാര്‍ഗമായി കണ്ടുവെന്നുള്ള വിമര്‍ശനവും ചേര്‍ത്തുവെയ്ക്കുമ്പോള്‍ മാര്‍ക്‌സ് ഉത്പാദന ശക്തികളുടെ സ്വഭാവത്തെ തിരിച്ചറിഞ്ഞു കൊണ്ടു തന്നെ അതിനെ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചാലകശക്തിയായി പ്രതിഷ്ഠിക്കുകയായിരുന്നുവെന്ന് വരുന്നു. മാര്‍ക്‌സ് കരുതിയതു പോലെ ഉത്പാദന ശക്തികളെ പൊതു ഉടമസ്ഥതയില്‍ കൊണ്ടു വന്നാല്‍ മാത്രം പരിഹൃതമാകുന്നതല്ല ഉത്പാദനത്തിന്റെ പ്രശ്‌നങ്ങള്‍. സോവിയറ്റ് റഷ്യയില്‍ ഉത്പാദനശക്തികള്‍ സ്റ്റേറ്റ് ഉടമസ്ഥതയില്‍ കൊണ്ടുവന്നെങ്കിലും അതിന്റെ സഹജമായ മേല്‍ പറഞ്ഞ സ്വഭാവങ്ങള്‍ സോവിയറ്റ് സമ്പദ് വ്യവസ്ഥയിലും പ്രകടമായിരുന്നിട്ടുണ്ട് . റഷ്യ ഒരു സ്റ്റേറ്റ് മുതലാളിത്ത രാഷ്ട്രമായി മാറിയത് അതുകൊണ്ടാണ്. ഇതിന്റെ പഴി മുഴുവന്‍ സ്റ്റാലിന്റെ മേല്‍ ചാരി മാര്‍ക്‌സിസത്തിന്റെ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ‘യഥാര്‍ത്ഥത്തില്‍, സ്റ്റാലിനിസം വിരോധാഭാസമായ ഒരര്‍ത്ഥത്തില്‍ മാര്‍ക്‌സിന്റെ രചനകളെ വില കെടുത്തുന്നതിനു പകരം അതിന്റെ സാധുതക്ക് സാക്ഷ്യം പറയുകയാണ്. എങ്ങിനെയാണ് സ്റ്റാലിനിസം വരുന്നതിന്റെ ഒരൊന്നാന്തരം വിവരണം നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ക്ക് മാര്‍ക്‌സിസത്തിലേക്ക് പോകേണ്ടി വരും എന്ന ടെറി ഈഗിള്‍ട്ടന്റെ വാക്കുകള്‍ ഇത് ഊട്ടിയുറപ്പിക്കുന്നുണ്ട്. സ്റ്റാലിന്‍ മാര്‍ക്‌സിനെ കാലാനുസൃത (up date) മായി വികസിപ്പിക്കുകയായിരുന്നുവെന്ന നിരീക്ഷണം ശരിയാണ്.
(മുമ്പ് എഴുതി ലേഖനത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ )
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in