reimagining indian secularism

ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തില്‍ സെക്കുലറിസത്തിന് പ്രസക്തിയുണ്ടോ? സെക്കുലറിസം പാശ്ചാത്യമായ രാഷ്ട്രീയ ദര്‍ശനമല്ലേ? -തുടങ്ങിയ ചോദ്യങ്ങള്‍ പലപ്പോഴായി ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയില്‍ മതമുണ്ടോ എന്ന മൗലികമായ ചോദ്യമാണ് ‘റി ഇമാജിനിങ് ഇന്ത്യന്‍ സെക്കുലറിസം’ എന്ന പുസ്തകത്തില്‍ രാജീവ് ഭാര്‍ഗ്ഗവ ഉന്നയിക്കുന്നത്.

പല ഘട്ടങ്ങളിലൂടെ വളര്‍ന്നാണ് മതങ്ങള്‍ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിയിട്ടുള്ളത്. പരസ്പരം പുറന്തള്ളുന്നവയും നിരന്തര വൈരുദ്ധ്യത്തിലിരിക്കുന്നവയുമായ മതങ്ങള്‍ യൂറോപ്പില്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുന്നത് പതിനാറാം നൂറ്റാണ്ടോടെയാണ്. അവ ഓരോന്നും സ്വയം സമ്പൂര്‍ണ്ണമെന്ന് കരുതി. പ്രസ്തുത മതങ്ങള്‍ അവരുടെ വിശ്വാസങ്ങളോട് മാത്രമല്ല ഒരു പ്രത്യേക പ്രദേശത്തോടും കൂറു പുലര്‍ത്തുന്നവരായി സ്വയം പ്രഖ്യാപിച്ചു. മതം അതിന്റെ വിശ്വാസികള്‍ക്കുമേല്‍ അധീശത്വം പുലര്‍ത്തുന്ന ഒരു ശക്തിയായിരുന്നു. മാത്രമല്ല ഭരണകൂട ശക്തികളിലൂടേയും അത് അതിന്റെ അധികാരമുറപ്പിച്ചു.

ചുരുക്കത്തില്‍ ആധുനിക യൂറോപ്യന്‍ മതങ്ങള്‍ സാമുദായികവും മൗലികവാദപരവുമായ സങ്കുചിതത്വം സൂക്ഷിക്കുന്നവയായിരുന്നു. അതുകൊണ്ടുതന്നെ പ്രബുദ്ധതായുഗം മതങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തിനും ഉയര്‍ന്ന മാനവികതക്കും മൂല്യം കല്‍പ്പിക്കുകയും ചെയ്തു.

കത്തോലിക്കാമതത്തിന്റെ അധീശത്വത്തിനെതിരെയാണ് അവിടെ മറ്റ് മതങ്ങള്‍ കലഹിച്ചത്. ധാര്‍മ്മികതയും സാമൂഹ്യാചാരങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനും ധാര്‍മ്മികതയെ മതവിമുക്തമാക്കി സാര്‍വ്വലൗകികമായ മാനവികതയുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍വ്വചിക്കാനുമുള്ള ശ്രമങ്ങളാണ് യൂറോപ്പില്‍ നടന്നത്. ഈ പ്രക്രിയയെയാണ് അവര്‍ സെക്കുലറൈസേഷന്‍ എന്ന് വിളിച്ചത്.

യൂറോപ്പില്‍ സെക്കുലൈറേസഷന് ഏറ്റവും വലിയ പ്രതിബന്ധമായത് അവിടുത്തെ പള്ളിയാണ്. അതുകൊണ്ട് പള്ളിക്കെതിരെയുള്ള കലാപം ഒരേസമയം മതാധിപത്യത്തെ തകര്‍ക്കുന്നതും അതേസമയം വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതുമായിരുന്നു. ഭരണകൂടത്തെ മതങ്ങളുടെ കോയ്മയില്‍നിന്ന് വിമോചിപ്പിക്കുക എന്നതും ജ്ഞാനോദയകാലത്തെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

ഇപ്പറഞ്ഞതില്‍നിന്ന് വ്യത്യസ്തമാണ് ഇന്ത്യന്‍ അനുഭവം. ഇന്ത്യയില്‍ ഋഗ്വേദകാലം മുതല്‍ മനുഷ്യാതീത ശക്തികളെക്കുറിച്ച് സങ്കല്‍പ്പമുണ്ടായിരുന്നെങ്കിലും അവക്കൊന്നും മതങ്ങളുടെ പദവി കല്‍പ്പിച്ച് നല്‍കാനാവില്ല. ഭൂമിയിലെ മനുഷ്യജീവിതം സന്തോഷപ്രദമാക്കണേ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. അതിനുവേണ്ടി അവര്‍ മഴയേയും അഗ്‌നിയേയും ഭൂമിയേയും ദേവതമാരായി പ്രാര്‍ത്ഥിച്ചു. അതിലേതെങ്കിലും ദേവത മറ്റുള്ളവയേക്കാള്‍ മേലെയാണെന്ന് അവര്‍ സങ്കല്‍പ്പിച്ചില്ല. ദേവതാസങ്കല്‍പ്പങ്ങളെ അനുകല്‍പ്പനം ചെയ്യാനും അവര്‍ക്ക് കഴിഞ്ഞിരുന്നു.

രാജീവ് ഭാര്‍ഗ്ഗവ സനാതന സംസ്‌കൃതി എന്നാണ് ഈ ‘മത’ജീവിതത്തെ വിളിക്കുന്നത്. യൂറോപ്പില്‍ മദ്ധ്യകാലത്തുണ്ടായ മതങ്ങളുമായി താരതമ്യം ചെയ്താല്‍ ഇവയൊന്നും മതങ്ങളാണെന്ന് പറയാന്‍ കഴിയില്ല. ഇഹലോക ജീവിതത്തിലൂന്നിയുള്ള ഒരു ദര്‍ശനമായിരുന്നു ഇവര്‍ പങ്കുവെച്ചത്. മതാത്മകചിന്തയുടെ ആദ്യഘട്ടമായി ഇതിനെ കണക്കാക്കാം.

പിന്നീട് ഒരു ഗുരുവിന്റെ നേതൃത്വത്തില്‍ സവിശേഷമായ മാര്‍ഗ്ഗം പിന്തുടരുന്നവരും ആത്മസംസ്‌ക്കരണം ലക്ഷ്യമാക്കിയവരുമായ ഗണങ്ങള്‍ വളര്‍ന്നുവന്നു. സനാതന സംസ്‌കൃതിയുടെ വിമര്‍ശകരായിരുന്നു ഇവര്‍. എന്നാല്‍ വൈദികദര്‍ശനത്തെ ഏത് നിലക്കും എതിര്‍ക്കുക എന്ന ശത്രുതാപരമായ നിലപാട് മാര്‍ഗ്ഗികള്‍ക്കുണ്ടായിരുന്നില്ല.

യൂറോപ്യന്‍ മതജീവിതത്തിലും പാഗനിസത്തിന്റേതായ ഈ ഘട്ടങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയെ മുഴുവന്‍ ദൈവനിഷേധമായി മുദ്രകുത്തുന്ന ഒരു ഘട്ടമാണ് അവിടെ പിന്നീട് വന്നത്.

ഈ മൂന്നാം ഘട്ടത്തിലാണ് ഒറ്റ ദൈവത്തില്‍ ഊന്നുന്ന കാഴ്ചപ്പാട് വളര്‍ന്നുവരുന്നത്. അതൊഴികെ മറ്റെല്ലാം മിഥ്യയാണെന്നും സത്യമല്ലാത്ത ദൈവത്തിലുള്ള വിശ്വാസം പാപമാണെന്നും ആയതിനാല്‍ തങ്ങളുടെ വിശ്വാസത്തിന് പുറത്തുള്ളവരെല്ലാം പാപികളാണെന്നുമുള്ള വിശ്വാസം പ്രബലമാകുന്നത് ഈ സന്ദര്‍ഭത്തിലാണ്.

യഥാര്‍ത്ഥത്തില്‍ മതം എന്ന് വിളിക്കാവുന്ന വ്യാവഹാരികത രൂപപ്പെടുന്നത് അപ്പോഴാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള അപര സങ്കല്‍പ്പത്തെ ഉല്‍പ്പാദിപ്പിക്കുന്നതും ഈ ഘട്ടത്തിലാണ്. ഏകദൈവ വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കുന്നവരെ ആഭ്യന്തര ഭീഷണിയായി കാണാനാരംഭിച്ചു. അങ്ങിനെ മതത്തിനകത്തും പുറത്തും ശത്രുവിന്റെ സാന്നിദ്ധ്യമുണ്ടെന്ന് സംശയിക്കുന്നുവെന്നതാണ് മദ്ധ്യകാലമത സങ്കല്‍പ്പത്തിന്റെ സവിശേഷത. ഭൂതകാലത്തുണ്ടായവയെയെല്ലാം ഈ മതങ്ങള്‍ തള്ളിപ്പറഞ്ഞു. മൗലികമായ വിച്ഛേദത്തില്‍നിന്നാണ് തങ്ങളുടെ മതം ആരംഭിക്കുന്നതെന്ന വിശ്വാസമാണ് അതിലെ വിശ്വാസികളെ നിലനിര്‍ത്തിയത്.

ധര്‍മ്മവും സാമൂഹികാചാരങ്ങളും ഒന്നായിത്തീരുന്നതാണ് മതത്തിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടം. അതായത് മോക്ഷം കിട്ടുന്നതിനുവേണ്ടി ഒരാള്‍ ചെയ്യേണ്ട കാര്യങ്ങളും സാമൂഹ്യജീവിതത്തില്‍ ഒരാള്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തങ്ങളും ഒന്നാണെന്ന് വന്നു. മതജീവിതം തന്നെയാണ് ശരിയായ സാമൂഹ്യ ജീവിതമെന്ന് വിലയിരുത്തപ്പെട്ടു. യൂറോപ്പിലുടനീളം മതത്തിന്റെ പേരിലുള്ള യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1555ല്‍ ആഗ്‌സ്‌ബെര്‍ഗില്‍വെച്ചുണ്ടാക്കിയ കരാറനുസരിച്ച് ഓരോ മതങ്ങളും ഓരോ പ്രവിശ്യകളില്‍ ഒതുങ്ങി നില്‍ക്കണമെന്ന് ധാരണയായി. അതോടെ മതങ്ങളെ രാഷ്ട്രവുമായി ബന്ധിപ്പിക്കുന്ന പ്രവണത ശക്തമായി. മതത്തിന്റെ വളര്‍ച്ചയുടെ നാലാമത്തെ ഘട്ടമാണിത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതുവരെ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മദ്ധ്യകാല യൂറോപ്പില്‍ ഉണ്ടായതുപോലെയുള്ള മതജീവിതം ഇന്ത്യയില്‍ ഈ അടുത്തകാലംവരെ ഉണ്ടായിരുന്നില്ല. സാമൂഹ്യാചാരങ്ങളും ധാര്‍മ്മികതയും തമ്മില്‍ വേര്‍പെടുത്താനാവാത്ത ബന്ധം ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ജാതിബന്ധങ്ങള്‍ക്കകത്ത് ജീവിച്ചിരുന്ന ഇന്ത്യക്കാരില്‍ ഒരേജാതിയില്‍ പെട്ടവര്‍തന്നെ ജാത്യാചാരങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍ മോക്ഷം, പുനര്‍ജ്ജന്‍മം എന്നിവയെക്കുറിച്ചെല്ലാം പലതരം വിശ്വാസങ്ങള്‍ സൂക്ഷിച്ചിരുന്നതായിക്കാണാം. അതായത് മതപരമായ കാര്യങ്ങളില്‍ വേണ്ടത്ര വഴക്കം ഉണ്ടായിരുന്നു എന്നര്‍ത്ഥം. ഇന്ത്യയിലെ സെമിറ്റിക് മതങ്ങള്‍പോലും പ്രാദേശികമായ വഴക്കങ്ങള്‍ പുലര്‍ത്തിയിരുന്നു. കേരളത്തിലെ ഇസ്ലാംമതവും ക്രിസ്തുമതവും മറ്റും പ്രാദേശികമായ വിശ്വാസഭേദങ്ങള്‍ പുലര്‍ത്തുന്നുണ്ട്. മുഗള്‍ രാജാക്കന്‍മാരുടെ കാലത്ത് മതസങ്കലനത്തിന്റെ നിരവധി മാതൃകകള്‍ ഉണ്ടായി. അക്ബറിന്റെ ദീന്‍ ഇലാഹിയെല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. ധാരാഷുക്കോവിന്റെ ഉപനിഷദ് വിവര്‍ത്തനവും മറ്റും ഏകദൈവം എന്ന സങ്കല്‍പ്പത്തിന്റെ ഇന്ത്യന്‍ വേരുകള്‍ കണ്ടെത്താനുള്ള ശ്രമമായിരുന്നു. യൂറോപ്പില്‍ ഒറ്റ ദൈവം, ഒറ്റ പൗരോഹിത്യം, ഒറ്റ മതം എന്നതിലേക്ക് സഭാനേതൃത്വം സാമൂഹ്യജീവിതത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് മുഗള്‍ രാജാക്കന്‍മാര്‍ വേറിട്ട വഴി അന്വേഷിച്ചതെന്ന കാര്യം ഓര്‍ക്കുക. ഗുരു നാനാക്കിന്റെ മതവും പല മതങ്ങളുടെ കലര്‍പ്പാണല്ലോ.

ഹിന്ദു എന്ന് വിളിക്കപ്പെട്ടവര്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടുവരെയും അങ്ങനെ മതസങ്കല്‍പ്പം ഉണ്ടായിരുന്നില്ല. നിയത ഘടനയില്ലാത്ത വിശ്വാസ സമൂഹങ്ങളായിരുന്നു അവയിലേറെയും. സാമൂഹ്യമായി അവരെ ജാതിബന്ധങ്ങള്‍ നയിക്കുമ്പോള്‍ത്തന്നെ വിശ്വാസപരമായി അവര്‍ വ്യത്യസ്തമായ മതബോധങ്ങള്‍ പങ്കുവെച്ചു. ഇവ രണ്ടും കൂടാതെ സമീപകാലത്തായി രാഷ്ട്രീയമതം (ഭരണകൂട മതം) എന്നൊന്നുകൂടി സാമൂഹ്യശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചുരുക്കത്തില്‍ സെക്കുലറൈസേഷന്‍ എന്നതിന് പാശ്ചാത്യമാതൃകയിലുള്ള മതസങ്കല്‍പ്പത്തില്‍നിന്നുള്ള മോചനം എന്നാണര്‍ത്ഥം. അതായത് ഏകദൈവം മാത്രമാണ് സത്യം എന്ന് ശഠിക്കുകയും മറ്റെല്ലാറ്റിനേയും അപരമായി കരുതുകയും സാമൂഹ്യമായ പെരുമാറ്റവും മതധാര്‍മ്മികതയും ഒന്നെന്ന് വിധിക്കുകയും ചെയ്യുന്ന പാശ്ചാത്യമതസങ്കല്‍പ്പത്തെയാണ് സെക്കുലറിസം എതിര്‍ക്കുന്നത്. ധാര്‍മ്മികതയെ മതത്തിന് പുറത്തുവെച്ച് നിര്‍വ്വചിക്കാന്‍ പാശ്ചാത്യമതം തയ്യാറായില്ല. ഇതിനെയാണ് സെക്കുലറിസം പ്രധാനമായി വിമര്‍ശിച്ചത്.

വഴക്കത്തോടുകൂടിയ വിശ്വാസ സമൂഹങ്ങളെ ഒറ്റ വിശ്വാസത്തിലേക്കാനയിച്ചും മറ്റുള്ളവരെ പുറന്തള്ളിയും ഒരു സമൂഹത്തിന്റെ സ്വത്വം നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയക്കാണ് സെക്കുലറിസ്റ്റുകള്‍ മതവല്‍ക്കരണം എന്ന് വിളിച്ചത്.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ അടുത്തകാലംവരെ ഇത്തരത്തിലുള്ള മതവല്‍ക്കരണം നടന്നിരുന്നില്ല. ധാര്‍മ്മികതയും മതാചാരങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ ഏറെക്കുറേ അയവേറിയതായിരുന്നു. ഒരേ സമയം പല മതങ്ങളുടേയും ആചാരങ്ങളില്‍ പങ്കെടുക്കാനും ഇടകലരാനും ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ കഴിയുമായിരുന്നു. അത് തെറ്റായ കാര്യമായോ മതനിഷേധമായോ ആരും കണ്ടിരുന്നില്ല. ധര്‍മ്മബോധത്തിലുണ്ടായിരുന്ന ഈ ഇലാസ്തികത ഇന്ത്യന്‍ മതജീവിതത്തേയും അതുവഴി സെക്കുലറിസത്തേയും വേറിട്ട വഴിയില്‍ മനസ്സിലാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ജാതീയമായ അതിരുകള്‍ വളരെ കണിശമായി നിലനില്‍ക്കുമ്പോള്‍ത്തന്നെ മതപരമായ വിശ്വാസങ്ങള്‍ക്ക് അത്തരം വിലക്കുകള്‍ ബാധകമായിരുന്നില്ല.

ഉദാഹരണമായി നാഗാരാധന എല്ലാ ജാതിവിഭാഗങ്ങളിലും കാണാം. കുട്ടിച്ചാത്തന്‍ സേവയും അങ്ങിനെത്തന്നെ. ഇനി ഒരേ ജാതിയില്‍പ്പെട്ടവരാണെങ്കിലും വ്യത്യസ്ത പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആരാധനാക്രമങ്ങളില്‍ വ്യത്യാസം കാണാം. ഇതെല്ലാം സൂചിപ്പിക്കുന്നത് ജാതിഭേദം എന്ന അകക്കാമ്പിനെ ഭദ്രമായി നിലനിര്‍ത്തി അയവേറിയ ഒരു മതബോധം സൂക്ഷിക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സാധിച്ചിരുന്നുവെന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ യൂറോപ്പിലും മറ്റും കാണുന്നതരത്തിലുള്ള മതാധിഷ്ഠിതമായ ഭരണകൂടങ്ങളും ഉണ്ടായിട്ടില്ല. ബ്രാഹ്മണപ്രഭുത്വം എന്ന് വിളിക്കാവുന്ന മട്ടിലുള്ള രാഷ്ട്രരൂപങ്ങളാണ് സാമാന്യമായി എല്ലാകാലത്തും ഇന്ത്യയില്‍ നിലനിന്നിട്ടുള്ളത്.

ഇന്ത്യന്‍ സെക്കുലറിസത്തെ വേറിട്ട് നിര്‍വ്വചിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഇത് സാമാന്യമായി വിരല്‍ ചൂണ്ടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടോടെയാണ് ഇന്ത്യയില്‍ മതവല്‍ക്കരണത്തിലൂടെ ഹിന്ദുമതം ഉയര്‍ന്നുവരുന്നത്. ഇസ്ലാം മതത്തിന്റേയും ക്രിസ്തുമതത്തിന്റേയും മാതൃകയില്‍ ഹിന്ദുമതത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. മതപരിവര്‍ത്തനം ഒരു തര്‍ക്കവിഷയമായി കടന്നുവരുന്നതും അപ്പോഴാണ്. ബ്രിട്ടീഷുകാരുടെ ചരിത്രരചന, ഇന്‍ഡോളജി പഠനങ്ങള്‍, കാനേഷുമാരി എന്നിവയെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച തീര്‍ത്തും ആധുനികമായ പ്രതിഭാസമാണ് ഹിന്ദുമതം എന്നത്. മതവല്‍ക്കരണത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടേയും അത് കടന്നുപോയിക്കൊണ്ടിരിക്കയാണ്. ദേശീയപ്രസ്ഥാനത്തില്‍ത്തന്നെ ഹിന്ദുമതത്തെ ഭരണകൂട മതമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ലിബറലുകളാണ് ആ ശ്രമത്തെ പരാജയപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഹിന്ദുമതത്തെ ഭരണകൂടവുമായി ബന്ധിപ്പിക്കാനും അതുവഴി ധാര്‍മ്മികതയും സാമൂഹികാചാരങ്ങളും തമ്മില്‍ നിലനിന്നിരുന്ന അയവേറിയ ബന്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരാനും തുടങ്ങിയിട്ടുണ്ട്. ഈ പ്രവണതക്കെതിരെയുള്ള വിപ്ലവാത്മക പ്രതിരോധമാണ് ഇന്ത്യന്‍ സെക്കുലറിസം.

ഹിന്ദുത്വത്തിന്റെ ആവിര്‍ഭാവം മതങ്ങള്‍ക്കിടയിലുള്ള ആധിപത്യത്തെ കൂടുതല്‍ പ്രബലമാക്കി. അതോടൊപ്പം മതങ്ങള്‍ക്കകത്തുള്ള യാഥാസ്ഥികത്വവും ആണ്‍കോയ്മയും കൂടുതല്‍ ശക്തമായി. കൊളോണിയല്‍ ചരിത്രസന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ മതങ്ങള്‍ക്കിടയിലും മതങ്ങള്‍ക്കകത്തും ആധിപത്യത്തിനായുള്ള ശ്രമങ്ങള്‍ പല മട്ടില്‍ സാധൂകരിക്കപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടോടെ ഇന്ത്യയില്‍ വളര്‍ന്നുവന്ന ഈ സാഹചര്യത്തോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ചവരില്‍ ഒരാള്‍ ഗാന്ധിയാണ്. ഇന്ത്യയിലെ ഹിന്ദുത്വവാദികള്‍ നടത്തിക്കൊണ്ടിരുന്ന മതവല്‍ക്കരണത്തെ ഗാന്ധി എല്ലാതരത്തിലും എതിര്‍ക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മതങ്ങള്‍ക്കിടയിലും മതങ്ങള്‍ക്കകത്തും വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് മതത്തിന്റെ സാദ്ധ്യതയാണെന്ന് ഗാന്ധി കരുതി. അദ്ദേഹത്തിന്റെ ആശ്രമം എല്ലാത്തരം മതവൈവിധ്യത്തേയും ഉള്‍ക്കൊണ്ടു. ബാഹ്യതലത്തില്‍ കാണുന്ന അന്തരങ്ങളൊന്നും മതങ്ങളുടെ ധാര്‍മ്മിക ചേതനയുടെ ഏകത്വത്തെ നിഷേധിക്കുന്നില്ല എന്ന് ഗാന്ധി കരുതി. മതപരമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുമ്പോഴും അവയുടെയെല്ലാം ധാര്‍മ്മികമായ അകക്കാമ്പ് ഒന്നുതന്നെയാണെന്ന് ഗാന്ധി കരുതിയത് കേവലമായ ജനപ്രിയതയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ജ്ഞാനസിദ്ധാന്തപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കുട്ടിക്കാലത്ത് അമ്മയില്‍നിന്ന് ലഭിച്ചതും ദക്ഷിണാഫ്രിക്കന്‍ ജീവിതത്തില്‍നിന്ന് ഗാന്ധി മനസ്സിലാക്കിയതും മതങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവര്‍ത്തനക്ഷമമായ ബന്ധമാണ്. എല്ലാ മതങ്ങളും ഒന്നുതന്നെ എന്ന് വാദിച്ചാല്‍ പിന്നെ ശുദ്ധിവാദത്തിനും മതപരിവര്‍ത്തനത്തിനും സ്ഥാനമില്ല.

പല മതങ്ങളേയും ഒരേസമയം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇന്ത്യന്‍ സാമൂഹ്യചേതനയുടെ സവിശേഷതയാണെന്ന് ഗാന്ധി കരുതി. സനാതന ധര്‍മ്മം എന്നതിനേക്കാള്‍ സര്‍വ്വധര്‍മ്മ സമഭാവനക്കാണ് ഗാന്ധിജി ഊന്നല്‍ നല്‍കിയത്. സര്‍വ്വധര്‍മ്മ സമഭാവന ഒരു രാഷ്ട്രത്തിന്റെ അംഗീകൃത ആദര്‍ശമാകണമെന്ന് ഗാന്ധി ആഗ്രഹിച്ചു. മതത്തേയും രാഷ്ട്രീയത്തേയും വേര്‍പെടുത്തുന്ന യൂറോപ്യന്‍ സെക്കുലറിസത്തിന് ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ പ്രസക്തിയില്ലെന്ന് ഗാന്ധി കരുതി. ഗാന്ധിയന്‍ സെക്കുലര്‍ ആശയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലേക്ക് സ്വാംശീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഭരണഘടന മതങ്ങളുടെ വൈവിദ്ധ്യത്തെ നിലനിര്‍ത്താന്‍ ബാദ്ധ്യസ്ഥമാണ്. മതങ്ങള്‍ക്കിടയിലെ ആധിപത്യത്തിനായുള്ള മല്‍സരത്തെ അത് നിരുല്‍സാഹപ്പെടുത്തുന്നു. ധര്‍മ്മബോധവും സാമൂഹ്യാചാരങ്ങളും തമ്മിലുള്ള അയവേറിയ ബന്ധമാണ് ഇന്ത്യന്‍ ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങളും നീതിനിഷേധവും തടയാന്‍ ഭരണഘടന ‘ഹിന്ദുമത’ത്തില്‍ ഇടപെടുന്നുണ്ട്. ആധുനികമായ മാനവിക മൂല്യങ്ങളുടെ ഉരകല്ലില്‍ ഉരച്ചുനോക്കി തൃപ്തിവന്നാല്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന പ്രാചീനമായ ആചാരങ്ങളെ അംഗീകരിക്കൂ. ഭരണകൂടം മതത്തില്‍ ഇടപെടരുത് എന്ന യൂറോപ്യന്‍ ആദര്‍ശം ഇന്ത്യയില്‍ നടപ്പാക്കിയാല്‍ ജാതിയുടെ പേരിലുള്ള എല്ലാ വിവേചനങ്ങളും ഇവിടെ തുടര്‍ന്നും നിലനില്‍ക്കും. അതുകൊണ്ട് നിരവധി സാമൂഹ്യപരിഷ്‌ക്കരണങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കിയത് ഭരണഘടനയുടെ പിന്‍ബലത്തിലാണ്. ക്ഷേത്രപ്രവേശന വിളംബരം, അയിത്തം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന നിയമം തുടങ്ങി നിരവധിയായ നിയമപരിഷ്‌ക്കാരങ്ങള്‍ മതത്തിനകത്ത് ഭരണകൂടം ഇടപെട്ടതിന്റെ ദൃഷ്ടാന്തങ്ങളാണ്. മതങ്ങള്‍ക്കിടയിലെ ആധിപത്യശ്രമങ്ങളെ പരാജയപ്പെടുത്തുന്നു എന്ന് മാത്രമല്ല മതത്തിനകത്തുള്ള ആധിപത്യശ്രമങ്ങളേയും അത് ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു. അതേസമയം എല്ലാ മതങ്ങളേയും ഒരുപോലെ ഉള്‍ക്കൊള്ളാനാണ് ഭരണഘടന ശ്രമിക്കുന്നത്. മതപരമായ ഏത് കോയ്മയേയും അത് ചെറുത്തുനില്‍ക്കുന്നു. വ്യക്തികളുടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെ അത് ഉയര്‍ത്തിപ്പിടിക്കുന്നു. ഒരാളുടെ പൗരത്വം നിര്‍ണ്ണയിക്കുന്നതില്‍ മതം ഘടകമല്ല എന്ന് അത് ഉറപ്പുനല്‍കുന്നു.

ഇത്തരത്തിലുള്ള ഒരു സെക്കുലറിസം യൂറോപ്പിലില്ല. ആയതിനാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സെക്കുലറിസം അനന്യമാണ്. ബഹുമതങ്ങള്‍ അതിജീവിക്കുന്ന ഏതൊരു ബഹുസ്വരസമൂഹത്തിനും മാതൃകയാക്കാവുന്ന ഒന്നാണ് ഇന്ത്യന്‍ സെക്കുലറിസം. അതിനെ കപടമതേതരത്വം എന്നും യൂറോപ്യന്‍ ആശയത്തിന്റെ പതിപ്പെന്നും വിശേഷിപ്പിക്കുന്നവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply