ലോകസമാധാനം കെടുത്തുന്ന പാലസ്തീന്‍ പ്രശ്‌നം

ഇപ്പോള്‍ ഇസ്രയേല്‍ പറയുന്നു ഹമാസിന്റെ നേതാക്കളെയെല്ലാം വധിക്കുമെന്ന്. ഹമാസ് പോയാല്‍ ആ പ്രശ്‌നങ്ങള്‍ തീരുമോ. പുതിയ പുതിയ ഭീകര സംഘടനകള്‍ അവിടെ ഉദയം ചെയ്യും ഇപ്പോഴും അവിടെ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.. വെടിയും ബോംബുമല്ല ഒന്നിനും പരിഹാരം.

ഹമാസ് അവിചാരിതമായി ഇസ്രായേലില്‍ ആക്രമണം നടത്തിയത് ഒരു യുദ്ധം കൂടി ഭൂമുഖത്ത് ഉണ്ടാകാനും ലോകസമാധാനം മരീചിക പോലെ അകലേക്ക് പോകാനും ഇടയാക്കി. എന്നാല്‍ ഹമാസ് പറയുന്നത് നാലുപേരെ ഇസ്രയേല്‍ തലേദിവസം വധിച്ചതിന് പിന്നാലെയാണ് ആക്രമണമെന്നാണ്.

എല്ലാവരും സമ്മതിക്കുന്ന കാര്യമാണ് ഹമാസ് രാഷ്ട്രീയ സംഘടന എന്നതിനപ്പുറം മതം കൂട്ടിക്കലര്‍ത്തിയ പാലസ്തീനികളുടെ പ്രസ്ഥാനമാണെന്ന്. അതുപോലെ സമാധാനം കാംക്ഷിക്കുന്ന ഇസ്രയേലികളെ പ്രതിനിധീകരിക്കുന്ന, പാലസ്തീനുമായി ചര്‍ച്ചകള്‍ക്ക് വാദിക്കുന്ന ഇസ്രായേല്‍ ലേബര്‍ കക്ഷിയുടെയും മറ്റാളുകളുടേതില്‍ നിന്ന് വിഭിന്നമായി, യുദ്ധം നയമായി അംഗീകരിച്ചിട്ടുള്ള യാഥാസ്ഥിതിക കക്ഷിയുടെ തീവ്രവാദിയായ നേതാവാണ് പ്രധാനമന്ത്രി നെതന്യാഹുവെന്നും. അനവധി സംഘങ്ങളുടെ ഫെഡറേഷന്‍ പോലെ പ്രവര്‍ത്തിച്ച പാലസ്തീന്‍ വിമോചന സംഘടന (പി എല്‍ ഓ) ആദ്യകാലത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ മുഖ്യ പ്രവര്‍ത്തന രീതിയായി സ്വീകരിച്ച് മുഖ്യ ധാരയിലേക്ക് വന്ന് ഒരു രാഷ്ട്രത്തിന്റെ പദവിയില്‍ പാലസ്തീന്‍ അധികാരം കയ്യാളുന്നുവെന്നും. നവ ഭീകരപ്രസ്ഥാനമായതും ക്രമേണ വളര്‍ന്നതുമായ ഹമാസ് ഗാസ പ്രദേശങ്ങളില്‍ പിന്നീട് ആധിപത്യം നേടിയെടുത്തു.

ഇസ്രയേലിലെ തൊഴിലാളിക ക്ഷിയായാലും യാഥാസസ്ഥിക കക്ഷിയായാലും പൂര്‍ണമായി പലസ്തീനികളെ ഉള്‍ക്കൊള്ളുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നെതന്യാഹുവും അദ്ദേഹം നേതൃത്വം നല്‍കുന്ന യാഥാസ്ഥിതിക കക്ഷിയും പലസ്തീനികളെ ഏതുവിധേനയും അടിച്ചമര്‍ത്തണമെന്നും മനുഷ്യാവകാശങ്ങള്‍ യാതൊന്നും മാനിക്കേണ്ടെന്നും ഒട്ടും ആശിക്കാത്ത കരുതലില്ലാത്ത കൂട്ടരാണ്. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ബലമായ കുടിയേറ്റങ്ങളും നിരന്തരാക്രമണങ്ങളും നടത്തി വരികയാണ്. അത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കത്തിനുമാണ് ഇടവരുത്തിയത്.

ഫ്രാന്‍സീസ് മാര്‍പാപ്പ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആദ്യം ആഹ്വാനം ചെയ്തത്. ഇരുകൂട്ടര്‍ക്കും ന്യായങ്ങള്‍ നിരത്താനുണ്ടാകും. അവിചാരിതമായി ആക്രമണം നടത്തിയതില്‍ തങ്ങള്‍ പ്രതിരോധിക്കുകയാണ് എന്നാണ് ഇസ്രായേല്‍ വാദിക്കുന്നതെങ്കില്‍ ഹമാസ് വാദിക്കുന്നത് നാളിത് വരെ പുകഞ്ഞുകൂടിയ, അതിജീവിക്കാനുള്ള ഒരു ജനതയുടെ അടുക്കി വെച്ച രോഷത്തിന്റെ ബഹിര്‍സ്ഫുരണമാണെന്നാണ്. എന്തായാലും നിരപരാധികള്‍ കൊല്ലപ്പെടുകയും ബന്ധികളാക്കപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് വാസസ്ഥലങ്ങള്‍ നഷ്ടപ്പെടുകയും കുഞ്ഞുങ്ങള്‍ അനാഥരാവുകയും ഉറ്റവരും സുഹൃത്തുക്കളും നഷ്ടപ്പെടുകയും അനേകര്‍ വഴിയാധാരം ആവുകയും ചെയ്ത യുദ്ധം ഇനിയും നീണ്ടുപോകുന്നത് മനുഷ്യരാശിക്ക് തീര്‍ത്തും അപമാനകരമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിന് എല്ലാ വിധ പിന്തുണ പ്രഖ്യാപിക്കുകയും കൂട്ടത്തില്‍ പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു . സമാധാനമല്ലാതെ ഇന്ത്യ ആദ്യമായി യുദ്ധത്തിനും യുദ്ധവെറിക്കും വേണ്ടി ഒരു അന്താരാഷ്ട്ര പ്രശ്‌നത്തില്‍ വാദിക്കുന്നതിന് ഈ തലമുറ സാക്ഷികളാകേണ്ടി വന്നത് നമ്മുടെ ദുര്യോഗമാണ്. മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും നിലപാടുകളും ആഭ്യന്തര രംഗത്തെന്ന പോലെ വിദേശ രംഗത്തും പൂര്‍ണമായി കൈവിടുന്നതാണ് മോദിയുടെ നയം.

മോദിയും ബിജെപിയും കരുതുന്നതു പോലെ യുദ്ധത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനാവില്ല. അത് പുതിയ പോരാളികളെയും പുതിയ പ്രസ്ഥാനങ്ങളെയും സൃഷ്ടിക്കുന്നതിനപ്പുറം ഒന്നും സംഭവിക്കില്ല. ഒരു നാള്‍ ആദ്യം പണമെറിഞ്ഞും പിന്നീട് ബലമായും അക്രമത്തിലൂടെയും നൂറ്റാണ്ടുകളായി വാസമുറപ്പിച്ച തദ്ദേശവാസികളെ ഒഴിപ്പിച്ച് അത് തങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെട്ട് യഹൂദര്‍ പിടിച്ചെടുത്താല്‍ അതംഗീകരിക്കാന്‍ പെട്ടെന്ന് ആര്‍ക്കും കഴിയില്ല. ലോകത്തിലെ നാനാദിക്കില്‍ നിന്നുള്ള യഹൂദരുടെ കുടിയേറ്റത്തിലൂടെ സ്വന്തം രാജ്യം ഉണ്ടാക്കുവാനുള്ള നീക്കങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ ആരംഭിച്ച ശ്രമം ശക്തമായി വന്നതോടെയാണ് മഹാത്മ ഗാന്ധിയുടെ യഹൂദ രാജ്യത്തിനെതിരെയുള്ള പ്രസ്താവന ഉണ്ടാകുന്നത്. മനുഷ്യാവകാശ നിഷേധത്തിന്റെ മഹാക്രൂരതയുടെ മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ഒരു അനുഭവത്തിലൂടെയാണ് രണ്ടാം ലോക യുദ്ധം വരെ യഹൂദ ജനത കടന്നു പോയത്. അത് അവരോടുള്ള സഹാനുഭൂതിയും യൂറോപ്പ് അവരോട് ചെയ്ത നീചമായ പ്രവൃത്തിയിലുള്ള കുറ്റബോധവും ജൂത തൊഴിലാളികളോടുള്ള സഹ തൊഴിലാളികളുടെ ഐക്യദാര്‍ഢ്യവും ശക്തമാകാന്‍ കാരണമായി. ജൂതരുടെ മുന്‍കൈയിലുള്ള ഇസ്രയേല്‍ പ്രസ്ഥാനത്തിന് യൂറോപ്പിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വലിയ പിന്തുണ ലഭിക്കാനിടയായി. അതുപക്ഷെ ഇതുപോലെ അക്രമകാരിയായ ഒരു രാഷ്ട്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനല്ല.

പീഡിതരുടെ പ്രസ്ഥാനം എന്ന നിലയില്‍ വന്ന ഇസ്രയേല്‍ പ്രസ്ഥാനം വലിയ ജൂത മുതലാളിമാരുടെ ഉള്ളം കൈയില്‍ അമരുന്നതോടെ ഗതിവിഗതികളില്‍ വലിയ മാറ്റം വന്നു. അമേരിക്കന്‍ സാമാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് പശ്ചിമേഷ്യയില്‍ നിലകൊള്ളുവാനുള്ള ഒരുപകരണമാക്കി അമേരിക്ക അതിനെ കാണുവാനാണ് ശ്രമിച്ചത്. അമേരിക്കയിലെ ആഗോള കുത്തക ആയുധ, ബാങ്ക് ബിസിനസ്,എണ്ണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ പശ്ചിമേഷ്യയില്‍ സംരക്ഷിക്കുവാന്‍ ഒരു കരുവായാണ് ഇസ്രയേലിനെ അമേരിക്ക കണ്ടത്. അതിന്റെ ഭാഗമായി ഏറ്റവും അത്യന്താധുനികമായ ആയുധങ്ങള്‍ നല്‍കി ആ രാജ്യത്തെ ആയുധവല്‍ക്കരിക്കുകയും ചെയ്തു.

ഇസ്രായേല്‍ എന്ന രാഷ്ട്രം നിലവില്‍ വന്ന സാഹചര്യത്തില്‍ ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന ഡോ. ലോഹ്യയുടെ നിലപാട് കമ്യൂനിസ്റ്റുകളുടെ നിലപപാടില്‍ നിന്നും വിഭിന്നമായിരുന്നു. കമ്യൂണിസ്റ്റുകള്‍ യാന്ത്രികമായി പലസ്തീനെ പിന്തുണക്കുക മാത്രം ചെയ്യുന്നു. ഇസ്രയേലിനെ കണ്ണും അടച്ച് എതിര്‍ക്കുകയും ചെയ്യുന്നു. ഡോ. ലോഹ്യയുടെ മരണശേഷം ഒരു മുന്‍ സോഷ്യലിസ്റ്റ് നേതാവ് തൊഴിലാളി യൂണിയന്റെ പേരില്‍ ഇസ്രയേല്‍ പക്ഷപാതിയാകുന്നതും ബിജെപിയുടെ വിടുപണിക്കാരനാകുന്നതുമായ ദുരന്തവും സംഭവിച്ചു.

ഇസ്രയേല്‍ എന്ന രാഷ്ട്രം ഇന്ന് നെതന്യാഹുവിന്റ നേതൃത്വത്തില്‍ മഹാഭീകരത കൈവരിച്ചിരിക്കുകയാണ്. ആഗോള വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുന്നേറ്റവുമായി അതിന് ബന്ധവുമുണ്ട്. അതിനനുസരണമായി പലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിക്കുന്നു. അതിന് ആനുപാതികമായി പലസ്തീന്‍കാരില്‍ തീവ്രഭീകര സംഘടനകളും വര്‍ദ്ധമാനമാകുന്നു.

അമേരിക്കന്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന റോക്‌ഫെല്ലര്‍, ബില്‍ ഗേറ്റ്‌സ് തുടങ്ങിയ വമ്പന്‍ യഹൂദ മുതലാളിമാര്‍ തന്നെയാണ് ഇസ്രയേല്‍ രാഷ്ട്രീയം നിയന്ത്രിക്കുവാനും ശ്രമിക്കുന്നത്. അതിന്റെ പരിണിതിയാണ് പലസ്തീന്‍ പ്രശ്‌നത്തില്‍ അന്തര്‍ലീനമായി കുടികൊള്ളുന്നത്. ആഗോള മുതലാളിത്തം ഇന്ന് ലോകത്തെ കീഴടക്കിയ സാഹചര്യത്തില്‍ അറബിനാട്ടിലെ ഭരണവര്‍ഗം അതിന്റെ താളത്തില്‍ തുള്ളും എന്നുള്ളത് മനസ്സിലാക്കാവുന്ന സത്യമാണ്. അതിനാലാണ് ഇന്നലെ വരെ പലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രയേലിന് അനുകൂലമായ എന്തിനെയും എതിര്‍ത്തിരുന്ന ചില അറബി രാജ്യങ്ങള്‍ പോലും ഇന്ന് മറ്റൊരുതരത്തില്‍ അമേരിക്കയുടെ പ്രീതി നഷ്ടപ്പെടാതെ അഭിപ്രായങ്ങള്‍ പറയുന്നത്. ഇന്ത്യയും ഇസ്രയേലുമയുള്ള നല്ല ബന്ധത്തെക്കുറിച്ചും ഇസ്രയേല്‍ ഗള്‍ഫ് രാജ്യങ്ങളുമായി കെട്ടിപ്പടുക്കുന്ന നല്ല ബന്ധത്തെക്കുറിച്ചുമൊക്കെ ചിലര്‍ വാചാലരാകുന്നുണ്ട്. എന്നാല്‍ അത് പാശ്ചാത്യ രാജ്യങ്ങളുടെയും അവരുടെ വായ്പാ, നിക്ഷേപ ഇടപാടുകളുള്ള മറ്റിടങ്ങളിലെയും കോര്‍പ്പറേറ്റ് ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കു അപ്പുറമല്ല. ലോകം പാശ്ചാത്യ ശക്തികളുടെ മടിത്തട്ടിലെ ‘താലോലമേറ്റ് ഇഞ്ചിഞ്ചായി മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനെതിരെയുള്ള ഉയര്‍ത്തെഴുല്പിനാണ് സാംഗത്യം.

പാന്‍ അറബ് ദേശീയത ആഞ്ഞു വീശിയ ആംഗ്ലോ- ഫ്രഞ്ച് കോളനിവാഴ്ചക്കാലം. മഹാത്മാഗാന്ധിയും ഇന്ത്യയുടെ ദേശീയ പ്രസ്ഥാനവും ഉത്തേജനം നല്‍കിയ കോളനിവാഴ്ചക്കെതിയുള്ള അറബ് ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യത്തോടൊപ്പം സമതയുടെ വിശാലമായ ഒരു പ്രസ്ഥാനമായി ബാഅത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കരുത്താര്‍ജ്ജിക്കുകയായിരുന്നു. ഇറാക്കിലും സിറിയയിലുമെല്ലാം പാശ്ചാത്യ കോളനി വാഴ്ചയ്‌ക്കെതിരെ അത് ശക്തി പ്രാപിച്ചത് പാശ്ചാത്യ ശക്തികളുടെ ഹീനമായ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തിന് ഇന്ത്യയെപ്പോലെ ഇരയായി തീര്‍ന്നതിനാലാണ്. കോളനിവാഴ്ചയുടെ ശക്തികള്‍ എണ്ണ സമ്പുഷ്ടമായ പ്രദേശങ്ങളെ ഷെയ്ക്ഡംസും പഴയകാല രാജവാഴ്ചകള്‍ക്കുമായി വിഭജിച്ചുകൊടുത്തു. ഈജിപ്തിലും സിറിയയിലും ഇറാഖിലും മാത്രം അതിശക്തമായി വിമോചന നീക്കങ്ങള്‍ ഉയര്‍ന്ന നാടുകളില്‍ ബാഅത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം അധികാരത്തിലേറി. ഈജിപ്തിലെ ഗമാല്‍ അബ്ദുല്‍ നാസര്‍ ഈജിപ്ഷ്യന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കുകയും അടുത്ത വര്‍ഷം ഭൂപരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കുകയും ചെയ്തു. 1954-ല്‍ ഒരു മുസ്ലീം ബ്രദര്‍ഹുഡ് അംഗം അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് , അദ്ദേഹം സംഘടനയെ അടിച്ചമര്‍ത്തുകയും പ്രസിഡന്റ് മുഹമ്മദ് നഗീബിനെ വീട്ടുതടങ്കലിലാക്കുകയും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കുകയും ചെയ്തു. 1956 ല്‍ അദ്ദേഹം പ്രസിഡന്റായി ചുമതല ഏറ്റെടുത്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അദ്ദേഹത്തിന്റെയും ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെയും യുഗാസ്ലാവ്യന്‍ കമ്യൂനിസ്റ്റ് നേതാവ് മാര്‍ഷല്‍ ടീറ്റോയുടെയും നേതൃത്വത്തലാണ് പാശ്ചാത്യ ചേരിയിലും സോവ്യറ്റ് ചേരിയിലുമല്ലാത്ത രാജ്യങ്ങളെ സംഘടിപ്പിച്ച് ചേരിചേരാ പ്രസ്ഥാനം ഉണ്ടാക്കിയത്. തുടര്‍ന്ന് ഈജിപ്തില്‍ അധികാരത്തില്‍ വന്ന അന്‍വര്‍ സാദത്ത് 1972 ല്‍ ഇസ്രയേലുമായി മറ്റൊരു യുദ്ധത്തില്‍ ഏര്‍പ്പെട്ടു. ഒരു അറബ് രാജ്യം ഇസ്രയേലിന്റെ ഭാഗം പിടിച്ചെടുത്തത് അന്‍വര്‍ സാദത്തിന്റെ മാത്രം നേട്ടമാണ്. എന്നാല്‍ മഹാത്മാഗാന്ധിയോപ്പോലെ ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറയിട്ടു കൊണ്ട് വിശാലമായ ബഹുജന പ്രസ്ഥാനമായി ദേശീയ പ്രസ്ഥാനത്തെ മാറ്റുകയും കാലണ അംഗത്വം ഉള്ളവര്‍ക്കെല്ലാം കോണ്‍ഗ്രസ് ഭരണഘടനയുടെ നിയതമായ കാലയളവില്‍ സാര്‍വ്വത്രിക വോട്ടവകാശം നല്‍കുകയും ചെയ്യാന്‍ വലിയ നേതൃത്വവും ദീര്‍ഘകാല ജനാധിപത്യ പോരാട്ടങ്ങളുടെ പരിശീലനവും അറബ് നാട്ടില്‍ ഇല്ലാതെ പോയി. സോവ്യറ്റ് യൂണിയന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ആവശ്യമായ സഹായം നല്‍കിയില്ലെന്ന കാരണത്താല്‍ അമേരിക്കന്‍ ചേരിയിലേക്ക് അന്‍വര്‍ സാദത്ത് മാറുകയും ചെയ്തു.

പിന്നീട് അമേരിക്കയുടെ ജൈത്രയാത്ര ആരംഭിച്ചു. പട്ടാള വിപ്ലവവും യുദ്ധോപകരണങ്ങളുടെ കച്ചവടവുമാണ് അരങ്ങേറിയത്. സിറിയയിലും ചരിത്രം ചലിച്ചത് വളരെ സാദൃശ്യത്തോടെ. ഇറാഖ് തകര്‍ക്കപ്പെട്ടു. ഭരണം പാവ സര്‍ക്കാരിന് നല്‍കി. ആരുണ്ട് ഇസ്രയേലിന്റെ അതിക്രമളെ ചോദ്യം ചെയ്യാന്‍. ആഫ്രിക്കയിലെ മറ്റൊരു അറബ് രാഷ്ട്രമായിരുന്നു ലിബിയ. സാമ്രാജ്യത്തം ചുണ്ണാമ്പ് തൊട്ട് അയാളമിട്ട ലിബിയയും തകര്‍ത്തു. അമേരിക്കയെ വെല്ലുവിളിക്കാനിടയുള്ള ഭരണാധികാരികളെയെല്ലാം അധാര്‍മ്മികമായി നിഷ്‌കാസനം ചെയ്തു. കുറെ വേഷം കെട്ടിയ രാജാക്കന്മാരും സുല്‍ത്താന്മാരുമുള്ള ഫ്യൂഡല്‍ രാജ്യങ്ങളുണ്ട് അറബിനാട്ടില്‍. പിന്നെ ഇസ്ലാം മതത്തിന്റെ പേരില്‍ ഉള്ള ഒരു മതരാഷ്ട്രമുണ്ട്. അവിടെയാണെങ്കില്‍ അനുദിനം പടിഞ്ഞാനിന്റെ ഇടപെടല്‍ സാഹചര്യം ഒരുക്കുന്നു.

ഇപ്പോള്‍ ഇസ്രയേല്‍ പറയുന്നു ഹമാസിന്റെ നേതാക്കളെയെല്ലാം വധിക്കുമെന്ന്. ഹമാസ് പോയാല്‍ ആ പ്രശ്‌നങ്ങള്‍ തീരുമോ. പുതിയ പുതിയ ഭീകര സംഘടനകള്‍ അവിടെ ഉദയം ചെയ്യും ഇപ്പോഴും അവിടെ ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.. വെടിയും ബോംബുമല്ല ഒന്നിനും പരിഹാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply