വംശീയ ആക്രമണങ്ങളും സുപ്രിംകോടതിയും 

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

ഇരയുടെ വംശീയ – പ്രദേശ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളെ തരം തിരിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിക്കുന്നതിന് കാരണമാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറയുന്നു. ആസൂത്രിത ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉള്‍പ്പെടെ, വംശീയ – വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രത്യേക നിയമനിര്‍മ്മാണത്തിനുള്ള അപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദ്ദേശിച്ചു കൊണ്ടാണ്, കുറ്റകൃത്യങ്ങളെ വംശീയ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിക്കുന്നത്.

വംശീയ അധിക്ഷേപം ഉള്‍പ്പെടെയുള്ള വിദ്വേഷ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളെ പ്രത്യേക വിഭാഗമായി അംഗീകരിക്കുന്നതിന് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇങ്ങനെ പരാമര്‍ശിച്ചത്. വംശത്തിന്റെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന കുറ്റകൃത്യത്തെ അതേ രീതിയില്‍ നിര്‍വ്വചിക്കുക എന്ന ആശയത്തോട് സുപ്രീം കോടതി വിയോജിപ്പ് പ്രകടിപ്പിക്കുന്നു എന്നാണ് നാം ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഇത് ധ്രുവീകരണത്തിന് ഇന്ധനമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിക്കുന്നുമുണ്ട്.

വംശീയമായ ആള്‍ക്കൂട്ട കൊലകള്‍, വംശീയ വിദ്വേഷ ആക്രമണങ്ങള്‍, എന്നിവ ഒറ്റ ക്രിമിനല്‍ നിര്‍വചനത്തില്‍ സാക്ഷ്യപ്പെടുത്തണമെന്നും, ഇരയുടെയും വേട്ടക്കാരന്റെയും ഐഡന്റിറ്റി (ഇരുവശത്ത് ആരായാലും) ക്ക് പ്രസക്തിയില്ലെന്നും പറയുന്ന സുപ്രീംകോടതി, ന്യൂനപക്ഷ മുസ്ലിം ദളിത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ട ഭരണഘടനാപരമായ ജനാധിപത്യ ഉത്തരവാദിത്വത്തെ റദ്ദാക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷം രാഷ്ട്രം അതിന്റെ വൈവിധ്യമാര്‍ന്ന, അസദൃശ്യങ്ങളായ, അസമമായ വിഷയങ്ങളെ തുല്യമായി പരിഗണിക്കുന്നതില്‍ ഐക്യം കണ്ടെത്തേണ്ടി വരുമ്പോള്‍, ഇരയുടെ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളെ തരം തിരിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിക്കുന്ന അപകടത്തിന് ഇടയാക്കുന്നു എന്നാണ് സുപ്രീം കോടതി പറയുന്നതിന്റെ സാരാംശം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വംശീയ, വിദ്വേഷ ആക്രമണങ്ങളുടെ ഭീകര സ്വഭാവം, ഒരുപക്ഷേ സുപ്രീം കോടതിക്ക് മനസ്സിലാകാത്തത്, അത്തരത്തില്‍ വേട്ടയാടപ്പെടുന്ന വിഭാഗങ്ങളുടെ പ്രതിനിധികള്‍ സുപ്രീംകോടതിയില്‍ ഇല്ലാത്തതുകൊണ്ടോ, ഉണ്ടെങ്കില്‍ തന്നെ ന്യൂനാല്‍ ന്യൂനപക്ഷങ്ങള്‍ ആയതുകൊണ്ടോ, അതിന്റെ ഭാഗമായി അനുഭവ പരിചയത്തില്‍ കടന്നു വരാത്തതുകൊണ്ടോ ആയിരിക്കാം. കുറ്റകൃത്യങ്ങളിലെ വിദ്വേഷവും വംശീയവുമായ പ്രേരണ, വളരെ വ്യക്തമായി ഉണ്ടായിരുന്നിട്ടും, നമ്മുടെ പ്രാരംഭ ക്രിമിനല്‍ നീതി പ്രതികരണ സംവിധാനത്തില്‍ പോലും വംശീയതയും, വിദ്വേഷവും അതിലേക്ക് നയിച്ച പ്രേരണയും പരാമര്‍ശിക്കാറില്ല. അത് വംശീയ കുറ്റകൃത്യങ്ങളെ ഒരു സാധാരണ കുറ്റകൃത്യമായി കണക്കാക്കുകയും അതുവഴി ‘പ്രേരണ’ അദൃശ്യമാക്കി, ദളിത് മുസ്ലിം കീഴാള മറ്റു ദുര്‍ബ്ബല വിഭാഗത്തിന്റെ ഭരണഘടനാപരമായി ലഭിക്കേണ്ട നീതിയെ നേര്‍പ്പിച്ചു കളയുകയുമാണ് ചെയ്യുന്നത്.

ത്രിപുരയില്‍ നിന്നുള്ള 24 വയസ്സുള്ള എംബിഎ വിദ്യാര്‍ത്ഥിയായ അഞ്ചല്‍ ചക്മയെ ഉത്തരാഖണ്ഡില്‍ ഒരു കൂട്ടം ഫാസിസ്റ്റുകള്‍, ജാതീയമായും വംശീയമായും അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രതികരിപ്പോള്‍ ക്രൂരമായി ആക്രമിച്ചു കൊന്ന വിഷയത്തില്‍ അഭിഭാഷകനായ അനൂപ് പ്രകാശ് അവസ്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശവും നടപടിയും. ഇളയ സഹോദരനോടൊപ്പം ഷോപ്പിംഗിന് പോകുന്നതിനിടെ ചക്മയെ ഫാസിസ്റ്റ് – റെയിസിസ്റ്റുകള്‍ ക്രൂരമായി ആക്രമിച്ചു കൊല്ലുകയായിരുന്നു. ‘ഞങ്ങള്‍ ഇന്ത്യക്കാരാണ്. അത് തെളിയിക്കാന്‍ എന്ത് സര്‍ട്ടിഫിക്കറ്റാണ് ഞങ്ങള്‍ കാണിക്കേണ്ടത്?’ എന്ന് ചക്മ തന്നെ വേട്ടയാടിയ അക്രമികളോട് പറഞ്ഞ ദാരുണമായ വാക്കുകള്‍ ഹര്‍ജിയില്‍ വിവരിച്ചിട്ടുണ്ട്. ഡിസംബര്‍ 27 ന് ചികിത്സയിലിരിക്കെ അദ്ദേഹം ബോധം വീണ്ടെടുക്കാതെ മരിച്ചു.

ചക്മയുടെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കെതിരെയുള്ള ദീര്‍ഘകാല വംശീയ ആക്രമത്തിന്റെ ഭാഗമാണ്. 2014ല്‍ ഡല്‍ഹിയില്‍ നടന്ന അരുണാചല്‍ വിദ്യാര്‍ത്ഥി നിഡോ ടാനിയമിന്റെ മരണം ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും നിലവിലുള്ള ഏതെങ്കിലും നിയമനിര്‍മ്മിത, അല്ലെങ്കില്‍ സ്ഥാപന ചട്ടക്കൂടിലൂടെ അഭിസംബോധന ചെയ്ത് കുറ്റകൃത്യത്തിനു പുറകിലെ ഭീകരമായ വംശീയതയും ജാതീയതയും അദൃശ്യമാക്കുകയാണ് ചെയ്യുന്നത്.

മുസ്ലിം ദളിത് മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള വംശീയമായ ആസൂത്രിത ആക്രമണങ്ങളും, വിദ്വേഷ കുറ്റകൃത്യങ്ങളും ഇപ്പോഴും ഒരു ‘സാധാരണ’ കുറ്റമായാണ് കാണുന്നത് എന്ന് ഹര്‍ജിക്കാരനായ ശ്രീ അവസ്തി കോടതിയെ ബോധ്യപ്പെടുത്തുന്നുണ്ട്. അതേസമയം, പല ആള്‍ക്കൂട്ട കൊലകളും, വംശീയാക്രമണങ്ങളും ‘കള്ളന്‍’ എന്ന പേരിലോ, ‘ബലാല്‍സംഗക്കാരന്‍’ എന്ന പേരിലോ നിര്‍വചിക്കപ്പെടുമ്പോള്‍, അതിന്റെ പുറകിലെ വംശീയ-വിദ്വേഷ ഭീകരത നീതിന്യായ കോടതികളില്‍ ഗൗരവമായ പരിശോധനാ വിഷയം അല്ലാതായിത്തീരുന്നു.

ഫാസിസ്റ്റുകള്‍ ആസൂത്രിതമായി നടത്തുന്ന വംശീയ കുറ്റകൃത്യങ്ങള്‍, ഒരു വ്യക്തിയുടെ ഐഡന്റിറ്റിക്കെതിരായ മുന്‍വിധിയാല്‍ പ്രചോദിതമാണെന്ന യാഥാര്‍ത്ഥ്യം സുപ്രീംകോടതിയുടെ ഈ സമീപനം മൂലം അവഗണിക്കപ്പെടുകയാണ്. ക്രിമിനല്‍ നിയമത്തെക്കുറിച്ചുള്ള ‘ഏകരൂപത്തിലുള്ള’ (homogeneous) വീക്ഷണവും (എല്ലാ കുറ്റകൃത്യങ്ങളെയും ഒരുപോലെ പരിഗണിക്കുക എന്നത്) കൃത്യമായി വംശീയ വിദ്വേഷം ലക്ഷ്യം വെച്ചുള്ള ക്രമാനുഗതമായ അക്രമത്തെ (targeted, systemic violence) ശക്തമായും വ്യത്യസ്തമായും നേരിടേണ്ടതിനെ, ‘സംരക്ഷണവാദം’ ആയിചുരുക്കി കാണുകയും ചെയ്യുന്ന പരമോന്നത കോടതിയുടെ സമീപനം ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തോടുള്ള നീതി നിഷേധമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടനയുടെ ‘അവിതര്‍ക്കിത’ വ്യാഖ്യാതാവായ സുപ്രീംകോടതി, ദളിത് ന്യൂനപക്ഷ ദുര്‍ബല വിഭാഗ സംരക്ഷണത്തില്‍ ഭരണഘടനായുക്തിക്ക് വിപരീതമായി നിലകൊള്ളുന്നത് നിരാശാജനകമാണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടില്‍ അധികമായി സവര്‍ണ്ണ ഹിന്ദു ഭൂരിപക്ഷത്തിന്റെ നാഗരിക സംസ്‌കാരമാണ് സുപ്രീംകോടതിയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണഘടന അനുശ്വസിക്കുന്ന സമത്വത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍, പലപ്പോഴും നിരാശയായിരിക്കും ഉണ്ടാവുക.

ജുഡീഷ്യറിയിലെ ഈ പ്രാതിനിധ്യമില്ലായ്മ വംശീയമായി അവഗണിക്കപ്പെടുന്ന, അപരവത്കരിക്കപ്പെടുന്ന, ദുര്‍ബല സമൂഹവും ന്യായാധിപരും തമ്മിലുള്ള ചരിത്രപരമായ സാമൂഹിക അകലം വര്‍ദ്ധിപ്പിക്കന്നുണ്ട്. വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളെ നിര്‍വചിക്കുന്നതില്‍ പരമോന്നത കോടതിയെ ഇത് സ്വാധീനിക്കുകയും ചെയ്യുന്നുണ്ട് എന്നത് നീതിന്യായ കോടതിയിലുള്ള വിശ്വാസ തകര്‍ച്ചയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply