മോദിസ്തുതിയും കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും

മോദിയെ പ്രശംസിക്കാനായി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മത്സരിക്കുകയാണ്. ഈ പ്രശംസിക്കുന്നവര്‍ നാളെ സ്വാഭാവികമായും സംഘപരിവാര്‍ പാളയത്തില്‍ എത്താനാണിട. ചിദംബരത്തിനെതിരായ നടപടികളോടെയാണ് ഈ പ്രവണത ശക്തമായിരിക്കുന്നത്.

രാജ്യമെങ്ങും സംഘപരിവാര്‍ ഫാസിസം ശക്തിപ്പെടുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ സ്വാഭാവികമായും പ്രതീക്ഷയര്‍പ്പിക്കുന്നത് കോണ്‍ഗ്രസ്സിലാണ്. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പലരും ബിജെപിയിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഏറെകാലമായി കാണുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും വളരെ ശക്തമായ ഈ പ്രവണത കേരളത്തിലേക്കും വ്യാപിക്കുകയാണോ എന്നു സംശയിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മോദിയെ പ്രശംസിക്കാനായി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മത്സരിക്കുകയാണ്. ഈ പ്രശംസിക്കുന്നവര്‍ നാളെ സ്വാഭാവികമായും സംഘപരിവാര്‍ പാളയത്തില്‍ എത്താനാണിട. ചിദംബരത്തിനെതിരായ നടപടികളോടെയാണ് ഈ പ്രവണത ശക്തമായിരിക്കുന്നത്.
വാസ്തവത്തില്‍ കോണ്‍ഗ്രസ്സില്‍ ഒരു ജനാധിപത്യപ്രസ്ഥാനത്തെ കാണാന്‍ ശ്രമിക്കുന്നവര്‍ ആ പാര്‍ട്ടിയുടെ മുന്‍കാല ചരിത്രം മറക്കാന്‍ ശ്രമിക്കുന്നവരാണ്. പലപ്പോഴും മൃദുഹിന്ദുത്വം എന്നു വിളിക്കപ്പെടുന്ന രാഷ്ട്രീയമായിരുന്നു കോണ്‍ഗ്രസ്സ പിന്തുടര്‍ന്നിരുന്നത്. പലപ്പോഴുത് കുറെകൂടി തീവ്രവുമായിട്ടുണ്ട്. രാജീവ് ഗാന്ധി ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്നു കൊടുത്തപ്പോഴും ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന സിക്ക കൂട്ടക്കൊലയുടെ കാലത്തും ഗംഗാനദി ശുദ്ധീകരണത്തിനായി കോടികളുടെ പദ്ധതി പ്രഖ്യാപിച്ചപ്പോഴുമൊക്കെ അത് പ്രകടമായും പുറത്തുവന്നു എന്നാല്‍ തീവ്രഹിന്ദുത്വം മുന്നോട്ട വെച്ച് ബാബറി മസ്ജിദിലൂടേയും ഗുജറാത്ത് വംശഹത്യയിലൂടേയുമൊക്കെ അതിനെ മറികടക്കുകയായിരുന്നു ബിജെപി.
സ്വാതന്ത്ര സമര കാലഘട്ടത്തില്‍ തന്നെ ഇന്ത്യയുടെ പ്രത്യേകതയായ, ബ്രാഹ്മണിക്കല്‍ അധികാരഘടനയുടെ ഭാഗമായ വിവേചനത്തെ ഒരിക്കലും കോണ്‍ഗ്രസ് മനസിലാക്കിയിരുന്നില്ല. എന്ന് മാത്രമല്ല, കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ആ സവര്‍ണ്ണബോധ്യത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ സാമൂഹിക പരിഷ്‌കരണം കോണ്‍ഗ്രസിന്റെ നയമായിരുന്നില്ല. രാഷ്ട്രീയ പരിഷ്‌കരണം മാത്രമായിരുന്നു കോണ്‍ഗ്രസ് ചെയ്തിരുന്നത് എന്നു ചൂണ്ടികാട്ടിയത് ഡോക്ടര്‍ അംബ്ദേകറായിരുന്നു. തിലകന്റേയും പട്ടേലിന്റേയും മറ്റും തീവ്രധാരയെ ഗാന്ധി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ രാമരാജ്യ സങ്കല്‍പ്പം ഹൈന്ദവതയില്‍ നിന്നു പൂര്‍ണ്ണമായും മുക്തമായിരുന്നില്ല. ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിന്റെ പിറ്റേ ദിവസം തന്നെ സാമൂഹിക പരിഷ്‌കരണ സമ്മേളനം നടന്നിരുന്നു. എന്നാല്‍ ഇനി സാമൂഹിക പരിഷ്‌കരണ സമ്മേളനം നടത്തിയാല്‍ വേദി തന്നെ കത്തിക്കും എന്നാണ് ബാലഗംഗാധര തിലകന്‍ പറഞ്ഞത്. എണ്ണയാട്ടുകാരും പുകയില വ്യാപാരികളും ചെരുപ്പുകുത്തികളൊക്കെ എന്തിനാണ് പ്രാതിനിധ്യത്തിന്റെ പേരില്‍ പരിപാടികളില്‍ പങ്കൈടുക്കുന്നത് എന്നൊക്കെയായിരുന്നു തിലകനും സര്‍ദാര്‍ വല്ലാഭായ് പട്ടേലുമാക്കെ ചോദിച്ചു കൊണ്ടിരുന്നത്. അടിത്തട്ട് വിഭാഗക്കാരെ സാമൂഹിക, രാഷ്ട്രീയ പങ്കാളിത്തത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന ബ്രാഹ്മണിക്കല്‍ അധീശ്വത ബോധത്തെ പേറി കൊണ്ടു തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോയിരുന്നത്. ഭരണഘടനയെ കുറിച്ച് കോണ്‍ഗ്രസുമായി നടത്തുന്ന ഒരു ചര്‍ച്ച കൂടി ഡോക്ടര്‍ അംബ്ദേകര്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്രയും കാര്യങ്ങള്‍ എന്തിനാണ് ഭരണഘടനയില്‍ എഴുതി ചേര്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്. അതിനു അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ സാമൂഹിക ഭരണഘടനയെന്നത് മനുസ്മൃതിയാണെന്നും അതിന് മുകളില്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അതെല്ലാം ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നാണ്. പിന്നീട് ഗാന്ധിവധത്തിലേറ്റ തിരിച്ചടിയും നെഹ്‌റുവിന്റെ വ്യക്തിത്വവും ഏറെകാലം സംഘപരിവറിനെ തടഞ്ഞെങ്കിലും അടിയന്തരാവസ്ഥാവിരുദ്ധസമരത്തിലൂടെ കിട്ടിയ സുവര്‍ണ്ണാവസരം മുതലെടുത്ത് അവര്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീടാണ് സംഘപരിവാറിനോട് മത്സരിക്കാന്‍ മൃദുഹിന്ദുത്വമെന്ന നയം കോണ്‍ഗ്രസ്സില്‍ ശക്തമാകുന്നത്. ഇന്നും ആ ചിന്താഗതി ശക്തമായി നിലനില്‍ക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
സംഘപരിവാര്‍ ഹിന്ദു ബ്രാഹ്മണിക്കല്‍ ആശയം ഉള്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അക്കൂട്ടത്തിലെ ഏറ്റവും വലിയ സംഘടനയാണ് ആര്‍ എസ്.എസ്. ഹിന്ദുരാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംസ്‌കാരിക സംഘടനയാണത്. ബിജെപിയുടെ നിയന്ത്രണം അവരുടെ കൈയിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതിനെ മറികടക്കാന്‍ കഴിയാത്ത രാഷ്ട്രീയ ബോധമില്ലാത്ത ആളുകളുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ബി.ജെ.പിക്ക് വിലക്കു വാങ്ങാന്‍ കഴിയുന്നവരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുന്നത്. കൂടാതെ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന ഭയവും..!
ഇതൊക്കെയാണെങ്കിലും കോണ്‍ഗ്രസിനു ഇനിയും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരും വിശ്വസിക്കുന്നവരും ധാരാളമുണ്ട്. പക്ഷെ ഇനി കോണ്‍ഗ്രസിനു എന്തെങ്കിലും സാദ്ധ്യതകള്‍ വേണമെങ്കില്‍ തന്നെ അത് ബ്രാഹ്മണിക്കല്‍ ചിന്തക്കു പുറത്ത് വന്ന് യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടിയായി മാറണം. ആ ദിശയില്‍ പ്രവര്‍ത്തനം നടത്തിയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ നേതൃത്വത്തിലില്ല. അതിനാല്‍ തന്നെ ആ ദിശയിലൊരു പ്രവര്‍ത്തനം അത്ര എളുപ്പം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഇനിയും കോണ്‍ഗ്രസ്സില്‍ നിന്നു കൊഴിഞ്ഞുപോക്കും മോദിസ്തുതിയും തുടരുമെന്നു തന്നെ കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മോദിസ്തുതിയും കോണ്‍ഗ്രസ്സില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും

  1. Avatar for ഹരികുമാര്‍

    കെ പി മുഹമ്മദ്‌

    ഒടുക്കം ഭൂരിപക്ഷം എല്ലാം ഒന്നാകും, നൂനപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള പ്രക്രിയയിൽ..

Leave a Reply