എല്ലാ വയോജനങ്ങള്‍ക്കും നല്‍കണം തുല്ല്യപെന്‍ഷന്‍
സംസ്ഥാനത്തെ പെന്‍ഷനുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് 34,93,684 പേരാണ് കേരളത്തില്‍ 60 വയസ്സ് കഴിഞ്ഞവരായിട്ടുള്ളത്. സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ കേന്ദ്ര വിഹിതം ഉള്‍പ്പെടെ പ്രതിമാസം 1200 രൂപയാണ്. നിലവിലുള്ള എല്ലാ ക്ഷേമപെന്‍ഷന്‍കാര്‍ക്കും കൂടി പ്രതിമാസം സര്‍ക്കാര്‍ ചിലവഴിക്കുന്നത് 419 കോടി രൂപ. മറുവശത്ത് 3,97,448 സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ചിലവഴിക്കുന്നത് 2018 കോടി രൂപയാണ്. ഒരാള്‍ക്ക് പ്രതിമാസം ശരാശരി 50733 രൂപ !
എല്ലാ വര്‍ഷവും വയോജനദിനമാചരിക്കുമ്പോള്‍ വൃദ്ധര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കുറെ ചര്‍ച്ചകള്‍ നടക്കും. ഇക്കുറിയും നടന്നു. സ്വന്തം മക്കള്‍ പോലും മാതാപിതാക്കളെ പരിചരിക്കുന്നില്ല എന്ന ആക്ഷേപങ്ങള്‍ ഉയരും. വ്യാപകമാകുന്ന വൃദ്ധസദനങ്ങളെ കുറിച്ച് ആശങ്കാകുലരാകും. എന്നാല്‍ വൃദ്ധര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ത്ഥ പരിഹാരത്തെ കുറിച്ച് ആരും ശബ്ദിക്കാറില്ല. എല്ലാ വര്‍ഷവും ഇതുതന്നെ ആവര്‍ത്തിക്കും.
ശരാശരി ആയുസ്സുകൂടുകയും വൃദ്ധരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. അത്് ആരോഗ്യരംഗത്തെ കേരളത്തിന്റെ വികസനത്തിന്റെ സൂചകമയായി കണക്കാക്കാറുണ്ട്. എന്നാല്‍ വൃദ്ധജനങ്ങളുടെ ജീവിതം സുരക്ഷിതമല്ലെങ്കില്‍ അതുകൊണ്ടെന്തു കാര്യം എന്നാരും ചിന്തിക്കാറില്ല. വൃദ്ധരില്‍ വലിയൊരു ഭാഗം കിടപ്പിലാണ്. വലിയൊരു ഭാഗം അല്‍ഷിമേഴ്‌സ് അടക്കമുള്ള രോഗങ്ങള്‍ക്കടിമകളാണ്. ഇനി ആരോഗ്യവാന്മാരാണെങ്കില്‍ തന്നെ സാമ്പത്തികമായ സ്വാശ്രയത്വമില്ലാത്തതിനാല്‍ അപമാനിതമായ ജീവിതമാണ് മിക്കവരും നയിക്കുന്നത്. വയോജനങ്ങള്‍ നേരിടുന്ന ഏറ്റവും കാതലായ വിഷയമതാണ്. സാമ്പത്തിക സ്വാശ്രയത്വമില്ലായ്മ. ജീവിതം മുഴുവന്‍ കുടുംബത്തിനും സമൂഹത്തിനുമായി ജോലി ചെയ്തിട്ടും വയസ്സുകാലത്ത് ഒറ്റപൈസ പോലും കൈയിലില്ലാതെ, ചായ കുടിക്കാനായി പോലും മക്കളുടേയോ മറ്റുള്ളവരുടേയോ മുന്നില്‍ കൈ നീട്ടേണ്ട ഗതികേടിലാണ് ഭൂരിഭാഗവും. തൊഴില്‍ ചെയ്തിരുന്ന കാലത്ത് അവരുടെ വരുമാനം തുച്ഛമായിരുന്നു. അതുവെച്ച് മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മ്മാണം എന്നിവയെല്ലാം കഴിഞ്ഞാല്‍ മിച്ചമെവിടെ? ഈ കാതലായ വിഷയമാണ് വയോജനദിനമാഘോഷിക്കുന്നവര്‍ കാണാതെ പോകുന്നത്. അവിടെയാണ് സമീപകാലത്തയി സംസ്ഥാനത്തിന്റെ പല കോണുകളില്‍ നിന്നുയരുന്ന 60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന ആവശ്യം പ്രസക്തമാകുന്നത്. വളരെ ദുര്‍ബ്ബലമായ രീതിയിലാണെങ്കിലും പല സംഘടനകളും ഈ ആവശ്യം ഉന്നയിക്കാനാരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരൃനെന്നോ കര്‍ഷകന്‍ എന്നോ കര്‍ഷക തൊഴിലാളിയെന്നോ സ്വകാര്യ സ്ഥാപനങ്ങലിലെ ജീവനക്കാരനെന്നോ മത്സ്യതൊഴിലാളിയെന്നോ കച്ചവടക്കാരനെന്നോ മന്ത്രിയെന്നോ അധ്യാപകനെന്നോ വ്യത്യാസമില്ലാതെ 60 കഴിഞ്ഞ എല്ലാവര്‍ക്കും തുല്യപെന്‍ഷന്‍ നല്‍കുന്ന സംവിധാനമാണ് സാര്‍വ്വത്രിക പെന്‍ഷന്‍ എന്നറിയപ്പെടുന്നത്. അതിലാര്‍ക്കൊക്കെ തൊഴില്‍ ചെയ്ത സ്ഥാപനം നല്‍കണം, സര്‍ക്കാര്‍ നല്‍കണം എന്നൊക്കെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. എന്നാല്‍ എല്ലാവര്‍ക്കും ജീവിക്കാന്‍ ആവശ്യമായ പെന്‍ഷന്‍ ഉറപ്പാക്കേണ്ടത് ഏതൊരു ജനകീയ സര്‍ക്കാറിന്റെയും ഉത്തരവാദിത്വമായി മാറണം. ജോലി ചെയ്യുമ്പോള്‍ ഓരോ ജീവനക്കാരും ചെയ്യുന്ന ജോലികള്‍ വ്യത്യസ്തമായതിനാല്‍ വേതനവും വ്യത്യസ്ഥമായിരിക്കാം. എന്നാല്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതോടെ എല്ലാവരും തുല്ല്യരാണ്. അതിനാല്‍ എല്ലാവര്‍ക്കും തുല്ല്യപെന്‍ഷനാണ് നല്‍കേണ്ടത്. അതാകട്ടെ അയാളുടെ/അവരുടെ സ്വസ്ഥജീവിതത്തിനുള്ളതായിരിക്കണം. കുടംബം പോറ്റാനുള്ളതായിരിക്കരുത്. മക്കളും മറ്റു കുടുംബാംഗങ്ങളും മാതാപിതാക്കളുടെ പെന്‍ഷനായി കാത്തിരിക്കുന്ന അവസ്ഥ മാറണം. അവരുടെ ജീവിതത്തിനാവശ്യമായ തൊഴില്‍ അവര്‍ കണ്ടെത്തണം. സാധാരണ നിലയില്‍ ആളുകള്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതിന് മുമ്പെ തന്നെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയാവുകയും ജോലി നേടുകയും ഒക്കെ ചെയ്തിട്ടുണ്ടാവും… അതുകൊണ്ട് പെന്‍ഷന്‍കാരെയല്ലാതെ കുടുംബത്തെയും കൂടി പുലര്‍ത്താനുള്ള പെന്‍ഷന്‍ ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് നല്‍കുന്ന അവസ്ഥ മാറണം. ലക്ഷത്തിനടുത്തൊക്കെ പെന്‍ഷന്‍ നല്‍കേണ്ട ആവശ്യമെന്താണ്? അതേസമയം ഇന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന വൃദ്ധര്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷന്‍ 1200 രൂപ അപര്യാപ്തമാണ് താനും. സാമാന്യം ഭംഗിയായി ജീവിക്കാനുള്ള ഒരു തുകയാണ് നല്‍കേണ്ടത്. ആരോഗ്യമുള്ളവര്‍ക്ക് ചെറിയ ജോലികള്‍ക്ക് പോകാമല്ലോ. ഇപ്പോഴും പോകുന്നുണ്ടല്ലോ.
[widgets_on_pages id=”wop-youtube-channel-link”]
സംസ്ഥാനത്തെ പെന്‍ഷനുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് 34,93,684 പേരാണ് കേരളത്തില്‍ 60 വയസ്സ് കഴിഞ്ഞവരായിട്ടുള്ളത്. സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ കേന്ദ്ര വിഹിതം ഉള്‍പ്പെടെ പ്രതിമാസം 1200 രൂപയാണ്. നിലവിലുള്ള എല്ലാ ക്ഷേമപെന്‍ഷന്‍കാര്‍ക്കും കൂടി പ്രതിമാസം സര്‍ക്കാര്‍ ചിലവഴിക്കുന്നത് 419 കോടി രൂപ. മറുവശത്ത് 3,97,448 സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ചിലവഴിക്കുന്നത് 2018 കോടി രൂപയാണ്. ഒരാള്‍ക്ക് പ്രതിമാസം ശരാശരി 50733 രൂപ ! 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം 10000 രൂപ വീതം പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത് 3891കോടി രൂപയാണ്. അതാണ് ഒരു ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭാവിയില്‍ സ്വാഭാവികമായും ആ തുക കൂടി വരും. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അവസാനിപ്പിച്ചതോടെ പെന്‍ഷന്‍ പോലും ഉറപ്പില്ലാതായ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷത്തിനും സാര്‍വ്വത്രിക പെന്‍ഷന്‍ ഒരു അനുഗ്രഹമായി മാറുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വസ്തുത കൂടി ശ്രദ്ധേയമാണ്. നിലവിലുള്ള സ്റ്റാറ്റുട്ടറി സര്‍വീസ് പെന്‍ഷന്‍ വാങ്ങിക്കുന്നവരുടെ പെന്‍ഷന്‍ തുകയില്‍, വലിയൊരു ശതമാനം കമ്പോളത്തില്‍ ഇറങ്ങാതെ നിഷ്‌ക്രിയമാക്കപ്പെടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ പണത്തിന്റെ സിംഹഭാഗവും ബാങ്കിലും മറ്റും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നു. 10000 രൂപ നിരക്കില്‍ എല്ലാവര്‍ക്കും നല്‍കുമ്പോള്‍ ആ തുക മുഴുവനായും കമ്പോളത്തില്‍ വിനിമയം ചെയ്യപ്പെടും. അതിന്റെ ഒരു ഭാഗം നികുതിയായി വീണ്ടും ഗവണ്മെന്റിന് തന്നെ തിരിച്ചുചെല്ലും..
സര്‍ക്കാര്‍ ജീവനക്കാരെപോലെ മറ്റുള്ളവരെ കാണാനാകില്ല എന്ന വാദം അര്‍ത്ഥശൂന്യമാണ്. ഒരു തൊഴിലാളി റോഡുണ്ടാക്കുന്നത് അവന് വേണ്ടിയല്ല. ഒരു നിര്‍മ്മാണ തൊഴിലാളി കെട്ടിടം ഉണ്ടാക്കുന്നത് അവന് വേണ്ടിയല്ല. ഒരു കര്‍ഷകന്‍ അന്നം ഉത്പാദിപ്പിക്കുന്നതും അവന് വേണ്ടിയല്ല. ഒരു ഡ്രൈവര്‍ വണ്ടിയോടിക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിന് യാത്ര ചെയ്യാനല്ല. ഒരു വ്യാപാരി സാധനങ്ങള്‍ വില്‍ക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയല്ല. ഇവരെല്ലാം സര്‍ക്കാര്‍ ജീവനക്കാരെ പോലെ രാജ്യത്തിന്റെ വികസന പ്രക്രിയയിലെ പങ്കാളികളാണ്. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരെ പോലെ ഇവരുടേയും വാര്‍ദ്ധക്യം സുരക്ഷിതമാക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. അതു നിര്‍വ്വഹിക്കാതെ, നിര്‍വ്വഹിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താതെ വൃദ്ധരെ നടതള്ളുന്നു, വൃദ്ധസദനങ്ങള്‍ പെരുകുന്നു തുടങ്ങിയ വിലാപങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല. ഒറ്റപൈസ പോലും വരുമാനമില്ലാത്ത അവസ്ഥയില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണവ. അതൊഴിവാക്കേണ്ടത് ജനകീയ സര്‍ക്കാരിന്റെ കടമയാണ്. അതിനായി സമ്മര്‍ദ്ദം ചെയുത്തേണ്ടത് ജനങ്ങളുടേയും. ആ ദിശയിലുള്ള ടെറിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in